Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോർപ്പറേറ്റ് ബോക്‌സ് വില്ലനാകും! 9 ബോക്‌സുകൾ ശരിയാക്കാൻ വേണ്ടത് 20 ലക്ഷത്തിൽ താഴെ; ഗ്രീൻ ഫീൽഡിലെ പോരായ്മ മുതലെടുത്ത് ഐപിഎല്ലിനെ അകറ്റാൻ കൊച്ചി ലോബി; സ്‌റ്റേഡിയത്തിലെ കുറവുകൾ പരിഹരിക്കേണ്ടത് സ്പോർട്സ് ഹബ്ബെന്ന വാദവുമായി ജയേഷ് ജോർജ്; എതിർപ്പുമായി പ്രസിഡന്റ് റോങ്കളിനും; കാര്യവട്ടത്തെ ഗ്രീൻ ഫീൽഡിനെ ചൊല്ലി കെസിഎയിൽ തമ്മിലടി രൂക്ഷം

കോർപ്പറേറ്റ് ബോക്‌സ് വില്ലനാകും! 9 ബോക്‌സുകൾ ശരിയാക്കാൻ വേണ്ടത് 20 ലക്ഷത്തിൽ താഴെ; ഗ്രീൻ ഫീൽഡിലെ പോരായ്മ മുതലെടുത്ത് ഐപിഎല്ലിനെ അകറ്റാൻ കൊച്ചി ലോബി; സ്‌റ്റേഡിയത്തിലെ കുറവുകൾ പരിഹരിക്കേണ്ടത് സ്പോർട്സ് ഹബ്ബെന്ന വാദവുമായി ജയേഷ് ജോർജ്; എതിർപ്പുമായി പ്രസിഡന്റ് റോങ്കളിനും; കാര്യവട്ടത്തെ ഗ്രീൻ ഫീൽഡിനെ ചൊല്ലി കെസിഎയിൽ തമ്മിലടി രൂക്ഷം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഐപിഎല്ലിൽ ചെന്നൈ ടീമിന്റെ മത്സരവേദിയായി തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയും ഉണ്ടാകില്ലെന്ന് സൂചന. പരസ്യമായി ഐപിഎൽ മത്സരം ഏറ്റെടുക്കാമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പറയുമ്പോഴും ചില ഉന്നതർക്ക് അതിനോട് താൽപ്പര്യമില്ല.

സ്റ്റേഡിയത്തിൽ പിച്ചും മറ്റ് സംവിധാനങ്ങളും പൂർണ്ണ സജ്ജമാണ്. എന്നാൽ കോർപ്പറേറ്റ് ബോക്‌സിന്റെ പണി പൂർത്തിയായിട്ടില്ല. ഐപിഎൽ മത്സരങ്ങൾക്ക് കോർപ്പറേറ്റ് ബോക്‌സ് അനിവാര്യമാണ്. കോർപ്പറേറ്റ് ബോക്‌സ് പൂർണ്ണ സജ്ജമല്ലെന്ന കാരണത്തിൽ ഐപിഎൽ മത്സരവേദിയായി ഗ്രീൻ ഫീൽഡിനെ പരിഗണിക്കാതിരിക്കാനാണ് നീക്കം. കെസിഎയിൽ ഇതു സംബന്ധിച്ച ഭിന്നത രൂക്ഷമാണ്.

കെസിഎ പ്രസിഡന്റ് റോങ്ക്‌ളിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ വേദിയാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. അതിവേഗം പണി നടന്നാൽ ദിവസങ്ങൾക്കുള്ളിൽ കോർപ്പറേറ്റ് ബോക്‌സ് പ്രവർത്തന സജ്ജമാകും. എന്നാൽ കോർപ്പറേറ്റ് ബോക്‌സ് നിർമ്മിക്കേണ്ടത് സ്പോർട്സ് ഹബ്ബുകാരാണെന്നും അതിന് വേണ്ടി കെസിഎ പണം ചെലവാക്കില്ലെന്നുമാണ് കെസിഎയിലെ കൊച്ചി ലോബിയുടെ പക്ഷം. ഈ ചർച്ച നീട്ടിക്കൊണ്ട് പോയി മത്സരം നഷ്ടമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ വേദി കൊച്ചിയാക്കണമെന്ന താൽപ്പര്യം കെസിഎ സെക്രട്ടറി ജയേഷ് ജോർജിനുണ്ടായിരുന്നു. എന്നാൽ കൊച്ചിയിലെ ഫുട്‌ബോൾ മൈതാനം ക്രിക്കറ്റിന് വേണ്ടി വെട്ടിമുറിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നു. ഇതോടെ മത്സരം തിരുവനന്തപുരത്ത് നടത്തേണ്ട ഗതിയും വന്നു. ഇതോടെ ക്രിക്കറ്റിൽ കൊച്ചി ലോബി അപമാനിതരായി. ഐപിഎൽ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനെ എങ്ങനേയും പാരവയ്ച്ച് പൊളിക്കാനാണ് ഇവരുടെ പരിപാടി.

ടിസി മാത്യുവിനെ പുറത്താക്കിയാണ് ജയേഷ് ജോർജ് കെസിഎയിൽ മേൽകോയ്മ നേടിയത്. ഇടുക്കിയിൽ നിന്നുള്ള വിനോദായിരുന്നു പ്രസിഡന്റ്. അഴിമതിയുടെ പേരിൽ വിനോദിനേയും പുറത്താക്കി. ഇടുക്കിയിലെ സ്റ്റേഡിയം നിർമ്മാണത്തിന് ചതുപ്പ് നിലം വാങ്ങിയെന്നതായിരുന്നു ആരോപണം. ഇതേ രീതിയിലായിരുന്നു ഇടക്കൊച്ചിയിൽ കെസിഎയും സ്റ്റേഡിയും നിർമ്മാണത്തിന് കണ്ടൽ കാട് വാങ്ങിയത്. എറണാകുളം അസോസിയേഷനായിരുന്നു ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്.

ഇതു മൂലവും കെ സി എയ്ക്ക് വമ്പൻ നഷ്ടമുണ്ടായി. കണ്ടൽ കാട് വാങ്ങലും റിയൽ എസ്റ്റേറ്റ് ഇടപടാണെന്ന ആരോപണം ഉയർന്നു. ഇതിൽ അന്വേഷണവും നടപടിയും ഇല്ല. എന്നാൽ ഇടുക്കിയിലെ സ്റ്റേഡിയും ചർച്ചയാക്കി. ഇതിന് പിന്നിൽ ടിസിയേയും വിനോദിനേയും ഒഴിവാക്കുകയെന്ന ബുദ്ധിയായിരുന്നു. വിനോദ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ റോങ്ക്‌ളിൻ പ്രസിഡന്റായി. ജയേഷുമായി റോങ്ക്‌ളിൻ പല കാര്യങ്ങളിലും എതർപ്പിലാണ്. തിരുവനന്തപുരത്തെ ഐപിഎൽ വേദിയുടെ കാര്യത്തിലും അത് തന്നെയാണ് സ്ഥിതി.

കെസിഎ പ്രസിഡന്റ് സജീവമായി ഇടപെട്ടാൽ മാത്രമേ ഗ്രീൻ ഫീൽഡിൽ ഐപിഎൽ എത്തൂവെന്നതാണ് സ്ഥിതി. ചെന്നൈ സൂപ്പർ കിങ്‌സിന്റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സുരക്ഷാ കാരണങ്ങളാലാണ്. കാവേരി വിഷയത്തിൽ ഐപിഎല്ലിനെതിരായ നിലപാട് രജനികാന്ത് അടക്കമുള്ളവർ സ്വീകരിച്ചു. ഇതോടെ കളി നടന്നാൽ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക സജീവമായി.

അതുകൊണ്ടാണ് തിരുവനന്തപുരത്തെ പകരം വേദിയായി കണ്ടത്. ഇന്ത്യാ-ന്യൂസിലണ്ട് 20-20 മത്സരം വലിയ വിജയമാക്കി മാറ്റാൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയുടെ വേദിയായി ഗ്രീൻ ഫീൽഡിനെ മാറ്റാനുള്ള ചർച്ച ബിസിസിഐ സജീവാക്കിയത്. ചെന്നൈ ടീമും ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിലാണ്. നാളെ ചെന്നൈയിൽ കളി നടക്കുന്നുണ്ട്. അത് വിജയകരമായില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഐപിഎൽ മാറ്റും. തിരുവനന്തപുരത്തിന് തന്നെയാണ് കൂടുതൽ സാധ്യത.

ഇത് മനസ്സിലാക്കിയാണ് കൊച്ചി ലോബി കളിക്കുന്നത്. അതിവേഗം മത്സരം നടത്താനുള്ള സംഘടനാ ശേഷി തിരുവനന്തപുരത്തില്ലെന്ന് പോലും ഇവർ പരോക്ഷമായി പറയുന്നു. ഇതിനൊപ്പമാണ് കോർപ്പറേറ്റ് ബോക്‌സിലെ പ്രശ്‌നം ചർച്ചയാക്കുന്നത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ എല്ലാ പണിയും നടത്തുന്നത് കെസിഎയാണ്. അടിയന്തര ഘട്ടത്തിൽ ഐപിഎൽ മത്സരമെത്തിക്കാൻ കോർപ്പറേറ്റ് ബോക്‌സ് ബിസിസിഐ മാനദണ്ഡം അനുസരിച്ച് കെസിഎ നിർമ്മിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.

സ്പോർട്സ് ഹബ്ബ് ഇതു ചെയ്താൽ സമയം എടുക്കും. ഈ സാഹചര്യത്തിൽ തർക്കത്തിന് പോകാതെ സ്‌റ്റേഡിയത്തിലെ ചെറിയ പിഴവ് മാറ്റണമെന്നാണ് ആവശ്യം. ഇതിനെ കെസിഎ അധ്യക്ഷൻ പിന്തുണയ്ക്കുന്നു. എന്നാൽ സെക്രട്ടറിക്ക് താൽപ്പര്യക്കുറവുണ്ടെന്നാണ് വിലയിരുത്തൽ. കാവേരി വിഷയം കേരളത്തേയും ബാധിക്കും. അതിനാൽ കേരളത്തിലും കളി വേണ്ടെന്ന് പറയുന്ന ഭാരവാഹികളും ഉണ്ട്.

കെസിഎയിൽ നിന്ന് ലഭിക്കുന്ന സൂചനയനുസിരച്ച് മത്സരം നടത്താൻ വലിയൊരു വിഭാഗത്തിന് താൽപ്പര്യമില്ലെന്ന് തന്നെയാണ്. കോർപ്പറേറ്റ് ബോക്‌സിൽ തട്ടി ഐപിഎൽ തിരുവനന്തപുരത്ത് നിന്ന് അകലുമെന്നും അവർ പറയുന്നു. ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരം നവംബറിലാണ് നടത്തുന്നത്. അതു പോലും തിരുവനന്തപുരത്ത് നിന്ന് മഴയുടെ പേരിൽ ഒഴിവാക്കാനാണ് നീക്കമെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP