Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ രാജേട്ടനും ഏഷ്യാനെറ്റിനെ കൈവിട്ടു; നേരോടെ നിർഭയം നിരന്തരം കാപട്യം പ്രചരിപ്പിക്കുന്നെന്ന് ഒ രാജഗോപാലിന്റെ വിമർശനം; ബഹിഷ്‌കരണ തീരുമാനം ബിജെപി സംസ്ഥാന നേതൃത്വം ഐകകണ്‌ഠ്യേനെ എടുത്തതെന്നും നേതാവ്

ഒടുവിൽ രാജേട്ടനും ഏഷ്യാനെറ്റിനെ കൈവിട്ടു; നേരോടെ നിർഭയം നിരന്തരം കാപട്യം പ്രചരിപ്പിക്കുന്നെന്ന് ഒ രാജഗോപാലിന്റെ വിമർശനം; ബഹിഷ്‌കരണ തീരുമാനം ബിജെപി സംസ്ഥാന നേതൃത്വം ഐകകണ്‌ഠ്യേനെ എടുത്തതെന്നും നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റിന് ഒ രാജഗോപാൽ ശ്രേഷ്ഠ വ്യക്തിത്വമാണ്. അത്തരമൊരു നേതാവിന്റെ പാർട്ടി ചാനലിനെ ബഹിഷ്‌കരിക്കുന്നതിലായിരുന്നു ഏഷ്യാനെറ്റിന്റെ വേദന. രാജഗോപാലിനെ പോലൊരു ശ്രേഷ്ഠനായ നേതാവുള്ള പാർട്ടിക്ക് ചേർന്നതല്ല ബഹിഷ്‌ക്കരണമെന്നായിരുന്നു എഡിറ്റോറിയൽ ബോർഡ് ബിജെപിക്കെതിരെ കുറിച്ച നിലപാട്. പക്ഷേ ഏഷ്യാനെറ്റിന് ശ്രേഷ്ഠനായ രാജഗോപാലിന് അവരെക്കുറുച്ചുള്ള അഭിപ്രായം ഒട്ടും മെച്ചമല്ല.

നിർഭയം നിരന്തരം കാപട്യമെന്നാണ് ഏഷ്യാനെറ്റിനെ മൂന്ന് വാക്കുകളിൽ ബിജെപിക്കാരുടെ രാജേട്ടൻ വിശദീകരിക്കുന്നത്. വ്യക്തമായ മുൻധാരണകളോടെയും ദുരുദ്ദേശപരമായ രാഷ്ട്രീയ വ്യാവസായിക കാഴ്ചപ്പാടോടെയും ബിജെപിയുടെ പ്രവർത്തനങ്ങളെ നോക്കിക്കാണുകയും അതിനുവേണ്ടി ഞങ്ങളെ അവഹേളിക്കുകയും ചെയ്യുന്നവരാണ് ഏഷ്യാനെറ്റുകാരെന്നാണ് ബിജെപിയുടെ തലമുതിർന്ന നേതാവിന്റെ അഭിപ്രായം. വാണിജ്യ താല്പര്യം മുൻ നിർത്തി ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളുടെ പ്രചരണ ജോലി ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നവരാണ് ഏഷ്യാനെറ്റെന്നും പറയുന്നു.

ഫേസ്‌ബുക്കിലൂടെയാണ് രാജഗോപാൽ പ്രതികരിക്കുന്നത്. നിർഭയമായി നിന്തരം കാപട്യം പ്രചരിപ്പിക്കുന്നതല്ല ഗുണകരമായ മാദ്ധ്യമ ധർമമെന്ന് മാത്രം ഓർക്കുകയെന്നും ഏഷ്യാനെറ്റിനോട് രാജഗോപാൽ പറയുന്നു. ബിജെപി ഓഫീസ് സെക്രട്ടറിയായ സുനീഷിന്റെ എഫ്ബി പേജിലും രാജാഗോപാലിന്റേതായി ഇതേ പ്രസ്താവന നൽകിയിട്ടുമുണ്ട്. രാജ്യത്ത് പ്രകടമായി വരുന്ന ആശാസ്യമായ മാറ്റങ്ങളെ അവഹേളിച്ചതുകൊണ്ട് ചിലരുടെ ധനവും പിന്തുണയും ചാനലിലേക്ക് പ്രവഹിച്ചേക്കാം. അത് ദേശവിരുദ്ധവും നിയമവിരുദ്ധവുമായതാണെന്ന് ഫെയ്‌സ് ബൂക്കിലൂടെ രാജഗോപാൽ വിശദീകരിക്കുന്നു.

ബിജെപിയിലെ ഔദ്യോഗിക നേതൃത്വത്തിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തെ രാജഗോപാലും മുൻ ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസും അനുകൂലിക്കുന്നില്ലെന്ന് വിലയിരുത്തലുകൾക്ക് ഇടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മുൻ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള പരോക്ഷമായി ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയിൽ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനൊപ്പമാണ് താനെന്ന് എഫ്ബിയിലൂടെ വ്യക്തമാക്കുകയാണ് രാജഗോപാൽ. നേമത്തെ തന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഏഷ്യാനെറ്റും ചരടുവലിച്ചെന്ന ഒളിയെമ്പും പോസ്റ്റിലുണ്ട്.

എഷ്യാനെറ്റിനെതിരായ രാജഗോപാലിന്റെ എഫ്ബി അക്കൗണ്ടിലെ പോസ്റ്റ്

നിർഭയം നിരന്തരം കാപട്യം

കേരളത്തിലെ ആദ്യത്തെ സ്വകാര്യവാർത്താ ചാനലിനെതിരെ ബിജെപി സംസ്ഥാനഘടകം പ്രഖ്യാപിച്ച ബഹിഷ്‌കരണ തീരുമാനം വിവിധ കോണുകളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നുവരാൻ ഇടയാക്കിയിട്ടുണ്ട്. ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ വിമർശിക്കുന്നതുകൊണ്ടോ ബിജെപിയുടെ നയങ്ങളെ എതിർക്കുന്നതുകൊണ്ടോ അല്ല ഇത്തരത്തിലൊരു ബഹിഷ്‌കരണത്തിന് സംസ്ഥാന നേതൃത്വം ഐകകണ്‌ഠ്യേനെ തീരുമാനമെടുത്തത്.

കഴിഞ്ഞ കുറച്ചുനാളുകളായി ഏഷ്യാനെറ്റ് ന്യൂസ് ബിജെപിക്കെതിരെയും തെരഞ്ഞെടുപ്പിന് മുമ്പ് ശ്രീ നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പിനു ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുമെതിരെ തുടരുന്ന നേരല്ലാത്തതും വസ്തുതകളുമായി ഒട്ടും അടുത്തു നിൽക്കാത്തതുമായ നിരന്തര പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണ തീരുമാനം.

ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധപ്രചാരണം എന്തിനുവേണ്ടിയും ആർക്കു വേണ്ടിയുമാണെന്ന് ഇത്തരുണത്തിൽ ചിന്തിക്കുന്നത് നന്നായിരിക്കും. കേന്ദ്രത്തിൽ കോൺഗ്രസ് വിരുദ്ധ, ബിജെപി സർക്കാർ ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേ ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം ഏക സ്വരത്തിൽ പറഞ്ഞപ്പോൾ കേരളത്തിലെ ഏഷ്യാനെറ്റ് മാത്രം അതിനു വിരുദ്ധമായ പ്രചാരണമാണ് നടത്തിയത്. വാർത്താധിഷ്ഠിത പരിപാടിയിലും വാർത്തകളിലുമൊക്കെ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത് രാജ്യത്തിന് എന്തോ ആപത്തു വരുമ്പോലെയാണ് അവതരിപ്പിക്കപ്പെട്ടത്.

എന്തുവന്നാലും ശ്രീ നരേന്ദ്ര മോദി അധികാരത്തിലെത്തില്ലെന്നും ബിജെപിയില്ലാത്ത കൂട്ടുകക്ഷി സർക്കാരായിരിക്കും ഉണ്ടാകുകയെന്നും വസ്തുതകളൊന്നും കാണാതെ പ്രചരിപ്പിക്കാൻ ഏഷ്യാനെറ്റ് തയ്യാറായി. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലാണെന്ന് എല്ലാ മാദ്ധ്യമധർമവും മറന്ന് പ്രചരിപ്പിച്ചു. . തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ മത്സരത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് എൻഡിറ്റിവി, ടൈംസ് നൗ പോലുള്ള ദേശീയ ചാനലുകൾ പോലും പ്രവചിച്ചപ്പോൾ ഏഷ്യാനെറ്റ് ബിജെപിയെ പരാജയപ്പെടുത്താൻ പോന്ന തരത്തിലുള്ള വാർത്തകൾ നിരന്തരം പ്രരിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യതയിലെത്തിയപ്പോൾ ബിജെപിയുടെ മുഖ്യഎതിരാളിക്കുവേണ്ടി വാർത്ത ചമച്ച് പ്രക്ഷേപണം ചെയ്തവർ മാദ്ധ്യമധർമമാണ് ചെയ്തതെന്ന് പറയാൻ കഴിയില്ല. അവർ ചെയ്തത് ചിലർക്കായുള്ള വിടുപണിയാണെന്ന് സഭ്യമായ ഭാഷയിൽ പറയേണ്ടിവരും. തെരഞ്ഞെടുപ്പിനു മുമ്പ് തുടങ്ങിയ ശ്രീ നരേന്ദ്ര മോദിക്കെതിരായ പ്രചാരണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷവും ഏഷ്യാനെറ്റ് തുടരുകയാണ്. രാജ്യമാസകലമുള്ള ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് മോദി സർക്കാരിനെ കാണുന്നത്. അധികാരത്തിലേറി ഇത്രയും ചുരുങ്ങിയ കാലം ഒരുസർക്കാരിനെ വിലയിരുത്താനുള്ള സമയമായില്ല.

എങ്കിലും കഴിഞ്ഞ അഞ്ചുമാസം കൊണ്ട് നരേന്ദ്ര മോദി സർക്കാർ വേറിട്ടൊരു ഭരണം കാഴ്ചവച്ചു എന്ന് നിസ്സംശയം പറയാം. കേന്ദ്രത്തിൽ ഒരു സർക്കാരുണ്ടെന്നും ഉറച്ച നിലപാടപകളുള്ള പ്രധാനമന്ത്രിയുണ്ടെന്നും ഇപ്പോഴാണ് ബോധ്യമായതെന്ന് കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കന്മാർ ഒഴികെ എതിർചേരിയുലുള്ളവർ പോലും സമ്മതിക്കുന്നു. അഞ്ചു മാസംകൊണ്ട് ശ്രീ നരേന്ദ്ര മോദി ഭരണത്തിൽ വരുത്തിയ മാറ്റങ്ങളെ പക്ഷേ, ഏഷ്യാനെറ്റ് ചാനൽ കണ്ടില്ലെന്നു മാത്രമല്ല, അവർ അവഹേളിക്കുക കൂടി ചെയ്തു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന കാലത്ത് അധികാരത്തിന്റെ ഇടനാഴികളിൽ കറങ്ങി നടക്കുകയും മന്ത്രിമാരും മറ്റുമായി സൗഹൃദം സ്ഥാപിച്ച് പലതരത്തിലുള്ള നേട്ടങ്ങളുണ്ടാക്കിയവരുമായി നിരവധി പേരുണ്ട്.

ശ്രീ അടൽബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന മുൻ എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ ഇത്തരക്കാരെ അകറ്റി നിർത്താൻ കഴിഞ്ഞിരുന്നു. അതിന്റെ വിഷമം അന്നത്തെ സർക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തിയാണ് ചിലർ തീർത്തത്. നരേന്ദ്ര മോദി സർക്കാരും അധികാരത്തിന്റെ ഇടനാഴിയിൽ കറങ്ങി നടക്കുന്നവരെയും ദല്ലാളന്മാരെയും അകറ്റി നിർത്തുന്നു. ഔദ്യോഗിക മാദ്ധ്യമങ്ങളിൽ കൂടി വാർത്തകളെത്തിക്കുകയും ജനങ്ങളുമായി കൂടുതൽ നേരിട്ട് അടുത്തിടപഴകുകയും ചെയ്യുന്നു. രാജ്യത്തെ ഏതു സാധാരണക്കാരനും പ്രധാനമന്ത്രിയുമായി വരെ നേരിട്ട് സംവദിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. തങ്ങളുടെ വഴിക്കു വരുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് ബിജെപിക്കും സർക്കാരിനുമെതിരെ നുണപ്രചാരണം നടത്താൻ പലരെയും പ്രേരിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയെ അവഹേളിക്കുകയും കളിയാക്കുകയും ചെയ്യുന്ന തരത്തിലാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്. പ്രധാനമന്ത്രി ചൂലെടുത്ത് തെരുവിലിറങ്ങിയതിനെ കളിയാക്കി നിരവധി പരിപാടികൾ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്തു. രാജ്യമെങ്ങും വാർത്താമാദ്ധ്യമങ്ങൾ സ്വച്ഛ ഭാരത് അഭിയാനെ പുകഴ്‌ത്തിയപ്പോൾ ഏഷ്യാനെറ്റിന് അത് വെറും കോമഡി പരിപാടിയായിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം നിത്യോപയോഗ സാധനങ്ങളുടെ അടക്കം വിലവർധന ഉണ്ടായിട്ടില്ല. ഓഹരികമ്പോളത്തിൽ നിരന്തരം മുന്നേറ്റം പ്രകടമാകുന്നു. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുന്നതിന്റെ സൂചനകൾ ചുരുങ്ങിയകാലം കൊണ്ട് പ്രകടമായി. ഭാരതത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെട്ട നിലയിലേക്ക് കുതിക്കുന്നു.

എന്നാൽ ഇതൊന്നും ഏഷ്യാനെറ്റ് ചാനൽ കണ്ടതേയില്ലെന്ന് നടിച്ചു. ഇന്ധനവില ഭീമമായി വർധിക്കാൻ പോകുന്നെന്ന് അവർ ജനങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചപ്പോൾ കേന്ദ്രസർക്കാർ ഇന്ധനവില കുറയ്ക്കുകയാണ് ഉണ്ടായത്. പാചകവാതക വില കൂടുമെന്നും സിലിണ്ടറിന്റെ എണ്ണം ഒൻപതാക്കുന്നുവെന്നും പ്രചാരണം അഴിച്ചുവിട്ടപ്പോൾ വില കൂടിയില്ലെന്നു മാത്രമല്ല, സിലിണ്ടറിന്റെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവുമുണ്ടായില്ല. മരുന്നു വില വർധിപ്പിച്ചുവെന്നും അമേരിക്കൻ സമ്മർദ്ദത്തിനു നരേന്ദ്ര മോദി വഴങ്ങിയെന്നുമുള്ള പ്രചാരണവും ഇത്തരത്തിലുള്ളതായിരുന്നു.

കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയോടു തന്നെ പ്രധാനമന്ത്രി മരുന്നുവില വർധിപ്പിക്കാനുള്ള തീരുമാനമില്ലെന്ന് ഉറപ്പു നൽകിയതാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻസന്ദർശനം ഇന്ത്യൻ മാദ്ധ്യമങ്ങൾക്കു മാത്രമല്ല, വിദേശമാദ്ധ്യമങ്ങൾക്കു വരെ വലിയ വാർത്തയും വാർത്തയുടെ ആഘോഷവുമായിരുന്നെങ്കിൽ ഏഷ്യാനെറ്റിന് അത് പതിവുപോലെ പ്രധാന വാർത്തയേ ആയില്ല. തങ്ങൾ നരേന്ദ്ര മോദിക്കെതിരാണെന്നും മോദിയെ അവഹേളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും നിരന്തരം ഏഷ്യാനെറ്റ് പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ മാഡിസൺ സ്‌ക്വയറിലെ പ്രസംഗവും അമേരിക്കയിലെ പരിപാടികളും കോമഡിപ്പരിപാടികൾക്ക് വിഷയമാക്കാനാണ് ഏഷ്യാനെറ്റ് ഉപയോഗിച്ചത്.

ഒരു ചാനലിനെ വേണ്ടെന്നു വയ്ക്കാൻ ഇതിൽ കൂടുതൽ എന്തു കാരണങ്ങളാണ് ആവശ്യമായുള്ളത്. ക്ഷമയുടെയും സഹനത്തിന്റെയും എല്ലാ അതിർവരമ്പുകളിലൂടെയും കടന്നുപോയ ശേഷമാണ് ബിജെപി ബഹിഷ്‌കരണതീരുമാനം പ്രഖ്യാപിച്ചത്. കേരളത്തിൽ ബിജെപി ഒരിക്കലും മാദ്ധ്യമ പിന്തുണ നേടിക്കൊണ്ടല്ല വളർച്ചയുടെ പാതയിലെത്തിയത്. ഇനിയും ഞങ്ങൾക്ക് വളരാനുണ്ടെന്നു വ്യക്തമായ ബോധ്യവുമുണ്ട്. എല്ലാത്തരം എതിർപ്പുകളെയും അവഗണനകളെയും നേരിട്ടു കൊണ്ടും നിരവധി പ്രവർത്തകർ ജീവാർപ്പണം ചെയ്തുമാണ് ഞങ്ങളുടെ പ്രസ്ഥാനം കേരളത്തിൽ പ്രവർത്തിക്കുന്നത്. എന്നും ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെപക്ഷം ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം. ഒരിക്കലും മാദ്ധ്യമങ്ങളുടെ പക്ഷം ചേരാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷേ, വ്യക്തമായ മുൻധാരണകളോടെയും ദുരുദ്ദേശപരമായ രാഷ്ട്രീയ വ്യാവസായിക കാഴ്ചപ്പാടോടെയും ഞങ്ങളുടെ പ്രവർത്തനങ്ങളെ നോക്കിക്കാണുകയും അതിനുവേണ്ടി ഞങ്ങളെ അവഹേളിക്കുകയും ചെയ്യരുത്. വാണിജ്യ താല്പര്യം മുൻ നിർത്തിയും , ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളുടെ പ്രചരണ ജോലി ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നത് ഒരിക്കലും ധാർമികമല്ല. രാജ്യത്ത് പ്രകടമായി വരുന്ന ആശാസ്യമായ മാറ്റങ്ങളെ അവഹേളിച്ചതുകൊണ്ട്് ചിലരുടെ ധനവും പിന്തുണയും ചാനലിലേക്ക് പ്രവഹിച്ചേക്കാം. അത് ദേശവിരുദ്ധവും നിയമവിരുദ്ധവുമായതാണെന്ന് വ്യക്തമാണ് . നിർഭയമായി നിന്തരം കാപട്യം പ്രചരിപ്പിക്കുന്നതല്ല ഗുണകരമായ മാദ്ധ്യമ ധർമമെന്ന് മാത്രം ഓർക്കുക

ഒ.രാജഗോപാൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP