Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ സർക്കാറിന്റെ സർവ്വഡാറ്റകളും സൂക്ഷിക്കുന്ന മലയാളിയായ ദിലീപ് രാഹുലൻ എവിടെ? ദുബായിയുടെ സുരക്ഷയുടെ പ്രധാന കാവൽക്കാരനായ പെസഫിക് കൺട്രോൾ ഉടമ മുങ്ങിയെന്ന പ്രചരണം ശക്തം; നിയമ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി കമ്പനി; വിവാദം കത്തിപ്പടർന്നിട്ടും രംഗത്തുവരാതെ ഉടമയും

യുഎഇ സർക്കാറിന്റെ സർവ്വഡാറ്റകളും സൂക്ഷിക്കുന്ന മലയാളിയായ ദിലീപ് രാഹുലൻ എവിടെ? ദുബായിയുടെ സുരക്ഷയുടെ പ്രധാന കാവൽക്കാരനായ പെസഫിക് കൺട്രോൾ ഉടമ മുങ്ങിയെന്ന പ്രചരണം ശക്തം; നിയമ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി കമ്പനി; വിവാദം കത്തിപ്പടർന്നിട്ടും രംഗത്തുവരാതെ ഉടമയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എണ്ണവിലയിലെ ഇടിവും സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളും ഗൾഫിലെ മലയാളി വ്യവസായികൾക്ക് തിരിച്ചടി സമ്മാനിക്കുന്ന കാലമാണിപ്പോൾ. പ്രധാന വ്യവസായികളെ പോലും സാമ്പത്തിക രംഗത്തെ വ്യതിയാനങ്ങൾ ബാധിക്കുന്നുണ്ട്. ഗൾഫ് മേഖലയിൽ എണ്ണ വിതരണ കരാർ നിലനിർത്താൻ കൈക്കൂലി നൽകിയതിന്റെ പേരിൽ ജയിൽ ശിക്ഷയ്ക്ക് ശേഷം ഗൾഫാർ മുഹമ്മദലി അടുത്തിടെയാണ് പുറത്തിറങ്ങിയത്. ബാങ്കുകളിൽ നിന്നും 500 കോടിയോളം രൂപ വായ്‌പ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാൻ സാധിക്കാതെ മറ്റൊരു വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിൽ കഴിയുകയാണ്. ഇതിനിടെയാണ് ദുബായിലെ മറ്റൊരു പ്രമുഖ വ്യവസായിയായ ദിലീപ് രാഹുലനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ പെസഫിക് കൺട്രോൾസിനെയും ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പരക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പിണറായി വിജയന്റെ ലാവലിൻ കേസുമായി ബന്ധപ്പെട്ട് വിവാദ നായകനായി ഉയർന്ന കേട്ട വ്യക്തി കൂടിയാണ് ദിലീപ് രാഹുലൻ.

യുഎഇ സർക്കാറിന്റെ സുരക്ഷയും ട്രാഫിക്ക് കൺട്രോളും ദുരന്ത നിവാരണവും അടക്കം നിരവധി ഡാറ്റകൾ സൂക്ഷിക്കുന്ന പെസഫിക് കൺട്രോൾസ് എന്ന ഐടി സ്ഥാപനം ദുബായിലെ അതിപ്രശസ്ത കമ്പനികളിൽ ഒന്നാണ്. ദുബായ് നഗരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സൂക്ഷിക്കുന്ന ഈ ഐടി കമ്പനിയുടെ ഉടമയായ ദിലീപ് രാഹുലൻ ദുബായിലെ പ്രമുഖ ബാങ്കുകളിൽ നിന്നും ആയിരക്കണക്കിന് കോടികൾ കടമെടുത്ത ശേഷം മുങ്ങിയെന്ന കിംവദന്തിയാണ് ഇപ്പോൾ പരക്കുന്നത്. നിരവധി മലയാളികൾ അടക്കം നൂറ് കണക്കിന് പേർ ജോലി ചെയ്യുന്ന ഐടി കമ്പനിയാണ് പെസഫിക് കൺട്രോൾസ്.

ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവാദ നായകനായ ദിലീപ് രാഹുലൻ കഴിഞ്ഞ മൂന്ന് മാസമായി ദുബായിൽ കമ്പനിയിൽ എത്തിയിട്ടില്ലെന്നും ലോൺ തുക മറ്റിടങ്ങളിലേക്ക് കടത്തി മുങ്ങിയെന്നുമാണ് പരക്കുന്ന കിംവദന്തി. ആഗോളതലത്തിൽ അറിയപ്പെടുന്ന പെസഫിക് കൺട്രോൾ സിസ്റ്റംസ് കമ്പനിയുടെ ഉടമയും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ദിലീപ് രാഹുലൻ മുങ്ങിയതോടെ മലയാളികൾ അടക്കമുള്ള നിരവധി ജീവനക്കാർ പ്രശ്‌നത്തിലാണെന്നുമാണ് ദുബായിൽ നിന്നുള്ള സൂചനകൾ. നിലവിലുള്ള ജീവനക്കാരെ ശമ്പളകുടിശ്ശിക നൽകാതെ പിരിച്ചു വിടാനും തുടങ്ങിയതായും റിപ്പോർട്ടുണ്ട്.

ദുബായിലെ അധികാര കേന്ദ്രങ്ങളുമായി വളരെ അടുപ്പമുള്ള ദിലീപ് രാഹുലൻ പെസഫിക് കൺട്രോൾസ് എന്ന സ്ഥാപനം തുടങ്ങിയത് മുതൽ വൻ മുന്നേറ്റമാണ് നടത്തിയത്. ദുബായിലെ വൻനിര കെട്ടിടങ്ങളിൽ തീടിപിച്ചാൽ അടക്കം പെട്ടന്ന് അറിയിക്കുന്നിതിനായുള്ള കമ്മ്യൂണിക്കേഷൻ ഒരുക്കുകയും ചെയ്യുന്ന ഐടി സ്ഥാപനമാണ് പെസഫിക് കൺട്രോൾസ്. കമ്പനി ഉടമയായ ദിലീപിന് ദുബായ് ഷേഖുമാരുമായുള്ള അടുപ്പം കൂടിയായപ്പോൾ സർക്കാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റകൾ സൂക്ഷിക്കുന്ന സ്ഥാപനമായും ഈ കമ്പനി മാറി. കമ്പനിയുടെ വളർച്ചയ്‌ക്കൊപ്പം തന്നെ സ്ഥാപനം തന്നെ ഈടു നൽകി ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും ദിലീപ് രാഹുലന്റെ കമ്പനി കോടികൾ വായ്‌പ്പയെടുത്തിരുന്നെന്നും. ഈ തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കുകൾ നടപടി തുടങ്ങിയപ്പോൾ രാഹുലൻ രാജ്യം വിട്ടു എന്നുമാണ് ഇപ്പോൾ പരക്കുന്ന വാർത്തകൾ.

അതേസമയം ദുബായ് സർക്കാർ വൃത്തങ്ങളിലും വ്യവസായ ലോകത്തും ഈ പ്രചരണം ശക്തമായതോടെ കമ്പനിയുടെ ബിസിനസിനെ ബാധിക്കുമെന്ന് ഭയന്ന് പെസഫിക് കൺട്രോൾസ് വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രചരണങ്ങളിൽ അടിസ്ഥാനമില്ലെന്നും കിംവതന്ദി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി ജൂൺ 19ന് വ്യക്തമാക്കിയിരുന്നു. കമ്പനി ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ ലോക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടാണെന്നാണ് കമ്പനി വിശദീകരിച്ചത്. ഇപ്പോഴത്തെ ഘട്ടത്തെ കമ്പനിക്ക് അതിജീവിക്കാൻ സാധിക്കുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ദിലീപ് രാഹുലൻ ചികിത്സയിലാണെന്നാണ് പെസഫിക് കൺട്രോൾസ് ദുബായി മാദ്ധ്യമങ്ങളോട് പറഞ്ഞത്. നിരന്തരമായ മെഡിക്കൽ അറ്റൻഷൻ ആവശ്യമുള്ളതിനാലാണ് അദ്ദേഹം കമ്പനിയിൽ എത്താത്തത് എന്നുമാണ് പെസഫിക് കൺട്രോൾസ് ഔദ്യോഗികമായി വിശദീകരിച്ചിരിക്കുന്നത്. അതേസമയം കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിശദീകരണം ദിലീപ് രാഹുലനിൽ നിന്നുമുണ്ടായിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് ഖലീജ് ടൈംസുമായി സംസാരിച്ചപ്പോൾ ദിലീപ് രാഹുലൻ പറഞ്ഞത് യുഎഇ സർക്കാറുമായി ബന്ധപ്പെട്ട സിവിൽ ഡിഫൻസാണ് പെസഫിക് കൺട്രോൾസിന്റെ അടുത്ത പദ്ധതിയെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു എന്നുമായിരുന്നു. അന്ന് കമ്പനിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ആശയങ്ങളും അദ്ദേഹം ഖലീജ് ടൈംസുമായി സംസാരിച്ചു. എന്നാൽ, എവിടെയാണ് ചികിത്സയിലെന്നോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഇതും കമ്പനിയുമായി സഹകരിക്കുന്നവരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ദിലീപ് രാഹുലന്റെ പെസഫിക് കൺട്രോൾസ് ദുബായ് സർക്കാറുമായി സഹകരിച്ചാണ് പല പ്രധാന സുരക്ഷാ പദ്ധതികളും നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നൈ ഈ സ്ഥാപനം പ്രതിസന്ധിയിലായാൽ ദുബായ് സർക്കാറിനെയും ബാധിക്കും. ബാങ്കുകൾ അടക്കമുള്ളവരെയും ഇത് സാരമായി ബാധിക്കും. ദിലീപ് രാഹുലൻ മുങ്ങിയെന്ന ആക്ഷേപം ഉയർന്ന ശേഷം അദ്ദേഹം പൊതുവേദികളിലോ മാദ്ധ്യമങ്ങളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇത് അവിടെയുള്ള ജീവനക്കാരെയും ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

അടുത്തിടെ അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യൻ വ്യവസായികളിൽ ആദ്യ പത്തിൽ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. അറബ് ലോകത്തെ പ്രബലനായ മലയാളിയായി അറിയപ്പെടുന്ന ദിലീപ് രാഹുലന് സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവരുമായി നല്ല അടുപ്പവുമുണ്ട്. എറണാകുളത്ത് വിദ്യാദ്യാസം നടത്തിയ രാഹുലൻ ഇവിടെ ഒരു റഫ്രിജറേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്ന് സാംബിയയിലും പിന്നീട് ഓസ്‌ട്രേലിയയിലുമെത്തിയ രാഹുലൻ അതിനുശേഷം കുവൈത്തിലും ദുബായിലും വ്യവസായസംരംഭങ്ങൾ തുടങ്ങി. അവ വളർന്നുവികസിച്ച് സിംഗപ്പൂരിലും സ്വിറ്റ്‌സർലൻഡിലുമെല്ലാം എത്തി. ഇവിടെ നിന്നും എത്തിയാണ് ഇപ്പോൾ ദുബായിൽ കമ്പനി വികസിപ്പിച്ചത്.

60000ത്തോളം വരുന്ന ദുബായിലെ കെട്ടിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ദിലീപിന്റെ പെസഫിക് കൺട്രോൾസ്. 2000ത്തിലാണ് ഈ സ്ഥാപനം തുടങ്ങിയത്. തുടർന്ന് ദുബായ് സർക്കാറുമായി ചേർന്നുള്ള പ്രവർത്തനങ്ങളെല്ലാം വിജയം കൊയ്യുകയായിരുന്നു. ഗൾഫിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അവരുടെ ഡേറ്റകൾ സൂക്ഷിക്കുന്നതും പെസഫിക് കൺട്രോൾസിലാണ്. ഊർജ്ജലാഭം ലഭ്യമിട്ടുള്ള പദ്ധതികളും ഈ ഐടി സ്ഥാപനം നടത്തിവന്നിരുന്നു. മിഡിൽ ഈസ്റ്റിലെ ഗ്രീൻ ബിൽഡിംഗുമായി ചേർന്നും ഈ കമ്പനി പ്രവർത്തിച്ചു.

എസ്എൻസി ലാവലിൻ ഇടപാടിലെ പ്രധാന ഇടനിലക്കാരനെന്ന നിലയിലാണ് മാദ്ധ്യമങ്ങൽ അവതരിപ്പിച്ചതിലീടെയാണ് കേരളത്തിൽ ദിലീപ് രാഹുലന്റെ പേര് മാദ്ധ്യമങ്ങളിൽ കൂടുതലായി നിറഞ്ഞിട്ടുള്ളത്. ദിലീപ് രാഹുലനെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കോടതിയിൽ ഹർജി വന്നിരുന്നു. അക്കാലത്ത് പിണറായി വിജയന്റെ മകന് ലണ്ടനിൽ പഠിക്കാൻ അവസരം ഒരുക്കിയത് വരെ ദിലീപ് രാഹുലനാണെന്ന വിധത്തിലായിരുന്നു മാദ്ധ്യമ വാർത്തകൾ പുറത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP