Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎസുകാരുടെ ചേരിപ്പോരിൽ കയ്പുനീർ കുടിച്ച രാഹുൽ ആർ.നായർക്ക് ആശ്വസിക്കാം; ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവില്ല; വിൻസൻ എം പോൾ കേസെടുക്കാൻ ശുപാർശ ചെയ്ത പത്തനംതിട്ട മുൻ എസ്‌പി നിരപരാധിയെന്ന് വിജിലൻസ് റിപ്പോർട്ട്; മാധ്യമങ്ങൾ കൊട്ടിഘോഷിച്ച കേസ് കേരളപൊലീസ് ചരിത്രത്തിലെ നാണംകെട്ട ഏട്

ഐപിഎസുകാരുടെ ചേരിപ്പോരിൽ കയ്പുനീർ കുടിച്ച രാഹുൽ ആർ.നായർക്ക് ആശ്വസിക്കാം; ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവില്ല; വിൻസൻ എം പോൾ കേസെടുക്കാൻ ശുപാർശ ചെയ്ത പത്തനംതിട്ട മുൻ എസ്‌പി നിരപരാധിയെന്ന് വിജിലൻസ് റിപ്പോർട്ട്; മാധ്യമങ്ങൾ കൊട്ടിഘോഷിച്ച കേസ് കേരളപൊലീസ് ചരിത്രത്തിലെ നാണംകെട്ട ഏട്

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ് പി രാഹുൽ ആർ നായർ ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. രാഹുൽ.ആർ.നായർ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.നിരവധി ആളുകളിൽ നിന്ന് മൊഴിയെടുത്തെങ്കിലും അഴിമതി കാട്ടിയതിന് തെളിവ് ലഭിച്ചില്ല.അന്വേഷണത്തിൽ മുൻ എസ്‌പി നിരപരാധിയാണെന്ന് തെളിഞ്ഞതായി എറണാകുളം സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2014 ജൂണിലാണ് രാഹുൽ ആർ.നായർക്കെതിരെ ആരോപണമുണ്ടായത്. പത്തനംതിട്ടയിലെ ഒരു പ്രമുഖ ക്രഷർ ക്വാറി ഉടമ പുല്ലാട്ടെ ഒരു യൂണിറ്റ് തുറക്കാൻ എസ്‌പിക്ക് 17 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതി നൽകിയത്. ഇടനിലക്കാരൻ മുഖേനയാണ് എസ്‌പി പണം ആവശ്യപ്പെട്ടത്. ഇതു കൈമാറുകയും ചെയ്തതായി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്വാറി ഉടമ പരാതി നൽകിയത്.

കേസിൽ പ്രാഥമികാന്വേഷണം നടത്തിയ മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം.പോൾ ആരോപണത്തിൽ കഴമ്പുണ്ടെന്നും അതിനാൽ രാഹുൽ ആർ. നായർക്കെതിരെ കേസെടുക്കണമെന്നും സർക്കാരിനോട് ശുപാർശ ചെയ്തു.രാഹുൽ ആർ.നായർ എസ്‌പി ആയതിനുശേഷം പത്തനംതിട്ടയിലെ പാറമടകളും ക്വാറികളും വ്യാപകമായി പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുണ്ടാകുന്ന നടപടികൾ എസ്‌പി പണത്തിനുവേണ്ടി നടത്തിയതാണെന്ന പരാതിയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എസ്‌പിയെ കുടുക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. തുടർന്നാണ് അന്വേഷണം വിജിലൻസിനു കൈമാറിയത്.

ആരോപണത്തെ തുടർന്നു പത്തനംതിട്ടയിൽ നിന്നു സ്ഥലംമാറ്റിയ രാഹുൽ ആർ.നായർക്കെതിരെ നടപടി വേണമെന്ന് ഡിജിപി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇന്റലിജൻസ് എഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിശദമായ അന്വേഷണം സംഭവത്തിലുണ്ടാകണമെന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ സംഭവം അന്വേഷിച്ചത്.

ആരോപണ വിധേയനായ മുൻ എസ്‌പി, ആക്ഷേപം തള്ളുകയും ഡിജിപി ആർ.ശ്രീലേഖ, ഐജി മനോജ് ഏബ്രഹാം എന്നിവർക്കെതിരെ മൊഴി നൽകുകയും ചെയ്തു. പത്തനംതിട്ടയിൽ മുമ്പ് എസ്‌പിമാരായിരുന്ന ഇരുവരും പാറമട, ക്രഷർ ഉടമകളുമായി ബന്ധമുള്ളവരാണെന്നായിരുന്നു ആക്ഷേപം. നിയമവിരുദ്ധ നടപടികളുടെ പേരിൽ താൻ പൂട്ടിച്ച ക്രഷറുകൾ തുറക്കാൻ ഇവർ ഇടപെട്ടതായും രാഹുൽ പരാതിപ്പെട്ടു. ഇതനുസരിച്ച് ഇരുവരുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. ഇവർ ഇതു നിഷേധിച്ചെങ്കിലും ചില ക്രഷറുകളും തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ നേരത്തെയും ആരോപണ വിധേയമായിരുന്നു. ആരോപണ വിധേയനായ ഒരാൾ നടപടിയിൽ നിന്നു രക്ഷപെടാൻ നൽകിയ മൊഴിയായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപം കണ്ടിരുന്നത്. ലക്ഷകണക്കിനു രൂപ പ്രതിദിന വരുമാനമുള്ള ക്വാറികളിലൂടെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ കൂട്ടികുഴയ്ക്കുന്നത് ശരിയല്ലെന്നും വിലയിരുത്തലുണ്ടായി.

പിന്നീട് ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. എറണാകുളം വിജിലൻസ് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല നൽകിയത്.തൃശൂർ സ്വദേശി പി ഡി ജോസഫിന്റെ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.രാഹുലിന് കൈക്കൂലി നൽകിയ ആൾക്കെതിരെയും നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.20 സാക്ഷികളിൽ നിന്നാണ് വിജിലൻസ് തെളിവെടുത്തത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു.ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിലെ പോരാണ് കേസിന് വഴിവച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു.ഖജനാവിന് 1.87 കോടി നഷ്ടം വരുത്തി വച്ച ഇ-ബീറ്റ് അഴിമതിയിൽ ഐജി മനോജ് എബ്രഹാമിനെതിരെ റിപ്പോർട്ട് നൽകിയതും, വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും പ്രശ്‌നം രൂക്ഷമാക്കി.അന്വേഷണ റിപ്പോർട്ട് രാഹുൽ തന്നെ ചോർത്തിയെന്ന് കാട്ടി മനോജ് എബ്രഹാം അന്നത്തെ ഡിജിപി സെൻകുമാറിന് പരാതിയും നൽകി. രഹസ്യ രേഖകൾ രാഹുൽ ചോർത്തിയെന്നായിരുന്നു പരാതി. രാഹുൽ ആർ നായർ കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.നിലവിൽ തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയാണ് രാഹുൽ.ആർ.നായർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP