Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി അമൃതാ മെഡിക്കൽ കോളേജിൽ പൊലീസ് പരിശോധന; നടിയുടെ പീഡന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന വാർത്തയുടെ സത്യം തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിയ ദൃശ്യങ്ങൾ മറുനാടന്; അന്വേഷണത്തിന് എത്തിയത് എസി ലാൽജിയുടെ നേതൃത്വത്തിലെ സംഘം; രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ മൊഴിയെടുക്കും

കൊച്ചി അമൃതാ മെഡിക്കൽ കോളേജിൽ പൊലീസ് പരിശോധന; നടിയുടെ പീഡന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന വാർത്തയുടെ സത്യം തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിയ ദൃശ്യങ്ങൾ മറുനാടന്; അന്വേഷണത്തിന് എത്തിയത് എസി ലാൽജിയുടെ നേതൃത്വത്തിലെ സംഘം; രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ മൊഴിയെടുക്കും

അർജുൻ സി വനജ്‌

കൊച്ചി: മതാ അമൃതാനന്ദ മയീ മഠത്തിന്റെ കീഴിലെ ഇടപ്പള്ളിയിലെ അമൃതാ മെഡിക്കൽ കോളേജിൽ പൊലീസ് പരിശോധന. നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദ ദൃശ്യങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പഠനാവശ്യങ്ങൾക്കായി പ്രദർശിപ്പിച്ചുവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. വാർത്തയുടെ വാസ്തവം ബോധ്യപ്പെടുത്താനാണ് നീക്കം. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പേ ഈ ദൃശ്യങ്ങൾ കൊച്ചിയിലെ ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് ഫോറൻസിക് വിഭാഗം തലവൻ കാണിച്ചു കൊടുത്തുവെന്നാണ് ആരോപണം. ഏത് ആശുപത്രിയിലാണ് ഇത് സംഭവിച്ചതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തതുമില്ല. ഈ വാർത്ത വിവാദമായതിന് പിന്നാലെയാണ് കൊച്ചിയിലെ ആശുപത്രിയിൽ പൊലീസ് സംഘം എത്തിയത്.

ആശുപത്രിയിൽ പൊലീസ് പരിശോധനയ്ക്ക് എത്തുന്ന ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ലാല്ജിയുടെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രി മാനേജ്‌മെന്റുമായി ചർച്ച നടത്തി. ആശുപത്രിയുടെ ഡയറക്ടർ പ്രേംനാഥുമായും സംസാരിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘം ആശുപത്രയിലുണ്ടായിരുന്നു. ഈ കോളേജിലെ കുട്ടികളുമായി ആശയ വിനിമയം നടത്തി വ്യക്തത വരുത്താനാണ് നീക്കം. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ആശുപത്രി അധികൃതർക്ക് അറിയില്ല. ക്ലാസ് റൂമിൽ സിസിടിവിയുണ്ടെങ്കിൽ അത് പരിശോധിച്ചാൽ സത്യം പുറത്തുവരും. രാജ്യത്തെ പ്രമുഖ ഫോറൻസിക് വിദഗ്ധന്മാരാണ് ഇവിടെ ക്ലാസ് എടുക്കുന്നത്. ഇതിൽ ഒരാളാണ് കഥയിലെ വില്ലനെന്നാണ് ആരോപണം.

ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. ഉന്നത സ്വാധീനമുള്ള ആശപുത്രിയിലാണ് ഇത് സംഭവിച്ചതെന്ന തരത്തിലായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയുമായി ബന്ധപ്പെട്ട് അമൃതാ മെഡിക്കൽ കോളേജ് അല്ലാതെ മറ്റേതെങ്കിലും ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തിയോ എന്ന് വ്യക്തമല്ല. അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്ന് സൂചനയും ലാൽജി ആശുപത്രിക്ക് നൽകിയിട്ടുണ്ട്. എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. ഫോറൻസിക് വിഭാഗം തലവനുമായി ആശയ വിനിമയം വരുത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് നീക്കം. ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്നതിൽ അതിനിർണ്ണായകമാണ് ആശുപത്രിയിലെ പരിശോധന.

പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടത് ദിലീപിന്റെ അറസ്റ്റിനും മുമ്പായിരുന്നു. അതായത് വളരെ മുമ്പ് തന്നെ ദൃശ്യങ്ങൾ ചോർന്നിരുന്നുവെന്നാണ് സൂചനയാണ് കേരള കൗമുദി വാർത്ത പങ്കവച്ചത്. കൊച്ചിയിലെ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധന് എങ്ങനെ ഈ ദൃശ്യങ്ങൾ കിട്ടിയെന്നത് പൊലീസ് പരിശോധിക്കുകയാണ്. ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പാക്കാൻ തക്ക വൈദഗ്ധ്യമുള്ള ഡോക്ടറാണ് ഇദ്ദേഹം. എംബിബിഎസും എംഡിയും ക്രിമിനൽ ലോയിൽ ഡിപ്ളോമയുമുള്ള ഈ ഡോക്ടർ കേരളത്തിലെ ഫോറൻസിക് വിദഗ്ധരിൽ അഗ്രഗണ്യനാണെന്ന് പൊലീസിൽ നിന്ന് സൂചന ലഭിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ആശുപത്രിയുടെ അറിവില്ലാതെയാണ് ഇവ കാട്ടിയതെന്നാണ് സൂചന.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചത്. കേരളകൗമുദിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് പൊലീസിനേയും ഞെട്ടിച്ചു. പരിശോധനയ്ക്ക് നൽകിയ ദൃശ്യങ്ങളാകാം വിദ്യാർത്ഥികൾക്ക് മുമ്പിലെത്തിയതെന്നാണ് സൂചന. ഇതോടെ യുടൂബിലും മറ്റും ദൃശ്യങ്ങൾ എത്തുമോ എന്ന സംശയവും ബലപ്പെട്ടു. കേരള കൗമുദി വാർത്തയെ തുടർന്ന് പൊലീസ് ഇക്കാര്യം പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും പരാതി നൽകിയിട്ടില്ല. കൊച്ചിയിലെ പ്രമുഖ ആശുപത്രിയാണ് പ്രതിസന്ഥാനത്ത്. സിനിമാക്കാർക്ക് പോലും അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ വനിതാ കൂട്ടായ്മ പരാതി നൽകാനും ഇടയില്ല. അക്രമത്തിന് ഇരായ നടിയാകട്ടെ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്.

ദൃശ്യങ്ങൾ കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചു. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്. എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. അതീവ രഹസ്യമായി നടന്ന അന്വേഷണത്തിന്റെ വിവരം പുറത്തായത് പൊലീസിനെ അലോസരപ്പെടുത്തുന്നുണ്ട്. കേരള കൗമുദിയിലേക്ക് വാർത്ത ചോർന്ന വഴിയും അന്വേഷിക്കുന്നുണ്ട്.

അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്നതാണ് പ്രധാനം. പൊലീസിന്റെ വീഴ്ച തന്നെയാണ് ഇതെന്നാണ് വിലയിരുത്തൽ. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പൾസർ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദർശനത്തെ കണക്കാക്കാമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ തെളിവ് ചോർന്നതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന അഭിപ്രായം സജീവമാണ്. എന്നാൽ എങ്ങനെ ഇത്ര വലിയ ആശുപത്രി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുമെന്ന ആശങ്ക പൊലീസുകാർക്കുണ്ട്. കേരള കൗമുദി പത്ര വാർത്തയെ തുടർന്ന് ആശുപത്രിയോട് കാര്യങ്ങൾ തിരിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന് പോലും പേടിയാണ്.

കോളേജിലെ ഫോറൻസിക് വിഭാഗം അദ്ധ്യാപകന് എങ്ങനെ എവിടെ നിന്ന് ഈ ദൃശ്യങ്ങൾ ലഭിച്ചുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് നിയമവശങ്ങളും ഫോറൻസിക് പരമായ കാര്യങ്ങളും വിശദീകരിച്ചത്. കണ്ടിരുന്ന പെൺകുട്ടികൾ സ്തബ്ധരായിപ്പോയി. ആൺകുട്ടികൾ നിശബ്ദരായി കണ്ടിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട കാര്യങ്ങൾ ആദ്യഘട്ടത്തിൽ പുറത്ത് പറയാൻ തന്നെ കുട്ടികൾക്ക് പേടിയായിരുന്നു. പിന്നീടാണ് പലരും രക്ഷാകർത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറായത്. ഇതോടെയാണ് ഇക്കാര്യം പുറലോകം അറിയുന്നത്. എന്നാൽ ആശുപത്രിയെ തൊടാൻ പൊലീസിന് പോലും പേടിയാണ്. അന്വേഷണ സംഘത്തിലെ ചിലരുടെ മക്കളും ഈ ആശുപത്രിയിലാണ് എംബിബിഎസിന് പഠിച്ചത്. അതുകൊണ്ട് തന്നെ ആരും പരാതി നൽകയില്ലെങ്കിൽ ഒന്നും സംഭവിക്കാൻ ഇടയില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP