Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോട്ടുനിന്ന് കാണാതായ മലയാളികളെത്തിയത് ഐ.എസിൽ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; സംഘം എത്തിയത് അഫ്ഗാനിലെ നംങ്കാറിലെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ; ഇസ്‌ളാമിക് സ്‌റ്റേറ്റിൽ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പീസ് സ്‌കൂൾ അദ്ധ്യാപിക യാസ്മിന്റെ കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടന്

കാസർകോട്ടുനിന്ന് കാണാതായ മലയാളികളെത്തിയത് ഐ.എസിൽ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; സംഘം എത്തിയത് അഫ്ഗാനിലെ നംങ്കാറിലെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ; ഇസ്‌ളാമിക് സ്‌റ്റേറ്റിൽ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പീസ് സ്‌കൂൾ അദ്ധ്യാപിക യാസ്മിന്റെ കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടന്

എംപി റാഫി

കോഴിക്കോട്: ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്)ബന്ധത്തിന് അറസ്റ്റിലായ ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദി(29)ന്റെ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. മലയാളി യുവസംഘത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ 2016 ഓഗസ്റ്റ് ഒന്നിനാണ് യാസ്മിൻ അറസ്റ്റിലാകുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോകുന്നതിനിടെ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ വച്ചായിരുന്നു 29കാരിയായ പാറ്റ്ന സ്വദേശിയുടെ അറസ്റ്റ്. യാസ്മിനിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ, ചുമത്തിയ കുറ്റങ്ങൾ, ഇവർ ബന്ധപ്പെട്ടവരുടെ പേരു വിവരങ്ങൾ അടങ്ങുന്നതാണ് ചാർജ്ഷീറ്റ്. യാസ്മിൻ നേരിട്ട് ബന്ധപ്പെട്ട കാസർകോഡ്, പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്ന് ഐ.എസിൽ പോയ 14 പേരെകൂടി പ്രതി ചേർത്തുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്. 20 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

കാസർകോഡ് നിന്ന് കാണാതായ മലയാളി സംഘം ആഗോള തീവ്രവാദ, ഭീകര സംഘടനയായ ഐ.എസിൽ തന്നെയാണ് ചേർന്നിട്ടുള്ളതെന്നും ഇവർ അഫ്ദാനിസ്ഥാനിലെ നംങ്കഹാർ പ്രവിശ്യയിലാണെന്നും എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. മലയാളി സംഘം തീവ്രവാദ സംഘത്തോടൊപ്പം ചേർന്നുവെന്നതിന് നിരവധി ശബ്ദ രേഖകളും സന്ദേശങ്ങളും തെളിവായി ഉണ്ടെങ്കിലും, സംഘം എവിടെയെന്നതിന് ഔദ്യോഗിക കണ്ടെത്തലുകളോ സ്ഥിരീകരണങ്ങളോ ഇതുവരെ ഉണ്ടായിരുന്നില്ല.

ഇതാദ്യമായാണ് മലയാളികൾ പോയത് ഐ.എസിലേക്കാണെന്നും ഇവർ തങ്ങിയിരിക്കുന്ന സ്ഥലം അടക്കം അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സംഘത്തോടൊപ്പമുണ്ടായിരുന്ന പാലക്കാട് നിന്നുള്ളവർ അടങ്ങുന്ന മറ്റൊരു ഐ.എസ് കേസ് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. യാസ്മിൻ അറസ്റ്റിലായ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ യാസ്മിനുമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

ബീഹാർ സ്വദേശിനിയായ യാസ്മിൻ വിവാഹ മോചിതയാണ്. പീസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന യാസ്മിൻ ഐ.എസിൽ പോയ തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ള(30)യുടെ രണ്ടാം ഭാര്യയാണെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. എന്നാൽ റാഷിദ് ഐ.എസിൽ പോയ ശേഷം യാസ്മിനെ കൂടി അഫ്ഗാനിലേക്ക് കടത്താൻ ശ്രമിക്കുകയും യാസ്മിന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തുകയും ചെയ്തിരുന്നു.

കാസർകോഡ് സംഘത്തിന്റെ തിരോധാനത്തിന് ശേഷം കേരള പൊലീസ് അന്വേഷിച്ച കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 21 അംഗ യുവതീ-യുവാക്കളടങ്ങുന്ന സംഘമാണ് ഐ.എസിലേക്ക് പോയതത്. ആറ് യുവതികളും മൂന്ന് കുട്ടികളും ഐ.എസിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നു. ഈ തിരോധാന സംഭവത്തിന് ശേഷം ഇവരുടെ ബന്ധുക്കൾ കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്താകുന്നത്.

എൻ.ഐ.എ സംഘം കേസ് ഏറ്റെടുത്തതോടെ സംഘത്തിന്റെ നമ്പരുകൾ, സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ നിരീക്ഷിച്ചിരുന്നു. കൂടാതെ ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലുള്ളവരെയും അടുത്ത് ഇടപഴകിയിരുന്നവരെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ ഉള്ളപ്പോയാണ് യാസ്മിൻ ഡൽഹി വിമാനത്താവളം വഴി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടക്കാൻ ശ്രമിച്ചത്.

പിടിക്കപ്പെടുമ്പോൾ യാസ്മിനൊപ്പം അഞ്ച് വയസുള്ള മകനും ഉണ്ടായിരുന്നു. യാസ്മിന്റെ അറസ്റ്റോടെ കേസിന് വലിയൊരു തുമ്പ് ലഭിക്കുകയായിരുന്നു. യാസ്മിനെ ചോദ്യം ചെയ്തതോടെ കൂടുതൽ തീവ്രവാദ ബന്ധങ്ങൾ കണ്ടെത്താനും തെളിവുകൾ സമാഹരിക്കാനും എൻ.എ.എക്ക് സാധിച്ചു.

മൂന്നുവർഷംമുമ്പ് കേരളത്തിലെത്തി പീസ് സ്‌കൂൾ അദ്ധ്യാപികയായ യാസ്മിൻ

3 വർഷം മുമ്പാണ് യാസ്മിൻ കേരളത്തിലെത്തുന്നത്. മലപ്പുറം കോട്ടക്കലിലെ പീസ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു യാസ്മിൻ. പീസിലെ ജീവനക്കാരനായിരുന്ന അബ്ദുൽ റാഷിദുമായി ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്. എന്നാൽ പിന്നീട് പടന്നയിൽ റാഷിദ്, ഡോ.ഇജാസ് എന്നിവർ സൗകര്യപ്പെടുത്തി നൽകിയ വീട്ടിൽ സ്ഥിര താമസമാക്കി. ഇവിടെ വെച്ച് തീവ്രവാദ ക്ലാസുകൾ നടത്തിയതായും രാജ്യം വിടുന്നതിന്റെ ആസൂത്രണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല, കാസർകോഡ്, പടന്ന ഭാഗങ്ങളിൽ അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ രഹസ്യ ക്യാമ്പുകൾ നടത്തിയിരുന്നതായി എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. റാഷിദിന്റെ വീട്ടിൽ വച്ചായിരുന്നു ഖുർആൻ പഠനമെന്ന പേരിൽ ക്ലാസ് നടത്തിയിരുന്നത്. ഈ ക്യാമ്പുകളിൽ യാസ്മിൻ ക്ലാസെടുത്തിരുന്നതായും 'ഹിജ്റ'(പലായനം) പോകാൻ സ്ത്രീകളെയടക്കം പ്രേരിപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. യാസ്മിന്റെ ക്ലാസിൽ പങ്കെടുത്തവരോ ആസൂത്രണ ചർച്ചകളിൽ പങ്കെടുത്തവരോ ആണ് കുറ്റപത്രത്തിലെ മറ്റ് 14 പേരും.

യാസ്മിനും അബ്ുദൽ റാഷിദിനും പുറമെ റാഷിദിന്റെ ഭാര്യ സോണി സെബാസ്റ്റിൻ എന്ന ആഴിശ(29), മുഹമ്മദ് സാജിദ്(25), ടി.കെ മുർശിദ് മുഹമ്മദ്(24), പീസ് സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റീവ് അക്കൗണ്ടന്റ് മുഹമ്മദ് മർവാൻ (24), ഹഫീസുദ്ദീൻ (24), ഫിറോസ് ഖാൻ എംപി.ടി(25), അഷ്ഫാഖ് മജീദ് (26), ഭാര്യ ഷംസിയ (25), പന്നിയങ്കരയിലെ ഇമാം ഇബ്നുൽ ഖയ്യൂം വിദ്യാർത്ഥി മുഹമ്മദ് മൻസാദ്(27), ഫിസിഷൻ ഡോ.ഇജാസ്(33), ഭാര്യ റുഫൈല(26), ഇജാസിന്റെ സഹോദരൻ ശിഹാസ് (25), ഭാര്യ അജ്മല (24) എന്നീ പേരുകളാണ് കുറ്റ പത്രത്തിലുള്ളത്. പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ളവരാണ് ഇവരെല്ലാം. ഐ.എസിൽ വെച്ച് കൊല്ലപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

എൻ.ഐ.എ കൊച്ചി ടീം ആർ.സി 02/2016 എഫ്.ഐ.ആർ നമ്പരായി രജിസ്റ്റർ ചെയ്ത കേസിൽ സെക്ഷൻ 120 ബി, ഐ.പി.സി 125, യു.എ.പി.എ 38, 39 & 40 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകൾ നടത്തിയ മൊബൈൽ, സീം കാർഡ്, മെമ്മറി കാർഡുകൾ എന്നിവ ലഭിച്ചതായും ഇതിൽ ഐ.എസിന്റെ ആശയങ്ങളടങ്ങിയ വീഡിയോകൾ ജിഹാദി സന്ദേശങ്ങളടങ്ങിയ പിഡിഎഫ് ഫയലുകൾ എന്നിവയും കണ്ടെത്തിയതായി എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.

ഇന്റർനെറ്റ്, സോഷ്യൽ മീഡിയകൾ വഴിയാണ് സംഘം ഐ.എസ് ആശയങ്ങൾ ക്രോഡീകരിച്ചതും പഠിച്ചിരുന്നതും. ഹദീസ് പഠിക്കാനായി തീവ്ര ലഫീ ആശയക്കാർ നടത്തുന്ന ശ്രീലങ്കയിലെ അൽ ഖമാ അറബിക് കോളേജിൽ സംഘം പോയതായും എൻ.ഐ.എ കണ്ടെത്തലുകളായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ ട്രൈൽ നടപടി ആരംഭിച്ചു. ഏറെ ചർച്ച ചെയ്യപ്പെട്ട മലയാളികളുടെ തിരോധാന കേസിനാണ് ഇതോടെ എൻ.ഐ.എ സ്ഥിരീകരണവും തുമ്പും ഉണ്ടാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP