Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയക്കെടുതി രൂക്ഷമാക്കിയത് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ വീഴ്‌ച്ച; ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തുന്നുവെന്ന സന്ദേശം നൽകിയത് പാതിരാത്രിക്ക്; ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറഞ്ഞൊഴിഞ്ഞ് കലക്ടറും അധികാരികളും; പമ്പാ മണൽപ്പുറത്തെ പ്രളയഭീകരത കണ്ടിട്ടും മുൻകരുതൽ എടുത്തില്ല; റാന്നി വെള്ളത്തിന് അടിയിലായപ്പോൾ പരിഭ്രാന്തരായി; രക്ഷാപ്രവർത്തന ഏകോപനത്തിലും വീഴ്‌ച്ച: രണ്ട് ജില്ലകളെ വെള്ളത്തിൽ മുക്കിയ വീഴ്‌ച്ച മറയ്ക്കാൻ പി ആർ പ്രവർത്തനം സജീവമാക്കി സർക്കാർ

പ്രളയക്കെടുതി രൂക്ഷമാക്കിയത് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ വീഴ്‌ച്ച; ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തുന്നുവെന്ന സന്ദേശം നൽകിയത് പാതിരാത്രിക്ക്; ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറഞ്ഞൊഴിഞ്ഞ് കലക്ടറും അധികാരികളും; പമ്പാ മണൽപ്പുറത്തെ പ്രളയഭീകരത കണ്ടിട്ടും മുൻകരുതൽ എടുത്തില്ല; റാന്നി വെള്ളത്തിന് അടിയിലായപ്പോൾ പരിഭ്രാന്തരായി; രക്ഷാപ്രവർത്തന ഏകോപനത്തിലും വീഴ്‌ച്ച: രണ്ട് ജില്ലകളെ വെള്ളത്തിൽ മുക്കിയ വീഴ്‌ച്ച മറയ്ക്കാൻ പി ആർ പ്രവർത്തനം സജീവമാക്കി സർക്കാർ

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: ജില്ലയെയും ചെങ്ങന്നൂർ താലൂക്കിനെയും പൂർണമായും തകർത്തെറിഞ്ഞ പ്രളയം ഇത്ര ഭീകരമാകാൻ കാരണമായത് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച. കലക്ടറും എസ്‌പിയും അടങ്ങുന്ന ഭരണകൂടത്തിന്റെ പക്വത ഇല്ലാത്ത പ്രവർത്തനങ്ങളാണ് ആദ്യം ജനങ്ങളെ വീട്ടിൽ മുങ്ങിമരിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്ത നിവാരണ അഥോറിട്ടിയുടെയും വീഴ്ച തന്നെ. കൊല്ലത്ത് നിന്ന് മൽസ്യത്തൊഴിലാളികളും ഇവിടെയുള്ള നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയില്ലായിരുന്നുവെങ്കിൽ ഇവിടെ ലോഡ് കണക്കിന് ശവം വീഴുമായിരുന്നു. എല്ലാം കഴിഞ്ഞ് കലക്ടറേറ്റിൽ പത്രസമ്മേളനം വിളിച്ച മന്ത്രി മാത്യു ടി. തോമസും ജില്ലാ കലക്ടർ പിബി നൂഹും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ നിന്നൊഴിഞ്ഞു മാറി.

 

ആ ചോദ്യം ഇതായിരുന്നു. ഡാം തുറക്കാനുള്ള ഉത്തരവ് ആരുടേതായിരുന്നു? എന്തു കൊണ്ട് മുന്നറിയിപ്പ് നൽകാതെ ഡാം തുറന്നു? റാന്നിയും പമ്പ മണൽപ്പുറവും പ്രളയ ജലത്തിൽ മുങ്ങിയിട്ടും വരാനിരിക്കുന്ന വൻ ദുരന്തം കാണാതെ പോയത് എന്തു കൊണ്ട്. അതിന് മന്ത്രി നൽകിയ മറുപടി: ഡാം തുറന്നതിന്റെ വിശദാംശങ്ങൾ തനിക്ക് അറിയില്ല. കലക്ടറുടെ മറുപടി: 15 ന് പുലർച്ചെ ഒന്നിന് ഡാം തുറക്കുന്ന വിവരം ജനങ്ങളെ അറിയിച്ചിരുന്നു. അപ്പോഴേക്കും റാന്നി ടൗൺ മുങ്ങിയ കാര്യം കലക്ടർ ബോധപൂർവം മറച്ചു വച്ചു.

പ്രളയത്തിനേക്കാൾ രൂക്ഷമായിരുന്നു കെടുകാര്യസ്ഥത. മുന്നറിയിപ്പ് നൽകുന്നതിലും തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിലും വൻ പാളിച്ചയാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും വീഴ്ച പറ്റി. ജില്ലയുടെ ഭരണത്തലവന്മാർ വൻ പരാജയം ആണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ദുരന്തം. മുൻ ജില്ലാ കലക്ടറും ഇപ്പോൾ കുടുംബശ്രീ ഡയറക്ടറുമായ എസ് ഹരികിഷോർ വന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വരെ ഇവിടെ ഒന്നും നടന്നില്ല എന്നുള്ളതാണ് വാസ്തവം. ജില്ലാ കലക്ടർ നൂഹ് ആകട്ടെ കലക്ടറേറ്റിൽ കുത്തിയിരുന്ന് അദ്ദേഹത്തിന്റെ വീരസാഹസികതകളുടെ കഥകൾ ചിത്രം സഹിതം പിആർഡിയിലൂടെ മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ദുരന്തമുഖത്ത് ജീവൻ പണയം വച്ച് നിൽക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് മേൽ കുതിര കയറുന്ന വീണാ ജോർജ് എംഎൽഎയെയും ഇടയ്ക്ക് കണ്ടു.

ജില്ലാ ഭരണകൂടം അമ്പേ പരാജയപ്പെട്ടുവെന്ന് തെളിയിക്കാൻ ഒറ്റകാര്യം മാത്രം മതിയായിരുന്നു: സഹായമഭ്യർഥിച്ച് ഏറ്റവുമധികം വിളികൾ എത്തിയത് മാധ്യമപ്രവർത്തകരുടെ ഫോണുകളിലേക്കായിരുന്നുവെന്നതു തന്നെയാണ് അത്. വിവരം അപ്പപ്പോൾ മാധ്യമപ്രവർത്തകർ കൈമാറി. എന്നാൽ, അതിതീവ്രമായ ഒഴുക്ക് കണ്ട് തീരത്ത് പകച്ചു നിൽക്കുകയായിരുന്നു രക്ഷാപ്രവർത്തകർ. ഓഗസ്റ്റ് 14 ന് രാവിലെ തന്നെ സൂചനകൾ വ്യക്തമായിരുന്നു. കിഴക്കൻ മലയോര മേഖലയിൽ മഴ കനത്തതിനെ തുടർന്ന് പമ്പ മണൽപ്പുറം വെള്ളത്തിന് അടിയിലായി. നിറപുത്തരി ആഘോഷത്തിന് ശബരിമലയിലേക്ക് വന്ന ഭക്തരെ തടഞ്ഞു തിരിച്ചയയ്ക്കേണ്ടി വന്നു. നിറപുത്തരി മുടങ്ങാതിരിക്കാൻ തന്ത്രിയെയും മറ്റുള്ളവരെയും വനത്തിലൂടെ സന്നിധാനത്തേക്ക് കൊണ്ടുപോയി. 14 ന് വൈകുന്നേരമായപ്പോഴേക്കും പമ്പ മണൽപ്പുറം പൂർണമായി മുങ്ങി.

ത്രിവേണിയിലെ നടപ്പാലവും കരകവിഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറേറ്റിൽ അടിയന്തിര യോഗം ചേർന്നു. ശേഷം മന്ത്രി മാത്യു ടി തോമസും കലക്ടർ നൂഹും പമ്പയിലെത്തി പ്രളയം നേരിൽ കണ്ടു. പമ്പ, ആനത്തോട് ഡാമുകളുടെ ഷട്ടർ തുറന്നു വച്ചിരിക്കുകയായിരുന്നു. മഴ കനത്തിട്ടും അത് ഘട്ടം ഘട്ടമായി കൂടുതൽ ഉയർത്തിയില്ല. പകരം, പാതിരാത്രിക്ക് ഒറ്റയടിക്ക് അത് വെള്ളമൊഴുക്ക് കൂട്ടിവിടുകയായിരുന്നു. ഇതോടെ പമ്പ സംഹാരരുദ്രമായി. പുലർച്ചെ ഒരു മണിക്ക് മുന്നറിയിപ്പ് നൽകിയിട്ട് എന്തു ഫലം. ഇതിനിടെ അച്ചൻകോവിലാറും നിറഞ്ഞ് തുടങ്ങിയിരുന്നു. 15 ന് രാവിലെ ജില്ലാ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന സല്യൂട്ട് സ്വീകരിക്കാൻ മന്ത്രിയും ജില്ലാ ഭരണകൂടവും എത്തി. അവിടെ സ്റ്റേഡിയമില്ല. പ്രളയ കടൽ മാത്രം. ആ സമയം റാന്നി വലിയ പാലം വരെ മുങ്ങി. എന്നിട്ടും തിരിച്ചറിഞ്ഞില്ല ദുരന്തത്തിന്റെ വ്യാപ്തി.

ജീവനുകൾക്കായി റാന്നിയിൽ നിന്ന് നിലവിളികൾ മുഴങ്ങിയപ്പോൾ പകച്ചു നിൽക്കാൻ മാത്രമാണ് അധികൃതർക്ക് കഴിഞ്ഞത്. ഉച്ചയായപ്പോഴേക്കും റാന്നി പൂർണമായും മുങ്ങി. പ്രളയജലം ഇടപ്പാവൂർ, അയിരൂർ, ആറന്മുള മേഖലയിലേക്ക് പോയി. വൈകിട്ട് അഞ്ചു മണിയോടെയാണ് സൈന്യത്തിന്റെ സഹായം തേടുന്നത്. പാഞ്ഞെത്തിയ അവർ കരയ്ക്ക് ജില്ലാ കലക്ടറുടെ സമ്മതം തേടി കാത്തു നിന്നു. നാട്ടുകാർ വള്ളവും ബോട്ടും ഇറക്കി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. കുത്തൊഴുക്ക് കാരണം നടന്നില്ല. പിന്നെയുള്ളത് ചരിത്രം. കൊല്ലത്ത് നിന്ന് മൽസ്യത്തൊഴിലാളികളും നേവിയുടെ ഹെലികോപ്ടറുകളും ബോട്ടുകളും ഇറങ്ങി നടത്തിയ രക്ഷാപ്രവർത്തനം ആയിരക്കണക്കിന് ജീവൻ രക്ഷിച്ചു. ഇവിടുത്തെ പ്രളയം കണ്ടിട്ടും ചെങ്ങന്നൂരിന് ഒരു മുന്നറിയിപ്പ് നൽകാൻ സാധിച്ചില്ല. അത് അവിടെ മരണ സംഖ്യ ഉയർത്തി.

നിർബന്ധമായി തീരവാസികളെ ഒഴിപ്പിക്കുകയായിരുന്നു വേണ്ടത്. ഇതിന് ക്യാമ്പിൽ നിന്ന് അടക്കമുള്ള പൊലീസുകാരെ വിനിയോഗിക്കാമായിരുന്നു. അങ്ങനെ ഒരു സാധ്യത ഒരിക്കലും പ്രയോജനപ്പെടുത്തിയില്ല. ഒടുവിൽ പ്രളയം വന്നു മൂടിയപ്പോൾ രക്ഷയ്ക്കായി കേഴുന്നവരുടെ ഏഴയലത്ത് പോലും എത്താൻ ആർക്കും കഴിഞ്ഞില്ല. മുൻവർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി ശക്തമായ അടിയൊഴുക്കാണ് പമ്പയിൽ ഉണ്ടായിരുന്നത്. ചെറുവള്ളങ്ങളും ബോട്ടുകളും വരെ മറിക്കുന്ന തരത്തിലായിരുന്നു ഒഴുക്ക്. ഇത് രക്ഷാ പ്രവർത്തനത്തെ ബാധിച്ചു.

രക്ഷാ പ്രവർത്തനത്തിലെ ഏകോപനം നഷ്ടമാക്കിയത് ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടി മൂലമെന്ന വാദം ശക്തമാവുകയാണ്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അഭിപ്രായം പോലും ആരായാതെ ജില്ല മൊത്തമായി വൈദ്യുതി ഓഫാക്കാൻ നിർദ്ദേശം നൽകി. പമ്പാതീരത്ത് പലയിടത്തും ട്രാൻസ്ഫോർമറുകളും ലൈനുകളും ജലനിരപ്പ് ഉയർന്നപ്പോൾ വെള്ളത്തിലേക്ക് തൊടുന്ന സ്ഥിതി ഉണ്ടായി. ഇക്കാര്യം അറിഞ്ഞ ജില്ലാ ഭരണകൂടം ഉടൻ വൈദ്യുതി ബന്ധം മൊത്തത്തിൽ വിഛേദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ എടുക്കേണ്ട കരുതലുകൾ അറിയാവുന്ന നിരവധി ഉയർന്ന ജീവനക്കാരും മറ്റ് ബന്ധപ്പെട്ടവരും ജില്ലയിൽ തന്നെ ഉണ്ടായിട്ടും ഇവരോടൊന്നും ഇക്കാര്യം ആരും ആലോചിച്ചില്ല.

ജില്ലാ ആസ്ഥാനം ഉൾപ്പെടെ ഇരുളിലായതോടെ രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട ജീവനക്കാർക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. ദുരന്ത മുഖത്തു നിൽക്കുന്ന റവന്യു, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും നിർദ്ദേശങ്ങൾ നൽകാനും സ്വീകരിക്കാനും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പൂർണമായും നിലച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പൂർണമായും ഇരുട്ടിലായത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി. ദുരന്ത മേഖലകളിൽ നിന്നും ആളുകളെ കരയ്ക്ക് എത്തിച്ച് കോരിച്ചൊരിയുന്ന മഴയത്തു ആംബുലൻസുകളിൽ രക്ഷാ ക്യാമ്പിലാക്കുമ്പോൾ കൂരിരുട്ടാണ് സ്വാഗതം ചെയ്തത്.

സന്നദ്ധ പ്രവർത്തകർ എവിടെ നിന്നെങ്കിലും എത്തിച്ച ചുരുക്കം മെഴുകുതിരികൾ മാത്രമായിരുന്നു ആദ്യ ദിനങ്ങളിലെ വെളിച്ചത്തിന് ഉപകരിച്ചത്. ക്യാമ്പ് പ്രവർത്തിക്കുന്ന മിക്കയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ തയാറായിരുന്നെങ്കിലും ജില്ലാഭരണ കൂടത്തിന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇവർക്ക് ഇതിന് കഴിയുമായിരുന്നില്ല. പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വൈദ്യുതി തിരിച്ചു നൽകാൻ

കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ആദ്യ ദിനങ്ങളിൽ കഴിഞ്ഞതുമില്ല. ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഉത്തരവ് ഇല്ലാതെ ലൈനുകൾ ഓൺ ആക്കാൻ കഴിയുകയില്ല എന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്. വൈദ്യുതി നിലച്ചു ഏറെ കഴിയും മുൻപേ മിക്കയിടത്തും മൊബൈൽ ടവറുകളും ഓഫായി തുടങ്ങി. റേഞ്ച് ഇല്ലാതെ വന്നതോടെ ഫോണുകൾ നിശ്ചലമാകുകയും ചെയ്തു. ഇതൊക്കെ ദുരന്തത്തിന്റെ ആക്കം കൂട്ടി. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ഇക്കാര്യം അറിവുണ്ട്. അവർ സ്വകാര്യമായി ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു. എന്നാൽ, ഒരു മാധ്യമവും ഇത് റിപ്പോർട്ട് ചെയ്യാൻ തയാറായില്ല.

അതേസമയം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്‌ച്ച മറയ്ക്കാൻ വേണ്ടി പിആർ പ്രവർത്തനം സജീവമാണ്. കേരളത്തിലെ പ്രളയക്കെടുതി മുഖ്യമന്ത്രിയുടെ ഇടപെടലിൽ നിയന്ത്രണ വിധേയമാക്കിയെന്ന വിധത്തിലാണ് പ്രചരണം നടക്കുന്നത്. പ്രതിപക്ഷം ഈ വിഷയം അടക്കം ആയുധമാക്കാൻ ഒരുങ്ങിയ ഘട്ടത്തിൽ സൈബർ ലോകത്ത് പിണറായി വിജയനെ രക്ഷകനാക്കി അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP