Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടയർ റീട്രെഡിംഗിന്റെ പേരിൽ നടന്നുവന്ന കള്ളക്കളി പൊളിച്ചതോടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത് വൻ ലാഭം; റീട്രെഡിങ് പുറത്ത് ചെയ്യിച്ചതോടെ ഒരു ടയറിന് മാത്രം ലാഭം 280 രൂപ; 300 ടയറുകൾ വേണ്ടിവരുന്നതിനാൽ ഒരുദിവസത്തെ ലാഭം 84,000 രൂപയും; കൂടുതൽ ടയറുകൾ പുറത്തിറക്കണമെന്ന് ഓർഡറിട്ടപ്പോൾ പ്രതിഷേധിച്ചവരെ പിരിച്ചുവിട്ട തച്ചങ്കരിയുടെ നിലപാട് ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്

ടയർ റീട്രെഡിംഗിന്റെ പേരിൽ നടന്നുവന്ന കള്ളക്കളി പൊളിച്ചതോടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത് വൻ ലാഭം; റീട്രെഡിങ് പുറത്ത് ചെയ്യിച്ചതോടെ ഒരു ടയറിന് മാത്രം ലാഭം 280 രൂപ; 300 ടയറുകൾ വേണ്ടിവരുന്നതിനാൽ ഒരുദിവസത്തെ ലാഭം 84,000 രൂപയും; കൂടുതൽ ടയറുകൾ പുറത്തിറക്കണമെന്ന് ഓർഡറിട്ടപ്പോൾ പ്രതിഷേധിച്ചവരെ പിരിച്ചുവിട്ട തച്ചങ്കരിയുടെ നിലപാട് ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടയർ റീട്രെഡിംഗിന്റെ പേരിൽ നടന്നുവന്ന കള്ളക്കളി പൊളിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത് വൻ ലാഭം. എന്നാൽ ഇത് അട്ടിമറിക്കാൻ ചരടുവലികളുമായി യൂണിയൻ നേതാക്കളും രംഗത്ത്.

സ്ഥാപനത്തിൽ സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും ചേർന്ന് ടയർ റീട്രെഡിംഗിൽ മെല്ലെപ്പോക്ക് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടുത്തിടെ കോർപ്പറേഷൻ എംഡി ടോമിൻ തച്ചങ്കരിതന്നെ മുൻകൈയെടുത്ത് റീട്രെഡിങ് പുറത്ത് ചെയ്യിക്കാൻ തീരുമാനിച്ചത്.

ആവശ്യത്തിന് ടയർ ഇല്ലാത്ത സാഹചര്യത്തിൽ ഒട്ടേറെ ബസ്സുകൾ സർവീസിന് ഇറക്കാൻ പറ്റാത്ത സാഹചര്യം കൂടെ കണക്കിലെടുത്താണ് വിദേശ പര്യടനത്തിന് ഇടയിലായിട്ടും തച്ചങ്കരി വിഷയത്തിൽ നേരിട്ട് ഇടപെട്ട് റീട്രെഡിങ് പുറത്തുനിന്ന് ചെയ്യിക്കാൻ തീരുമാനിച്ചത്.

ഈ തീരുമാനം വളരെ ശരിയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിനെതിരെ കുപ്രചരണങ്ങളുമായി യൂണിയനുകളും മറ്റ് സ്ഥാപിത താൽപര്യക്കാരും രംഗത്തിറങ്ങിയിട്ടുമുണ്ട്. കോർപ്പറേഷനിൽ തന്നെ റീട്രെഡ് ചെയ്യുമ്പോൾ ഒരു ടയറിന് വരുന്ന ചെലവ് 1105 രൂപയാണ്. എന്നാൽ പുറമെ ചെയ്യുമ്പോൾ ശരാശരി ചെലവ് 825 രൂപ മാത്രവും.

ഇത്തരത്തിൽ ഒരു ടയറിന്റെ കാര്യത്തിൽ മാത്രം 280 രൂപയോളം കോർപ്പറേഷന് ലാഭമുണ്ടാകുന്നു. ഒരു ദിവസം ശരാശരി 300 ടയറാണ് കോർപ്പറേഷന് ആവശ്യം. അതിനാൽ പുറത്ത് റീട്രെഡിങ് ചെയ്യിക്കുന്നതിലൂടെ ഒരു ദിവസത്തെ ലാഭം മാത്രം 84,000 രൂപയാണ്. ഒരുവർഷത്തേത് കണക്കാക്കിയാൽ ഇത് 3.7 കോടി രൂപയും.

രണ്ടുതരം ടയറുകളാണ് കോർപ്പറേഷന് ആവശ്യം. മെറ്റീരിയലിന് ഉൾപ്പെടെയാണെങ്കിൽ ഇതിന് യഥാക്രമം 3225.69 രൂപയും 3462.87 രൂപയുമാണ് കെഎസ്ആർടിസിയുടെ റേറ്റ്. ഇത് പുറത്താണെങ്കിൽ യഥാക്രമം 2945 രൂപയും 2995 രൂപയുമാണ് പുറമേയുള്ള റേറ്റ്. മറ്റീരിയൽ ഉൾപ്പെടെയുള്ള റീട്രെഡിങ് ഇതുവരെ കോർപ്പറേഷൻ ഔട്ട്‌സോഴ്‌സ് ചെയ്തിട്ടില്ല.

ഒരു ടയർ ഷോപ്പിലെ ശമ്പളം, മറ്റ് അലവൻസുകൾ, മറ്റു ചെലവ് എന്നിവയടക്കം കോർപ്പറേഷന്റെ ചെലവ് 86,165 രൂപയാണ്. ഇവിടെ ശരാശരി പുറത്തിറക്കുന്നത് 78 ടയറുകളാണ്. ഒന്നിന് ചെലവ് 1105 രൂപയും.

ഇതാണ് പുറത്തുകൊടുത്താൽ 825 രൂപയ്ക്ക് ചെയ്തുകിട്ടുന്നത്. ഇതേ നിലയിൽ മറ്റീരിയൽ ഉൾപ്പെടെ പുറത്തുനിന്ന് ചെയ്യിക്കുമ്പോൾ കൂടുതൽ ലാഭം കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതിനാൽ ഈ നിലയിലേക്ക് കാര്യങ്ങൾ മുന്നോട്ടുനീക്കുകയാണ് തച്ചങ്കരി. താൽക്കാലിക ജീവനക്കാരെ വച്ചാണ് കോർപ്പറേഷന് വേണ്ടി മൂന്നു കേന്ദ്രങ്ങളിൽ റീട്രെഡിങ് നടത്തിവന്നിരുന്നത്. ഇത് പൂർണമായും നിർത്തലാക്കി പുറത്ത് റീട്രെഡിങ് നടത്താൻ തുടങ്ങിയതോടെ വലിയ ലാഭമാണ് ഇക്കാര്യത്തിൽ കോർപ്പറേഷന് ഉണ്ടാകുന്നത്.

കെഎസ്ആർടിയിലെ ടയർക്ഷാമം പരിഹരിക്കാൻ ടയർ റീട്രേഡിങ് കേന്ദ്രങ്ങളിലെ ഉൽപാദനക്ഷമത വർധിപ്പിക്കണമെന്നു എംഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവിന് പുല്ലുവില കൽപിച്ചായിരുന്നു ജീവനക്കാരുടെ നീക്കം. ഒരു ജീവനക്കാരൻ ദിവസം 12.5 ടയറുകൾ എന്ന കണക്കിൽ റീട്രേഡ് ചെയ്യണമെന്നായിരുന്നു ഉത്തരവ്. 2012ൽ ദിവസം 12 ടയറുകൾ നിർമ്മിച്ചിരുന്നിടത്ത് എട്ടു ടയറേ ഉണ്ടാക്കൂ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. ടയർ ഇല്ലാത്തതിനാൽ ദിവസം 500 ബസുകളാണു മുടങ്ങിയത്. ഇത് പരിഹരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഉത്തരവിനെ അട്ടിമറിക്കാനായിരുന്നു ജീവനക്കാരുടെ നീക്കം.

സമരവും പ്രഖ്യാപിച്ചു. ടോമിൻ തച്ചങ്കരി ഇസ്രയേൽ പര്യടനത്തിലായിരുന്ന വേളയിലാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് സമരം ചെയ്ത് പ്രതിസന്ധി കൂട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിദേശത്തിരിക്കുമ്പോൾ കെ എസ് ആർ ടി സിയിൽ പ്രഥമ പരിഗണന കൊടുത്ത തച്ചങ്കരി നീക്കങ്ങൾ തൽസമയം അറിഞ്ഞു. സമരം പ്രഖ്യാപിച്ചവരെ പിരിച്ചുവിടുകയും ചെയ്തു. ആനവണ്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അതിശക്തമായ നടപടി തുടരുമെന്ന സൂചനയാണ് തച്ചങ്കരി നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ടയർ റീട്രെഡിങ് പുറത്തുനിന്ന് ചെയ്യിക്കാൻ നടപടിയെടുത്തതും.

ടയർ ഇല്ലാത്തതിനാൽ ദിവസം 500 ബസുകളാണ് മുടങ്ങിയത്. ഇതു പരിഹരിക്കാനാണ് തച്ചങ്കരി അടിയന്തര നടപടി സ്വീകരിച്ചത്. ഒരു മാസം 1900 പുതിയ ടയറുകളാണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടിവരുന്നത്. നേരത്തേ ചൈനീസ് കമ്പനിയിൽനിന്നാണ് ടയർ ഇറക്കുമതി ചെയ്തിരുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശം മൂലം ഇത്തരം ഇറക്കുമതിക്ക് നിയന്ത്രണം വന്നു. ഇതോടെയാണ് മറ്റ് കമ്പനിളെ ആശ്രയിച്ചത്. എന്നാൽ, കമ്പനികൾക്ക് അഞ്ചു കോടിയിലധികം രൂപ കുടിശ്ശിക വന്നതോടെ ടയർ വിതരണം നിലച്ചു. ടയർ ക്ഷാമം രൂക്ഷമാവുകയും സർവിസ് മുടങ്ങൽ വ്യാപകമാവുകയും ചെയ്തു. ഈ പ്രതിസന്ധി മറികടക്കാനാണ് റീട്രെഡിങ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ വന്നതോടെയാണ് ഇവരെ ഒഴിവാക്കാനും റീട്രെഡിങ് പുറത്ത് നൽകാനും തീരുമാനം ഉണ്ടായതും അത് വിജയിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP