Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അധികാരികൾക്ക് പിടിച്ചില്ല; പൊടിമോൻ മരിച്ചത് സർക്കാരിന്റെ അവഗണനയേറ്റു വാങ്ങി; സഹായം വാഗ്ദാനം ചെയ്ത മന്ത്രിമാർ പിൻവാങ്ങി; ചെലവേറിയ മരുന്നുകൾക്ക് പണം കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടി

സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അധികാരികൾക്ക് പിടിച്ചില്ല; പൊടിമോൻ മരിച്ചത് സർക്കാരിന്റെ അവഗണനയേറ്റു വാങ്ങി; സഹായം വാഗ്ദാനം ചെയ്ത മന്ത്രിമാർ പിൻവാങ്ങി; ചെലവേറിയ മരുന്നുകൾക്ക് പണം കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടി

പത്തനംതിട്ട: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിലെ ആദ്യഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചിറ്റാർ മീൻകുഴി വാലുപറമ്പിൽ പൊടിമോൻ മരിച്ചത് സർക്കാരിന്റെ അവഗണനയേറ്റു വാങ്ങി. പൊടിമോനെ സന്ദർശിച്ച മന്ത്രിമാർ വാരിക്കോരി സഹായം വാഗ്ദാനം ചെയ്തു മടങ്ങിയപ്പോൾ ഇവർക്ക് പുറമേ നിന്നു കിട്ടിയിരുന്ന സാമ്പത്തിക സഹായം നിലച്ചു. പതിനായിരങ്ങൾ വില മതിക്കുന്ന മരുന്ന് വാങ്ങാൻ കഴിയാതെ പൊടിമോന്റെ കുടുംബം ചക്രശ്വാസം വലിക്കുകയായിരുന്നുവെന്ന് സഹോദരൻ വി.കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കഴിഞ്ഞമാസം 14 നായിരുന്നു പൊടിമോന്റെ ശസ്ത്രക്രിയ നടന്നത്. സ്വകാര്യ മെഡിക്കൽ കോളജിൽ 35 ലക്ഷം രൂപ ചെലവ് വരുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വെറും രണ്ടരലക്ഷം രൂപയ്ക്കാണ് കോട്ടയം മെഡിക്കൽ കോളജിൽ നടന്നത്. സർക്കാരിലെ ചില ഭരണകർത്താക്കൾക്ക് അന്നു തന്നെ ഇത് അത്ര തൃപ്തിയല്ലായിരുന്നു. പൊതുജനം എന്തു പറയുമെന്നു കരുതി മിണ്ടാതിരിക്കുകയായിരുന്നു. എന്തായാലും ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയകൾക്ക് ആരും ഇനി കോട്ടയത്തെ മെഡിക്കൽ കോളേജിൽ എത്തില്ലെന്ന് ഉറപ്പായി. ഇതിന്റെ പിന്നിലെ കള്ളക്കളികൾ പൊടിമോന്റെ മരണത്തിന് കാരണമായോ എന്ന സംശയവും സജീവമാണ്.

ഹൃദയം മാറ്റിവച്ചതിനുശേഷം ഇരുപത്തിയൊന്നാം ദിവസമാണ് പൊടിമോൻ മരിക്കുന്നത്. കരൾ, വൃക്ക സംബന്ധമായ അസുഖവും മഞ്ഞപ്പിത്തവും മൂലമാണ് മരണം. ഹൃദയമാറ്റ ശസ്ത്രക്രിയ വിജയിച്ചതിനു ശേഷം പൊടിമോൻ ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ സന്തോഷത്തിലായിരുന്നു മീൻകുഴി ഗ്രാമം. എന്നാൽ പൊടിമോന്റെ പെട്ടെന്നുള്ള മരണവാർത്ത ജനങ്ങൾക്കു വിശ്വസിക്കാനായില്ല. മീൻകുഴി പട്ടികജാതി കോളനിയിൽ താമസിക്കുന്ന പൊടിമോൻ കെട്ടിടനിർമ്മാണ തൊഴിലാളിയായിരുന്നു. പൊടിമോന് ഹൃദയം മാറ്റിവച്ചതിനുശേഷം തുടർചികിത്സക്ക് ആദ്യ ആറുമാസത്തേക്ക് മുപ്പതിനായിരം രൂപയുടെ മരുന്നും തുടർന്ന് ആരോഗ്യനിലയനുസരിച്ച് അയ്യായിരം മുതൽ പതിനായിരം രൂപവരെയുള്ള മരുന്നുമാണ് വേണ്ടിയിരുന്നത്.

ചികിത്സയ്ക്ക് നാട്ടുകാരുടേയും ഉദാരമനസ്‌കരായ ആളുകളുടേയും സഹായം ലഭിച്ചിരുന്നു. ഓപ്പറേഷനു ശേഷം പൊടിമോനെ മെഡിക്കൽ കോളജിൽ സന്ദർശിച്ച മന്ത്രി അടൂർ പ്രകാശ് തുടർ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും മുഖ്യമന്ത്രി കാരുണ്യ പദ്ധതിയിൽനിന്നു രണ്ടുലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇവർ വാഗ്ദാനം ചെയ്ത ഏഴുലക്ഷം രൂപയിൽനിന്നും യാതൊരു സംഖ്യയും ലഭിച്ചില്ലെന്ന് സഹോദരൻ വി.കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഈ വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പുറമേ നിന്നുള്ള സഹായവും നിലച്ചു.

തുടർചികിത്സയ്ക്ക് ദിവസവും മരുന്നിന് എഴുതിക്കൊടുക്കുമ്പോൾ പുറത്തുനിന്നും പണം മുടക്കി വാങ്ങേണ്ട ഗതികേടിലായിരുന്നു ഇവർ. കാരുണ്യ ഫാർമസിയിൽ ഈ മരുന്നുകൾ ലഭ്യമല്ല. ഓരോ മരുന്നിനും അയ്യായിരം മുതൽ 10,000 രൂപ വരെ ചെലവു വന്നു. ഒരു ചില്ലിക്കാശു പോലും കൈയിലില്ലാതെ വന്നപ്പോൾ കൃഷ്ണൻകുട്ടി ആശുപത്രി സൂപ്രണ്ടിനെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും സമീപിച്ചപ്പോൾ അവർ കൈമലർത്തി. മന്ത്രിമാർ സഹായം പ്രഖ്യാപിച്ചുവെന്ന് കരുതി അതു നേരിട്ടു നൽകാൻ തങ്ങൾക്ക് വകുപ്പില്ലെന്നായിരുന്നു അവരുടെ മറുപടി.

ചുരുക്കത്തിൽ മന്ത്രിമാരുടെ സഹായ പ്രഖ്യാപനം കൊണ്ട് ദോഷം മാത്രമാണ് ഈ നിർധന കുടുംബത്തിനുണ്ടായത്. ഇത്തരം ശസ്ത്രക്രിയകൾ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രോത്സാഹിപ്പക്കണ്ട എന്ന രീതിയിലാണ് സർക്കാരിലെ ചിലരുടെ പെരുമാറ്റം. ചരിത്രം കുറിച്ച ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജയകുമാറിനെ ഒന്നു മനസു തുറന്ന് അഭിനന്ദിക്കാൻ പോലും ആരും തയാറാകാതിരുന്നതും ഇതുകൊണ്ടുതന്നെ. ഇങ്ങനെയുള്ള ശസ്ത്രക്രിയകൾ സർക്കാർ മെഡിക്കൽ കോളജിൽ ചെയ്താൽ സ്വകാര്യാശുപത്രികളുടെ നിലനിൽപ് തന്നെ അപകടത്തിലാകും. ഇതിന്റെ പേരിൽ അവർ നടത്തുന്ന കൊള്ളയും പുറത്താകുമെന്നു കണ്ടാണ് എങ്ങനെയും സർക്കാർ ആശുപത്രികളിൽ ഇത്തരം ശസ്ത്രകിയകൾ ഒഴിവാക്കാൻ ശ്രമിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ പതിനെട്ട് ലക്ഷം രൂപയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചെലവാകുന്നത്. എന്നാൽ കോട്ടയത്ത് ജയകുമാറും സംഘവും പൊടിമോന് ഹൃദയം മാറ്റി വച്ചത് രണ്ട് ലക്ഷം രൂപയ്ക്കും. കച്ചവടം ആഗ്രഹിക്കുന്ന പലരും ഇതിൽ അതൃപ്തരായിരുന്നു എന്ന് പകൽ പോലെ വ്യക്തവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP