Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന് വാശി പിടിച്ച രണ്ട് ഉദ്യാഗസ്ഥർ ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിച്ചില്ല; നുണപരിശോധനാ വിവാദം തന്ത്രത്തിന്റെ ഭാഗമായി; മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് രണ്ട് ദിവസത്തിനകം പുറത്തു വരും

മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന് വാശി പിടിച്ച രണ്ട് ഉദ്യാഗസ്ഥർ ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിച്ചില്ല; നുണപരിശോധനാ വിവാദം തന്ത്രത്തിന്റെ ഭാഗമായി; മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് രണ്ട് ദിവസത്തിനകം പുറത്തു വരും

ബി രഘുരാജ്‌

തിരുവനന്തപുരം: ബാർകോഴക്കേസിൽ ധനമന്ത്രി കെ എം മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കും. കെ എം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന ആഗ്രഹത്തോടെ രണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിട്ടും വിശ്വസനീയമായ രേഖകൾ ഒന്നും ലഭിച്ചില്ലെന്ന് സൂചന. മാണിയുമായി മുൻ വൈരാഗ്യമുള്ള വിജിലൻസ് എഡിജിപി ജേക്കബ് തോമസാണ് ഇതിന് ചുക്കാൻ പിടിച്ച ഒരു ഉദ്യോഗസ്ഥൻ. ബിജു രമേശുമായി അടുപ്പമുള്ള എസ് സുകേഷനാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജേക്കബ് തോമസിനും മേൽനോട്ട ചുമത ഉണ്ടായിരുന്നു. എന്നിട്ടും മാണിയെ കുടുക്കാൻ പറ്റിയ തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. തുടർന്നു മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് വിജിലൻസ് തീരുമാനിക്കുക ആയിരുന്നു. അതിന് മുന്നോടിയായി മാണിക്ക് പരമാവധി പരിക്കേൽപ്പിക്കുക എന്ന രീതിയിലാണ് നുണപരിശോധന റിപ്പോർട്ടിന്റെ പേരിൽ രണ്ട് ദിവസമായി വാർത്തകൾ പരക്കുന്നതെന്നാണ് സൂചന.

നുണപരിശോധനാ റിപ്പോർട്ടിൽ പണം കൊടുക്കാനായി താൻ പോയി എന്ന ഭാഗം മാത്രമാണ് ശരിവയ്ക്കുന്നത്. പണം കൊടുക്കുന്നത് കണ്ടോ, ആരാണ് വാങ്ങിയത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഡ്രൈവർ പറഞ്ഞ മൊഴികൾ ശരിയാണ് എന്നു നുണപരിശോധനയിൽ തെളിഞ്ഞു എന്ന വാർത്ത ചാനലുകളെ അറിയിക്കുന്നത് വിജിലൻസിൽ നിന്നു തന്നെയായിരുന്നു. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ അതിന്റെ നാണക്കേട് ഒഴിവാക്കാനായി ഉന്നത സമ്മർദ്ദം മൂലം ഒഴിവാക്കി എന്ന വിമർശനം പ്രതീക്ഷിച്ചാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നത്. ആഭ്യന്തര മന്ത്രിക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് കേരളാ കോൺഗ്രസ് തീർപ്പിൽ എത്താത്തത്.

വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ കേസ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ ഇന്ന് വിജിലൻസ് നിയമ വിഭാഗത്തിന് സമർപ്പിക്കും. നാളെ രാവിലെ നിയമവിഭാഗത്തിന്റെ അഭിപ്രായം സഹിതം വിജിലൻസ് എഡിജിപിയുടെ ഡസ്‌കിൽ എത്തും. വ്യാഴാഴ്ച തന്നെ വിജിലൻസ് ഡയറക്ടർ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച ഒടുവിൽ തന്നെ വിജിലൻസ് കുറ്റപത്രം നൽകാൻ സാധിക്കില്ല എന്നു പറഞ്ഞ് കോടതിയിൽ കേസ് റിപ്പോർട്ട് നൽകുമെന്നും ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ വിജിലൻസിന്റെ ദക്ഷിണ മേഖലാ എഡിജിപിയായ ഷെയ്ഖ ദർവേശ് സാഹിബിനാണ് കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. നിർണ്ണായക തെളിവുകൾ ഒന്നും ബാർ കോഴയിൽ കിട്ടിയിട്ടില്ലെന്ന നിഗമനമാണ് എഡിജിപിക്കുള്ളത്. ഇത് തന്നെയാകും ഡിജിപിക്കുള്ള റിപ്പോർട്ടിലും ദർവേശ് സാഹിബ് കുറിക്കുക.

നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമകളുടെ വെളിപ്പെടുത്തൽ. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തൻ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ടാകും. ഇതു സാധൂകരിക്കുന്ന തരത്തിൽ മൊഴി നൽകിയ, ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി കഴിഞ്ഞദിവസം നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോർട്ട് തെളിവായി അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഈ മൊഴിയും കണക്കിലെടുക്കാൻ കഴിയില്ല. നുണപരിശോധനയിൽ നിർണ്ണായകമായത് കിട്ടിയുമില്ല. അതായത് മാണി പണം വാങ്ങുന്നത് കണ്ടു എന്ന് വ്യക്തമായി തെളിഞ്ഞില്ല. അതുകൊണ്ട് തന്നെ അഴിമതിക്കുറ്റം നിലനിൽക്കില്ല

എക്‌സൈസ് ലൈസൻസുകൾ പുതുക്കാൻ മന്ത്രി ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാൽ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കണമെന്നായിരുന്നു ബാർ ഉടമകളുടെ ആവശ്യം. പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചു. മന്ത്രി ബാബുവിന്റെ ഓഫീസിൽ എത്തിച്ച കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും പിന്നീടു മന്ത്രിയുടെ കാറിൽ കൊണ്ടുവയ്ക്കുകയുമായിരുന്നെന്നാണു ബിജു രമേശിന്റെ മൊഴി. എന്നാൽ ഈ ആരോപണത്തിനു തെളിവില്ലെന്നു വിജിലൻസ് കണ്ടെത്തി. ബാർ ഉടമകളുടെയും എക്‌സൈസ് കമ്മിഷണറുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു ലൈസൻസ് ഫീസ് 23 ലക്ഷത്തിന് ഉറപ്പിച്ചതെന്നു മിനിട്‌സിലുണ്ട്. കമ്മിഷണർ, നികുതി സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗം നിർത്തിവച്ച് നിരക്കുവർധന ചർച്ചചെയ്തിട്ടില്ല. മിനിട്‌സിൽ യാതൊരു തിരുത്തലുമുണ്ടായിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

ഇത്തരം പ്രശ്‌നങ്ങളിൽ ധനമന്ത്രിക്ക് നയപരമായി ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ വഴിവിട്ട ഇടപെടലുകൾ മദ്യനയത്തെ സ്വാധീനിക്കുന്ന തരത്തിൽ ധനമന്ത്രി ചെയ്തതായും തെളിയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കം. ബിജു രമേശ് നൽകിയ ഓഡിയോ തെളിവുകളും വിശ്വാസ യോഗ്യമല്ലെന്നാണ് വിലയിരുത്തൽ. സാക്ഷിമൊഴികളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. ബാർ ഇടപാടുമായി ബന്ധപ്പെട്ട് ആർക്കും മന്ത്രിമാരിൽ നിന്ന് വഴിവിട്ട് യാതൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാതെ കേസ് എഴുതി തള്ളുന്നതിനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ബാർ ഉടമകളുടെ ഭിന്നതയും തെളിവുകൾ ലഭിക്കുന്നതിന് തടസ്സമായി. പലരും പലപ്പോഴും പലതാണ് പറയുന്നത്.

ഈ സാഹചര്യത്തിൽ ഗൂഢാലോചന വ്യക്തമുമാണ്. അതുകൊണ്ടാണ് കേസ് എഴുതി തള്ളുന്നതെന്നാണ് വിജിലൻസ് നൽകുന്ന സൂചന. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുമെന്ന് വിജിലൻസിന് അറിയാം. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. ഇതിനിടെ ഉണ്ടായ നുണപരിശോധനാ റിപ്പോർട്ട് വിവാദം വിജിലൻസിലെ ചേരിതിരിവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൈക്കൂലി വാങ്ങിയത് കണ്ടെന്ന് തെളിയാത്തത് മാണിക്ക് ഗുണകരമായി. കൈക്കൂലി നൽകിയെന്ന് രാജ്കുമാർ ഉണ്ണിയും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് മാണിയെ കുറ്റവുമുക്തനാക്കുന്ന റിപ്പോർട്ട് വിജിലൻസ് തയ്യാറാക്കുന്നത്.

കോൺഗ്രസിലെ എഐ ഗ്രൂപ്പുകൾ തമ്മിലെ ഭിന്നതകൾ ബാർ കോഴ അന്വേഷണത്തെ സ്വാധീനിക്കുന്നതായി ആരോപണം ഉയർന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ ഗ്രൂപ്പിനെ തകർക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമെത്തി. ഇതിനെല്ലാം അതിസമർത്ഥമായി മറികടക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി. ഹൈക്കമാണ്ടിന്റെ പിന്തുണയോടെ നടത്തിയ നീക്കവും ഫലം കണ്ടു. മന്ത്രിസഭ താഴെ വീണാൽ എല്ലാത്തിനും ഉത്തരവാദി ചെന്നിത്തലയാകും. രാഷ്ട്രീയ ഭാവിയേയും ബാധിക്കും. ഈ സാഹചര്യത്തിൽ തെളിവുകൾ സൂക്ഷമായി പരിശോധിച്ച് തീരുമാനം എടുക്കാൻ ആഭ്യന്തരമന്ത്രിയും വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ കുറ്റപത്രം വന്നാൽ മന്ത്രിസഭ തന്നെ താഴെ പോകുന്ന തരത്തിലെ തീരുമാനം ഉണ്ടാകുമെന്ന് മാണിയും കേരളാ കോൺഗ്രസും യുഡിഎഫിനേയും മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ബാർ കോഴയിലെ അന്തിമ റിപ്പോർട്ട് വേഗത്തിൽ കോടതിയിൽ സമർപ്പിക്കണമെന്നാണ് ആവശ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP