Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടുതൽ ഉദ്യോഗാർത്ഥികളുള്ള തസ്തികയിലേക്കു കൂടുതൽ പരീക്ഷ; നിയമനമില്ലെങ്കിലും പുതിയ നിയമന ലിസ്റ്റ്; ചോദ്യങ്ങൾ ഗൈഡുകളിൽനിന്ന്; പിഎസ്‌സി പരീക്ഷ നിശ്ചയിക്കുന്നത് ഗൈഡ് ലോബിയും സ്വകാര്യ കോച്ചിങ് സെന്ററുകളും?

കൂടുതൽ ഉദ്യോഗാർത്ഥികളുള്ള തസ്തികയിലേക്കു കൂടുതൽ പരീക്ഷ; നിയമനമില്ലെങ്കിലും പുതിയ നിയമന ലിസ്റ്റ്; ചോദ്യങ്ങൾ ഗൈഡുകളിൽനിന്ന്; പിഎസ്‌സി പരീക്ഷ നിശ്ചയിക്കുന്നത് ഗൈഡ് ലോബിയും സ്വകാര്യ കോച്ചിങ് സെന്ററുകളും?

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്തതരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് പബ്ലിക് സർവ്വീസ് കമ്മീഷനെതിരെ ഇപ്പോൾ ഉയർന്നുവരുന്നത്. മുൻകാലങ്ങളിൽ എന്തൊക്കെ കുറവുകളുണ്ടായിരുന്നെങ്കിലും പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്താൻ പി. എസ്. സി ക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇന്നതല്ല അവസ്ഥ. വിവിധ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളാണ് ഗുരുതരമായ ഇത്തരം ആരോപണങ്ങൾ ഉദാഹരണസഹിതം ഉന്നയിക്കുന്നത്.

പി.എസ്.സി നടത്തുന്ന ഏറ്റവും വലിയ മൽസരപ്പരീക്ഷകളായ എൽ.ഡി. ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, പൊലീസ് തുടങ്ങിയവകളിലാണ് ഗൈഡ് ലോബിയുടെയും സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളുടെയും സ്വാധീനം കൂടുതൽ പ്രകടമാകുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. 15 ലക്ഷത്തിലധികം പേരാണ് ഇത്തരം പരീക്ഷകൾ എഴുതുന്നത്. എട്ടു കോടിയിലധികം രൂപയാണ് പി. എസ്. സി ഇതിനായി ചെലവഴിക്കുന്നത്. ഈ പരീക്ഷകൾ നടത്തുന്നതിന് പി. എസ്.സി. കാണിക്കുന്ന അമിത താൽപ്പര്യമാണ് സംശയത്തിനിട നൽകുന്നത്. ഇത്തരത്തിൽ പുറത്തിറങ്ങുന്ന റാങ്ക്‌ലിസ്റ്റിൽനിന്ന് ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നുണ്ടോയെന്ന കാര്യമൊന്നും പി.എസ്.സി അന്വേഷിക്കുന്നില്ല. പഴയ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് തന്നെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി. നടത്തുന്നത്.

ഇവിടെയാണ് പി.എസ്.സിയിൽ സ്വകാര്യ കോച്ചിങ് സെന്ററുകളുടെയും ഗൈഡുകളുടെയും സ്വാധീനം പ്രകടമാകുന്നുത്. കോടികളാണ് ഈ പരീക്ഷകളുടെ പരിശീലനം വഴി ഇവർക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് കേരളത്തിലുള്ള ഒരു പ്രമുഖ കോച്ചിങ് കേന്ദ്രത്തിൽ 130 സെന്ററുകളിലായി പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരിശീലനത്തിന് ചേരുന്നത്. ഒരാളിൽ നിന്ന് 6500/- രൂപയാണ് ഫീസിനത്തിൽ ഈടാക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഈ പരീക്ഷകൾ നടത്തിയാൽ മാത്രമേ വിദ്യാർത്ഥികളെ ലഭിക്കുകയുള്ളൂ. അതിനായി പി. എസ്.സിയെ സ്വാധീനിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയാണു ചെയ്യുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പരീക്ഷനടത്തുന്നതിനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും രഹസ്യ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. പി.എസ്.സിയിലെ ചില ഉന്നതരും സ്വകാര്യ പരിശീലനകേന്ദ്രങ്ങളും തമ്മിൽ ചില അവിശുദ്ധബന്ധം നിലനിൽക്കുന്നതായാണ് ആരേപണം.

ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളിൽ 50 ശതമാനവും ഒരു ഗൈഡിൽനിന്ന് മാത്രം ഉൾപ്പടുത്തിയതായിരുന്നു. വേണ്ടത്ര സമയവും സാവകാശവും ജീവനക്കാർക്ക് നൽകാതെയും അമിതജോലി ചെയ്യിപ്പിച്ചുമാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൻ പി.എസ്.സി ശ്രമിക്കുന്നത്. ഇത്തരത്തിൽ ഓവർസ്പീഡ് വേളയിൽ ഒട്ടേറെ പിഴവുകളും ലിസ്റ്റിൽ കടന്നുകൂടുന്നുണ്ട്.

സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകൾ കണ്ടെത്തി അവയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ മറ്റു നിരവധി തസ്തികകളിലേയ്ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് എഴുത്തുപരീക്ഷ നടത്താൻ പി.എസ്.സി. തയ്യാറാകുന്നില്ല. ഉദാഹരണത്തിന്, ഹൈസ്‌കൂൾ അസിസ്റ്റന്റുമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ട് 3 വർഷം കഴിഞ്ഞു . ഇതുവരെയും എഴുത്തുപരീക്ഷയുടെ തീയതി നിശ്ചയിക്കാൻപോലും പി.എസ്.സി താൽപര്യം കാണിക്കുന്നില്ല. ഇവയൊന്നും പരിഗണിക്കാതെ, അവ ഫ്രീസറിൽ വച്ച് പി.എസ് സി. എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് പുറകേ പോകുന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഈ അമിതതാൽപര്യം ആരെ സഹായിക്കാനാണെന്നാണ് പി.എസ്.സി. റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ചോദിക്കുന്നത്.

അരലക്ഷം പേർ നിലവിലുള്ള ലിസ്റ്റിൽ അവശേഷിക്കുമ്പോഴാണ് പി.എസ്.സി പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്‌ള വെമ്പൽ കാണിക്കുന്നത്. വിവിധ തസ്തികകളിലായി 85 ലക്ഷം അപേക്ഷകളാണ് ഇപ്പോൾ പി.എസ്.സിയിൽ കെട്ടിക്കിടക്കുന്നത്. അത്തരം തസ്തികകൾ ഒന്നും നികത്താനുള്ള ഒരു വെമ്പലും പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷയിൽ മലയാള ഭാഷയെ ഒഴിവാക്കി പി.എസ്.സി ഉത്തരവിറക്കിയത് വിവാദം ഉയർന്നുവന്നിരുന്നു. വലിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. പി.എസ്.സിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മാസങ്ങൾക്കു മുമ്പു തന്നെ കോച്ചിങ് സെന്ററുകൾ പുറത്തിറക്കിയ ഗൈഡുകളിൽനിന്നും മലയാളം ഒഴിവാക്കിയത് ഇതിനു പിന്നിൽ ഗൂഢാലോചന നടക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ്.

കഴിഞ്ഞ കുറെ നാളായി പി.എസ്.സി ചെയർമാനും, അംഗങ്ങളും തമ്മിൽ നടക്കുന്ന ചക്കുളത്തിപ്പോര് പി.എസ്.സിയുടെ ദൈനദിന ഭരണകാര്യങ്ങൾ പോലും ദോഷകരമായി ബാധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റ് പരാതിയിൽ കുടുങ്ങി സെക്രട്ടറി നിയമനം അനന്തമായി നീളുന്നു. ഒരു ഭരണഘടനാ സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പി.എസ്.സിയിൽ സംഭവിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനത്തിനായി ഇപ്പോൾ സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല സമരത്തിലാണ്. ശവപ്പെട്ടിക്കുള്ളിൽ കിടന്നാണ് തങ്ങളുടെ പ്രതിഷേധം അവർ പ്രകടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികളെ ശവപ്പെട്ടിയിലാക്കി പി.എസ്.സിക്കും സർക്കാരിനും എത്രകാലം മുന്നോട്ടുപോകാൻ കഴുയും?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP