Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർണാബ് ഗോസ്വാമി രാജിവച്ചത് ബിജെപി അജണ്ടയുടെ ഭാഗമെന്ന് സൂചന; ഏഷ്യാനെറ്റ് പുതിയ ദേശീയ ചാനലിന്റെ സാരഥ്യം ഏറ്റെടുക്കുമെന്ന് ഡൽഹി വൃത്തങ്ങൾ; നിർണ്ണായക സ്വാധീനമുള്ള ചാനലിലൂടെ രാജീവ് ചന്ദ്രശേഖരൻ ലക്ഷ്യമിടുന്നത് മോദിയുടെ അടുപ്പക്കാരനായ ദേശീയ നേതാവാകൻ; ഏഷ്യാനെറ്റ് മുതലാളിക്ക് ഉടൻ കേന്ദ്രമന്ത്രി പദവിയെന്ന് റിപ്പോർട്ട്

അർണാബ് ഗോസ്വാമി രാജിവച്ചത് ബിജെപി അജണ്ടയുടെ ഭാഗമെന്ന് സൂചന; ഏഷ്യാനെറ്റ് പുതിയ ദേശീയ ചാനലിന്റെ സാരഥ്യം ഏറ്റെടുക്കുമെന്ന് ഡൽഹി വൃത്തങ്ങൾ; നിർണ്ണായക സ്വാധീനമുള്ള ചാനലിലൂടെ രാജീവ് ചന്ദ്രശേഖരൻ ലക്ഷ്യമിടുന്നത് മോദിയുടെ അടുപ്പക്കാരനായ ദേശീയ നേതാവാകൻ; ഏഷ്യാനെറ്റ് മുതലാളിക്ക് ഉടൻ കേന്ദ്രമന്ത്രി പദവിയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ടൈംസ് നൗവിലെ എല്ലാമെല്ലാമായിരുന്നു അർണാബ് ഗോസ്വാമി. ഒറ്റയാൻ അവതരണത്തിലൂടെ ചാനലിന് മുന്നോട്ട് നയിച്ച ചീഫ് എഡിറ്റർ. എല്ലാ വിധ പിന്തുണയും സ്വാതന്ത്ര്യവും അർണാബിന് ടൈംസ് നൽകിയിരുന്നു. എഡിറ്റോറിയയിൽ പോലും ഇടപെട്ടുമില്ല. താനൊരു ദേശീയ വാദിയെന്ന് പ്രഖ്യാപിച്ച് കണ്ണിൽ കണ്ടതിനെയെല്ലാം വിമർശിച്ച് ന്യൂസ് അവർ ഡിബേറ്റിന് റേറ്റിങ് ഉണ്ടാക്കി. അപ്രതീക്ഷിതമായി അർണാബിന്റെ ടൈംസ് നൗവിൽ നിന്നുള്ള പടിയിറക്കം ഏവരേയും ഞെട്ടിച്ചു. ഇത് മുതൽകൂട്ടാകുന്നത് റിലൻസിന്റെ നേതൃത്വത്തിലുള്ള സിഎൻഎൻ-ഐബിഎന്നിനാണ്. പുതിയ ചാനൽ അർണാബ് തുടങ്ങുമെന്ന സൂചന നൽകി കഴിഞ്ഞു. ഇത് ബിജെപി അജണ്ടയുടെ ഭാഗമായുള്ള ചാനലാകുമെന്നാണ് സൂചന.

മലയാളത്തിലെ നമ്പർ വൺ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ഇംഗ്ലീഷിലും ചാനൽ തുടങ്ങും. ഇതിന്റെ സർവ്വ സൈന്യാധിപനാകും അർണാബ്. ചീഫ് എഡിറ്റർ എന്നതിലപ്പുറം ഏഷ്യാനെറ്റ് ഇംഗ്ലീഷ് ചാനലിൽ ഓഹരിയും അർണാബിനുണ്ടാകും. ഏഷ്യാനെറ്റ് ചെയർമാനും എംപിയും കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനുമായി രാജീവ് ചന്ദ്രശേഖറാണ് അർണാബിനെ പൂർണ്ണമായും ബിജെപി പക്ഷത്ത് എത്തിക്കുന്നത്. ചാനൽ ചർച്ചകളിൽ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ടിരുന്ന അർണാബിന്റെ വാദങ്ങൾ പലപ്പോഴും ബിജെപി അനുകൂലമായിരുന്നു.

പാക്കിസ്ഥാനേയും മറ്റും കടന്നാക്രമിച്ചാണ് അർണാബ് ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ നിഷ്പക്ഷനെന്ന് വരുത്താൻ ബിജെപിക്കെതിരേയും ചില വാർത്തകളും ചർച്ചകളും നടത്തി. രണ്ടാഴ്ച മുമ്പ് അർണാബിന് പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ നൽകുകയും ചെയ്തു. അർണാബിന്റെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ അർണാബിനെ ബിജെപി പാളയത്തിലെത്തിക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.

2005ൽ രാജീവ് ചന്ദ്രശേഖർ രൂപീകരിച്ച ബംഗളൂരു ആസ്ഥാനമായ ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനിയുടെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള അദ്ദേഹത്തിന്റെ ചാനലുകൽ ഇപ്പോഴുള്ളത്. കന്നഡ വാർത്താചാനലായ സുവർണ ന്യൂസ്, ഓൺലൈൻ പോർട്ടലായ ന്യൂസബിൾ, കന്നഡയിൽ പ്രസിദ്ധീകരിക്കുന്ന കന്നഡ പ്രഭ എന്നിവയും ഇതിനു കീഴിലാണുള്ളത്. ഈ ഗ്രൂപ്പിന് കീഴിൽ പുതി ഇംഗ്ലീഷ് ചാനലാണ് ലക്ഷ്യമിടുന്നത്. കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കാസർഗോഡ് മത്സരിക്കുമെന്നാണ് സൂചന.

എൻഡിഎയുടെ കേരള ഘടകം വൈസ് ചെയർമാനായ രാജീവിന് ബിജെപി അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധമുണ്ട്. അമിത് ഷായുമായുള്ള ചർച്ചകളുടെ ഭാഗമായാണ് അർണാബിനെ ടൈംസ് നൗവിൽ നിന്ന് രാജീവ് അടർത്തിയെടുത്തത്. ബിജെപി ആശയങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കുന്ന പുതിയൊരു ചാനലെന്ന ആശയത്തിന് പ്രധാനമന്ത്രി മോദിയുടേയും പിന്തുണയുണ്ട്. അർണാബിനെ ഒപ്പം നിർത്തി മോദിയെ കൂടുതൽ സംതൃപ്തനാക്കി കേന്ദ്രമന്ത്രി പദവിയാണ് രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നത്. ഇതിന് അമിത് ഷായുടെ പിന്തുണയുമുണ്ട്.

നേരത്തെ തന്റെ മാദ്ധ്യമസ്ഥാപനങ്ങളിൽ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ സംഘപരിവാര പാരമ്പര്യം ഉറപ്പാക്കുന്ന വിധത്തിലുള്ള നിർദ്ദേശം രാജീവ് ചന്ദ്രശേഖർ നൽകിയത് വലിയ ചർച്ചയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രത്തോട് യോജിച്ചുപോവുന്നവരാവണം ജീവനക്കാർ, അവർ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരാവണം, ദേശീയതയിലും നിലവിലെ ഭരണത്തിലും താൽപര്യമുള്ളവരായിരിക്കണം തുടങ്ങിയവയാണ് പുതിയ ജീവനക്കാർക്കുള്ള യോഗ്യതയായി രാജീവ് ചന്ദ്രശേഖർ നിർദ്ദേശിച്ചിരിക്കുന്നത്.

ഈ ഇമെയിൽ ചോരുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് അടക്കമുള്ള ന്യൂസ് ചാനലുകളിൽ ഇത് ഏറെ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ വാർത്തകൾ നിഷേധിക്കാൻ തയ്യാറാകാത്ത രാജീവ് ചന്ദ്രശേഖർ, ബിജെപിയുമായും ആർഎസ്എസുമായും കൂടുതൽ അടുക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് അർണാബിനേയും തന്റെ പക്ഷത്ത് നിർത്തി ദേശീയ തലത്തിൽ വാർത്തകളെ നിയന്ത്രിക്കുന്ന ശക്തിയായി മാറാൻ രാജീവ് ചന്ദ്രശേഖർ ശ്രമം നടത്തുന്നത്.

ടൈംസ് നൗവിന്റെ എഡിറ്റോറിയൽ യോഗത്തിലാണ് അർണബ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റർ ഇൻ ചീഫും ടൈംസ് നൗ, ഇടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായിരുന്നു അർണബ്. നഷ്ടത്തിലായിരുന്ന ടൈംസ് നൗ അർണബ് ഗോസ്വാമിയുടെ വരവോടെയാണ് ഒന്നാം നമ്പർ ചാനലായി വളർന്നത്. വിവാദ പരാമർശങ്ങളിലൂടെയും ഏകപക്ഷീയ നിലപാടുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. തീവ്ര ദേശീയതയും ബിജെപി അനുകൂല നിലപാടുകളും പലപ്പോഴും അർണബിനെ വിവാദത്തിലാക്കിയിട്ടുണ്ട്. ദാദ്രി സംഭവത്തിലും ജെ.എൻ.യു വിവാദത്തിലും അർണബ് സംഘപരിവാർ നിലപാടുകൾക്കൊപ്പമാണ് നിലകൊണ്ടത്.

അതേസമയം അടുത്ത കാലത്ത് ടൈംസ് നൗ ചാനലിന്റെ റേറ്റിങ് ഇടിഞ്ഞതും രാജിയിലേക്ക് നയിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അർണബിനൊപ്പം ചില ടൈംസ് നൗ ജീവനക്കാരും രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരെല്ലാം ചേർന്ന് യുപി തെരഞ്ഞെടുപ്പിന് മുമ്പ് പുതിയൊരു ചാനലാണ് രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നത്. ബിജെപി അനുകൂല തരംഗം യുപിയിലുണ്ടാക്കുകയാണ് ലക്ഷ്യം. യുപി തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ഉറപ്പാണ്. തനിക്ക് ഇതിൽ കേന്ദ്രമന്ത്രിസഭാ അംഗത്വമുറപ്പിക്കാൻ പുതിയ ചാനൽ പിറവിയിലൂടെ കഴിയുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിലയിരുത്തൽ.

കൊൽക്കത്തയിലെ 'ദി ടെലിഗ്രാഫി'ൽ ചേർന്നുകൊണ്ടാണ് അർണാബ് തന്റെ മാദ്ധ്യമപ്രവർത്തനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് 1995ൽ എൻഡിടിവിയിൽ ചേർന്നു. 2006ലാണ് അർണാബ് ഗോസ്വാമി ടൈംസ് നൗവിൽ ചേർന്നത്. ന്യൂസ് അവർ ഡിബേറ്റിന്റെ അവതാരകനായതോടെ ചാനലിന്റെ മുഖം തന്നെ അർണാബ് ഗോസ്വാമിയായി. അതി ദേശീയവാദി എന്ന ലേബലിലാണ് അടുത്തിടെ മുതൽ അർണാബ് ഗോസ്വാമി പ്രസിദ്ധിയാർജിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ തന്റെ നിലപാടിനെതിരെ ഉറക്കെ സംസാരിക്കുന്നവരെ ഇറക്കി വിടാനും മടി കാണിക്കാത്തയാളായിരുന്നു അർണാബ്.

ന്യൂസ് അവർ ഡിബേറ്റിൽ പങ്കെടുക്കുന്നവരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള അർണാബിന്റെ അവതരണം തന്നെയാണ് ഏറ്റവും റേറ്റിങ് ഉള്ള പ്രൈം ടൈം പരിപാടിയായി ന്യൂസ് അവർ ഡിബേറ്റിനെ മാറ്റിയത്. ഈ ഗ്ലാമർ പുതിയ ചാനലിന് മുതൽകൂട്ടാകുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ കണക്ക് കൂട്ടൽ. വിജയിച്ചാൽ അത് ബിജെപി ദേശീയ നേതൃത്വവുമായി തന്നെ കൂടുതൽ അടുപ്പിക്കും. ഇതോടെ രാഷ്ട്രീയ മോഹങ്ങൾക്ക് പുതിയ സാധ്യത തുറക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP