Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബജറ്റിൽ പെടുത്താതെ കോടികൾ ധൂർത്തടിക്കുന്നു; വൻതുക കൈക്കൂലി കൊടുത്തവർക്ക് മാത്രം പാത്രിയാക്കീസ് ബാവയെ വിട്ടു നൽകി; ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കങ്ങൾ തീർക്കും മുമ്പ് ആഭ്യന്തര കലഹത്തിൽ വെള്ളം കുടിച്ച് യാക്കോബായ സഭ; പുതുക്കിയ ഭരണഘടന റദ്ദാക്കി കോടതിയുടെ തിരിച്ചടിയും

ബജറ്റിൽ പെടുത്താതെ കോടികൾ ധൂർത്തടിക്കുന്നു; വൻതുക കൈക്കൂലി കൊടുത്തവർക്ക് മാത്രം പാത്രിയാക്കീസ് ബാവയെ വിട്ടു നൽകി; ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കങ്ങൾ തീർക്കും മുമ്പ് ആഭ്യന്തര കലഹത്തിൽ വെള്ളം കുടിച്ച് യാക്കോബായ സഭ; പുതുക്കിയ ഭരണഘടന റദ്ദാക്കി കോടതിയുടെ തിരിച്ചടിയും

സോഹൻ ആന്റണി

കൊച്ചി: സഭാ തർക്കത്തിൽ വീർപ്പു മുട്ടിയ യാക്കോബായ സഭ അത് പരിഹിക്കും മുമ്പ് ആഭ്യന്തര കലഹത്തിൽപ്പെട്ടു ഉഴറുന്നു. സഭാ നേതാവിന്റെ തെറ്റായ നടപടികൾക്കെതിരെ അൾമായ ഫോറം നടത്തുന്ന ഇടപെടലുകളാണ് സഭയ്ക്കുള്ളിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. പാത്രിയാക്കീസ് ബാവയുടെ സന്ദർശനവും സഭയിലെ ചിലർ കച്ചവടമാക്കി എന്ന ആരോപണം ഉയർന്നതിനാലാണ് സഭയുടെ സാമ്പത്തിക ഇടപാടുകൾക്കെതിരെ വലിയ ചർച്ചകൾ ആണുണ്ടായിരിക്കുന്നത്. അതിനിടയിൽ സഭയുടെ പുതിയ ഭരണഘടന റദ്ദ് ചെയ്തു കൊണ്ട് കോടതി ഇടപെടൽ നടത്തിയത് പരിഷ്‌കരണവാദികൾക്ക് അവേശവും സഭാ നേതൃത്വത്തിന് തലവേദനയും ആയിരിക്കുകയുമാണ്.

അങ്ങനെ വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്ന മലങ്കര യാക്കോബായസഭയുടെ പ്രവർത്തനം വൻപ്രതിസന്ധി നേരിടുകയാണ്. യാക്കോബായ ഓർത്തഡോക്‌സ് സഭാ തർക്കം എങ്ങുമെത്താതെ നീളുന്നതിനിടയിൽ യാക്കോബായ സഭാ വിശ്വാസികൾ തന്നെ ഉയർത്തിയിരിക്കുന്ന വെല്ലുവിളികളാണ് സഭയ്ക്കുള്ളിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. വിശ്വാസികൾ സഭയ്‌ക്കെതിരെ നൽകിയ കേസിൽ കോടതി വിധി സഭയ്‌ക്കെതിരായതോടെ സഭാനേതൃത്വം ആശങ്കയിലായിരിക്കുകയാണ്. യാക്കോബായ സഭയുടെ 2002ലെ ഭരണഘടനപ്രകാരം ജനാധിപത്യപരമായി ഭാരവാഹി തെരഞ്ഞെടുപ്പു നടത്താറില്ലെന്നും സഭയിൽ ബജറ്റോ കണക്കുകളോ ഇല്ലെന്നും ആരോപിച്ച് അൽമായ ഫോറം വർക്കിങ് പ്രസിഡന്റ് പോൾ വർഗീസ് നൽകിയ കേസിലാണ് സഭയ്‌ക്കെതിരെ വിധി വന്നിരിക്കുന്നത്.

യാക്കോബായ സഭയുടെ 2002ലെ ഭരണഘടനയ്ക്കും അസോസിയേഷനും നിയമസാധുതയില്ലെന്നും സഭയുടെ കീഴിലുള്ള ആയിരത്തിൽപരം ഇടവകപ്പള്ളികളും ഇടവകാംഗങ്ങളും സഭയുടെ അവിഭാജ്യഘടകങ്ങളാണെന്നും 1934ലെ ഭരണഘടനയുടെ കീഴിലാണെന്നും പെരുമ്പാവൂർ സബ്‌കോടതിയുടെ വിധിയിൽ പറയുന്നു. സഭയ്ക്കുള്ളിൽ നിന്നും സഭാ വിശ്വാസികളായ അൽമായഫോറം ഭാരവാഹികളുടെ എതിർപ്പിനെ മറികടക്കാനാവാതെ വന്നിരിക്കുകയാണ് യാക്കോബായ സഭ. ഓർത്തോഡോക്‌സ് സഭയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും ഇത് തരിച്ചടിയാണ്.

മോർ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മാസങ്ങൾക്കു മുമ്പു നടത്തിയ മലങ്കര സഭാ സന്ദർശനത്തോടനുബന്ധിച്ച് സഭയുടെ നിരവധി പള്ളികളിൽ നിന്നും ലക്ഷങ്ങളുടെ പിരിവ് നടത്തിയതായി ആരോപണം ഉയർന്നിരുന്നു. തന്റെ സന്ദർശനത്തിൽ യാതൊരു വിധ പണപ്പിരിവും പാടില്ലെന്നു പാത്രിയർക്കീസ് ബാവ കേരളസന്ദർശനത്തിനുമുമ്പുതന്നെ കല്പന പുറപ്പെടുവിച്ചിരിക്കെയായിരുന്നു അതിനെ മറികടന്ന് കോടികളുടെ പണപ്പിരിവ് നടത്തിയതെന്നാണ് സഭയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ കരിങ്ങാച്ചിറ കത്തീഡ്രൽ, പിറവം വലിയ പള്ളി തുടങ്ങി പാത്രിയർക്കീസ് ബാവ കുർബാന അർപ്പിച്ച ദേവാലയങ്ങളിൽനിന്നും സന്ദർശനം നടത്തിയ പള്ളികളിൽ നിന്നുമാണ് ബാവയുടെ കൽപനയെ ലംഘിച്ച് കോടികൾ പിരിച്ചെടുത്തതെന്നാണ് ആരോപണം ഉയരുന്നത്.

അഞ്ചുലക്ഷം മുതൽ 65 ലക്ഷം വരെ രൂപ പിരിവു തന്നാൽ മാത്രമേ പാത്രിയർക്കീസ് ബാവ സന്ദർശിക്കാനെത്തുകയുള്ളൂവെന്നു ചിലർ അറിയിച്ചിരുന്നുവെന്നു ബന്ധപ്പെട്ടവർ പരാതി പറഞ്ഞിരുന്നു. ഇങ്ങനെ കോടികളാണ് സഭയിലെ ചിലർ ഉണ്ടാക്കിയത്്. ഇതിന്റെ കണക്കുകളോ രേഖകളോ സഭാനേതൃത്വം പുറത്തുവിടാത്തതിൽ വിശ്വാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്. പാത്രിയർക്കീസ് ബാവയുടെ സന്ദർശനത്തിനിടയ്ക്ക് വിവാദങ്ങൾ ഉണ്ടാകാതിരിക്കാനാണ് പണപ്പിരിവിനെതിരെ രംഗത്തുവന്ന വിശ്വാസികൾ നിശബ്ദരായതെന്നാണ് പരിഷ്‌കരണ വാദികൾ പറയുന്നത്.

യാക്കോബായ സഭയ്ക്കുള്ളിലെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് വിശ്വാസികൾക്കിടയിൽ തന്നെ വലിയ ആക്ഷേപമുണ്ട്. മറ്റെല്ലാ സമുദായസംഘടനകൾക്കും ബജറ്റും കണക്കും ഉള്ളപ്പോൾ യാക്കോബായ സഭയുടെ സ്വത്ത് 'ചിലർ' മാത്രം സ്വന്തമാക്കി വച്ചനുഭവിക്കുകയാണെന്നാണ് ആരോപണം. സഭാതർക്കത്തിന്റെ പേരിലും മറ്റാവശ്യങ്ങൾക്കുവേണ്ടിയും വിശ്വാസികളിൽനിന്നും പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ വരുന്ന തുക സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടാതെ കൈയടക്കി വച്ചിരിക്കുന്ന നടപടിക്കെതിരെയാണ് ചില സഭാവിശ്വാസികൾ രംഗത്തുവന്നിരിക്കുന്നത്.

യാക്കോബായ സഭയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്ന അൽമായ ഫോറം ഭാരവാഹികൾക്ക് സഭയിലെ ഒരു വിഭാഗം മെത്രാപ്പൊലീത്താമാരുടെ പിന്തുണയുണ്ടെന്ന ആരോപണം സഭയ്ക്കുള്ളിൽ തന്നെ ഉയർന്നു വന്നിട്ടുള്ളതാണ്. പാത്രിയർക്കീസ് ബാവയുടെ സന്ദർശന വേളയിൽ കോട്ടയത്ത് വച്ച് അൽമായഫോറം ഭാരവാഹികൾ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ചിരുന്നു. ഈ സമയം സഭയുടെ സീനിയറായ ഒരു മെത്രാപ്പൊലീത്തയും സിനഡ് സെക്രട്ടറിയും ബാവയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം അൽമായഫോറം ഭാരവാഹികൾ യാക്കോബായ സഭയ്‌ക്കെതിരെ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും സഭയ്‌ക്കെതിരെ നടത്തുന്ന കേസ് ഇരുവിഭാഗത്തിന്റെയും വാദം കേട്ട് പെരുമ്പാവൂർ സബ് കോടതി തള്ളി ഉത്തരവായെന്നും സഭാനേതൃത്വം പറയുന്നു. 1934 ലെ ഭരണഘടന സംബന്ധിച്ച ഉത്തരവ് നിലനിൽക്കെ 2002 ലെ നിയമാവലിയെ അടിസ്ഥാനമാക്കി ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും മറിച്ചുള്ള അൽമായഫോറം ഭാരവാഹികളുടെ പ്രചരണങ്ങൾ വ്യാജമാണെന്നുമാണ് യാക്കോബായ സഭാ നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP