Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോനീമുഖത്തും മലദ്വാരത്തിലും ശരീരമാസകലവും മുറിവുകൾ; ഇരുകാതുകളിലും രക്തം ഉണങ്ങി കട്ടപിടിച്ചിരുന്നു; യുവതിയുടെ ഗർഭപാത്രം ചതഞ്ഞിരുന്നുവെന്നും ഫോറൻസിക് റിപ്പോർട്ട്; എന്നിട്ടും റാന്നി പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം വെറും ആത്മഹത്യയായി; 2015ലെ ദുരൂഹ മരണം വീണ്ടും ചർച്ചയാകുമ്പോൾ

യോനീമുഖത്തും മലദ്വാരത്തിലും ശരീരമാസകലവും മുറിവുകൾ; ഇരുകാതുകളിലും രക്തം ഉണങ്ങി കട്ടപിടിച്ചിരുന്നു; യുവതിയുടെ ഗർഭപാത്രം ചതഞ്ഞിരുന്നുവെന്നും ഫോറൻസിക് റിപ്പോർട്ട്; എന്നിട്ടും റാന്നി പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം വെറും ആത്മഹത്യയായി; 2015ലെ ദുരൂഹ മരണം വീണ്ടും ചർച്ചയാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മൃഗീയമായ ഒരു കൊലപാതകം. അതിനു സാഹചര്യത്തെളിവുകൾ നിരവധി. എന്നിട്ടും, അതു സ്വാഭാവിക മരണമാക്കി മാറ്റാനുള്ള ശ്രമത്തിന് പൊലീസ് കൂട്ടുനിന്നു. ജിഷ്ണു പ്രണോയിയുടെ മരണവും സിഎ വിദ്യാർത്ഥിനി മിഷേലിന്റെ മരണവും വാളയാറിലെ രണ്ട് കുരുന്ന് പെൺകുട്ടികളുടെ ആത്മഹത്യയിലുമെല്ലാം സാധാരണ സംഭവങ്ങളാക്കാൻ പൊലീസ് ശ്രമം നടത്തിയെന്ന വിവാദത്തിന് പിന്നാലെയാണ് റാന്നിയിലെ കള്ളക്കളിയും പുറത്താകുന്നത്. ഇത്തരം ഒത്തുകളികൾ എല്ലാ കാലത്തും പൊലീസിൽ നടക്കാറുണ്ടെന്നാണ് ഈ സംഭവം നൽകുന്ന സൂചന.

റാന്നി പുല്ലൂപ്രം കൃഷ്ണകൃപാ ബാലികാസദനത്തിൽ 2015 ഫെബ്രുവരി അഞ്ചിന് ദുരൂഹസാഹചര്യത്തിൽ മരിച്ച അമ്പിളിയുടെ(18) കേസാണ് പൊലീസ് കൂളായി ഒതുക്കിയത്. പ്രതിക്കൂട്ടിൽ ആയിരിക്കുന്നത് അന്നത്തെ റാന്നി എസ്‌ഐ ലാൽ സി ബേബി, സ്ഥാപനം നടത്തിപ്പുകാർ എന്നിവരാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമ്പിളിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായി പറയുന്നു. എന്നിട്ടും ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കാതെ പൊലീസ് കേസ് ഫയൽ മടക്കി. ആത്മഹത്യയ്ക്കുള്ള വകുപ്പിട്ടാണ് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചത്. സ്വാഭാവിക മരണമാണെന്നും തങ്ങൾക്ക് പരാതിയില്ലെന്നും ബന്ധുക്കളിൽനിന്ന് എഴുതി വാങ്ങിയെന്നും ആരോപണം.

ഇലന്തൂരിലെ ഗവ. കോളജിൽ ബിഎ വിദ്യാർത്ഥിയായിരുന്നു പുതുശേരിമല തേവാരപ്പുര വീട്ടിൽ വൽസലയുടെ മകൾഅമ്പിളി. പിതാവ് മരണപ്പെട്ടതിനാലും വൽസല രോഗബാധിതയായിരുന്നതിനാലും പുല്ലൂപ്രത്തെ ബാലികാ സദനത്തിൽ നിന്നാണ് പഠിച്ചിരുന്നത്. 2015 ഫെബ്രുവരി അഞ്ചിന് രാവിലെ 7.30 ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അമ്പിളി ഛർദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. റാന്നി മേനാന്തോട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകിട്ട് നാലിന് മരിക്കുകയും ചെയ്തു.

അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ കെ. ശശികലയുടെ നിരീക്ഷണങ്ങൾ ഇവയായിരുന്നു. യോനി ഭാഗങ്ങളിൽ മാരകമായ മുറിവുണ്ടായിരുന്നു. ഇരുകാതുകളിലും രക്തം ഉണങ്ങി കട്ടപിടിച്ചിരുന്നു. മലദ്വാരം വികസിച്ചിരുന്നു. ഇതിന് ചുറ്റും മുറിവുണ്ടായിരുന്നു. വലതു കൈവെള്ളയിൽ മൈലാഞ്ചി കൊണ്ട് അച്ചു എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഇടതു കൈവെള്ളയിലും ഇതേ പോലെ എഴുതിയിട്ടുണ്ടെങ്കിലും വായിക്കാൻ സാധിക്കുന്നില്ല. ഇടതു നെഞ്ചിലായി കുത്തിവയ്പ് എടുത്തതിന്റെ പാടുണ്ടായിരുന്നു. ഇടതു കാൽപാദത്തിൽ പൊള്ളലേറ്റിരുന്നു.

ആമാശയത്തിനുള്ളിൽ കറുത്ത നിറത്തിലുള്ള ഗന്ധരഹിതമായ ഒരു ദ്രാവകത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ശരീരമാസകലം നഖം കൊണ്ട് അള്ളിക്കീറിയ മുറിവുകൾ, അങ്ങിങ്ങായി നിരവധി കുത്തിവയ്പ് എടുത്തതിന്റെ പാടുകൾ എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടലുകളിൽ രക്തസാന്നിധ്യം കണ്ടെത്തി. ഗർഭപാത്രത്തിൽ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ഇതിന്റെ ഭാമായി മുറിവും ചതവും രക്തസാന്നിധ്യവും ഗർഭാശയത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വന്നാലുടൻ അന്തിമ റിപ്പോർട്ട് തയാറാകുമെന്നുമാണ് ഫെബ്രുവരി 25 ന് ഡോ. ശശികല പൊലീസിന് നൽകിയ റിപ്പോർട്ടിലുള്ളത്.

ഫോറൻസിക് പരിശോധനാ ഫലം അടങ്ങിയ റിപ്പോർട്ട് ഇപ്പോഴൂം കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷിതമായി ഇരിപ്പുണ്ട്. അത് റാന്നി പൊലീസ് കൈപ്പറ്റിയതായി അറിവില്ല. ഇതു കൂടിയില്ലാതെ പൊലീസ് എങ്ങനെ ആത്മഹത്യയ്ക്ക് കേസെടുത്തുവെന്നതാണ് ദുരൂഹമായി നിലനിൽക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ പ്രകാരം ക്രൂരമായ ശാരീരിക പീഡനം അമ്പിളിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. പൊലീസ് പറയുന്നതു പോലെ ജീവനൊടുക്കിയതാണെങ്കിൽ പോലും അമ്പിളിയുടെ ശരീരത്തിലെ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു.

അമ്പിളിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇലന്തൂർ കോളജിലെ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. എന്നിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ബന്ധുക്കൾ പരാതിയുമായി മുന്നോട്ടു പോകാതിരുന്നതും പൊലീസിന് തുണയായി. എസ്‌ഐയായിരുന്ന ലാൽ സി ബേബിക്കെതിരേ ആണ് കേസൊതുക്കിയെന്ന ആരോപണം ഉയരുന്നത്. ഇദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡുകൾ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളതാണെന്നാണ് പൊലീസ് സേനയിലും ഉള്ള സംസാരം. എന്തായാലും മിഷേലിന്റേത് അടക്കമുള്ള ദുരൂഹമരണം കേരളത്തിന്റെ പിടിച്ചുലയ്ക്കുമ്പോഴാണ് ഒരു ദളിത് പെൺകുട്ടിയുടെ മരണം വാർത്തകളിൽനിന്ന് അകന്നു പോയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP