Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാനിപ്പിക്കേണ്ടത് പത്തുമണിക്കൂർ ജോലി ചെയ്ത ശേഷം 16 മണിക്കൂറിന്റെ ശമ്പളം വാങ്ങുന്ന കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും ഡബിൾ ഡ്യൂട്ടി; ഇപ്പോഴത്തെ നീക്കം രാജമാണിക്യത്തിനെതിരെ തൊഴിലാളികളെ തിരിക്കാൻ ചിലർ നടത്തിയ ഗൂഢാലോചനയെന്നും ആരോപണം; രണ്ടുദിവസത്തെ സമരംകൊണ്ട് സ്വകാര്യ ബസുടമകൾ അധികമായി സമ്പാദിച്ചത് 40 കോടി

അവസാനിപ്പിക്കേണ്ടത് പത്തുമണിക്കൂർ ജോലി ചെയ്ത ശേഷം 16 മണിക്കൂറിന്റെ ശമ്പളം വാങ്ങുന്ന കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും ഡബിൾ ഡ്യൂട്ടി; ഇപ്പോഴത്തെ നീക്കം രാജമാണിക്യത്തിനെതിരെ തൊഴിലാളികളെ തിരിക്കാൻ ചിലർ നടത്തിയ ഗൂഢാലോചനയെന്നും ആരോപണം; രണ്ടുദിവസത്തെ സമരംകൊണ്ട് സ്വകാര്യ ബസുടമകൾ അധികമായി സമ്പാദിച്ചത് 40 കോടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് കെഎസ്ആർടിസി എത്തിനിൽക്കെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ എംഡി രാജമാണിക്യം കടുത്ത നടപടികളിലേക്ക് നീങ്ങുകയും പുതിയ മന്ത്രിയായി ചുമതലയേറ്റ തോമസ് ചാണ്ടി അതിന് പിന്തുണ നൽകുകയും ചെയ്യുന്നതിനിടെ ഇത് അട്ടിമറിക്കാൻ അണിയറയിൽ ഗൂഢാലോചനകളും തുടങ്ങി. ഇതിന്റെ ഭാഗമായി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയായിരുന്നു ചിലരെന്നാണ് സൂചനകൾ.

മെക്കാനിക്കൽ ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടി ആക്കി മാറ്റിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാർ നടത്തിയ സമരകാലത്ത് നിരവധി ഷെഡ്യൂളുകൾ മുടങ്ങിയതോടെ രണ്ടുദിവസം കൊണ്ട് 40 കോടി രൂപ സ്വകാര്യ ബസ്സുകാർ അധികമായി സമ്പാദിച്ചുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇക്കാലത്ത് കെഎസ്ആർടിസി തയ്യാറാക്കിയ ഷെഡ്യൂളുകളിൽ ബഹുഭൂരിപക്ഷവും 6000 മുതൽ 8000 രൂപ വരെ കളക്ഷനുള്ള ഓർഡിനറികളായിരുന്നു. റദ്ദാക്കിയതാവട്ടെ 15000 മുതൽ 25000 വരെ കളക്ഷനുള്ള ദീർഘദൂര സർവ്വീസുകളും. ഇതിന്റെ ലാഭം സ്വകാര്യന്മാർ കൊണ്ടുപോയി.

ഇതിനിടെ മെക്കാനിക്കൽ ജീവനക്കാരുടെ ഡ്യൂട്ടി സമ്പ്രദായം ഡബിൾ ഡ്യൂട്ടിയിൽ നിന്നും സിംഗിൾ ഡ്യൂട്ടി ആക്കിയതു കൊണ്ട് കോർപ്പറേഷന് നേട്ടമൊന്നുമില്ലെന്ന വാദവും ശക്തമാകുന്നുണ്ട്. മെക്കാനിക്കൽ ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടിയിൽ അവർ 16 മണിക്കൂറും തൊഴിലെടുക്കുന്നുണ്ട്. ഡബിൾ ഡ്യൂട്ടികളിൽ തൊഴിലെടുക്കാത്തത് ഡ്രൈവർമാരും കണ്ടക്ടർമാരും ആണ്. വിവിധ സ്ഥലങ്ങളിലേക്കു നടത്തുന്ന സർവ്വീസുകളെ അടിസ്ഥാനമാക്കിയാണ് ഓപ്പറേറ്റിങ് വിങ്ങിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഡ്യൂട്ടി നിശ്ചയിക്കുന്നത്.

മിക്ക റൂട്ടുകളിലും ഷെഡ്യൂളുകളിലും ശരാശരി ഓട്ട സമയം 8 മണിക്കൂറിനും 16 മണിക്കൂറിനും ഇടയിലായിരിക്കും. അങ്ങനെ വരുമ്പോൾ 10 മണിക്കൂർ ഓട്ട സമയം ഉള്ള ഒരു ഷെഡ്യൂളിന് 8 മണിക്കൂറിൽ കൂടിയ ഡ്യൂട്ടി ഉള്ളതിനാൽ 2 ഡ്യൂട്ടി നൽകിയിരുന്നു ഇത് പുതിയ സംവിധാനത്തിൽ 8 മണിക്കൂറിന് ഒരു ഡ്യൂട്ടിക്ക് പിന്നെയുള്ള 2 മണിക്കൂർ ഡ്യൂട്ടിക്ക് 2 മണിക്കൂർ സമയത്തെ ശമ്പളം നൽകാനാണ് പുതിയ നിർദ്ദേശം. ഇങ്ങനെ ഒറ്റ ഷെഡ്യൂളിൽ തന്നെ 6 മണിക്കൂർ ഡ്യൂട്ടി ശമ്പളം ലാഭിക്കാം. സത്യത്തിൽ സിംഗിൾ ഡ്യൂട്ടി സംവിധാനത്തിലൂടെ കെഎസ്ആർടിസിക്ക് അധിക ചെലവ് കുറയ്ക്കാവുന്നത് ഡ്രൈവർമാരുടെയും കണ്ടക്ടറ്മാരുടെയും ഡ്യൂട്ടിയിൽ മാത്രമാണ്.

ഇതറിഞ്ഞു കൊണ്ടു തന്നെ ഓപ്പറേറ്റിങ് വിഭാഗത്തിൽ ആദ്യം നടപ്പിലാക്കേണ്ട സിംഗിൾ ഡ്യൂട്ടി സംവിധാനം മെക്കാനിക്കൽ വിഭാഗത്തിൽ നടപ്പിലാക്കിയത് ചർച്ചയാവുകയാണ്. ഇത് മാനേജിങ് ഡയറക്ടർക്കെതിരെ തൊഴിലാളികളെ തിരിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതോടെയാണ് സമരം തുടങ്ങിയത്. 2017 മാർച്ച് മാസത്തിലെ ഡയറക്ടർ ബോർഡ് യോഗത്തിൽ നിശ്ചിത മാനദണ്ഡങ്ങളില്ലാതെയും സർക്കാർ ചട്ടങ്ങൾ പാലിക്കാതെയും ഇത്തരമൊരു തീരുമാനമെടുക്കുകയായിരുന്നു.

നിയമ വിരുദ്ധമായി എക്‌സിക്യുട്ടീവ് ഡയറക്ടർമാരായി സ്ഥാന കയറ്റം നേടിയ ഷറഫ് മുഹമ്മദ്, സുകുമാരൻ, ശ്രീകുമാർ, അനിൽകുമാർ എന്നിവർ ഒന്നു ചേർന്നാണ് അവരെ തരംതാഴ്‌ത്തിയ മാനേജിങ് ഡയറക്ടർക്കെതിരെ തൊഴിലാളികളെ തിരിക്കാനായി ഈ ഡ്യൂട്ടി പരിഷ്‌കരണം കൊണ്ടുവന്നതെന്നാണ് ആക്ഷേപം.

മെക്കാനിക്കൽ വിഭാഗക്കാരുടെ ഡ്യൂട്ടി പരിഷ്‌കരിക്കാതെ തന്നെ കൂടുതൽ ജീവനക്കാരെ രാത്രി ഷിഫ്റ്റിലേക്കു മാറ്റി കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ ആകുമായിരുന്നു. അതുപോലെ തന്നെ വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്ന സമയ പരിധിയിൽ തന്നെ കെഎസ്ആർടിസി വർക്ക് ഷോപ്പുകളിലും ജോലികൾ പൂർത്തിയാക്കുന്നു എന്നുറപ്പുവരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. ഒരു കെഎസ്ആർടിസി ബസിലെ സ്പ്രിങ് സെറ്റ് മാറ്റിയിടാൻ ഒരു ദിവസമെടുക്കുമ്പോൾ സ്വകാര്യ വർക്കുഷോപ്പിൽ അത് ഒരു മണിക്കൂർ മാത്രമാണ്.

സ്പ്രിങ് മാറ്റാൻ ഒരു മണിക്കൂറിന് പകരം ഒരു ദിവസമെടുത്താൽ

ദൈനംദിന അറ്റകുറ്റപണികൾ മാത്രം കെഎസ്ആർടിസി വർക്കു ഷോപ്പുകളിൽ മിനിമം ജീവനക്കാരെ വച്ചു നടത്തുകയും മേജർ റിപ്പയറിംഗും പെയിന്റിങ്ങും അടക്കമുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വർക്കുകൾ കരാർ അടിസ്ഥാനത്തിൽ കെഎസ്ആർടിസിൽ ഉള്ളതിനേക്കാൾ മൂന്നിലൊന്നു നിരക്കിൽ കമ്പനി വർക്കു ഷോപ്പുകളിൽ നടത്തുകയും ചെയ്യാം എന്ന നിർദ്ദേശവും ഉയരുന്നുണ്ട്. ഇതോടെ വർക്ക് ഷോപ്പ് ചിലവുകളിൽ പകുതിയിലധികം ലാഭമുണ്ടാക്കാനാകും. ഇതൊന്നും ചെയ്യാതെ അശാസ്ത്രീയമായി മെക്കാനിക്ക്ൽ ജീവനക്കാരുടെ ഡ്യൂട്ടി സമയം പരിഷ്‌കരിക്കാൻ നിർബന്ധ ബുദ്ധികാട്ടിയത് പോളിടെക്‌നിക്ക് വിദ്യാഭ്യാസം മാത്രമുള്ള ചിലരാണ്.

ഇവരാകട്ടെ സെൻകുമാർ എംഡി ആയിരുന്ന കാലഘട്ടത്തിൽ കഴിവില്ലാത്തതിന്റെ പേരിൽ പിരിച്ചുവിടണമെന്ന് നിർദ്ദേശിക്കപ്പെട്ടവരുമാണ്. എന്നിട്ടും കോർപ്പറേഷനിൽ സ്വാധീനംവച്ച് കടിച്ചുതൂങ്ങുന്ന ഇവരുടെ നിർദ്ദേശങ്ങളാണ് ഇപ്പോൾ കോർപ്പറേഷനെ രക്ഷിക്കാനുള്ള ശ്രമത്തിന് വിലങ്ങുതടി ആവുന്നത്. നിലവിലെ മെക്കാനിക്കൽ ഡയറക്ടറായ സുകുമാരനും അദ്ദേഹത്തിനു പിന്തുണയായി നിൽക്കുന്ന ഓപ്പറേഷൻസ് മേധാവി അനിൽ കുമാറിനും എതിരെയാണ് ഇക്കാര്യങ്ങളിൽ ആരോപണം ഉയരുന്നത്. ഡ്രൈവർ കണ്ടക്ടർ അടക്കം ഓപ്പറേഷൻഡസ് ഡ്യൂട്ടി പരിഷ്‌കരണത്തിനു വിലങ്ങു തടിയിടാനായിരുന്നു അനിൽകുമാറും സുകുമാരന്റെ പക്ഷത്തു ചേർന്നത് എന്ന ആക്ഷേപവും ശക്തമാണ്.

ഏറ്റവും കൂടുതൽ ക്യാൻസലേഷൻ ഉള്ള കെഎസ്ആർടിസിയിൽ അതിനു കാരണക്കാരൻ മെക്കാനിക്കൽ ടെക്‌നിക്കൽ വിഭാഗ മേധാവിയായ സുകുമാരനാണെന്നും ആകെയുള്ള ബസുകളിൽ 20% വർക്കു ഷോപ്പിൽ കിടക്കുന്നതിന്റെ കാരണക്കാരനും സുകുമാരൻ തന്നെയാണെന്ന് അടുത്ത നാളിൽ നടന്ന അവലോകന യോഗത്തിൽ രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ആർടിസി മുൻ മാനേജിങ് ഡയറക്ടർ ആന്റണി ചാക്കോ ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്നതിനെതിരെ ചില പത്രങ്ങളിലും ഫേസ്‌ബുക്കിലും വ്യാജ പ്രചാരണങ്ങൾ നടത്തിയത് ഓപ്പറേഷൻസ് വിഭാഗം മേധാവി അനിൽ കുമാറിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരാണെന്ന് ഗതാഗത മന്ത്രി തന്നെ കണ്ടെത്തിയിരുന്നു.

മുൻ കൊല്ലം എംഡിയായിരുന്ന പീതാബരകുറിപ്പിന്റെ അടുത്ത ബന്ധുവായ ഓപ്പറേഷൻസ് മേധാവി അനിൽ കുമാറിന്റെ കാര്യക്ഷമതയിലും കഴിവിലും ഗതാഗത മന്ത്രി തന്നെ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. 3 അവധി ദിവസങ്ങൾ കഴിഞ്ഞ് മെയ് മാസത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കാൻ സാധ്യതയുള്ള ദിവസമായ മെയ്‌ 2 ന് തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ദീർഘദൂര സർവ്വീസുകൾ അലങ്കോലപ്പെട്ടതിനു പിന്നിൽ സുകുമാരന്റെയും അനിൽകുമാറിന്റെയും കരങ്ങളാണെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

സമര ദിവസങ്ങളിൽ തലേ ദിവസം രാത്രി തന്നെ കെഎസ്ആർടിസി ഡിപ്പോകളിൽ താമസിച്ച് ഷെഡ്യൂളുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ മുൻകരുതൽ എടുക്കേണ്ട ഡിപ്പോ അധികാരിയായ ഡി.റ്റി.ഒ/ എ.റ്റി.ഒയും ഡിപ്പോ എൻജിനീയറും ഇന്നലെ വിവിധ യൂണിറ്റുകളിൽ ഡ്യൂട്ടിക്കെത്തിയത് രാവിലെ 9 മണിക്കു മാത്രമായിരുന്നു. അതുകൊണ്ടാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകളിൽ ബഹു ഭൂരുപക്ഷവും കളക്ഷനില്ലാത്ത ഓർഡിനറി സർവ്വീസുകളായത്.

മിനിസ്റ്റീരിയൽ വിഭാഗത്തിലും നിയന്ത്രണം ഉണ്ടാവണം

ഓപ്പറേറ്റിങ് വിഭാഗത്തേക്കാൾ കുറഞ്ഞ അധ്വാന ഭാരമാണ് മിനിസ്റ്റീരിയൽ വിഭാഗത്തിനെന്നും അവരുടെ ഡ്യൂട്ടി പാറ്റേണും പരിഷ്‌ക്കരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വലിയൊരു വിഭാഗം ജീവനക്കാർ പരിഷ്‌കരണത്തിലൂടെ കെഎസ്ആർടിസിയെ രക്ഷിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഈ സാഹചര്യം അട്ടിമറിക്കാനാണ് ചിലർ ബോധപൂർവം തെറ്റിദ്ധാരണയുണ്ടാക്കുന്നത് എന്നാണ് സൂചനകൾ.

ടിക്കറ്റ് മെഷീൻ വന്ന ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന്റെ ജോലി പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഏറെക്കാലമായി ഇതാണ് സ്ഥിതി. നിലവിലുള്ള ജീവനക്കാരുടെ പകുതി പോലും ഇപ്പോൾ ആവശ്യമില്ലെന്ന് ജീവനക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഒരു വ്യവസായ സ്ഥാപനമായ കെഎസ്ആർടിസിയിലെ 8 മണിക്കൂർ ഡ്യൂട്ടി മിനിസ്റ്റീരിയൽ വിഭാഗത്തിലും അടിയന്തിരമായി നടപ്പിലാക്കണമെന്നും അവരുടെ പ്രവർത്തി സമയം 9 മണി മുതൽ 5 മണി വരെ 8 മണിക്കൂറാക്കി നിജപ്പെടുത്തണമെന്നും നിർദ്ദേശം ഉയർന്നുകഴിഞ്ഞു. രണ്ടാം ശനി അടക്കം നിരവധി അവധി ദിവസങ്ങൾ ഒഴിവാക്കണമെന്നും ഓപ്പറേറ്റിങ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ ഭൂരിപക്ഷം തൊഴിലാളികളും ആവശ്യപ്പെടുന്നു.

സംഘടനകളും സഹകരിച്ചാലേ സ്ഥാപനം രക്ഷപ്പെടൂ

കെഎസ്ആർടിസിയിലെ പ്രതിസന്ധി ഒരു മന്ത്രിക്കോ മന്ത്രിസഭാ ഉപസമിതിക്കോ സംയുക്ത ചർച്ചകൾക്കോ പരിഹരിക്കാൻ സാധിക്കുന്ന വിഷയമല്ല. ട്രാൻസ്‌പോർട്ട് വ്യവസായ നടത്തിപ്പിനെപ്പറ്റി അറിയാത്തവർ ആരും തൊഴിലാളി യൂണിയനുകളിലും കെഎസ്ആർടിസി ഡയറക്ടർ ബോർഡിലും കെഎസ്ആർടിസിയുടെ ഉന്നത മാനേജ്‌മെന്റിലും ഇല്ല എന്നല്ല കെഎസ്ആർടിസി പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

75% ജീവനക്കാരും കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത സംഘടനാ അംഗങ്ങളാണ്. 2016 ൽ നടന്ന റഫറണ്ടത്തിൽ പങ്കെടുത്ത 38143 ജീവനക്കാർ 18508 പേർ സിഐറ്റിയു നേതൃത്വത്തിലുള്ള സംഘടനയിലും (48.5%) 10302 പേർ കോൺഗ്രസ് അനുകൂല സംഘടനയിലും (27%) ആണ് വോട്ടു രേഖപ്പെടുത്തിയത്. സിപിഐ സംഘാടനയായ എഐറ്റിയുസിക്ക് കിട്ടിയത് കേവലം 3666 വോട്ടുകളും (9. 5%) ബിജെപി സംഘടനയായ ബിഎംഎസിനു കിട്ടിയത് 3168 വോട്ടുകളും (2. 3%) ആണ്.

ഇവർക്കൊന്നും നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസിയെ ലാഭത്തിൽ പ്രവർത്തിപ്പിക്കാനുള്ള നിർദ്ദേശങ്ങളില്ല. അതുകൊണ്ടു തന്നെ 1947 ലെ വ്യവസായ തർക്ക നിയമത്തിലെ 10 എ വകുപ്പു പ്രകാരം കെഎസ്ആർടിസിയിലെ പ്രതിസന്ധി ഒരു വ്യവസായ തർക്ക ആർബിട്രേഷനു വിടണമെന്നാണ് ഭൂരിപക്ഷം തൊഴിലാളികളുടെയും അഭിപ്രായം. കെഎസ്ആർടിസി അവസാനമായി വ്യവസായ തർക്ക ആർബിട്രേഷൻ നടന്നത് 1981 ൽ എ. കുഞ്ഞുകൃഷ്ണപിള്ള ചെയർമാനായിരുന്ന സംസ്ഥാനതല ആർബിട്രേഷൻ ബോർഡിലാണ്. ഇന്നത്തെ ഡ്യൂട്ടി പാറ്റേൺ അടക്കം നിരവധി വിഷയങ്ങളിൽ നിരവധി യൂണിയനുകൾ നൽകിയ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് കുഞ്ഞുകൃഷ്ണപിള്ള കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. കെഎസ്ആർടിസിയിലെ 30 യൂണിയനുകളായിരുന്നു അന്ന് കമ്മീഷന് തെളിവെടുപ്പ് നൽകിയത്.

അന്ന് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായത് എറണാകുളത്തെ മേനോൻ ആൻഡ് പൈ എന്ന അഭിഭാഷക സ്ഥാപനത്തിലെ അഡ്വക്കേറ്റായിരുന്നു. താൽക്കാലിക ലാഭത്തിനായി യൂണിയനുകൾ അന്നു നിർത്തിയതും കമ്മീഷൻ റിപ്പോർട്ടിൽ സ്ഥാനം പിടിച്ചതുമായ നിരവധി വിവാദ നിർദ്ദേശങ്ങളാണ് പിന്നീട് കെഎസ്ആർടിസിയെ കടക്കെണിയിലാക്കിയത്.

അതിനാൽ കുഞ്ഞുകൃഷ്ണ പിള്ള കമ്മീഷൻ അടിസ്ഥാനമാക്കി പുതിയൊരു വ്യവസായ തർക്ക കമ്മീഷൻ രൂപീകരിച്ച് കെഎസ്ആർടിസിയെ സംബന്ധിച്ച സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കണമെന്നും അതിൽ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ കൂടി സ്വീകരിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ കൂട്ടായ്മ ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യാത്രക്കാരെ പെരുവഴിയിലാക്കി ഇന്നത്തെ പോലുള്ള സമര ദിവസങ്ങളിൽ കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം നൽകരുതെന്നും ആവശ്യം ശക്തമാണ്. ഇതുപോലെ യൂണിയനിൽ പണിയെടുക്കുമ്പോൾ പിന്നീട് അത് ശമ്പളത്തോടു കൂടിയ അവധിയായി മാറുന്നു ഇങ്ങനെ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടന്ന വിവിധ സമര ദിവസങ്ങളിലെ ശമ്പളം ജീവനക്കാരിൽ നിന്നും പിരിയിച്ചവരിൽ നിന്നും ഉ്ൾപ്പെടെ തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP