Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് നേതാവ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഷീനാ ഷൂക്കൂറിന്റെ പദവി തെറിപ്പിക്കാൻ ശ്രമിച്ചതിന്റെ വിദ്വേഷമാണോ? പുതിയ പദവി തേടിയുള്ള എംജി യൂണിവേഴ്‌സിറ്റി പിവിസിയുടെ നീക്കത്തിന് തടയിട്ട ജയകുമാറിനെതിരെ ആരോപണം ഉയർത്തിയത് ലീഗ് നോമിനിയുമായി അടുത്ത ബന്ധമുള്ള യുവജന നേതാവ്

മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് നേതാവ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഷീനാ ഷൂക്കൂറിന്റെ പദവി തെറിപ്പിക്കാൻ ശ്രമിച്ചതിന്റെ വിദ്വേഷമാണോ? പുതിയ പദവി തേടിയുള്ള എംജി യൂണിവേഴ്‌സിറ്റി പിവിസിയുടെ നീക്കത്തിന് തടയിട്ട ജയകുമാറിനെതിരെ ആരോപണം ഉയർത്തിയത് ലീഗ് നോമിനിയുമായി അടുത്ത ബന്ധമുള്ള യുവജന നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലറായ ഷീനാ ഷൂക്കൂർ ഇടത് ഭരണകാലത്ത് പ്രധാന തസ്തികയിൽ എത്താനായി ചരടുവലികൾ സജീവമാക്കിയിരുന്നു. ഇസ്ലാമിക ബാങ്കിന്റെ തലപ്പത്ത് എത്തുകയെന്ന ലക്ഷ്യവുമായി ചില നീക്കവും നടത്തി. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രവാസി മലയാളി വ്യവസായിയായ എംഎ യൂസഫലിയുടെ പിന്തുണയോടെ നടത്തുന്ന നീക്കങ്ങൾ മറുനാടൻ മലയാളി വാർത്തയാക്കി. ഇതോടെ ഷീനാ ഷുക്കൂറിന് നിർണ്ണായക പദവികൾ കൊടുക്കുന്നതിനെതിരെ എതിർപ്പുമെത്തി. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേഷ്ടാവുമായ എൻ.കെ. ജയകുമാർ ഷീനാ ഷൂക്കൂറിന് പദവി കൊടുക്കുന്നതിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും സൂചനകളെത്തി. ഷീനാ ഷുക്കൂറിന്റെ പദവിയിൽ കരുതലോടെ മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയും ചെയ്തു.

ഇതിന് പിന്നിൽ എൻകെ ജയകുമാറെന്ന് വ്യക്തമായതോടെ കടന്നാക്രമണം നടത്തുകയാണ് യൂത്ത് ലീഗ്. നിയമസർവകലാശാല വൈസ് ചാൻസലർ ആയിരിക്കെ ജയകുമാർ നിർമ്മാണകമ്പനിക്ക് 3.90 കോടി രൂപ അനധികൃതമായി നൽകിയെന്ന് യൂത്ത് ലീഗ് ആരോപണം പ്രതികാരം തീർക്കലാണെന്നാണ് ആക്ഷേപം. ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടാൽ ജയകുമാറിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പദവി ഒഴിയേണ്ടി വരും. ഇതോടെ ഷീനാ ഷൂക്കൂറിന് പുതിയ പദവിയിലേക്ക് എത്താൻ എളുപ്പത്തിൽ കഴിയുമെന്നാണ് വിലയിരുത്തൽ. അഴിമതിക്കെതിരെ വീരവാദം നടത്തുന്ന മുഖ്യമന്ത്രി അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നിയമോപദേഷ്ടാവാക്കി സംരക്ഷിക്കുകയാണെന്ന ലീഗിന്റെ ആരോപണം ഈ ലക്ഷ്യത്തോടെയുള്ളതാണ്. തങ്ങളുടെ കയ്യിലുള്ള രേഖകൾ സഹിതം വിജിലൻസിന് പരാതി നല്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പെട്ടെന്ന് ആരോപണവുമായി ഫിറോസ് എത്തിയതിന് പിന്നിൽ ഷീനാ ഷൂക്കൂറാണെന്നാണ് വിലയിരുത്തൽ. ഫിറോസും ഷീനാ ഷുക്കൂറിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നേതാവ് ആരോപണം ഉന്നയിച്ച് ജയകുമാറിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നത്. തന്റെ പദവികൾക്ക് പാരവച്ച ജയകുമാറിനോടുള്ള ഷീനാ ഷൂക്കൂറിന്റെ പകവീട്ടലാണ് ഇതെന്ന് വ്യക്തമാക്കുന്ന സൂചനകൾ മറുനാടന് കിട്ടി. ഷീനാ ഷുക്കൂറും കുടുംബവും ഫിറോസും കുടുംബവും ഒരുമിച്ച് ഉല്ലാസ യാത്ര പോയതിന്റെ ചിത്രങ്ങളും തെളിവായി മറുനാടന് ലഭിച്ചു. ഈ ബന്ധമാണ് ജയകുമാറിനെതിരെ ആരോപണം ഉന്നയിക്കാൻ ലീഗ് നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

നിയമസർവകലാശാല വൈസ് ചാൻസലർ ആയിരിക്കെ ജയകുമാർ നിർമ്മാണകമ്പനിക്ക് 3.90 കോടി രൂപ അനധികൃതമായി നൽകിയെന്നാണ് ഉയരുന്ന ആക്ഷേപം. ഡൽഹി ആസ്ഥാനമായ എച്ച്.പി.എൽ. കമ്പനിയാണ് സർവകലാശാലയിലെ നിർമ്മാണം നടത്തിയത്. കരാർ പ്രകാരം 29 കോടി രൂപയാണ് നല്കിയതെങ്കിലും അതിൽ 3.90 കോടിയും അനധികൃതമായിരുന്നു. നിർമ്മാണങ്ങളിൽ വ്യാപക അഴിമതിയുണ്ടെന്ന് സർവകലാശാല നടത്തിയ രണ്ട് ഓഡിറ്റുകളിലും കണ്ടെത്തിയതായി ഫിറോസ് പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ 2014 ഒക്ടോബറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തും നൽകിയെന്നാണ് ആരോപണം. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു തെളിവും ജയകുമാറിനെതിരെ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജയകുമാറിനെ മുഖ്യമന്ത്രി സുപ്രധാന പദവി ഏൽപ്പിച്ചത്.


ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് ജയകുമാറിനെതിരെ പരാതി നൽകിയത് ഷീനാ ഷൂക്കൂറാണെന്നതാണ് മറ്റൊരു വസ്തു. അതുകൊണ്ട് തന്നെ ഷീനാ ഷുക്കൂറിനോട് ജയകുമാറിന് താൽപ്പര്യക്കുറവുമുണ്ട്. കണ്ണൂർ സർവ്വകലാശാലയിലെ അദ്ധ്യാപക പദവയിൽ നിന്നാണ് ലീഗ് നോമിനിയായി ഷീനാ ഷുക്കൂർ എംജി സർവ്വകലാശാലയിൽ പിവിസി ആയി എത്തിയത്. ഇടക്കാലം കൊണ്ട് വൈസ് ചാൻസലറുടെ ചുമതലയും വഹിച്ചിരുന്നതാൽ കൽപ്പിത സർവകലാശലായുടെ ചുമതലയും ഷീന ഷുക്കുറിനായിരുന്നു. ഈ വരുന്ന ഏപ്രിലിൽ കാലാവധി കഴിയുകയും ചെയ്യും. ഇതോടെ തിരികെ കണ്ണൂർ സർവ്വകലാശാലയിലേക്ക് മടങ്ങണം. അതായത് പിവിസി പദവിയിൽ നിന്ന് ക്ലാസ് റൂമിലേക്ക്. ഇതൊഴിവാക്കാനാണ് മറ്റൊരു പദവി തേടി ഷീനാ ഷൂക്കൂറെത്തിയത്. പൊലീസ് സർവ്വകലാശാലയിൽ ഉന്നത പദവിയും ലക്ഷ്യമുണ്ട്. എന്നാൽ ജയകുമാർ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളിടത്തോളം കാലം തനിക്ക് ഒരു പദവിയും കിട്ടില്ലെന്ന് ഷീനാ ഷു്ക്കൂറും തിരിച്ചറിയുന്നു. അതുകൊണ്ടാണ് അടുത്ത ബന്ധമുള്ള ലീഗ് നേതാവിനെ ഇറക്കി ജയകുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉയർത്തിയത്.

 

ലീഗ് നേതാവിന്റെ ആരോപണങ്ങൾ അഴിമതിക്കെതിരെയുള്ള ധീര നിലപാടാണെന്ന് കാട്ടി ഷീനാ ഷുക്കൂറിന്റെ ഭർത്താവ് ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു. ആരോപണങ്ങൾക്ക് പിന്നിൽ ഷീനാ ഷുക്കൂറിന്റെ ഇടപെടലിന് വ്യക്തമായ തെളിവായി ഈ എഫ് ബി പോസ്റ്റും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്‌സിറ്റി പ്രോ വിസിഐയായി മാറിയ ഷീന ഷുക്കൂർ എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങൾ മുമ്പ് വിവാദമായിരുന്നു. പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ തന്നെ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരമാർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദവും ആരും മറക്കില്ല. വ്യാജ പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഏറെ ചർച്ചയായി. ഇതിനിടെയാണ് പിണറായി സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക ബാങ്കിന്റെ കേരള തലവനായി ലീഗ് നേതാവുകൂടിയായ ഷുക്കൂറിന്റെ ഭാര്യ ഷീനയെ തെരഞ്ഞെടുക്കാൻ അണിയറ നീക്കം സജീവമായത്. മുഖ്യമന്ത്രിയുമായി ഷീന ഷുക്കൂർ ഏതാണ്ട് ഒരു മണിക്കൂറോളം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന സമയത്ത് വ്യവസായിയായ എം എ യൂസഫലിയാണ് ഷീനയുടെ പേര് നിർദ്ദേശിച്ചതെന്നും വ്യക്തമായിട്ടുണ്ട്. യൂസഫലിയുടെ ശുപാർശ ലഭിച്ചതോടെ രാഷ്ട്രീയ പരിഗണനകൾ നോക്കാതെ തന്നെ ഷീന ഷുക്കൂറിന്റെ നിയമനം സർക്കാർ ഗൗരവമായി കാണുകയായിരുന്നു. ദുബായിൽ നിന്നും എത്തിയ പിണറായി വിജയനെ യൂസഫലിയുടെ നിർദ്ദേശ പ്രകാരം പോയി കണ്ട ഷീന ഷുക്കൂറിന് മുഖ്യമന്ത്രി തന്നെ പദവി ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ജയകുമാറിന്റെ ഇടപെടൽ എത്തിയത്. ഇതോടെ ഷീനാ ഷുക്കൂറിന്റെ സാധ്യത മങ്ങി. ഈ സാഹചര്യത്തിലാണ് ജയകുമാറിനെതിരെ ആരോപണം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP