Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിമിനലായ ബ്ലേഡുപ്രമുഖനെ സഹായിക്കാൻ പൊലീസും ഉന്നതരും; തൊണ്ടിമുതൽ കണ്ടെത്തിയിട്ടും പിടിച്ചെടുക്കാതെയും കോടതിയിൽ ഹാജരാക്കാതെയും വൻ സ്രാവിനെ വിട്ടയച്ചു; ഓപ്പറേഷൻ കുബേര ആർക്ക് വേണ്ടി?

ക്രിമിനലായ ബ്ലേഡുപ്രമുഖനെ സഹായിക്കാൻ പൊലീസും ഉന്നതരും; തൊണ്ടിമുതൽ കണ്ടെത്തിയിട്ടും പിടിച്ചെടുക്കാതെയും കോടതിയിൽ ഹാജരാക്കാതെയും വൻ സ്രാവിനെ വിട്ടയച്ചു; ഓപ്പറേഷൻ കുബേര ആർക്ക് വേണ്ടി?

എംപി റാഫി

കോഴിക്കോട്: ഓപ്പറേഷൻ കുബേരയിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് രക്ഷപ്പെടാൻ പൊലീസിന്റെ ഒത്താശ. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പ്രതിയെ ഒരു ദിവസം സൂക്ഷിച്ച ശേഷം കഴിഞ്ഞദിവസം പൊലീസിന്റെ സഹായത്തോടെ വിട്ടയച്ചു. ഓപ്പറേഷൻകുബേരയിൽ അറസ്റ്റിലായ ശേഷം പരാതിക്കാരന്റെ വസ്തുക്കൾ പ്രതിയുടെ വീട്ടിൽനിന്നും കണ്ടെത്തിയിട്ടും ഇയാളെ കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതെ പൊലീസ് ജ്യാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

ഓപ്പറേഷൻ കുബേരയിൽ അറസ്റ്റ് ചെയ്ത ഗോവിന്ദപുരം കല്ലിട്ടനട സ്വദേശി പി. അരുൺകുമാറിനെയാണ് നാടകീയരംഗങ്ങൾക്കൊടുവിൽ പൊലീസ് വിട്ടയച്ചത്. സാധാരണക്കാരെ കൊള്ളപ്പലിശക്കാരിൽ നിന്നും രക്ഷിക്കാൻ കൊണ്ടുവന്ന ഓപ്പറേഷൻ കുബേരയിൽ ചെറുകിട പലിശക്കാർ മാത്രമാണ് കുടുങ്ങുന്നതും നിയമ നടപടിക്ക് വിധേയരാകുന്നതും. എന്നാൽ വമ്പന്മാർക്കെതിരേ കേസെടുക്കാനോ തുടർന്നുള്ള നടപടി സ്വീകരിക്കാനോ പൊലീസിനും ആഭ്യന്തര വകുപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.

വട്ടിപ്പലിശ ഇടപാട് നടത്തുന്ന നഗരത്തിലെ വൻകിട സ്രാവുകളിൽ ഒരാളാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച അരുൺകുമാർ. കോഴിക്കോട് സിറ്റിയിലും പരിസരങ്ങളിലുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോകുകയായിരുന്നു. ഒടുവിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കോട്ടുളി സ്വദേശി ബാബുരാജ് നൽകിയ പരാതിയിന്മേൽ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ സംരക്ഷിക്കാനും ഇറക്കാനുമായി ഉന്നതർ ഇടപെട്ടു. ഇതോടെ പൊലീസിനും സമ്മർദങ്ങൾ വന്നതോടെ പ്രതിക്ക് സ്റ്റേഷനിൽനിന്നുതന്നെ ജാമ്യം നൽകുകയാണ് ചെയ്തത്.

കൊള്ളപ്പലിശയുടെ പേരിൽ തഴച്ചുവളർന്ന അരുൺകുമാർ ഗുണ്ടാപ്രവർത്തനങ്ങൾക്കും അക്രമക്കേസുകൾക്കും നേതൃത്വം നൽകുന്നത് പതിവാണെന്നു നാട്ടുകാർ തന്നെ പറയുന്നു. എന്നാൽ ഉന്നതരാഷ്ട്രീയബന്ധമുള്ള ഇയാൾ എല്ലാ കേസുകളിൽനിന്നും തലയൂരുകയും ചെയ്യാറുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസ് ഇയാൾക്കെതിരേ നിലനിൽക്കുന്നുണ്ട്. കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിൽ പോകുകയും പിന്നീട് പൊങ്ങുകയും ഹൈക്കോടതിയിൽ നിന്നും ജാമ്യമെടുക്കുകയുമാണ് ഇയാളുടെ പതിവുരീതി. ഇതുവരെയും ഏഴുകേസുകളിൽ ജ്യാമ്യത്തിലിറങ്ങിയിട്ടുണ്ട് ഇപ്പോൾ അറസ്റ്റ് ചെയ്ത് വിട്ടയച്ച അരുൺകുമാർ.

രാഷ്ട്രിയ നേതാക്കളുമായും ഉന്നതരുമായും അരുൺ ബന്ധം നിലനിർത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് പലപ്പോഴും അറസ്റ്റ് വിവരം മുൻകൂട്ടി അറിഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും അറസ്റ്റ് വിവരം നേരത്തെ അറിയുന്നതോടെ ഒളിവിൽ പോകുകയാണ് ചെയ്തിരുന്നത്. ബിജെപിയിലും ഭരണ മുന്നണിയിലുമുള്ള നിരവധി നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു ഇയാൾ. വിവിധ പാർട്ടികൾക്ക് പണം നൽകിയാണ് നേതാക്കളെ കയ്യിലെടുത്തിരുന്നത്. ഇതിനാൽ കേസുകൾ നിരവധി അരുണിനെതിരേ നിലനിൽക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.

പരാതിക്കാരനായ ബാബുരാജ് മൂന്നുലക്ഷം രൂപ അരുൺകുമാറിൽനിന്നും പലിശയ്ക്ക് വാങ്ങിയിരുന്നു. മുദ്രപത്രവും ചെക്ക് ലീഫും ഈടായി നൽകി. പലിശ ഉൾപ്പെടെ 3,60,000രൂപ ബാബുരാജ് തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ ഇനിയും മൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാബുരാജിനെയും കുടുംബത്തെയും നിരന്തരം ബുദ്ധിമുട്ടിക്കുകയായിരുന്നു. ശല്യപ്പെടുത്തലും ഗുണ്ടാ അക്രമവും ഭയന്ന് ബാബുരാജ് കോയമ്പത്തൂരിലേക്ക് താമസം മാറിയെങ്കിലും അടച്ചിട്ട കോട്ടുളിയിലെ വീട്ടിൽ അരുൺകുമാറും സംഘവും അറുപതിനായിരം രൂപ വിലമതിക്കുന്ന ടെലിവിഷൻ ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം നടത്തുകയായിരുന്നു.

ഇതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. ബാബുരാജിന് പിന്തുണയുമായി നീതിവിഷൻ ട്രസ്റ്റ് അതികൃതരും രംഗത്തുവന്നതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ബാബുരാജിന്റെ വീട്ടിൽനിന്നും മോഷ്ടിച്ച ടെലിവിഷൻ പൊലീസ് പ്രതിയുടെ വീട്ടിൽനിന്നും കണ്ടെത്തുകയും ബാബുരാജ് തിരിച്ചറിയുകയും ചെയ്തിരുന്നു. ഇത് വകവെയ്ക്കാതെ പൊലീസ് തൊണ്ടി മുതൽ പിടിച്ചെടുക്കുകയോ പരാതിക്കാരനു വിട്ടുനൽകുകയോ ചെയ്യാതെ പ്രതിയെ അറസ്റ്റ് ചെയ്തുവിട്ടയയ്ക്കുകയായിരുന്നു.

പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വിട്ടയയ്ക്കലിലൂടെ പൊലീസ് നടപടിയെന്ന് നീതി വിഷൻ ട്രസ്റ്റ് ചെയർമാൻ ആർ.സജീവ് നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ കേസിൽനിന്നും തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായി കുന്നമംഗലം കോടതിയെ സമീപിച്ചിരിക്കുകയാണ് അരുൺകുമാർ. തൊണ്ടിമുതൽ തിരികെ ലഭിച്ച് നീതിക്കായി നിയമ നടപടിക്കൊരുങ്ങുകയാണ് നീതി ട്രസ്റ്റ് അംഗങ്ങളും ബാബുരാജും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP