Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷോ ദി സ്പിരിറ്റിലെ രഘുനന്ദൻ ആവേശമായി; അഴീക്കോട്ടെ തോൽവിയുടെ ക്ഷീണം മറയ്ക്കാൻ താടി വെക്കും; പുതുവർഷത്തിൽ ചാനൽ ഷോയുമായി എം വി നികേഷ് കുമാറിന്റെ തിരിച്ചുവരവ്; കടംകയറി മൂടിയ റിപ്പോർട്ടറിന്റെ അവസാന പ്രതീക്ഷയായി 'നികേഷ് ഷോ'; ശശികുമാറും നീലനേയും ചാനലിലെത്തിക്കാനും ചർച്ചകൾ

ഷോ ദി സ്പിരിറ്റിലെ രഘുനന്ദൻ ആവേശമായി; അഴീക്കോട്ടെ തോൽവിയുടെ ക്ഷീണം മറയ്ക്കാൻ താടി വെക്കും; പുതുവർഷത്തിൽ ചാനൽ ഷോയുമായി എം വി നികേഷ് കുമാറിന്റെ തിരിച്ചുവരവ്; കടംകയറി മൂടിയ റിപ്പോർട്ടറിന്റെ അവസാന പ്രതീക്ഷയായി 'നികേഷ് ഷോ'; ശശികുമാറും നീലനേയും ചാനലിലെത്തിക്കാനും ചർച്ചകൾ

ശ്രീലാൽ വാസുദേവൻ

കോട്ടയം: എംഎൽഎയാകാൻ വേണ്ടി മാദ്ധ്യമപ്രവർത്തകന്റെ കുപ്പായം ഊരിവച്ച റിപ്പോർട്ടർ ചാനൽ എംഡി എം.വി നികേഷ്‌കുമാർ വീണ്ടും മിനിസ്‌ക്രീനിന്റെ വെള്ളിവെളിച്ചത്തിലേക്ക്. മുഖഭാവിമാറ്റിയാകും തിരിച്ചു വരവ്. ഇതിനായി നികേഷ് താടിവച്ചു കഴിഞ്ഞു. തൽകാലം വാർത്താ അവതരണം നടത്തിയേക്കില്ല. അതിനിടെ റിപ്പോർട്ടർ ചാനലിന്റെ പ്രതിസന്ധി മറികടക്കാൻ നികേഷ് പ്രധാനമുഖമാകണമെന്ന അഭിപ്രായവും സജീവമാണ്.

കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിന്റെ ജെ ബി ജങ്ഷൻ മാതൃകയിൽ തയാറാക്കുന്ന നികേഷ് ഷോ അവതരിപ്പിച്ചു കൊണ്ടാണ് ചാനൽ സൂപ്പർ സ്റ്റാറിന്റെ മടങ്ങി വരവ്. പുതുവൽസരദിനത്തിൽ റിപ്പോർട്ടർ ചാനൽ സംഘടിപ്പിക്കുന്ന അവാർഡ് ദാനചടങ്ങിൽ ആങ്കറായിട്ടാകും നികേഷിന്റെ തിരിച്ചുവരവ്. ഇതിനു ശേഷം ആഴ്ചയിൽ ഒന്നു വീതമുള്ള നികേഷ് ഷോയുമായി ചാനലിൽ തുടരും. ഈ ഷോ അവതരിപ്പിക്കുന്നതല്ലാതെ വാർത്താ വായനയ്‌ക്കോ ചർച്ചയ്‌ക്കോ നികേഷുണ്ടാവില്ലെന്ന് തന്നെയാണ് സൂചന.

രഞ്ജിത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സ്പിരിറ്റിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ഷോയെന്നും സൂചനയുണ്ട്. സ്പിരിറ്റ് എന്ന സിനിമയിൽ മോഹൻ ലാൽ കഥാപാത്രമായ രഘുനന്ദനൻ ചാനലിൽ ഒരു ലൈവ് ഷോ അവതരിപ്പിക്കുന്നുണ്ട്. തൽസയം ഗസ്റ്റുകളുമായുള്ള സംവാദമായിരുന്നു അത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായുള്ള തീപ്പൊരി അഭിമുഖമായിരുന്നു ഇത്. ഈ പരിപാടിയുടെ പുതു രൂപമാകും റിപ്പോർട്ടറിൽ നികേഷ് അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.

അതിനിടെ റിപ്പോർട്ടർ ചാനൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏഷ്യാനെറ്റിന്റെ മുൻ തലവൻ ശശികുമാർ, അമൃതാ ടിവിയുടെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ നീലൻ എന്നിവരെ ഇവിടേക്ക് എത്തിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നതിനാണ് നികേഷ് കുമാർ മാദ്ധ്യമരംഗം വിട്ടത്. ചാനലിന് നിഷ്പക്ഷത കൈവരുത്താൻ കൂടിയായിരുന്നു നികേഷിന്റെ പിന്മാറ്റം.

പ്രമുഖ മാദ്ധ്യമപ്രവർത്തക വീണാ ജോർജ് അടക്കമുള്ളവർ ചാനൽ വിട്ട് എംഎൽഎയാകുക കൂടി ചെയ്തതോടെ റിപ്പോർട്ടർ പിന്നാക്കം പോയി. അഴീക്കോട് മത്സരിച്ച നികേഷ് മുസ്‌ലിം ലീഗിലെ കെ.എം. ഷാജിയോട് പരാജയപ്പെട്ടു. എങ്കിലും മാദ്ധ്യമരംഗം വിട്ടുകൊണ്ടുള്ള പ്രതിജ്ഞയിൽ ഉറച്ചു നിന്നതിനാൽ തിരികെ ചാനലിലേക്ക് എത്തിയില്ല. പ്രമുഖരുടെ അഭാവത്തിൽ ചാനൽ ഒരു പാട് പിന്നാക്കം പോയതുകൊണ്ടാണ് ഇപ്പോൾ വീണ്ടും രംഗത്തേക്ക് വരാൻ ഒരുങ്ങുന്നത്. നീലനും ശശികുമാറും ചാനലിലേക്ക് വരാൻ വ്യവസ്ഥ വച്ചിരിക്കുന്നതും നികേഷിന്റെ സാന്നിധ്യമാണ്. നികേഷ് തിരിച്ചെത്തിയാൽ ഇരുവരും ചാനലിൽ എത്തുമെന്നാണ് സൂചന.

ഏഷ്യാനെറ്റിലൂടെയാണ് നികേഷ് മാദ്ധ്യമ രംഗത്ത് എത്തിയത്. ഇന്ത്യാവിഷനിലൂടെ വാർത്താ അവതരണത്തിന് പുതിയ ഭാവം നൽകിയത് നികേഷാണ്. പിന്നീട് റിപ്പോർട്ടറെന്ന സ്വന്തം ചാനലും അവതരിപ്പിച്ചു. ഇതിനിടെയാണ് അച്ഛൻ എംവി രാഘവന്റെ രാഷ്ട്രീയ പിൻഗാമിയാകാൻ ശ്രമിച്ച് അഴിക്കോട് തോറ്റത്. ഇതോടെ റിപ്പോർട്ടറിന്റെ പ്രസക്തിയിൽ ഇടിവ് വന്നു. ഇത് തിരിച്ചുപിടിക്കാനാണ് നികേഷ് ശ്രമിക്കുന്നത്. ഏഷ്യാനെറ്റിൽ നികേഷിന്റെ ഗുരുവാണ് നീലൻ. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനാണ് ശശികുമാർ. ഇരുവരുമായുള്ള വ്യക്തിബന്ധം റിപ്പോർട്ടറിന് ഗുണകരമാക്കാനാണ് നീക്കം.

അമൃതാ ടിവിയിൽ നിന്ന് പുറത്താക്കപ്പെട്ട നീലനുമായി നികേഷ് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. വ്യത്യസ്തമായൊരു പ്രോഗ്രാമുമായാകും ശശികുമാറും റിപ്പോർട്ടറിൽ എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP