Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസികൾക്ക് വേണ്ടി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ഓഫീസിൽ അർദ്ധരാത്രിയിൽ റെയ്ഡ്; മൂന്ന് ജീവനക്കാരെ തടങ്കലിലാക്കി; അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളാക്കി പൊലീസ്‌

ആദിവാസികൾക്ക് വേണ്ടി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ഓഫീസിൽ അർദ്ധരാത്രിയിൽ റെയ്ഡ്; മൂന്ന് ജീവനക്കാരെ തടങ്കലിലാക്കി; അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളാക്കി പൊലീസ്‌

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കണ്ണിൽ കണ്ടവരെയെല്ലാം റെയ്ഡ് ചെയ്ത് പിടിക്കുന്ന പൊലീസ് ശൈലിക്ക് തുടക്കമായി. ഇന്നലെ വെള്ളമുണ്ടയിലും അട്ടപ്പാടിയിലും നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിറകെയാണ് മാവോയിസ്റ്റ് വേട്ടയെന്ന നിലയിലെ മാദ്ധ്യമ അറസ്റ്റുകൾ തുടക്കമിട്ടത്.

പാരിസ്ഥിതിക പ്രശ്‌നങ്ങളും ആദിവാസി-ദളിത് വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യുന്ന കേരളീയം മാസികയുടെ ഓഫീസ് റെയ്ഡ് ചെയ്ത് മൂന്ന് പേരെ അർദ്ധരാത്രി പൊലീസ് കസ്റ്റഡയിൽ എടുത്തു. രേഖകളെന്ന പേരിൽ മാസികയും ഓഫീസിലെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഡിജിപിയുടെ നിർദ്ദേശപ്രകാരം അൻപതോളം പേരടങ്ങുന്ന പൊലീസ് സംഘമാണ് കേരളീയത്തിന്റെ ഓഫീസിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് പേരെ അർദ്ധരാത്രി സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി അറസ്റ്റ് ചെയ്തത്. പിന്നീട് തെളിവില്ലെന്നു കണ്ട് ഇവരെ വിട്ടയക്കുകയും ചെയ്തു. അറസ്റ്റു വിവരം അറിഞ്ഞ് രാവിലെ ആറോടെ തന്നെ സാമൂഹ്യപ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് ചെയ്ത മൂന്നുപേരെയും രാവിലെ എട്ടരയോടെ പൊലീസ് വിട്ടയച്ചു. അടച്ചുപൂട്ടിയ കേരളീയത്തിന്റെ താക്കോൽ സ്ഥാപനത്തിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തൃശൂർ ടൗണിൽ മാർച്ച് സംഘടിപ്പിക്കും അറിയിച്ചിട്ടുണ്ട്.

ആദിവാസി വിഷയങ്ങളിൽ ക്രിയാത്മ ഇടപെടൽ നടത്തുന്ന സംഘടനകളേയും വ്യക്തികളേയും മാവോയിസ്റ്റുകളാക്കുന്നതിന്റെ ഭാഗമാണ് കേരളീയത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെന്നാണ് വിലയിരുത്തുന്നത്. തൃശൂർ ഓഫീസിലുണ്ടായിരുന്ന അജ്‌ലാൽ, സന്തോഷ്, വിശ്വനാഥൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ശിവ വിക്രം ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റും മൊഴിയെടുക്കലും.

രാവിലെ കമ്മീഷണറെത്തിയും ഇവരെ ചോദ്യം ചെയ്തു. മാവോയിസ്റ്റ് സംശയത്തിന്റെ പേരിലാണ് നടപടിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ എന്തായിരുന്നു ഇവരെ മാവോയിസ്റ്റുകളാക്കിയതിന്റെ മാനദണ്ഡമെന്ന് വിശദീകരിക്കാനും പൊലീസിന് കഴിയുന്നില്ല.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സിപിഐ എംഎൽ പാർട്ടിയുടെ നേതാക്കളേയും പ്രവർത്തകരേയും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇവരുടെ വീട്ടുകളിൽ രാത്രികാല റെയ്ഡും നടത്തുക പതിവായിരുന്നു. എന്നാൽ അക്രമം നടത്തുന്നവരുമായി സിപിഐ എംഎല്ലുകാർക്ക് യാതൊരു പങ്കുമില്ലെന്ന് പൊലീസ് കണ്ടെത്തി. അപ്പോഴും വയനാട്ടിലും പാലക്കാടും മാവോയിസ്റ്റു പോസ്റ്ററും അക്രമങ്ങളും അരങ്ങേറി. നിയമം കൈയിലെടുക്കുന്നത് സാമൂഹ്യവിരുദ്ധരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിശദീകരിച്ചു. എന്നാൽ മാവോയിസ്റ്റുകൾ കേരളത്തിൽ ഉടനീളം സജീവമാണെന്നാണ് ഇന്റലിജൻസിന്റെ നിരീക്ഷണം. ഇതുറപ്പിക്കാനാണ് കേരളീയം പോലുള്ള മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് പൊലീസ് നടപടിയെടുക്കുന്നത്. ആദിവാസി-പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ സജീവ ഇടപെടൽ നടത്തുന്നത് മാത്രമാണ് കേരളീയത്തെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്തുന്നതിന് പൊലീസ് കണ്ടെത്തുന്ന ന്യായം. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. സാമൂഹിക-മാദ്ധ്യമ പ്രവർത്തകർ കേരളീയത്തിനെതിരായ നടപടിക്കെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു.

എന്നാൽ മുഖ്യധാര മാദ്ധ്യമങ്ങളാരും അറസ്റ്റ് വാർത്ത പോലും നൽകുന്നില്ല. ബ്രേക്കിങ്ങ് ന്യൂസകളുടെ പ്രളയം സൃഷ്ടിക്കുന്ന മലയാളം ചാനലുകളും തൃശൂരിലെ കേരളീയത്തിലെ പൊലീസ് നടപടിയെ കുറിച്ച് അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. പാലക്കാട് കെഎഫ്‌സിയുടെ ചിക്കൻ കട അടിച്ചു തകർത്ത കേസിൽ രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ മാവോയിസ്റ്റുകളാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്ത കാസർകോട് സ്വദേശികളുടെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ള ലഘുലേഖകളും പോസ്റ്ററുകളും ഗൂർഖകൾ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തിയും ഇവരുടെ വീടുകളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

കാസർകോട് ചെറുവത്തൂർ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരൻ, തെക്കേ തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ട് അരുൺ ബാലൻ എന്നിവരുടെ വീടുകളിലാണു പൊലീസ് സംഘം പരിശോധന നടത്തിയത്. ശ്രീകാന്തിന്റെ വീട്ടിൽ നിന്നു മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ള ലഘുലേഖകളും ഗൂർഖാക്കത്തിയും കണ്ടെത്തി. വയനാട്ടിൽ ഗവ. കോളജിൽ ബിഎഡിനു പഠിക്കുന്ന ശ്രീകാന്തിനു മാവോയിസ്റ്റ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇടതുപക്ഷ അനുഭാവിയായ ശ്രീകാന്ത് ചെറുവത്തൂരിലെ പാരലൽ കോളജിൽ അദ്ധ്യാപകനായും ജോലിചെയ്യുന്നുണ്ട്. എന്നാൽ ലഘുലേഖകൾ പൊലീസ് തന്നെ ഇവരുടെ വീട്ടിൽ കൊണ്ട് വച്ചതാണെന്ന പരാതിയും വ്യാപകമാണ്. ആരെയെങ്കിലും മാവോയിസ്റ്റുകളാക്കണമെങ്കിൽ ലഘുലേഖയാണ് പൊലീസ് തെളിവായി ഉപയോഗിക്കുന്നത്. കേരളീയത്തിന് നേരെയുണ്ടായ നടപടിയിലും പൊലീസ് ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. മുഖ്യധാരമാദ്ധ്യമങ്ങൾ ഇത്തരം സംഭവങ്ങളോട് കണ്ണടയ്ക്കുന്നതും പൊലീസ് നടപടികൾക്ക് ആക്കം കൂട്ടുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

1998ലാണ് തൃശൂരിൽ നിന്ന് കേരളീയം മാസികയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടു. മേധാപട്കർ അടക്കമുള്ള ദേശീയ നേതാക്കളുടെ പിന്തുണയും കേരളീയത്തിന് വളർച്ചയിൽ സഹായകകരമായി. പ്ലാച്ചിമട, അതിരപ്പള്ളി, ഏലൂർ, കാതിക്കുടം, മുത്തങ്ങ, ചെങ്ങറ വിഷയങ്ങളിലെല്ലാം ജനകീയ സമങ്ങൾക്കൊപ്പം നിന്ന് നിലപാടുകൾ എടുത്തു. മാലിന്യനിർമ്മാർജ്ജനത്തിനും ബദലുകൾ അവതരിപ്പിച്ചു. നർമ്മദാ സമരമുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക പതിപ്പുകൾ ഇറക്കിയും കേരളീയം ശ്രദ്ധേയമായി. ആദിവാസി പ്രശ്‌നങ്ങളോടും പ്രത്യേക താൽപ്പര്യം കാട്ടി. നിൽപ്പ് സമരമടക്കമുള്ളവയിൽ ആദിവാസി സമൂഹത്തിന് എല്ലാ പിന്തുണയും നൽകി കേരളീയം സജീവമായിരുന്നു. ഈ സമൂഹിക ഇടപെടലുകളാണ് കേരളീയത്തിനെതിരായ നടപടിക്ക് പിന്നിലെന്നാണ് കേരളീയം പ്രവർത്തകരുടെ നിലപാട്. പൊലീസ് നടപടിക്കെതിരെ ജനകീയ കൂട്ടായ്മ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് കേരളീയത്തിന്റെ അണിയറ പ്രവർത്തകരിൽ പ്രധാനിയായ റോബിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പതിനാറ് വർഷമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന മാസികയാണ് കേരളീയം. വികസന വിഷയങ്ങളിൽ വേറിട്ട മാതൃക അവതരിപ്പിക്കലാണ് ശൈലി. ഫണ്ടുകളുടേയോ പരസ്യങ്ങളുടേയോ വലിയ സഹായമില്ലാതെയാണ് പ്രതിസന്ധികളെ അതിജീവിച്ച് കേരളീയം മുന്നോട്ട് പോകുന്നത്. വരിസംഖ്യമാത്രമാണ് ഈ മാസികയുടെ അതിജീവനത്തിന്റെ കരുത്ത്. മാസികയുടെ ഡിജിറ്റൽ ആർകൈവ്‌സും ഓൺലൈനായി ലഭ്യമാണ്. അത്രയും സുതാര്യമായി പ്രവർത്തിച്ചിട്ടാണ് തങ്ങൾക്കെതിരെ പൊലീസ് രാത്രിയിൽ റെയ്ഡും അറസ്റ്റുമെല്ലാം നടത്തിയതെന്നാണ് കേരളീയം പ്രവർത്തകരുടെ പരാതി. സമൂഹിക ഇടപെടലുകൾ നടത്തുന്ന പ്രസ്ഥാനങ്ങളെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി പ്രതിസന്ധിയിലാക്കാനുള്ള ഗൂഡതന്ത്രമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP