Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും നടിയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും നടിയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

അർജുൻ സി വനജ്

കൊച്ചി: കൊച്ചിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പ്രമുഖ നടിക്ക് ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവറെ നിയമിച്ചു നൽകിയത് ഹണിബി രണ്ടാം ഭാഗത്തിന്റെ നിർമ്മാണ കമ്പനിയായ ലാൽ ക്രിയേഷൻസ്. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്റെ മെമ്പർഷിപ്പില്ലാത്ത ഡ്രൈവർമാരെ സിനിമയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം ഉള്ളപ്പോളാണ് പ്രൊഡക്ഷൻ കൺട്രോളർ പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനിയെ നടിയുടെ ഡ്രൈവറായി നിയമിച്ചത്.

ഷൂട്ടിംങ് ആവശ്യത്തിനായി പൾസർ സുനി നടിയെയും കൊണ്ട് ഗോവയിലും പോയിരുന്നു. ഇതിനിടെ ഒരു പ്രമുഖ സൂപ്പർ സ്റ്റാറുമായുള്ള പൾസർ സുനിക്കുള്ള അടുപ്പം അറിഞ്ഞതോടെയാണ് സുനിയെ മാറ്റണമെന്ന് നടി പ്രൊഡക്ഷൻ കൺട്രോളറോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ഫെഫ്കയുടെ മെമ്പർഷിപ്പ് ഇല്ലാത്ത മാർട്ടിനെ  പ്രൊഡക്ഷൻ കൺട്രോളർ ഡ്രൈവറായി നിയമിക്കുന്നത്.

ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ മെമ്പറായിരുന്ന സനോജായിരുന്നു നടിക്കായി നേരത്തെ നിയോഗിച്ച ഡ്രൈവർ. സനോജിനെ മാറ്റിയാണ് ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിയെ പ്രൊഡക്ഷൻ കൺട്രോളർ നിയമിച്ചത്. നടിയുമായി ശത്രുതയിലുള്ള സൂപ്പർ സ്റ്റാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഹണിബി രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ കോഴിക്കോട്കാരൻ.

ഈ സൂപ്പർസ്റ്റാർ തന്നെ മലയാള സിനിമയിൽ ഒതുക്കാൻ ശ്രമിക്കുന്നതായി നേരത്തേ നടിതന്നെ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നടി കളമശ്ശേരി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സൂപ്പർസ്റ്റാറിന്റെ പേര് പരാമർശിക്കുന്നതായ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടിയുടെ കല്യാണം ഉടൻ ഉണ്ടാകുമെന്ന വാർത്തകൾ വന്നിരുന്നു. ഇതോടെ തന്റെ ശത്രുപക്ഷത്ത് നിൽക്കുന്ന നടിയുടെ വിവാഹം മുടക്കാൻ നടൻ ആസൂത്രണം ചെയ്ത അക്രമമാണോ അരങ്ങേറിയതെന്ന അഭ്യൂഹവും ശക്തമാണ്.

രണ്ട് മാസത്തോളമായി തുടരുന്ന ഹണിബി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ 3 ഡ്രൈവർമാർ ലൊക്കേഷൻ വിട്ടുപോയെന്നാണ് വിവരം. സിനിമയിലെ ചില താരങ്ങളും പിന്നണി പ്രവർത്തകരും വാഹനത്തിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് മൂലമാണ് ഇവർ സെറ്റ് വിട്ടുപോയതെന്നാണ് ഹണിബി രണ്ടാം ഭാഗത്തിന്റെ ചില അണിയറ പ്രവർത്തകരിൽ നിന്നു തന്നെ ലഭിക്കുന്ന വിവരം.

പ്രൊഡക്ഷൻ കൺട്രോളർ അറിയാതെ നടിയെ വിളിക്കാൻ ഒരു ഡ്രൈവറും പോകില്ല. അതിനാൽ നടിക്ക് നേരെ നടന്ന അക്രമത്തിന്റെ ഗൂഢാലോചനയിൽ പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂരിനും പങ്കുണ്ടെന്ന് മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ പ്രൊഡക്ഷൻ കൺട്രോളറെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും മാക്ട ആവശ്യപ്പെട്ടു.

ഒരു ലക്ഷം രൂപ ഫീ വാങ്ങി ഏത് ക്രമിനലിനും മെബർഷിപ്പ് നൽകുന്ന ഫെഫ്കയുടെ നിലപാടിന്റെ അവസാനത്തെ ഉദാഹരണമാണ് നടിക്ക് നേരെ നടന്ന അതിക്രമം. കഞ്ചാവിന്റേയും ലഹരി വസ്തുക്കളുടേയും കൂത്തരങ്ങായി സിനിമ ലോകം മാറിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. നടിക്ക് നേരെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാക്ട ഫെഡറേഷൻ കൊച്ചിയിൽ രാവിലെ അടിയന്തിര യോഗം ചേർന്നു.

വെള്ളിയാഴ്ച പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്സ്.യു.വി കാറുമായി മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്.

ഇതിനായി ചാലക്കുടിയിലെ കാറ്ററിംങ് കമ്പനിയുടെ ട്രാവലർ ചൊവ്വാഴ്ചയാണ് സുനിയും സംഘവും മറ്റൊരാളെ ഉപയോഗിച്ച് വാടകയ്ക്ക് എടുക്കുന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്.

നടിയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി നടിയെ ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെയാണ് പടമുകളിൽ കാറിൽ നടിയെ  ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെട്ടു.

ഇവർ ഉപയോഗിച്ച ട്രാവലർ തമ്മനംപുല്ലേപ്പടി റോഡിൽ നിന്ന് പൊലീസ് കണ്ടെടുത്ത് ഫോറൻസിക് പരിശോധന നടത്തി. ആകെ ഏഴ് പ്രതികളുള്ള കേസിലെ മൂന്ന് പ്രതികളെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു. പൾസർ സുനിയടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP