Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാവിഷനിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; സേവന നികുതി കുടിശികയ്ക്കായി ജപ്തി നടപടിയും വരും; കൊച്ചി ഓഫീസിലെ സാധനങ്ങൾ പുറത്തുകൊണ്ട് പോകരുതെന്ന് സെന്റട്രൽ എക്‌സൈസ്; ജീവനക്കാരുടെ സമരംമൂലം വാർത്തനിലച്ച മലയാളത്തിലെ ആദ്യ വാർത്താ ചാനൽ പൂട്ടലിന്റെ വക്കിൽ

ഇന്ത്യാവിഷനിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; സേവന നികുതി കുടിശികയ്ക്കായി ജപ്തി നടപടിയും വരും; കൊച്ചി ഓഫീസിലെ സാധനങ്ങൾ പുറത്തുകൊണ്ട് പോകരുതെന്ന് സെന്റട്രൽ എക്‌സൈസ്; ജീവനക്കാരുടെ സമരംമൂലം വാർത്തനിലച്ച മലയാളത്തിലെ ആദ്യ വാർത്താ ചാനൽ പൂട്ടലിന്റെ വക്കിൽ

ആവണി ഗോപാൽ

കൊച്ചി: ഇന്ത്യാവിഷൻ  ടിവി ചാനലിന്റെ കൊച്ചി ആസ്ഥാനത്ത് സെന്റട്രൽ എക്‌സൈസ് വകുപ്പിന്റെ റെയ്ഡ്. സേവന നികുതി കുടിശിക പിടിച്ചെടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. ഇതിനിടെ മാർച്ച് പത്തിന് മുമ്പ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ശമ്പള കുടിശിക നൽകിയില്ലെങ്കിൽ ചാനലിന്റെ സംപ്രേഷണം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് കാട്ടി മാനേജ്‌മെന്റിന് ജീവനക്കാർ നോട്ടീസും നൽകി. ജീവനക്കാരുടെ സമരം നയിക്കുന്ന കോഓർഡിനേഷൻ കമ്മറ്റിക്കായി എക്‌സിക്യൂട്ടീവ് എഡിറ്റർ ബി ദിലീപ് കുമാറും കൺവീനർ ടി.ജി സജിത്തുമാണ് മാനേജ്‌മെന്റിന് നോട്ടീസ് നൽകിയത്. ഇതോടെ ഇന്ത്യാവിഷനിലെ പ്രതിസന്ധി അതി രൂക്ഷമാവുകയാണ്.

സർവ്വീസ് ടാക്‌സ് ഇനത്തിൽ ഒൻപതരക്കോടി രൂപയാണ് സെൻട്രൽ എക്‌സൈസിന് ഇന്ത്യാവിഷൻ നൽകേണ്ടത്. പല തവണ നോട്ടീസ് നൽകിയിട്ടും അനങ്ങിയില്ല. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ചാനൽ ഓഫീസിലെ വസ്തുവകകളുടെ കണക്കെടുപ്പാണ് പ്രധാനമായും നടത്തിയത്. ക്യാമറയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടേയും പട്ടിക എടുത്തു. ഇവ ജപ്തി ചെയ്യാനാണ് സെൻട്രൽ എക്‌സൈസിന്റെ നീക്കം. ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. എല്ലാ വസ്തുക്കളും സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഇവയൊന്നും ഓഫീസിന് പുറത്തുകൊണ്ടു പോകരുതെന്ന് നിർദ്ദേശവും നൽകി. നിയമനടപടികൾ പൂർത്തിയാക്കി ഈ വസ്തുവകകൾ ജപ്തി ചെയ്യുമെന്ന് ഇന്ത്യാവിഷൻ മാനേജ്‌മെന്റിനെ കേന്ദ്ര ഏജൻസി അറിയിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പള കുടിശിക ഫെബ്രുവരി 26ന് മുമ്പ് നൽകാമെന്ന് മാനേജ്‌മെന്റ് ലേബർ കമ്മീഷണർക്ക് ഉറപ്പ് നൽകിയുന്നു. എന്നാൽ സാമ്പത്തികമായി താളം തെറ്റിയതോടെ വാഗ്ദാനം പാലിക്കാനായില്ല. ഇതിനെ തുടർന്ന് ലേബർ കമ്മീഷണർ ഡയറക്ടർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് നീക്കം തുടങ്ങി. എന്നാൽ സാമൂഹ്യ സുരക്ഷാ മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിലെ ഉന്നത തല ഇടപെടൽ മൂലം ലേബർ കമ്മീഷണറുടെ നീക്കങ്ങളുടെ വേഗത കുറഞ്ഞു. മാർച്ച് 10നകം ശമ്പള കുടിശിക നൽകാമെന്ന് മാനേജ്‌മെന്റ് കമ്മീഷണറെ അറിയിച്ചു. ഇതിനിടെയിലാണ് കേന്ദ്ര ഏജൻസിയുടെ റെയ്ഡ് മാനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ ജീവനക്കാർക്ക് ശമ്പളം നൽകണമോ എക്‌സൈസ് കുടിശിക അടയ്ക്കണമോ എന്ന ആശയക്കുഴപ്പത്തിലേക്ക് മാനേജ്‌മെന്റ് എത്തുകയാണ്.

ഒരു തരത്തിലും സെൻട്രൽ എക്‌സൈസ് വകുപ്പിനെ സ്വാധീനിക്കാൻ മന്ത്രി മുനീറിനും സംഘത്തിനും കഴിയുന്നുമില്ല. അതിനിടെയാണ് നിലപാട് കടുപ്പിച്ച് ജീവനക്കാരുടെ കോഓർഡിനേഷൻ സമിതിയും എത്തുന്നത്. ന്യൂസ് വിഭാഗം തലവനായ എക്‌സിക്യൂട്ടീവ് എഡിറ്റർ ദിലീപ് കുമാർ ഊ സമിതിയിൽ ആദ്യം ഉണ്ടായിരുന്നില്ല. ഈയിടെയാണ് ഇതിന്റെ നേതൃത്വത്തിലേക്ക് ദിലീപ് കുമാർ എത്തുന്നത്. ഇനിയും ജീവനക്കാരുടെ പ്രശ്‌നങ്ങളോട് കണ്ണടയ്ക്കാൻ കഴിയില്ലെന്നാണ് ദിലീപിന്റേയും നിലപാട്. നിലവിൽ ന്യൂസ് സംപ്രേഷണമാണ് ഇന്ത്യാവിഷനിൽ മുടങ്ങിയിരിക്കുന്നത്. ശമ്പളം നൽകിയില്ലെങ്കിൽ എല്ലാ വിധ പ്രവർത്തനവും മുടങ്ങും.

വെബ്‌സൈറ്റ് അപ്‌ഡേഷനും സ്‌ക്രോളും ഒന്നും നൽകില്ലെന്നാണ് കോ ഓർഡിനേഷൻ കമ്പനിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കിയാണ് കോഓർഡിനേഷൻ കമ്മറ്റിയുടെ നോട്ടീസ്. ശമ്പള കുടിശിക മുടങ്ങിയതിൽ ജീവനക്കാരോട് ലേബർ കമ്മീഷണറും നിലപാട് തിരക്കിയിട്ടുണ്ട്. എന്നാൽ മറുപടി നൽകിയിട്ടില്ല. മാർച്ച് പത്തിന് കുടിശിക നൽകിയാൽ പ്രശ്‌നമെല്ലാം തീരട്ടേ എന്നായിരുന്നു ജീവനക്കാരുടെ പക്ഷം. എന്നാൽ എക്‌സൈസ് റെയ്‌ഡോടെ ഇവർക്കിടയിലും ആശങ്ക ശക്തമാവുകയാണ്. ശമ്പളം ഇനിയും നീണ്ടു പോകുമെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്. പക്ഷേ നോട്ടീസ് നൽകലും സമരവുമല്ലാതെ ഒന്നും ചെയ്യാനും കഴിയില്ലെന്ന അവസ്ഥയിലാണ് ജീവനക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP