Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എരുമേലിയിലെ കെപി യോഹന്നാന്റെ ഭൂമിയിൽ എയർപോർട്ട് സ്ഥാപിക്കും; വിമാനത്താവളവുമായി രാജു എബ്രഹാമിന് ബന്ധമൊന്നുമില്ല; അമൽ ജ്യോതിയിലെ അച്ചനും കന്യാസ്ത്രീയും അത്ര കുഴപ്പക്കാരല്ല; ടോൾ ഫ്രീ നമ്പരിൽ വിളിക്കുന്നവരെ തിരിച്ചുവിളിച്ച് ജനപക്ഷത്തിൽ അംഗത്വം നൽകും: പി സി ജോർജ് മറുനാടനോട് പറഞ്ഞത് കേൾക്കാം

എരുമേലിയിലെ കെപി യോഹന്നാന്റെ ഭൂമിയിൽ എയർപോർട്ട് സ്ഥാപിക്കും; വിമാനത്താവളവുമായി രാജു എബ്രഹാമിന് ബന്ധമൊന്നുമില്ല; അമൽ ജ്യോതിയിലെ അച്ചനും കന്യാസ്ത്രീയും അത്ര കുഴപ്പക്കാരല്ല; ടോൾ ഫ്രീ നമ്പരിൽ വിളിക്കുന്നവരെ തിരിച്ചുവിളിച്ച് ജനപക്ഷത്തിൽ അംഗത്വം നൽകും: പി സി ജോർജ് മറുനാടനോട് പറഞ്ഞത് കേൾക്കാം

അരുൺ ജയകുമാർ

തിരുവനന്തപുരം: എരുമേലിയിലെ കെപി യോഹന്നാന്റെ ഭൂമിയിൽതന്നെ വിമാനത്താവളം സ്ഥാപിക്കുമെന്നും എയർപോർട്ടുമായി രാജു എബ്രഹാമിന് ബന്ധമൊന്നുമില്ലെന്നും പിസി ജോർജ്. കേരളത്തിൽ ഇനി ഒരു എയർപോർട് വരികയാണെങ്കിൽ അത് തീർച്ചയായും എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റിലായിരിക്കുമെന്ന് തീർച്ചയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കി. ഇതേക്കുറിച്ച് താനും മുഖ്യമന്ത്രിയും പരസ്പരം സംസാരിച്ചതാണ്്. സാമ്പത്തിക സഹായം നൽകാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച കോർപ്പറേഷൻ ബാങ്ക് അധികൃതർ നൽകിയ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറയുന്നു. തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയിൽ സ്ഥലം എംഎൽഎ എന്ന നിലയിൽ എല്ലാ സഹകരണവും സർക്കാരിന് ഒപ്പമായിരിക്കുമെന്നും പിസി പറഞ്ഞു.

പിണറായി വിജയനെ ഒതുക്കാൻ സിപിഎമ്മിൽതന്നെ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പിസി ജോർജ്. പിണറായി സർക്കാറിനെ കൊണ്ട് ഒന്നും ചെയ്യിക്കില്ലെന്നും ചെയ്യാൻ അനുവദിക്കില്ലെന്നുമുള്ള നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. പിണറായി വിജയനെ ഒറ്റപ്പെടുത്താനാണ് ശ്രമം എന്നത് ശക്തമായ സംശയം.

ഇത് കണ്ടെത്തി പരിഹരിക്കേണ്ടത് പിണറായി വിജയൻ തന്നെയാണെന്നും പി സി ജോർജ് പറയുന്നു. ആദ്യ 6 മാസം വളരെ നല്ല നിലയിൽ മുന്നോട്ട് പോയ സർക്കാറിന് ഇപ്പോൾ ചെറിയ ഒരു ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും പിണറായി വിജയനായതിനാൽ അത് പരിഹരിച്ച് മുന്നോട്ട് പോകും എന്നാണ് കരുതുന്നതെന്നും പിസി പറയുന്നു.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിച്ചുവെന്നും അവർ പറഞ്ഞത് പൂർണ്ണമായും ശരിയല്ലെന്നുമാണ് പിസി ജ്യോർജ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

കേരള ജനപക്ഷത്തിന് സംസ്ഥാനത്ത് എല്ലായിടത്തും കമ്മിറ്റികളുണ്ടാകുമെന്നും പിസി ജോർജ് പറയുന്നു. രാഷ്ട്രീയ പാർട്ടിയാകുന്നതിനെക്കുറിച്ച് ആലോചിച്ച് നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. സ്വതന്ത്രനായ തനിക്ക് പാർട്ടി ഭാരവാഹിത്വവും എംഎൽഎ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നത് പ്രശ്‌നമാകും. അഴിമതിയും കൊള്ളയും അവസാനിപ്പിക്കുകയാണ് താൻ രൂപീകരിച്ച ജനപക്ഷത്തിന്റെ ലക്ഷ്യം.

പാർട്ടിക്ക് എന്തിനും ഏതിനും ഫണ്ട് പിരിക്കുന്ന സ്വഭാവമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മാത്രമല്ല എല്ലായിടത്തും സ്ഥാനാർത്ഥികളുണ്ടാകുമെന്നും പിസി പറയുന്നു. ആംആദ്മി പോലുള്ള പാർട്ടികളുമായി സഹകരിക്കില്ലെന്നും ഡൽഹിയിലെ സ്ഥിതി അല്ല കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാൾ ചെയ്യുന്ന കാര്യങ്ങളോട് ബഹുമാനമുണ്ടെന്നും അഭിമുഖത്തിൽ ജോർജ് പറയുന്നു.

? കേരള ജനപക്ഷത്തിന്റെ പ്രവർത്തന ശൈലി എങ്ങനെയായിരിക്കും

രാഷ്ട്രീയ പാർട്ടിയാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 140 നിയോജകമണ്ഡലം കമ്മിറ്റികളുണ്ടാകും. 1000 മണ്ഡലം കമ്മിറ്റികളും 14 ജില്ലാ കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളുമെല്ലാംമുണ്ടായിരിക്കും. ഓൺലൈനായിട്ടായിരിക്കും പാർട്ടിയിൽ മെമ്പർഷിപ്പ് നൽകുന്നത്. ടോൾ ഫ്രീ നമ്പർ നൽകുമെന്നും പിസി ജോർജ് പറഞ്ഞു. ഈ നമ്പറിൽ വിളിക്കുന്നവരെ തിരിച്ച് വിളിച്ച് മെമ്പർഷിപ്പ് നൽകും. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ പാർട്ടിക്ക് മോണിറ്ററിങ്ങ് കമ്മിറ്റികളുണ്ടാകും. ജില്ലാ, ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഇത് ക്രമീകരിക്കുക. മനുഷ്യന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടുകയാണ് കേരള ജനപക്ഷം ഉദ്ദേശിക്കുന്ന പ്രവർത്തന ശൈലി.

? കേരള ജനപക്ഷത്തിന് മുന്നിലുള്ള ലക്ഷ്യം എന്താണ്

ഇവിടെ മനുഷ്യന് ജീവിക്കാൻ വയ്യാത്ത കൊള്ളയാണ് നടക്കുന്നത്. ശരിക്കും പറഞ്ഞാൽ പിടിച്ചുപറിയാണ്. ഇതിന് ഒരു അവസാനം വേണം എന്നതാണ് ഉദ്ദേശിക്കുന്നത്. 60 കൊല്ലം മാറി മാറി ഭരിച്ച മുന്നണികൾ നിരവധി കാര്യങ്ങളെക്കുറിച്ച് ഇനിയും ചിന്തിച്ചിട്ട്‌പോലുമില്ല. റിസ്‌ക് മാനേജ്‌മെന്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.വിലക്കയറ്റം കൊണ്ട് പൊറിതി മുട്ടുന്നു. സകല മേഖലയിലുമുള്ള അഴിമതി തുടച്ച് നീക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് പി സി ജോർജ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തവരെന്നും വിവരദോഷികളെന്നും പറഞ്ഞ് കളിയാക്കുന്ന തമിഴ്‌നാട്ടിലെ അവസ്ഥ കേരളത്തെക്കാലും ഭേദമാണെന്ന് അദ്ദേഹം പറയുന്നു. വ്യവസായ മേഖലയിൽ പിന്നോട്ട് വികസന മുരടിപ്പ് തുടങ്ങിയവയാണ് നാം നേരിടുന്ന പ്രശ്‌നങ്ങൽ ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

? രാഷ്ട്രീയ പാർട്ടിയാകുമെന്ന് പറഞ്ഞു. അപ്പോൾ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ, കോട്ടയം മണ്ഡലത്തിൽ പാർട്ടിക്ക് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുണ്ടാകുമോ

അതിനെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും ചിന്തിച്ച് വരികയാണ്. മെമ്പർഷിപ്പ് എടുക്കാൻ തനിക്ക് കഴിയില്ലെന്നും സ്വതന്ത്രനായ തനിക്ക് രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം നേടാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ നേതൃത്വത്തിൽ താൻ ഉണ്ടാകണമെന്നും ഏവരും നിർബന്ധിച്ചതിനെതുടർന്നാണ് നിയമവശങ്ങൾ പരിശോധിച്ച ശേഷം സന്നദ്ധ സംഘടനയായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. കോട്ടയം മണ്ഡലത്തിൽ പാർട്ടിക്ക് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുണ്ടാകുമോ എന്ന് പ്രത്യേകം ചോദിക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും കോട്ടയം മാത്രമല്ല ഇടുക്കിയിലും പത്തനംതിട്ടയിലും മത്സരിക്കുന്നതിനും തടസ്സമുണ്ടാകില്ലെന്നും പിസി കൂട്ടിച്ചേർത്തു.ഇതിനോടകം നിരവധി എസ്.സി എസ്.ടി സംഘടനകൾ ഒരുമിച്ച് മുന്നോട്ട് പോകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും പി സി ജോർജ് പറയുന്നു. ഒരു മുന്നണിയായി പ്രവർത്തിച്ച് നാലാം ശക്തിയാകാനുള്ള കരുത്താർജിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

? പാർട്ടിയായി പ്രവർത്തിക്കുമ്പോൾ ഫണ്ട് കണ്ടെത്തേണ്ടി വരുമല്ലോ, അതിന് എന്താണ് മാർഗം

ഇതാണ് കേരള സമൂഹത്തിന്റെ പ്രധാന പ്രശ്‌നം. രാഷ്ട്രീയ പാർട്ടിയെന്ന് കേട്ടാൽ ഉടൻ തന്നെ ഫണ്ടെന്നും കക്കാനുള്ള അവസരവുമെല്ലാമാണ് എന്നങ്ങോട്ട് സമ്മതിക്കും. രാഷ്ട്രീയ പാർട്ടിക്ക് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ വലിയ ഫണ്ടൊന്നും വേണ്ട. എല്ലാവനും കക്കണം മോട്ടിക്കണം എന്ന ചിന്തയാണ്.കഴിഞ്ഞ ദിവസം പാർട്ടി പ്രഖ്യാപനത്തിന് തനിക്ക് ഫണ്ടൊന്നും വേണ്ടി വന്നില്ലെന്നും പി സി പറഞ്ഞു.

? ആം ആദ്മി പോലുള്ള പാർട്ടിയുമായി സഹകരിക്കുമോ

ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ കാരണം കേരളത്തിൽ നിലനിൽക്കുന്നത് ഡൽഹിയിലെപ്പോലത്തെ സ്ഥിതി അല്ല. ഡൽഹിയിൽ ആ പാർട്ടിയുടെ നേതാവ് നടത്തുന്ന രാഷ്ട്രീയവും അഴിമതിക്കെതിരെയുള്ള പോരാട്ടവുമെല്ലാം ബഹുമാനത്തോടെ തന്നെയാണ് കാണുന്നത്. അവർ നടത്തുന്ന മുന്നേറ്റങ്ങൾ സന്തോഷത്തോടെ തന്നെയാണ് കാണുന്നത്.

? കേരളത്തിൽ പുതിയ എയർപോർട്ട് വന്നാൽ അത് എരുമേലിയിലായിരിക്കുമോ

ശബരിമല എയർപോർട്ടിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞു. അത് യാഥാർഥ്യമായാൽ സ്വാഭാവികമായും അത് എരുമേലിയിൽ തന്നെയാകും. വിമാനത്താവളം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലം ബിലീവേഴ്‌സ് ചർച്ചിന്റെ ഒരു തോട്ടമാണ്. അവിടെ 2500 3000 ഏക്കറോളം ഉണ്ട്. അത്രയും സ്ഥലം വിമാനത്താവളത്തിന് ആവശ്യമുള്ളതിൽ കൂടുതലാണ്. ഇവിടെ രാജ്യത്തെ തന്നെ മികച്ച എയർപോർട്ടുകളിൽ ഒന്ന് പണിയാനുള്ള സാഹചര്യമുണ്ട്. നിരപ്പ് ഭൂമിയായതിനാൽ തന്നെ സൗകര്യങ്ങൾ കൂടും. ആറര കിലോമീറ്ററോളം റൺവേ കിട്ടുക എന്ന് പറഞ്ഞാൽ അത് വലിയ കാര്യമാണ്. നിരവധി പേർ നടത്തിയ പഠനത്തിൽ അനുയോജ്യമായ സ്ഥലം എരുമേലിയാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിക്കും ആ അഭിപ്രായം മനസ്സിലായി എന്നാണ് മനസ്സിലാക്കുന്നത്.

? എയർപോർട്ട് നിർമ്മാണത്തിൽ സ്ഥലം എംഎൽഎ എന്ന നിലയിലെ റോൾ

എയർപോർട്ട് വരുന്നതിന് അനിയോജ്യമായ ഘടകങ്ങൾ സ്ഥലത്തുണ്ടെന്ന് ഗവൺമെന്റിനെ ബോധിപ്പിച്ചിട്ടുണ്ട്. സ്ഥലം സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ഇക്കാര്യങ്ങൾ വിശദമായി സംസാരിച്ച് കഴിഞ്ഞു. നിയമപരമായ കാര്യങ്ങളാണ് ബാക്കിയുള്ളത്. അത് സർക്കാർ തലത്തിൽ തീരുമാനിക്കും. എയിംകോ എന്ന ഒരു മലയാളി അസോസിയേഷൻ 2500 കോടി മുതൽമുടക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചു. പക്ഷേ സ്വകാര്യ വ്യക്തികളുടേതായതിനാൽ അതെക്കുറിച്ച് കൂടുതൽ തിരക്കിയില്ല. പിന്നീട് കോർപ്പറേഷൻ ബാങ്കിന്റെ റീജിയണൽ മാനേജർ നേരിട്ട് എത്തി പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്ന ഹബാങ്കിന്റെ നേരിട്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് നൽകിയിട്ടുമുണ്ട്. അത്‌കൊണ്ട് തന്നെ സാമ്പത്തികം ഒരു പ്രശ്‌നമല്ലാത്തതിനാൽ ഒരു സമ്പന്നന്റെയും പിന്നാലെ നടക്കേണ്ട കാര്യമില്ല.

? വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ റാന്നി എംഎൽഎയുമായി സഹകരിച്ചാണോ ചെയ്തത്

അല്ല. വിമാനത്താവളം റാന്നി മണ്ഡലത്തിന്റെ ഭാഗമല്ല. ഇങ്ങനെയൊരു വിമാനത്താവളം വരുന്നതിനെ അദ്ദേഹം അനുകൂലിച്ചിട്ടുണ്ട്. റാന്നി മണ്ഡലത്തിന്റയല്ല. കാഞ്ഞിരപ്പള്ളി മണ്ഡലവുമായും പൂഞ്ഞാർ മണ്ഡലത്തിലുമായാണ് ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.

? പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെക്കുറിച്ച്.

പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ അധികാരമേറ്റപ്പോൾ മുതൽ വലിയ പ്രതീക്ഷയാണ് എല്ലാവർക്കുമൊപ്പം തനിക്കുമുണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പി.സി പറഞ്ഞു. പിണറായി വിജയനല്ലേ ശക്തനായ നേതാവാണല്ലോ എന്തെങ്കിലുമൊക്കെ നടക്കും എന്നായിരുന്നു വിചാരിച്ചത്.ഇപ്പോൾ അതിൽകാണുന്ന ഒരു പ്രശ്‌നം എന്താണെന്ന് വച്ചാൽ പിണറായിയെ ഒറ്റപ്പെടുത്തികൊണ്ട് എന്തെങ്കിലും കളികൾ സിപിഎമ്മിനകത്ത് നടക്കുന്നുണ്ടോ എന്ന സംശയമാണ് തനിക്കുള്ളത്. ഒന്നും നടക്കില്ല നടത്തില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്.

ഇതിനെക്കുറിച്ച് പിണറായി സഖാവ് തന്നെ അന്വേഷിച്ച് കണ്ടെത്തി കാര്യങ്ങൾ പരിഹരിക്കണമെന്നാണ് അഭിപ്രായം.സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് വലിയ പ്രശ്‌നമാണ് അതിന് പരിഹാരമുണ്ടാക്കണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചാൽ കിട്ടാതെ പോകുന്ന അവസ്ഥയിലേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ആറ് മാസം നല്ല രീതിയിൽ മുന്നോട്ട് പോയ പിണറായി സർക്കാറിന് അൽപ്പം ഇടിവ് സംഭവിച്ചിട്ടുണ്ട്. ശക്തനായ നേതാവാണ് സമയവുമുണ്ട് ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ നല്ലതായിരിക്കും.

എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും അങ്ങനെ പ്രതികരിക്കുന്ന ആളായിരുന്നില്ലല്ലോ അദ്ദേഹം. പിന്നെ എല്ലാത്തിനോടും പ്രതികരിക്കണമെന്ന് നിർബന്ധമുണ്ടോ? ചിലർ ആവശ്യമില്ലാതെ പ്രതികരിക്കും ഒരു പ്രവർത്തിയും കാണുകയുമില്ല. അത്‌കൊണ്ട് അതിൽ വലിയ കാര്യമൊന്നുമില്ല.

? കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിഷയം

അമൽ ജ്യോതിയിലെ വിദ്യാർത്ഥികൾ നേരിട്ട് വന്ന് കണ്ടിരുന്നു. നിരവധി പരാതികളാണ് അവർക്ക് പറയാനുണ്ടായിരുന്നത്. കുട്ടികൾ പറഞ്ഞ പരാതി മുഴുവനും കേട്ടു. കാര്യങ്ങൾ മുഴുവൻ വിശദമായി തിരക്കിയപ്പോൾ വിദ്യാർത്ഥികൾ പറഞ്ഞത് പൂർണ്ണമായും ശരിയല്ലെന്നാണ് അഖറിയാൻ കഴിഞ്ഞത്. എംസിഎ വിഭാഗം തലവനായ റൂബൻ എന്ന വികാരിയെ കുറിച്ച് വലിയ ആരോപണങ്ങളാണ് ഉണ്ടയിരുന്നത്. അന്വേഷിച്ചപ്പോൾ റൂബനോ മറ്റൊരും അദ്ധ്യാപികയായ കന്യാസ്ത്രീയോ അത്ര വലിയ പ്രശ്‌നക്കാരായി തോന്നിയില്ല.

കുട്ടികൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് തന്നെയാണ് തന്റെ നിലപാട്. വലിയ കോളേജാണ് ഇത്രയും കാശ് മുടക്കി കെട്ടിയിട്ടിരിക്കുന്നത്. അപ്പോൾ ചുമ്മാ അതിനെ അങ്ങ് തകർത്ത് കളയാൻ പറ്റില്ല. കുട്ടികൾ നല്ല മക്കളായി പഠിച്ച് വളരണം എന്നതാണ് തന്റെ ആഗ്രഹമെന്നും പിസി പറയുന്നു. ഡൊമനിക്കച്ഛൻ ഹോസ്റ്റൽ വാർഡനെന്ന നിലയിൽ ചില ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ആ കന്യാ സ്ത്രീയെക്കുറിച്ച് തിരക്കിയപ്പോൾ അവിടുത്തെ പെൺകുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന അദ്ധ്യാപികയെന്നാണ് അറിയാനായത്. കുട്ടികളുടെ നന്മ മാത്രമാണ് അവർ ആഗ്രഹിച്ചത്. കുട്ടികൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ താൻ വെറുതെയിരിക്കില്ലെന്നും അപ്പോൾ മാനേജ്‌മെന്റിനോട് സ്‌നേഹം കാണിക്കില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP