Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിസി ജോർജിന്റെ വിശ്വസ്തനായ സെൽവരാജ് മൊബൈൽ ഫോൺ പോലും ഓഫാക്കി എങ്ങോട്ട് പോയി? ആശുപത്രി വിട്ടെന്ന് അധികൃതർ; വിരേന്ദ്രനുമായും രഹസ്യ ചർച്ചകൾ: അവസാന നിമിഷവും അട്ടിമറി ശ്രമം സജീവം;

പിസി ജോർജിന്റെ വിശ്വസ്തനായ സെൽവരാജ് മൊബൈൽ ഫോൺ പോലും ഓഫാക്കി എങ്ങോട്ട് പോയി? ആശുപത്രി വിട്ടെന്ന് അധികൃതർ; വിരേന്ദ്രനുമായും രഹസ്യ ചർച്ചകൾ: അവസാന നിമിഷവും അട്ടിമറി ശ്രമം സജീവം;

ബി രഘുരാജ്‌

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാരെ തെരഞ്ഞെടുക്കാനുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന നിമിഷവും അട്ടിമറി സാധ്യത നിലനിൽക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറമെ എല്ലാം ഭദ്രം എന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോഴും ആശങ്ക ഇല്ലാതില്ല. ചാണക്യനായ പിസി ജോർജ് പുറത്ത് നിൽക്കുന്നത് തന്നെയാണ് ഈ ആശങ്കയുടെ പ്രധാന കാരണം. നെയ്യാറ്റിൻകര എംഎൽഎ സെൽവരാജിനെ ചുറ്റിപ്പറ്റിയായിരുന്നു ഇന്നലെ മുഴുവൻ ചർച്ചകളും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സെൽവരാജ് ആ ന്യായം പറഞ്ഞ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കുമെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.അസംതൃപ്തരായ വിരേന്ദ്രകുമാറിന്റെ ജനതാദളിന്റെ നിലപാടും നിർണ്ണായകമാവും.

ഗണേശ് കുമാറിന്റെ അടക്കം 66 വോട്ട് ഉറപ്പിച്ച പ്രതിപക്ഷത്തിന് നാല് വോട്ടുകൾ കൂടി നേടിയാൽ രണ്ടാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം. ജോർജും സെൽവരാജും കൂടി വോട്ട് ചെയ്താൽ പിന്നെ രണ്ട് വോട്ട് കൂടി മതിയാവും. അതും സംഘടിപ്പിക്കാൻ സാധിക്കുമെന്ന് പിസി ജോർജ് ഇടത് മുന്നണി നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അത് ആരുടെ എന്ന പ്രശ്‌നമാണ് ബാക്കിയാവുന്നത്. പിസി ജോർജ്ജിന്റെ ചരട് വലികളിലൂടെ കോൺഗ്രസിന്റെ ഭാഗമായ എംഎൽഎയാണ് സെൽവരാജ്. നെയ്യാറ്റിൻകരിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് പക്ഷത്ത് എത്തിയ സെൽവരാജ് വി എസ്ഡിപിയുമായി ബന്ധമുള്ള വ്യക്തികൂടിയാണ്. പിസി ജോർജ്ജിനെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്ന വി എസ്ഡിപിയുടെ അടുപ്പക്കാരൻ കൂടിയായ സെൽവരാജിന്റെ മൗനം യുഡിഎഫിനെ വെട്ടിലാക്കുന്നുണ്ട്.

മൂന്ന് ദിവസമായി സെൽവരാജിനെ ആർക്കും ഫോണിൽ കിട്ടുന്നില്ല. മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം എംപിയായ ശശി തരൂർ സെൽവരാജിനെ വീട്ടിൽ ചെന്ന് സന്ദർശിച്ചിരുന്നു. രോഗവിവരങ്ങൾ തിരക്കി മടങ്ങുകയും ചെയ്തു. അതിനപ്പുറം ആർക്കും ഒന്നുമറിയില്ല. ഒന്നരമാസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റ് വിഭാഗത്തിലായിരുന്നു സെൽവരാജിന്റെ ചികിൽസ. രോഗത്തിൽ ആശ്വാസം വന്നതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ നെയ്യാറ്റിൻകര എംഎൽഎ അതിന് ശേഷം പൊതു രംഗത്ത് സജീവമായിട്ടില്ല. പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസമായി ഫോൺ ഓഫ് ചെയ്ത് വയ്‌ക്കേണ്ട സാഹചര്യം ഇതുണ്ടാക്കുന്നില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ സെൽവരാജ് കോൺഗ്രസിനെ വെട്ടിലാക്കുന്നതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെ എത്തി രാജ്യസഭാ തെരഞ്ഞെടുപ്പിൽ സെൽവരാജ് വോട്ട് ചെയ്യുമെന്നാണ് ഇവർ വിശദീകരിക്കുന്നത്. മറ്റ് വിവാദങ്ങളിലേക്ക് കടക്കുന്നുമില്ല. അസുഖമായ ശേഷം സെൽവരാജിനെതിരെ നെയ്യാറ്റിൻകരയിൽ ചില കോൺഗ്രസുകാർ നടത്തിയ പ്രചരണങ്ങളിൽ എംഎൽഎയ്ക്ക് അതൃപ്തിയുണ്ട്. അതുകൂടിയാണ് ഇപ്പോഴത്തെ നിലപാടുകളിൽ സെൽവരാജ് പ്രതിഫലിപ്പിക്കുന്നതെന്നാണ് സൂചന. ഉമ്മൻ ചാണ്ടി സർക്കാരിനെ നിർണ്ണായക ഘട്ടത്തിൽ താങ്ങി നിറുത്തിയ സെൽവരാജിന് അതിന് വേണ്ട പ്രാധാന്യം കോൺഗ്രസ് നൽകുന്നില്ലെന്നും പരാതിയുണ്ട്. എങ്കിലും ചതിവുണ്ടാകില്ലെന്നാണ് ഇവർ നൽകുന്ന സൂചന. പക്ഷേ പിസി ജോർജ്ജുമായുള്ള അടുപ്പം കാരണം ഇത് പൂർണ്ണമായും വിശ്വസിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായിട്ടില്ല. സെൽവരാജ് വന്നില്ലെങ്കിലും യുഡിഎഫുകാർ ജയിക്കുമെന്നാണ് അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് യു. ഡി.എഫിന് രണ്ട് സീറ്റും ഇടതുമുന്നണിക്ക് ഒരു സീറ്റും നേടാനാവും. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ അപ്രതീക്ഷിത വിജയം തന്നാലോയെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി രണ്ടാം സ്ഥാനാർത്ഥിയെ നിറുത്തിയതാണ് മത്സരത്തിനിടയാക്കിയത്. ജയം ഉറപ്പുള്ള സീറ്റുകളിൽ യു.ഡി.എഫ് കോൺഗ്രസിലെ വയലാർ രവിയെയും ലീഗിലെ അബ്ദുൾ വഹാബിനെയും ഇടതുമുന്നണി സിപിഎമ്മിലെ കെ.കെ .രാഗേഷിനേയുമാണ് നിറുത്തിയിട്ടുള്ളത്. സി.പി. ഐയിലെ കെ.രാജനാണ് ഇടത് മുന്നണിയുടെ രണ്ടാം സ്ഥാനാർത്ഥി.

141 അംഗ സഭയിൽ ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധിക്ക് വോട്ടവകാശമില്ല. ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. വോട്ട് ചെയ്യുന്നത് 139 അംഗങ്ങൾ. ഇതിൽ 35 വോട്ട് കിട്ടുന്നയാൾ ജയിക്കും. യു.ഡി.എഫിന് 73ഉം ഇടതുപക്ഷത്തിന് 65ഉം അംഗങ്ങളുണ്ട്. കെ.ബി. ഗണേശ് കുമാറിന്റെ പിന്തുണ കൂടി ലഭിച്ചാൽ പ്രതിപക്ഷ ബലം 66 ആകും. ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ട പി.സി. ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് തന്നെ വോട്ട്‌ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സെൽവരാജിനൊപ്പം പിസി ജോർജ്ജിന്റെ വോട്ടിലും യുഡിഎഫ് പൂർണ്ണമായും പ്രതീക്ഷയർപ്പിക്കുന്നില്ല. ഈ രണ്ട് വോട്ടുകൾ പോയാലും 71 പേർ യുഡിഎഫിലുണ്ട്. എന്നാൽ യുഡിഎഫിനെതിരെ നിലപാട് കടുപ്പിച്ച വീരേന്ദ്ര കുമാറിന്റെ ജനതാദൾ യുണൈറ്റഡിന്റെ രണ്ടംഗങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നത് ശ്രദ്ധേയമാകും. ഈ വോട്ടുകൾ ഇടത് പാളയത്തിലെത്തിക്കാൻ ജോർജ് നീക്കം നടത്തുന്നുണ്ട്. സെൽവരാജും ജനതാദള്ളും കൂറുമാറിയാൽ രണ്ട് ഇടത് സ്ഥാനാർത്ഥികളും ജയിക്കും. അങ്ങനെ വന്നാൽ മന്ത്രിസഭ രാജിവയ്‌ക്കേണ്ട രാഷ്ട്രീയ സാഹചര്യം പോലും ഉണ്ടാകും.

ഇന്ന് രാവിലെ 9മുതൽ 4മണിവരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിയോടെ വോട്ടെണ്ണൽ നടക്കും. അഞ്ചരയ്ക്ക് ഫലപ്രഖ്യാപനമെത്തുന്നത് വരെ രാഷ്ട്രീയ കേരളം മുൾമുനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP