Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന് ഇനി ഒരുതുള്ളി വെള്ളം തരില്ലെന്ന് തമിഴ്‌നാട്; പറമ്പിക്കുളം-ആളിയാർ കരാർ പൊളിഞ്ഞു; തമിഴ്‌നാടിന്റെ അറിയിപ്പ് ലഭിച്ചിട്ടും സർക്കാർ അനങ്ങുന്നില്ല; കർഷകരുടെ ആത്മഹത്യാഭീഷണിയിൽ പാലക്കാട്

കേരളത്തിന് ഇനി ഒരുതുള്ളി വെള്ളം തരില്ലെന്ന് തമിഴ്‌നാട്; പറമ്പിക്കുളം-ആളിയാർ കരാർ പൊളിഞ്ഞു; തമിഴ്‌നാടിന്റെ അറിയിപ്പ് ലഭിച്ചിട്ടും സർക്കാർ അനങ്ങുന്നില്ല; കർഷകരുടെ ആത്മഹത്യാഭീഷണിയിൽ പാലക്കാട്

തിരുവനന്തപുരം: കേരളവുമായി ഒപ്പിട്ട പറമ്പിക്കുളം-ആളിയാർ കരാർ തമിഴ്‌നാട് പൊളിച്ചു. ഇനി കേരളത്തിന് ഒരുതുള്ളി വെള്ളം വിട്ടുതരില്ലെന്ന് അറിയിച്ച് കേരള സർക്കാരിന് അവർ കത്തെഴുതി. എന്നിട്ടും പ്രതികരിക്കാനോ, മറുപടി നൽകാനോ തയാറാകാത്ത കേരളം ദുരൂഹമൗനം പാലിക്കുകയാണ്.

പറമ്പിക്കുളം- ആളിയാർ കരാർപ്രകാരം ലഭിക്കേണ്ട വെള്ളം നൽകില്ലെന്ന് കഴിഞ്ഞദിവസം പൊള്ളാച്ചിയിൽ ചേർന്ന സംയുക്ത ജലക്രമീകരണയോഗത്തിനു ശേഷമാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചത്. കേരള ജലസേചനവകുപ്പ് ചീഫ് എൻജിനീയർ മഹാനുദേവനെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലാണെന്ന കാരണംപറഞ്ഞ് സംയുക്ത ചർച്ചയിൽനിന്ന് കഴിഞ്ഞ രണ്ടുമാസം തമിഴ്‌നാട് ഒഴിഞ്ഞുമാറി. ജയലളിതയുടെ മരണശേഷമാണ് അവർ ചർച്ചയ്ക്ക് തയാറായത്. എന്നാൽ ജയലളിതയുടെ ഭരണത്തിലേക്കാൾ തീവ്രമായ നിലപാടാണ് പനീർ ശെൽവത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

മഴയില്ലാത്തതിനാൽ ആളിയാറിൽ അധിക വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് കേരളത്തിന് അവകാശപ്പെട്ട വെള്ളംപോലും നിഷേധിക്കുന്നത്. കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടിന്റെ, പ്രധാന കൃഷിമേഖലയായ ചിറ്റൂർ താലൂക്കിലെ കർഷകർക്ക് കനത്ത തിരിച്ചടിയാകും തമിഴ്‌നാടിന്റെ ഈ തീരുമാനം. ഇനി ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നാണ് കേരളത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. കരാർപ്രകാരം ജൂലൈ ഒന്ന് മുതൽ ഇതുവരെ 3.92 ടി.എം.സി ജലം ചിറ്റൂർ പുഴയിലേക്ക് വിടണം. എന്നാൽ, ഇതുവരെ 2.36 ടി.എം.സി വെള്ളം മാത്രമാണ് അവർ വിട്ടുനൽകിയത്.

പാലക്കാട് ജില്ലയിലെ പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടും, കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിയിലൂടെ ഒഴുകുന്ന ആളിയാർ നദിയിലെ ആളിയാർ അണക്കെട്ടും സംയോജിപ്പിച്ചുകൊണ്ടാണ് കേരളവും, തമിഴ്‌നാടും കരാറുണ്ടാക്കിയത്. ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള അതിർത്തി അണക്കെട്ടാണ് പറമ്പിക്കുളം. പാലക്കാടിന്റെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നാണിത് സ്ഥിതിചെയ്യുന്നത്. ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

കരാർ പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ദിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടിഎംസി ജലമാണ് വർഷംതോറും കേരളത്തിന് ലഭിക്കേണ്ടത്. 2004ൽ കേരളത്തോട് ഇതേ നിലപാട് തമിഴ്‌നാട് സ്വീകരിച്ചിരുന്നു. അന്ന് ചിറ്റൂർ താലൂക്കിലെ കൃഷിയെല്ലാം കരിഞ്ഞുണങ്ങി. പിന്നീട് ഈ പ്രദേശങ്ങളിലുണ്ടായ കർഷക ആത്മഹത്യകൾക്കുപോലും തമിഴ്‌നാടിന്റെ നടപടി കാരണമായി. ചിറ്റൂരിലെ ജനങ്ങൾക്ക് കുടിക്കാൻപോലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. കർഷകർ രണ്ടാംവിള നെൽകൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.

അതേസമയം തമിഴ്‌നാട് സർക്കാർ, പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ വെള്ളം രാത്രികാലങ്ങളിൽ അവരുടെ നാട്ടിലെ തിരുമൂർത്തി ഡാമിലെത്തിച്ച് മെയിൻ കനാലിലൂടെ തമിഴ്‌നാട്ടിലെ കർഷകർക്ക് നൽകുന്നുണ്ട്. ഇതിനെതിരേയും കേരളം വർഷങ്ങളായി കണ്ണടയ്ക്കുകയാണ്. കർഷകൻ കൂടിയായ തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി അന്തർസംസ്ഥാന കരാറുകൾ പുതുക്കാൻ താൽപ്പര്യമെടുക്കില്ലെന്നാണ് സൂചന.

തമിഴ്‌നാടിന്റെ താൽപ്പര്യത്തിനായിരിക്കും അദ്ദേഹം കൂടുതൽ മുൻതൂക്കം നൽകുക. 2013ലുണ്ടായ വരൾച്ചയിൽ കേരളത്തിന് രണ്ട് ടിഎംസിയോളം വെള്ളം കുറച്ചുനൽകിയതിനെ ചോദ്യംചെയ്ത് കേരളത്തിലെ ഒരു ഉദ്യോഗസ്ഥൻ നേരിട്ട് സുപ്രിംകോടതിയെ സമീപിച്ചതും കേരളത്തിന് വിനയായി. കരാർ ലംഘിച്ചാൽ ആദ്യം ആർബിറ്റേറ്റർമാരെവച്ച് പ്രശ്‌നം തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. അവസാന നിമിഷം മാത്രമേ സുപ്രിംകോടതിയെ സമീപിക്കാൻ പാടുള്ളൂ.

അതിനാൽ സുപ്രിംകോടതിയിലുള്ള കേസ് കഴിഞ്ഞ് കരാർ പുതുക്കൽ ചർച്ച നടത്താമെന്ന നിലപാട് തമിഴ്‌നാട് കൈക്കൊള്ളാനാണ് സാധ്യത. അങ്ങനെവന്നാൽ കേസ് തീരുംവരെ കേരളത്തിന് കാത്തിരിക്കേണ്ടിവരും. ഈ ഉദ്യോഗസ്ഥനെതിരേ കേരളം നടപടിയെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP