Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു കൊല്ലം മുമ്പ് കീർത്തനയ്ക്ക് എലിവിഷം നൽകിയത് അച്ഛനോ? സൗമ്യയുടെ രഹസ്യ ബന്ധങ്ങൾ ഭർത്താവിനെ സംശയാലുവാക്കി; ഭാര്യയെ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ച കിഷോർ പിഞ്ചു കുഞ്ഞിനെ വകവരുത്തിയെന്ന സംശയത്തിൽ അന്വേഷണ സംഘം; കൊല്ലത്തുകാരനും പിണറായിക്കാരിയും തമ്മിലെ പ്രണയം തുടങ്ങുന്നത് കശുവണ്ടി ഫാക്ടറിയിൽ; ഇരുവരും നിയമപരമായി കല്ല്യാണം കഴിച്ചിട്ടില്ലെന്നും പൊലീസ്; പിണറായിയിലെ ആദ്യ മരണവും കൊലപാതകം തന്നെ

ആറു കൊല്ലം മുമ്പ് കീർത്തനയ്ക്ക് എലിവിഷം നൽകിയത് അച്ഛനോ? സൗമ്യയുടെ രഹസ്യ ബന്ധങ്ങൾ ഭർത്താവിനെ സംശയാലുവാക്കി; ഭാര്യയെ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ച കിഷോർ പിഞ്ചു കുഞ്ഞിനെ വകവരുത്തിയെന്ന സംശയത്തിൽ അന്വേഷണ സംഘം; കൊല്ലത്തുകാരനും പിണറായിക്കാരിയും തമ്മിലെ പ്രണയം തുടങ്ങുന്നത് കശുവണ്ടി ഫാക്ടറിയിൽ; ഇരുവരും നിയമപരമായി കല്ല്യാണം കഴിച്ചിട്ടില്ലെന്നും പൊലീസ്; പിണറായിയിലെ ആദ്യ മരണവും കൊലപാതകം തന്നെ

രഞ്ജിത് ബാബു

കണ്ണൂർ: പിണറായിയുടെ ദുരൂഹക്കൊലയിൽ ആദ്യം മരണവും കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. ആറു കൊല്ലം മുമ്പ് കീർത്തനയാണ് പിണറായിയിലെ ദുരൂഹ മരണത്തിലെ ആദ്യ ഇര. ഈ കുട്ടിയുടെ കൊലയിൽ തനിക്ക് പങ്കില്ലെന്നാണ് പൊലീസിന് സൗമ്യ നൽകിയിരിക്കുന്ന മൊഴി. എന്നാൽ ആദ്യ കുട്ടിയുടെ മരണത്തിന് പിന്നിൽ അച്ഛനാണെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ സൗമ്യയുടെ മുൻ ഭർത്താവ് കിഷോറിനേയും പൊലീസ് ചോദ്യം ചെയ്യും. കിഷോറിനെ കുറിച്ച് പൊലീസിന് ഇപ്പോൾ ഒരു വിവരവുമില്ല. ഈയിടെയുണ്ടായ കൊലപാതകത്തിൽ സൗമ്യ കുടുങ്ങിയതോടെ കിഷോർ അപ്രത്യക്ഷമായെന്ന് പൊലീസ് തിരിച്ചറിയുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരമാവധി പിടിച്ചു നിന്ന സൗമ്യ 11 ാം മണിക്കൂറിലാണ് കുറ്റം ഏറ്റു പറഞ്ഞത്. നേരത്തെ തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സൗമ്യ. അവിടെ വച്ചാണ് കശുവണ്ടിയുമായി വരുന്ന കൊല്ലം സ്വദേശിയായ കിഷോർ എന്നയാളുമായി അടുപ്പത്തിലായത്. അവർ ഒരുമിച്ച് താമസിച്ച് പോരുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഇയാൾ സൗമ്യയെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവർ തമ്മിൽ നിയമാനുസൃതമായി വിവാഹിതരായിട്ടില്ല. സൗമ്യയെ വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് ഇയാളേയും ചോദ്യം ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിലാണ് കിഷോറാണ് ആദ്യ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലെന്ന സംശയം ബലപ്പെടുന്നത്.

മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ(80), ഭാര്യ കമല(65), മകൾ ഐശ്വര്യ(ഒൻപത്) എന്നിവർ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണു സൗമ്യയെ(28) പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിക്കണ്ണനും കമലയ്ക്കും ഐശ്വര്യയ്ക്കും ഉണ്ടായിരുന്ന അതേ രോഗ ലക്ഷണങ്ങളുമായാണ് ആറ് കൊല്ലം മുമ്പ് മരിച്ച കീർത്തനയ്ക്കും ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എലിവിഷമാണ് കീർത്തനയുടെ മരണത്തിന് കാരണമെന്ന സംശയം എത്തുന്നത്. തന്നെ കൊല്ലാൻ കിഷോർ വിഷം നൽകിയെന്ന് സൗമ്യയും മൊഴി നൽകുന്നു. അതായത് രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തിൽ കിഷോറിന് സംശയം ഉണ്ടായിരുന്നു. അതാണ് കുട്ടിയെ വകവരുത്താനുള്ള പ്രതികാരമെന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാൽ ആദ്യ കുട്ടിയുടെ മൃതദേഹം ഇനി പോസ്റ്റ്‌മോർട്ടത്തിന് കിട്ടില്ല. പൊതു ശ്മാശനത്തിലാണ് അന്ന് ദഹിപ്പിച്ചത്. അതുകൊണ്ട് തന്നെ കിഷോറിനെതിരെ കേസ് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല. എങ്കിലും കിഷോറിനെതിരെ മൊഴി കിട്ടിയ സാഹചര്യത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യയുടെ മൊഴി. ഇതരബന്ധങ്ങൾക്ക് തടസം നിന്നതിനാലാണ് മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നൽകി കൊലപ്പെടുത്തിയതെന്നാണ് സൗമ്യ മൊഴി നൽകിയത്. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായതായാണ് സൂചന. ഇവരുടെ സഹായത്തോടെയാണ് മൂന്ന് പേരേയും വകവരുത്തിയത്. ഇത് സൗമ്യ സമ്മതിച്ചു. എന്നാൽ ഇളയ മകളുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും ആവർത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് കൊലപാതക കുറ്റം മാത്രം സൗമ്യയ്ക്ക് മേൽ പൊലീസ് ചുമത്തിയത്. ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരിൽ കണ്ട മൂത്ത മകൾ ഐശ്വര്യ ഇക്കാര്യങ്ങൾ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടർന്ന് അന്ന് രാത്രി സൗമ്യ ചോറിൽ എലിവിഷം കലർത്തി മകൾക്ക് നൽകി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി.

ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും മാതാപിതാക്കൾ ഇതിന്റെ പേരിൽ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാൻ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീൻ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലർത്തി നൽകിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങൾ സൗമ്യ കാമുകന്മാരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങൾ ബലപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

ആത്മഹത്യാ നാടകത്തിലൂടെ സൗമ്യ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. അസ്വസ്ഥത കാട്ടി ചികിൽസ തേടിയത് തനിക്ക് ഈ കൊലപാതകങ്ങളിൽ പങ്കില്ലെന്നു വരുത്താനെന്നാണ് ചോദ്യംചെയ്യലിൽ വെളിപ്പെട്ടത്. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും കാരണം മാതാപിതാക്കൾ ആത്മഹത്യചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ടു യുവാക്കളുടെ പ്രേരണയാലെന്നും കണ്ടെത്തി. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിച്ചിരുന്നില്ല. മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാൻ ചില ഘട്ടങ്ങളിൽ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവർക്കു മുൻപിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂർ ചോദ്യംചെയ്യൽ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി.

പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴിൽ മുതൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സഹായിയായി വരെ ജോലി ചെയ്തു. നിലവിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വൻ സാമ്പത്തിക ഇടപാടുകളും ഇവർക്കുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങളിൽ സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്കു പ്രശ്‌നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.

എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി. സൗമ്യയെ ആശ്വസിപ്പിക്കാനെത്തിയ പിണറായിക്ക് എന്തോ പന്തികേട് മണത്തു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആൺ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതോടെ അന്വേഷണത്തിന് പിണറായി ഉത്തരവിട്ടു. പ്രതിയെ അന്ന് തന്നെ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നു. സൂചനകൾ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കൾക്കും നൽകിയ വിഷം സൗമ്യയും കഴിഞ്ഞു. അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു ഇത്. തന്നേയും വകവരുത്താൻ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. എന്നാൽ പൊലീസിന് എല്ലാം അതിന് മുമ്പേ മനസ്സിലായിരുന്നു.

അതിനു ശേഷമാണ് സൗമ്യയെ ഛർദ്ദിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അസുഖം ഭേദമായതോടെ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. ഇതോടെയാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP