Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നികേഷ്‌കുമാറും വേണു ബാലകൃഷ്ണനും ആം ആദ്മിയാകുമോ? ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി ബദൽ രാഷ്ട്രീയം തുടങ്ങാൻ വിഎസിന്റെ മുൻ സെക്രട്ടറി; ഷാജഹാന്റെ നേതൃത്വത്തിലെ ആദ്യ ചർച്ചയ്ക്ക് വേദിയായത് റിപ്പോർട്ടർ ടിവി ഓഫീസ്

നികേഷ്‌കുമാറും വേണു ബാലകൃഷ്ണനും ആം ആദ്മിയാകുമോ? ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി ബദൽ രാഷ്ട്രീയം തുടങ്ങാൻ വിഎസിന്റെ മുൻ സെക്രട്ടറി; ഷാജഹാന്റെ നേതൃത്വത്തിലെ ആദ്യ ചർച്ചയ്ക്ക് വേദിയായത് റിപ്പോർട്ടർ ടിവി ഓഫീസ്

ബി രഘുരാജ്‌

കൊച്ചി: ഡൽഹിയിൽ ആം ആദ്മി ഭരണം പിടിച്ചതോടെ ജനകീയ വിഷയങ്ങൾ ഉയർത്തി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരും ചാനൽ ചർച്ചകളിലൂടെ വിപ്ലവത്തിന് നേതൃത്വം നൽകുന്നവരും എല്ലാം വലിയ പ്രതീക്ഷയിലാണ്. പത്രപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും അരാജകവാദികളും ഒക്കെയാണ് ഡൽഹിയിലെ മന്ത്രിമാരും എംഎൽഎമാരും എന്നതാണ് ഇവർക്ക് പ്രതീക്ഷ നൽകുന്നത്. എന്നാൽ ഇത്തരക്കാർക്ക് കേരളത്തിലെ ആം ആദ്മിയിൽ പെട്ടന്ന് ഇടം ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. കാരണം ആം ആദ്മി വിപ്ലവം തുടങ്ങുമ്പോൾ തന്നെ കേരളത്തിലെ ഭാരവാഹിത്വങ്ങൾ വീതിച്ച് കഴിഞ്ഞിരുന്നു. അതിന്റെ പേരിൽ വഴക്കും ലഹളയും ഒക്കെ പിന്നീട് ഉണ്ടാകുകയും ഏറ്റവും ഒടുവിൽ പരിസ്ഥിതി പ്രവർത്തകനായ സിആർ നീലകണ്ഠന്റെ ചുമതലയിലേക്ക് ആം ആദ്മിയെ ഏൽപ്പിക്കുകയും ചെയ്തു.

എന്നാലും പ്രതികരണ തൊഴിലാളികൾക്ക് ഇരിക്കപ്പൊറുതിയില്ല. ടിവി ചർച്ചകളിലൂടെ വികാരം കത്തിപ്പടരുമ്പോൾ ലഭിക്കുന്ന ആരാധക വൃന്ദം ഒരുമിച്ച് അണിനിരന്നാൽ പോലും ഏത് ആം ആദ്മിയേയും തറപറ്റിക്കാം എന്നാണ് ഇവരിൽ പലരും കരുതുന്നത്. അങ്ങനെ വലിയൊരു ജനകീയ മൂവ്‌മെന്റിന് രൂപം നൽകിയാൽ ഒറിജനിൽ ആം ആദ്മി ഇങ്ങോട്ട് ഇങ്ങോട്ട് വന്നു ചേർന്നോളും എന്നു വിശ്വസിക്കുന്നവരാണ് പലരും. അത്തരം നീക്കങ്ങൾ ഇടയ്ക്കിടെ നടക്കാറുമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതിന് ചുക്കാൻ പിടിക്കുന്നത് വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ കെഎം ഷാജഹാനാണ്. ബുദ്ധിജീവികളായും പ്രതികരണ തൊഴിലാളികളായും അറിയപ്പെടുന്ന ചാനൽ ലേഖകരും ഒക്കെ ഉൾപ്പെടുന്ന ഒരു നവ ആം ആദ്മിയാണ് ഷാജഹാന്റെ ഇപ്പോഴത്തെ പദ്ധതി.

ഏതാനും ആഴ്ചകളായി ഷാജഹാൻ ഊണിലും ഉറക്കത്തിലും ഇതേക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്നാണ് കേട്ടത്. പിണറായി വിരുദ്ധനായി തുടങ്ങി വി എസ് വിരുദ്ധനായി മാറിയ ഷാജഹാന്റെ നവ ആം ആദ്മി സ്വപ്‌നം കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടു. മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനുമായി ആദ്യം പലതവണ ചർച്ച നടത്തിയ ഷാജഹാൻ വേണുവിനേയും കൂട്ടി കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തി നികേഷ്‌കുമാറുമായും സാധ്യതകൾ സംസാരിച്ചു. റിപ്പോർട്ടറിലെ തന്നെ പികെ പ്രകാശും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലെ മുഖ്യധാര പാർട്ടികൾ എല്ലാം ക്ഷയിക്കുമെന്നും പകരം ഒരു സംവിധാനം ഉണ്ടാക്കാൻ ഇപ്പോൾ തന്നെ മുൻകൈ എടുക്കണമെന്നുമുള്ള അഭിപ്രായമാണ് ഷാജഹാന്റേത്.

വെട്ടിനിരത്തൽ രാഷ്ട്രീയത്തിന്റെ പേരിൽ കേരള രാഷ്ട്രീയത്തിലെ കണിശക്കാരനായി വിലയിരുത്തിയിരുന്ന നേതാവായിരുന്നു വി എസ്. അത്തരമൊരു നേതാവിനെ ജനകീയനാക്കി മാറ്റിയത് ഷാജഹാന്റെ ഇടപെടലുകളായിരുന്നു. മതികെട്ടാനിലും മൂന്നാറിലും ഷാജഹാന്റെ ഉപദേശത്തിൽ വി എസ് നടന്നു കയറിയപ്പോൾ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പ്രിയങ്കരനായി. മുഖ്യമന്ത്രിയായി. എന്നാൽ പിണറായി വിജയന്റെ അതൃപ്തിയാണ് ഷാജഹാനെ കാത്തിരുന്നത്. പാർട്ടിയിലെ വാർത്ത ചോർത്തൽ വിവാദമുയർത്തി ഷാജഹാനെ പുറത്താക്കി. അതിന് ശേഷം ജനശക്തി എന്ന പ്രസ്ഥാനത്തിന് വി എസ് അനുകൂലികളുമായി ചേർന്ന് ഷാജഹാൻ രൂപം നൽകുകയും ചെയ്തു. എന്നാൽ വി എസ് സിപിഎമ്മിൽ ഉറച്ചു നിന്നതോടെ ജനശക്തിക്ക് പാളി. ഈ രാഷ്ട്രീയ മോഹങ്ങളാണ് ആംആദ്മിയുടെ മാതൃകയിൽ ഷാജഹാൻ പൊടിതട്ടിയെടുക്കുന്നത്.

വി എസ് അച്യുതാനന്ദനെ അനുകൂലിച്ചതിന്റെ പേരിൽ സിപിഎമ്മുമായി തെറ്റിയ നേതാക്കളിൽ ബഹുഭൂരിഭാഗവും തനിക്കൊപ്പം അണിനിരക്കുമെന്നാണ് ഷാജഹാന്റെ പ്രതീക്ഷ. ഇതിനൊപ്പം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മാദ്ധ്യമ പ്രവർത്തകരടക്കമുള്ളവരേയും കൂട്ടുക. ഇതിലൂടെ രാഷ്ട്രീയ മുന്നേറ്റത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് താൽപ്പര്യമുള്ള മുഖങ്ങളെ ആകർഷിക്കാൻ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ല. സാറാ ജോസഫിനെ മാത്രമേ ഈ ഗണത്തിൽ കൂട്ടാൻ കഴിയൂ. അതുകൊണ്ട് തന്നെ ബദൽ രാഷ്ട്രീയത്തിന്റെ ഇടം കേരളത്തിൽ ഒഴിഞ്ഞു കിടിക്കുന്നതായി ഷാജഹാൻ വിലയിരുത്തുന്നു. അതുതന്നെയാണ് ഇത്തരം ചർകൾക്ക് ഷാജഹാൻ മുൻകൈയെടുക്കാനും കാരണം.

അതിനിടെ ഇത്തരം ഒരു ചർച്ചയ്ക്ക് പങ്കാളിയായി എന്ന് വേണു ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് സമ്മതിച്ചു. എന്നാൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലിറങ്ങുക എന്നത് തങ്ങളാരും ഉദ്ദേശിക്കുന്നില്ല എന്നാണ് വേണു പറുന്നത്. 'സുഹൃത്തായ ഷാജഹാൻ ഒരു കാര്യം സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു എന്നത് ശരിയാണ്. കൊച്ചിയിൽ പോകുമ്പോൾ ഒക്കെ ഞാൻ നികേഷിനെ കാണാറുണ്ട്. ഷാജഹാന്റെ സ്വപ്‌നങ്ങൾ ഒക്കെ പറഞ്ഞു. എന്തായാലും ഇപ്പോൾ എനിക്കൊരു ജോലിയുണ്ട്. അത് ഉപേക്ഷിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ ആലോചിക്കുന്നേയില്ല-വേണു ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

നികേഷ്‌കുമാർ രാഷ്രീയത്തിൽ ഇറങ്ങുന്നു എന്ന് ശക്തമായ പ്രചരണം നാളുകളായുണ്ട്. സിഎംപിയുടെ അരവിന്ദാക്ഷൻ വിഭാഗവുമായി നകേഷ് മാനസിക ഐക്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. എം വി രാഘവന്റെ പിന്തുടർച്ചാവകാശിയായി നികേഷിനെ കാണാണാണ് അരവിന്ദാക്ഷൻ വിഭാഗത്തിനും താൽപ്പര്യം. നികേഷ് മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിൽ ഇറങ്ങണെമെന്നാണ് അവരുടെ ആവശ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നികേഷ് മത്സരിക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു. രാഷ്ട്രീയത്തോടുള്ള താൽപ്പര്യം സമ്മതികുമ്പോൾ തന്നെ മാദ്ധ്യമ പ്രവർത്തനം അവാസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നികേഷ് മറുനാടനോട് പറഞ്ഞു.

'ഞാൻ ഒരു സ്ഥാപനം നടത്തുകാണ് ഇപ്പോൾ. വലിയ തോതിൽ മുതൽ മുടക്കിയാണ് ഇതിനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കടം വാങ്ങിയും നിക്ഷേപകർ നൽകിയതുമായ പണമാണിത്. പെട്ടെന്നൊരു ദിവസം അതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപോകാന് എനിക്ക് സാധിക്കുമോ? ഒരോ ദിവസവും മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സ്ഥാപനം ആണ് എന്റേത്. അതുകൊണ്ട് തൽക്കാലം എന്റെ ലക്ഷ്യം ഇത് മാത്രമാണ്'. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ നികേഷിന്റെ പ്രതികരണം ഇതായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP