Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു; യാത്രാ തീയിതി മാറ്റാനായി നോക്കിയപ്പോൾ ടിക്കറ്റ് ക്യാൻസൽഡ്; വിമാന യാത്രക്കാർക്കു ഭീഷണിയായി തട്ടിപ്പിന്റെ പുതിയ പതിപ്പ്; ഇൻഡിഗോയേയും സന്തോഷിനേയും പറ്റിച്ച് വിരുതന്മാർ കാശ് അടിച്ചെടുത്തത് ഇങ്ങനെ

ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു; യാത്രാ തീയിതി മാറ്റാനായി നോക്കിയപ്പോൾ ടിക്കറ്റ് ക്യാൻസൽഡ്; വിമാന യാത്രക്കാർക്കു ഭീഷണിയായി തട്ടിപ്പിന്റെ പുതിയ പതിപ്പ്; ഇൻഡിഗോയേയും സന്തോഷിനേയും പറ്റിച്ച് വിരുതന്മാർ കാശ് അടിച്ചെടുത്തത് ഇങ്ങനെ

ഇടുക്കി: വിദേശത്ത് ചോര നീരാക്കി ജീവിക്കാൻ തത്രപ്പെടുന്ന മലയാളികൾക്ക് കരുതിയിരിക്കാൻ മുന്നറിയിപ്പുമായി മറ്റൊരു തട്ടിപ്പു കൂടി പുറത്തുവരുന്നു. നാട്ടിലെത്തി മടങ്ങാൻ മൂന്നു മാസം മുമ്പേ ഓൺലൈൻ വഴി വിമാന ടിക്കറ്റ് എടുത്തു കാത്തിരുന്ന ദുബൈ മലയാളി കുടുംബത്തിന്റെ ടിക്കറ്റ് അവരറിയാതെ ക്യാൻസൽ ചെയ്ത് പണം അടിച്ചുമാറ്റിയതാണ് ഓൺലൈൻ തട്ടിപ്പിന്റെ പുത്തൻരൂപം. ഇൻഡിഗോ ഫ്‌ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂർ സ്വദേശി സന്തോഷ് ജെൻവിക്കാണ് ഒന്നരലക്ഷത്തോളം രൂപ നഷ്ടമായത്. പണം തട്ടിയെടുത്തത് ഇന്ത്യയിൽനിന്നാണെന്നാണ് പ്രാഥമിക അന്വേഷത്തിൽ വ്യക്തമായിരിക്കുന്നത്.

സീസൺ സമയത്ത് ടിക്കറ്റ് നിരക്കിൽ വൻനിരക്ക് ഈടാക്കുന്ന വിമാന കമ്പനികളുടെ തട്ടിപ്പിനെ അതിജീവിക്കാൻ മാസങ്ങൾക്കു മുമ്പുതന്നെ നാട്ടിലെത്താൻ ടിക്കറ്റെടുക്കുന്ന സ്വഭാവക്കാരാണ് വിദേശമലയാളികളിൽ മിക്കവരും. അടിയന്തിര ഘട്ടങ്ങളിൽ മാത്രമാണ് വൻതുക നൽകി അപ്പോഴത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നത്. പീക്ക് സമയങ്ങളിൽ പത്തിരട്ടി വരെ യാത്രക്കൂലി വർധിപ്പിക്കാറുള്ള വിമാന കമ്പനികളെ നിയന്ത്രിക്കാൻ ഭരണാധികാരികൾക്ക് കെൽപില്ലാത്ത സാഹചര്യത്തിൽ മുൻകൂട്ടിയുള്ള ബുക്കിങ് മാത്രമാണ് നാട്ടിലെത്താനുള്ള ചെലവുകുറഞ്ഞ മാർഗം.

മുൻകാലങ്ങളിൽ ട്രാവൽ ഏജൻസികളെ സമീപിച്ച് അവർ വഴിയാണ് ടിക്കറ്റ് റിസർവ് ചെയ്തിരുന്നതെങ്കിലും ഇന്റർനെറ്റും ഓൺലൈൻ ഇടപാടുകളും സാധാരണമായതോടെ മിക്ക മലയാളികളും നേരിട്ടോ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള തങ്ങളുടെ സുഹൃത്തുക്കൾ മുഖേനയോ ആണ് ബുക്കിങ് നടത്തുന്നത്. മിക്ക വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ കൂടുതലും ആശ്രയിക്കുന്നത് ഇ-ബുക്കിങ് സംവിധാനത്തെയാണ്. ഇത് വ്യാപകമായതോടെയാണ് ഈ മേഖലയിൽ കടന്നു കയറി കൊള്ള നടത്താൻ തട്ടിപ്പുകാർക്ക് പ്രേരണയായത്.

ദുബൈ സിറ്റിക്കടുത്ത് ഗാർഡൻസിൽ താമസക്കാരനായ സന്തോഷ് ഡീസൽ ടെക്‌നോളജി കമ്പനിയുടെ ഷിപ്പിങ് മാനേജരാണ്. ഡിസംബർ 18ന് നാട്ടിലെത്താൻ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സന്തോഷ് തന്റെ വീട്ടിലെ ഇന്റർനെറ്റ് ഉപയോഗിച്ച് ഓൺലൈൻവഴി ടിക്കറ്റെടുത്തത്. അദ്ദേഹത്തിനും ഭാര്യ ആനിക്കും മകൾ അലീനക്കും ജോലിക്കാരി പത്മജയ്ക്കും 18ന് ദുബൈയിൽനിന്നു കോഴിക്കോട്ടേക്കും ജനുവരി രണ്ടിന് തിരിച്ചുമുള്ള യാത്രയ്ക്കായി ഇൻഡിഗോയിൽ സീറ്റുകൾ ബുക്ക് ചെയ്യുകയായിരുന്നു. ഇതിനായി ഒന്നര ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിൽനിന്ന് കൈമാറിയത്. ടിക്കറ്റിന്റെ കമ്പ്യൂട്ടർ പ്രിന്റെടുത്തു സൂക്ഷിക്കുകയും ചെയ്തു. ജോലിസംബന്ധമായ കാരണങ്ങളാൽ യാത്ര മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാൻ കഴിഞ്ഞ ദിവസം സന്തോഷ് ശ്രമിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്.

ഇൻഡിഗോയുടെ സൈറ്റിൽ കയറി ടിക്കറ്റ് മാറ്റാൻ ശ്രമിച്ചപ്പോൾ, ടിക്കറ്റ് സംബന്ധിച്ചു നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന മറുപടിയാണ് വന്നത്. തുടർന്ന് അദ്ദേഹം എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ടു. തന്റെ പക്കലുള്ള പിഎൻആർ പ്രകാരമുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തിരിക്കുകയാണെന്ന വിവരമാണ് ഇൻഡിഗോ അധികൃതരിൽനിന്നു ലഭിച്ചത്. സന്തോഷിന്റെ അന്വേഷണത്തിൽ അവർ കൂടുതൽ കാര്യങ്ങൾ വിശദമാക്കി. ഒക്ടോബർ 11ന് പുലർച്ചെ മൂന്നോടെ ആരോ ടിക്കറ്റ് റദ്ദാക്കിയിരിക്കുന്നു. തിരികെ പണം കൈപ്പറ്റുകയല്ല, ഈ തുകയ്ക്ക് സമാനമായ നിരക്കിൽ മുംബൈയിൽനിന്നും കൽക്കട്ടയിലേയ്ക്ക് നവംബർ പത്തിന് യാത്രചെയ്യാൻ അഞ്ച് പേർക്ക് ടിക്കറ്റ് എടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി.

തന്റെ വീട്ടിലെ കമ്പൂട്ടറിൽനിന്നും നടത്തിയ ബുക്കിങ്ങും പ്രിന്റെടുത്തു സൂക്ഷിച്ചിരിക്കുന്ന ടിക്കറ്റിന്റെ പിഎൻആർ നമ്പരും ഇടപാടുകൾക്ക് ഉപയോഗിച്ച ഇമെയിൽ അക്കൗണ്ടിന്റെ പാസ്‌വേഡും തനിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നിരിക്കെ എങ്ങനെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാകുമെന്നായിരുന്നു തുടർന്നു സന്തോഷിന്റെ ചോദ്യം. വളരെ തന്ത്രപൂർവം നടത്തിയ തട്ടിപ്പ് രീതിയാണ് പിന്നീട് വെളിപ്പെട്ടത്. മുംബൈയിലുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്നു ഐ. പി അഡ്രസ് പരിശോധിച്ചതിൽനിന്നു വ്യക്തമായി. ഇൻഡിഗോയിൽ ഫോൺവിളിച്ച് ടിക്കറ്റിന്റെ പിഎൻആർ നമ്പരും മറ്റും നൽകിയശേഷം ഇമെയിൽവിലാസവും കോൺടാക്റ്റ് നമ്പരും മാറ്റണമെന്നാണ് തട്ടിപ്പുകാർആവശ്യപ്പെട്ടത്.

തുടർന്നു പുതിയ ഇ-മെയിൽ വിലാസത്തിൽ നിന്നു ടിക്കറ്റ് ക്യാൻസൽ ചെയ്തു പകരം മുംബൈ-കൽക്കട്ട യാത്രയ്ക്കുള്ള അഞ്ച് പേരുടെ വിവരങ്ങൾ നൽകി ഓൺലൈൻ വഴിതന്നെ ടിക്കറ്റ് വാങ്ങി. കോൺടാക്റ്റ് ടെലിഫോൺ നമ്പരും ആദ്യം തന്നെ തട്ടിപ്പുകാർ മാറ്റിയതിനാൽ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷിന്റെ ഫോണിൽ എത്തിയുമില്ല. സാധാരണഗതിയിൽ യാത്രാദിവസം എയർപോർ്ട്ടിൽ യാത്രയ്ക്കായി എത്തുമ്പോൾ മാത്രം പുറത്താകുമായിരുന്ന തട്ടിപ്പ്, ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാൻ ശ്രമിച്ചതുമൂലമാണ് സന്തോഷിന് അറിയാനായത്. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് ഇതാദ്യമായാണ് റിപ്പോർ്ട്ട് ചെയ്യപ്പെടുന്നതെന്നു വിദേശമലയാളികൾ പറയുന്നു.

ഫോൺ മുഖാന്തിരമുള്ള ഇടപാടിലൂടെ സെക്യൂരിറ്റി നിയന്ത്രണമുള്ള ഇമെയിൽ വിലാസവും ഫോൺനമ്പരും മാറ്റിയശേഷം തട്ടിപ്പിന് വഴിയൊരുക്കിയ എയർലൈൻ അധികാരികളുടെ നടപടി ഇവിടെ ചോദ്യം ചോദ്യം ചെയ്യപ്പെടുകയാണ്. താന്മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ വിവരങ്ങളും പിഎൻആർ നമ്പർ ഉൾപ്പെടെയുള്ള ടിക്കറ്റിന്റെ വിശദാംശങ്ങളും പുറത്താകാൻ എയർലൈൻ ഓഫീസ് വഴി മാത്രമേ കഴിയൂ. ഇത് ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർ ഒരു തട്ടിപ്പിൽ പ്രവർത്തി അവസാനിപ്പിക്കുമെന്നു കരുതാനാവില്ല.

ഇൻഡിഗോ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും, നാട്ടിലെത്താൻ മാസങ്ങൾക്കു മുമ്പുതന്നെ പണം സ്വരൂപിച്ചു നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒപ്പം ഇൻഡിഗോയുടെയും ഓൺലൈൻ സംവിധാനത്തിന്റെയും വിശ്വാസ്യതയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP