Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമീലയെ പീഡിപ്പിച്ചെന്നത് ഉദിക്കാത്ത പ്രശ്‌നം; വിഡിയോയിൽ തെളിവുമില്ല; ബജറ്റ് ദിനത്തിൽ സഭയ്ക്കുള്ളിൽ അരുതാത്തതൊന്നും നടന്നില്ലെന്ന് വിവരാവകാശ രേഖ; ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ കള്ളക്കളിയും; നിയമസഭാ സെക്രട്ടറിയേറ്റിന്റെ മറുപടിയിൽ നിറയുന്നത് അവ്യക്തത മാത്രം

ജമീലയെ പീഡിപ്പിച്ചെന്നത് ഉദിക്കാത്ത പ്രശ്‌നം; വിഡിയോയിൽ തെളിവുമില്ല; ബജറ്റ് ദിനത്തിൽ സഭയ്ക്കുള്ളിൽ അരുതാത്തതൊന്നും നടന്നില്ലെന്ന് വിവരാവകാശ രേഖ; ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ കള്ളക്കളിയും; നിയമസഭാ സെക്രട്ടറിയേറ്റിന്റെ മറുപടിയിൽ നിറയുന്നത് അവ്യക്തത മാത്രം

ആവണി ഗോപാൽ

തിരുവനന്തപുരം: നിയമസഭയിലെ പീഡന വിവാദത്തിൽ കഴമ്പില്ലെന്ന വിശദീകരണവുമായി നിയമസഭാ സെക്രട്ടറിയേറ്റ്. ഇടതു പക്ഷത്തെ ജമീലാ പ്രകാശത്തിനെ സഭയ്ക്കുള്ളിൽ ശിവദാസൻ നായർ പീഡിപ്പിച്ചതിൽ ഒരു തെളിവും നിയമസഭാ സെക്രട്ടറിയുടെ കൈയിലില്ല. ഇത്തരമൊരു സാധ്യത പൂർണ്ണമായും തള്ളിക്കളയുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്. ജമീലാ പ്രകാശത്തിന്റെ പരാതി പൊലീസിന് കൈമാറുകയുമില്ല. ബജറ്റ് ദിനത്തിലെ കൈയാങ്കളുമായി ബന്ധെട്ട് 31 പരാതികളാണ് നിയമസഭാ സ്പീക്കർക്ക് ലഭിച്ചത്. അവയിലൊന്നും ഇനി പൊലീസിന് കൈമാറില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തതയില്ലാത്ത മറുപടിയാണ് നിയമസഭാ സെക്രട്ടറി നൽകിയത്. നിയമസഭാ സെക്രട്ടറിയേറ്റിലെ വീഡിയോ ദൃശ്യങ്ങളിൽ പീഡനം നടന്നുവെന്ന് തെളിയിക്കുന്ന ഒന്നുമില്ലെന്നാണ് നൽകുന്ന വിശദീകരണം. എട്ട് ക്യാമറകൾ ഉപയോഗിച്ച് നിയമസഭയിലെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ട്. നിയമസഭ തുടങ്ങുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകളും സഭ പിരിഞ്ഞ ശേഷമുള്ള ഏതാനും സമയത്തെ വീഡിയോയുമാണ് സൂക്ഷിക്കുന്നത്. ഈ ദൃശ്യങ്ങൾ നൽകാമോ എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിലാണ് ഒളിച്ചു കളി വ്യക്തമാകുന്നത്. നിയമസഭയുടെ വെബ്‌സൈറ്റിൽ എല്ലാം ലഭ്യമാണെന്നാണ് വിശദീകരണം. എന്നാൽ നിയമസഭയുടെ വെബ് സൈറ്റിൽ ഒരു ക്യാമറയുടേത് മാത്രമായി എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ ലഭ്യമല്ല.

ബജറ്റ് അവതരിപ്പിക്കാനായി മാണി സഭയിൽ എത്തുന്നത് മുതലുള്ള ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ. അതും പല ക്യാമറകളിൽ നിന്ന് സ്‌പോട് എഡിറ്റ് ചെയ്ത ദൃശ്യങ്ങളും. മാണി എത്തുന്നതിന് മുമ്പാണ് ജമീലാ പ്രകാശത്തിന് എതിരെ പീഡനം നടന്നതെന്നാണ് ആക്ഷേപം. ഈ സമയം നിയയമസഭയുടെ ക്യാമറകൾ പ്രവർത്തിച്ചിരുന്നോ എന്നതും സംശയമാണ്. അങ്ങനെയാണെങ്കിൽ തന്നെ ആ ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നുള്ള വിവരാവകാശ രേഖയിൽ പ്രതിഫലിക്കുന്നത്. വിവരാവകാശ രേഖയിൽ സൂചിപ്പിക്കുന്നതിന് സമാനമായുള്ള ദൃശ്യങ്ങളുമില്ല. രാവിലെ കൃത്യം 9 മണി മുതലുള്ള ദൃശ്യങ്ങൾ മാത്രമേ വെബ്‌സൈറ്റിലുള്ളൂ. ബജറ്റ് അവതരണത്തിനിടെയുള്ള സംഘർഷങ്ങളും കാണാം. ബജറ്റ് അവതരണത്തോടെ അത് പൂർത്തിയാകുന്നുമുണ്ട്.

നിയമസഭാ വെബ്‌സൈറ്റിൽ ഇല്ലാത്ത ദൃശ്യങ്ങളാണ് വെബ് സൈറ്റിലുണ്ടെന്ന തരത്തിൽ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് മറുപടിയായി നൽകുന്നത്. ജമീലാ പ്രകാശത്തിനെതിരായ പീഡന ആരോപണത്തിൽ സ്പീക്കർ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും വിശദീകരിക്കുന്നുണ്ട്. ജമീലാ പ്രകാശം എംഎൽഎയ്ക്ക് എതിരെ 13.03.2015ന് പീഡനം നടന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമായി എന്തെങ്കിലും തെളിവുകൾ നിയമസഭയ്ക്കുള്ളിലെ ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പീഡന ആരോപണത്തെ സാധൂകരിക്കുന്നതാണോ? എന്ന ചോദ്യത്തിന് ഉദിക്കുന്നില്ല എന്നാണ് മറുപടി. ഇല്ലയെന്നായിരുന്നുവെങ്കിൽ തെളിവില്ലെന്ന് മാത്രമേ അർത്ഥമാവുകയുള്ളു. അതിനപ്പുറത്തേക്കുള്ള സൂചനയാണ് മറുപടിയിലുള്ളത്.

നിയമസഭ ചേരുന്നതിന് മുമ്പാണ് പീഡനം നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയുടെ വീഡിയോഫോട്ടോ ദൃശ്യങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം സംബന്ധിച്ച പരാതി, സംഭവം നടന്ന മാർച്ച് 13നുതന്നെ ജമീലാ പ്രകാശം സ്പീക്കർക്ക് രേഖാമൂലം നൽകിയിരുന്നു. എന്നാൽ, വൈശാഖ് കേസിലും ലളിതകുമാരി കേസിലുമുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയമപരമായി അന്നുതന്നെ പൊലീസിന് കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കർ ഇതുവരെ പൊലീസിന് അയച്ചുകൊടുക്കാൻ തയ്യാറായില്ല. ആറന്മുള എംഎൽഎ ശിവദാസൻ നായർ തന്നെ അശ്ലീലച്ചുവയോടെ സ്പർശിച്ചുവെന്നാണ് ജമീലാ പ്രകാശത്തിന്റെ ആരോപണം.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് നിയമസഭയിൽ കെ. ശിവദാസൻനായർ തന്നോട് പെരുമാറിയത്. ബജറ്റ് അവതരിപ്പിക്കാൻ വന്ന മാണിയെ തടയാൻ മുന്നോട്ടു പോകുമ്പോൾ വാച്ച് ആൻഡ് വാർഡ് തടഞ്ഞ് കാലിൽ ബൂട്ടിട്ട് ചവിട്ടി. കാൽ വിട്ടുകിട്ടാനുള്ള ശ്രമത്തിനിടയിൽ ശിവദാസൻനായർ പിന്നിലൂടെ വന്ന് കാൽകൊണ്ടും കൈകൊണ്ടും തന്റെ ശരീരഭാഗങ്ങളിൽ ബലം പ്രയോഗിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു.ധനമന്ത്രിയെ തടയാനുള്ള തങ്ങളുടെ ശ്രമത്തെ പരാജയപ്പെടുത്താനാണെങ്കിൽ പുറകിലൂടെ വന്ന് ശിവദാസൻനായർ ഇങ്ങനെ എന്തുകൊണ്ട് പെരുമാറിയെന്ന് മനസിലാകുന്നില്ല. സഭാ നേതാവുകൂടിയായ മുഖ്യമന്ത്രിയുടെ കൺമുന്നിലാണ് ശിവദാസൻനായരുടെ ഈ അതിക്രമം. മുഖ്യമന്ത്രിയുടെ തൊട്ടുപിറകിൽനിന്നുകൊണ്ട് ഡൊമിനിക് പ്രസന്റേഷൻ തന്നെ പോടീ എന്ന് ആവർത്തിച്ച് വിളിക്കുകയും നീ നിന്റെ നാടാനെ വിളിച്ചുകൊണ്ടുവാടീ എന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. ഭർത്താവിന്റെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നവെന്നും ജമീലാ പ്രകാശം പറയുന്നു.

ഈ ആരോപണങ്ങൾ സാധൂകരിക്കാൻ പത്ര ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളുമായി അവർ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിലുമെത്തി. കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ ചാനലുകളുടെ വീഡിയോ ദൃശ്യങ്ങളിലൂടെ തെറ്റ് ചെയ്തില്ലെന്ന് ബോധ്യപ്പെടുത്താൻ ശിവദാസൻ നായരും ശ്രമിച്ചു. എല്ലാം നിയമസഭയുടെ വീഡിയോയിലുണ്ടെന്നും ഒന്നിച്ചിരുന്നു കാണാൻ പ്രതിപക്ഷം തയ്യാറാകണമെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. എന്നാൽ ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഈ ദൃശ്യങ്ങളാണ് വിവരാവകാശത്തിലൂടെ നേടാൻ മറുനാടൻ മലയാളി ശ്രമിച്ചത്. എന്നാൽ വ്യക്തയില്ലാത്ത മറുപടിയുമായി ദൃശ്യങ്ങൾ പൊതു സമൂഹം കാണരുതെന്ന താൽപ്പര്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്.

കെഎം മാണി ബജറ്റ് അവതരിപ്പിച്ച ദിനത്തിലെ വിഡിയോ ദൃശ്യങ്ങൾ നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അത് കാണുമ്പോഴാണ് വിവരാവകാശത്തിലെ വ്യക്തത തെളിയുന്നത്. വെബ്‌സൈറ്റിലെ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP