Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെയും ബിഷപ്പിന്റേയും പിസിയുടേയും സ്വപ്നം കരിമല കയറില്ല; ശബരിമല വിമാനത്താവളം വരണമെങ്കിൽ കല്ലും മുള്ളും കടക്കണം; ചെറുവള്ളിയിലെ എയർപോർട്ട് സ്വപ്‌നത്തിന് തിരിച്ചടി; കാടിനോട് ചേർന്ന് വിമാനം ഇറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം; പാരയാകുന്നത് ബിജെപിയിലെ എതിർപ്പ് തന്നെ

പിണറായിയുടെയും ബിഷപ്പിന്റേയും പിസിയുടേയും സ്വപ്നം കരിമല കയറില്ല; ശബരിമല വിമാനത്താവളം വരണമെങ്കിൽ കല്ലും മുള്ളും കടക്കണം; ചെറുവള്ളിയിലെ എയർപോർട്ട് സ്വപ്‌നത്തിന് തിരിച്ചടി; കാടിനോട് ചേർന്ന് വിമാനം ഇറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം; പാരയാകുന്നത് ബിജെപിയിലെ എതിർപ്പ് തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ശബരിമല വിമാനത്താവളം നടക്കാൻ സാധ്യതയില്ല. സ്വന്തം മണ്ഡലത്തിൽ വിമാനത്താവളം കൊണ്ടുവരാൻ കൊണ്ടു പിടിച്ച് ശ്രമിക്കുന്ന പിസി ജോർജ് എംഎൽഎയ്ക്കും നിരാശ മാത്രമായിരിക്കും ഫലം. വനമേഖലയുടെ 30 കിലോമീറ്റർ പരിധി വിട്ടു വേണം വിമാനത്താവളം നിർമ്മിക്കാനെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധന. ഈ നിബന്ധന മറികടന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കാരണവശാലും പരിസ്ഥിതി മന്ത്രാലയം അനുമതി നൽകില്ല.

കോട്ടയം ജില്ലയിലെ ചെറുവള്ളി തോട്ടം, പത്തനംതിട്ട ജില്ലയിൽ പാട്ടക്കാലാവധി കഴിഞ്ഞ ളാഹയിലെ ഹാരിസൺ എസ്റ്റേറ്റ്, ചെങ്ങറ എസ്റ്റേറ്റ് എന്നിവയാണ് നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി പരിഗണിക്കുന്നത്. ഈ തോട്ടങ്ങൾ മൂന്നും വനമേഖലയോട് അടുത്തു സ്ഥിതി ചെയ്യുന്നവയാണ്. ഇക്കാരണം മാത്രം മതി വിമാനത്താവളത്തിനുള്ള അനുമതി നിഷേധിക്കപ്പെടാൻ. ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളിത്തോട്ടത്തിൽ വിമാനം ഇറക്കാൻ മുൻകൈയെടുത്തത് പിസി ജോർജ് എംഎൽഎയാണ്. ഇതിനായി സഭയുമായി പലവട്ടം ചർച്ച നടത്തി ഏകദേശ ധാരണയിലുമെത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ കലക്ടർ അടങ്ങുന്ന വിദഗ്ധ സമിതി നടത്തിയ പരിശോധനയിലും ചെറുവള്ളിത്തോട്ടത്തിന് പ്രഥമ സ്ഥാനംകൽപിച്ചിരുന്നു. തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കം മാത്രമായിരുന്നു ഏക തടസം. കോടതി വിധി പ്രകാരം എസ്റ്റേറ്റിന് ഉടമ തങ്ങളാണെന്ന് സഭാ അധികൃതർ പറയുന്നു. ഹാരിസൺ കൈയേറ്റം തിരിച്ചു പിടിക്കാൻ നിയോഗിച്ച പ്രത്യേകസംഘത്തിന്റെ തലവൻ രാജമാണിക്യം ഇത് സർക്കാർ ഭൂമിയാണെന്നാണ് പറയുന്നത്. തോട്ടത്തിന്റെ ഉടമസ്ഥാവകാശം കോടതിയിൽ തെളിയിക്കപ്പെട്ടാൽ ഇത്
ഏറ്റെടുക്കുന്നതിന് സർക്കാർ വില നൽകേണ്ടിയും വരും.

ബിജെപിയിലെ ഒരു വിഭാഗം ഈ വിമാനത്താവളത്തിന് എതിരാണ്. ബിലീവേഴ്‌സ് ചർച്ചിന്റെ ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്ന് വി മുരളീധരൻ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പരിസ്ഥിതി വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർ്‌ക്കേണ്ടി വരും. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തിയാണ് ആറന്മുള വിമാനത്താവളത്തിനെതിരെ കുമ്മനം നിലപാട് എടുത്തത്. അതുകൊണ്ട് തന്നെ ശബരിമലയിലെ കാടുകൾക്കടുത്തുള്ള വിമാനത്താവളത്തേയും കുമ്മനവും എതിർക്കും. ഈ സാഹചര്യവും പിണറായി വിജയന്റെ വിമാനത്താവള മോഹത്തിന് എതിരാണ്.

ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളിത്തോട്ടം അവസാനിക്കുന്നത് വനത്തോട് ചേർന്നാണ്. ളാഹ എസ്റ്റേറ്റിന് ചുറ്റുമുള്ളത് ശബരിമല വനമാണ്. ചെങ്ങറ എസ്റ്റേറ്റിനോട് ചേർന്നുള്ളത് കോന്നി വനവുമാണ്. പരിസ്ഥിതി അനുമതിക്ക് അപേക്ഷിക്കുമ്പോൾ ഈ ദൂരപരിധി തന്നെ പാരയാകും. അതേസമയം, വിമാനത്താവളം തുടങ്ങാൻ സാധിക്കുമെങ്കിൽ അത് ആറന്മുളയിൽ മാത്രമാകുമെന്നാണ് ആന്റോ ആന്റണി എംപിയും മുൻ എംഎൽഎ കെ ശിവദാസൻ നായരും പറയുന്നത്. ബിജെപിയും സിപിഐഎമ്മും ചേർന്നാണ് ആറന്മുള വിമാനത്താവളം ഇല്ലായ്മ ചെയ്തത്. ഇനിയൊരു വിമാനത്താവളം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകില്ലെന്നും ഇവർ പറയുന്നു. വനമേഖലയിൽ നിന്നുള്ള ദൂരപരിധി ചൂണ്ടിക്കാട്ടിയാണ് ഇവരും ഇക്കാര്യത്തിൽ ഉറച്ച അഭിപ്രായം പറയുന്നത്.

ശബരിമല തീർത്ഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ തൊട്ടടുത്ത പ്രദേശത്ത് വിമാനത്താവളം നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ശ്രീ അയ്യപ്പ എന്നാകും ഇതിന് പേര് നൽകുക. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം പിണറായി നടത്തിയ ആദ്യ പ്രസ്താവനകളിലൊന്നായിരുന്നു ശബരിമല വിമാനത്താവളം. പിന്നീട് ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരവും നൽകി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രതിവർഷം മൂന്നു കോടിയിലധികം തീർത്ഥാടകർ സന്ദർശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവിൽ റോഡുഗതാഗതമാർഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂർ തിരുവല്ല റയിൽവേസ്റ്റേഷനുകളിൽ നിന്നും റോഡുമാർഗമോ, എം.സി റോഡ് എൻ.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാർഗം. അങ്കമാലി-ശബരി റയിൽപാത നിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും സീസൺ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. ശബരിമലയിലെ നിർദിഷ്ട വിമാനത്താവളത്തിനായി ആറു സ്ഥലങ്ങൾ സർക്കാരിന്റെ പരിഗണനയിലുമെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പഴ, കല്ലേലി, ളാഹ, കോട്ടയം ജില്ലയിലെ ചെറുവള്ളി, വെള്ളനാടി, എരുമേലി പ്രപ്പോസ് എന്നിവിടങ്ങളാണു സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം ഏതെന്നു കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധസമിതിക്കു നിർദ്ദേശം നൽകി.

റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം.ബീന, പത്തനംതിട്ട കലക്ടർ ആർ.ഗിരിജ എന്നിവരടങ്ങിയ സമിതിയാണു സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചത്. നിർദ്ദേശിക്കപ്പെട്ട ആറു സ്ഥലങ്ങളിൽ ഭൂരിഭാഗവും റബർ എസ്റ്റേറ്റുകളാണ്. കുടിയൊഴിപ്പിക്കലും മറ്റും കുറച്ചുമാത്രമേ വേണ്ടിവരൂ എന്നാണു സമിതിയുടെ വിലയിരുത്തൽ. ആറു സ്ഥലങ്ങളിൽ അനുയോജ്യമായതു വ്യോമയാന വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി യോഗം ചേർന്നു തീരുമാനിക്കാമെന്നും സമിതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, സമിതി നിർദ്ദേശിച്ച പട്ടികയിൽ ഏറ്റവും അനുയോജ്യമായതു കണ്ടെത്താനാണു മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിൽ വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാമെന്നു കേന്ദ്രസർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

ഇതിനിടെയാണ് സർക്കാരിന്റെ പരിഗണനാ പട്ടികയിലെ സ്ഥലങ്ങളെല്ലാം വനമേഖലയാണെന്ന നിലപാടിൽ പരിസ്ഥിതി മന്ത്രാലയം എത്തുന്നത്. കടുവാ സംരക്ഷണ കേന്ദ്രമായ പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ് ഈ മേഖലകളെല്ലാം. അതുകൊണ്ട് തന്നെ വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് അവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP