Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്ലാസ്റ്റേഴസിനെ സച്ചിൻ കൈയൊഴിയുമോ? മുത്തൂറ്റും പട്ട്‌ലൂറിയുമായി ചർച്ച നടന്നെന്ന് റിപ്പോർട്ട്; ക്രിക്കറ്റ് ഇതിഹാസത്തെ ഐഎസ്എല്ലിൽ ഉറപ്പാക്കാൻ കരുക്കൾ നീക്കി നിതാ അംബാനിയും; കേരള ബ്ലാസ്റ്റേഴ്‌സിൽ അനിശ്ചിതാവസ്ഥ

ബ്ലാസ്റ്റേഴസിനെ സച്ചിൻ കൈയൊഴിയുമോ? മുത്തൂറ്റും പട്ട്‌ലൂറിയുമായി ചർച്ച നടന്നെന്ന് റിപ്പോർട്ട്; ക്രിക്കറ്റ് ഇതിഹാസത്തെ ഐഎസ്എല്ലിൽ ഉറപ്പാക്കാൻ കരുക്കൾ നീക്കി നിതാ അംബാനിയും; കേരള ബ്ലാസ്റ്റേഴ്‌സിൽ അനിശ്ചിതാവസ്ഥ

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമസ്ഥാവകാശം വിടുന്നതായി സൂചന. ടീമിന്റെ ഉടമകളിൽ പ്രധാനിയായ സച്ചിനും സഹ ഉടമകളായ പ്രസാദ് വി പട്ട്‌ലൂറി (പിവി എസ് വെഞ്ച്വർ), മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എന്നിവരുമായി സച്ചിൻ ഇക്കാര്യം ചർച്ച നടത്തി. എന്നാൽ മറ്റു രണ്ട് ഉടമസ്ഥരും സച്ചിന്റെ തീരുമാനത്തെ അനുകൂലിച്ചില്ല എന്നാണ് സൂചന. ബ്രാൻഡ് അംബാസിഡർ പദവിയുടെ ഫീസ് ഉൾപ്പെടെ ടീം ഓഹരിയുടെ 60 ശതമാനം സച്ചിന്റെ പേരിലും 20 ശതമാനം പിവി എസ് വെഞ്ച്വറിന്റെ പേരിലും 20 ശതമാനം ഓഹരി കേരളത്തിലെ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനുമാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ സച്ചിന്റെ പേരിലാണ് അറിയപ്പെടുന്നത് എന്നുള്ളതുകൊണ്ട് സംഘാടകരും സച്ചിനെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനു പകരം മറ്റൊരു ടീമിന്റെ ഉടമസ്ഥാവകാശം സച്ചിൻ ഏറ്റെടുത്താലും സാരമില്ല, ഐഎസ്എൽ വിട്ടുപോകരുതെന്ന് ഐഎസ്എല്ലിന്റെ നിർമ്മാതാവും സച്ചിന്റെ പ്രധാന സ്‌പോൺസറുമായ മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി ആവശ്യപ്പെട്ടു. നിതയുടെ ആവശ്യത്തോട് ആലോചിച്ച് മറുപടി പറയാമെന്നാണ് സച്ചിൻ അറിയിച്ചിട്ടുള്ളത്.

ആദ്യ സീസണിൽ സംതൃപ്തനായിരുന്ന സച്ചിൻ രണ്ടാം സീസണിൽ പൂർണ്ണതൃപ്തനല്ലെന്ന് ആദ്യഘട്ടത്തിൽതന്നെ പറഞ്ഞിരുന്നുവത്രേ. കേരള ബ്ലാസ്റ്റേഴ്‌സിനേക്കാളും ഉത്തരേന്ത്യയിലെ ഏതെങ്കിലുമൊരു ടീമിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനോട് സച്ചിൻ മുമ്പും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇടയ്ക്ക് ചെന്നൈയിൽ എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡറാകാൻ അഭിഷേക് ബച്ചൻ സച്ചിനെ ക്ഷണിച്ചെങ്കിലും ഐഎസ്എൽ കരാർ ലംഘിക്കാൻ സച്ചിൻ വിസ്സമ്മതിച്ചതായും കേരള ബ്ലാസ്റ്റേഴ്‌സ് ഒഫിഷ്യലുകൾ വെളിപ്പെടുത്തുന്നു.

അതേസമയം തുടർച്ചയായുള്ള ആറ് തോൽവികളുണ്ടായതും ഇത്തവണ ടീം സെമി പോലും കാണാൻ സാധ്യതയില്ലാത്ത സാഹചര്യവുമാണ് സച്ചിന്റെ മനംമാറ്റത്തിനു പിന്നിലെന്നും സൂചനയുണ്ട്. അതുമല്ല, ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷനിലും സച്ചിൻ അസംതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴസ് ടീമിനെ സച്ചിൻ ഒരിക്കലും അനുകൂലിച്ചിരുന്നില്ല എന്നും സൂചനയുണ്ട്. സച്ചിന്റെ നിർദ്ദേശപ്രകാരമാണ് ഹോം ഗ്രൗണ്ടായ കൊച്ചിയിൽനിന്നും മാറി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയത്. മറ്റൊരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് കളിക്കാനാകില്ല എന്ന വിമർശനം ഉയർന്നതോടെയാണ് സച്ചിൻ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ സന്നാഹ മത്സരങ്ങളിൽ താരങ്ങൾ കാണിച്ച അലസത ടീമിന്റെ ആവേശക്കുറവിന്റെ ലക്ഷണമായി സച്ചിൻ ഉൾപ്പെടെയുള്ള ഉടമസ്ഥർ വിലയിരുത്തിയിരുന്നു.

അത് ശരിവയ്ക്കുന്ന നിലയിലായിരുന്നു ടീമിന്റെ ആദ്യ ഘട്ടത്തിലെ പ്രകടനവും. രണ്ടുവിജയവും രണ്ടുസമനിലയും നാലുതോൽവിയും. ഇതോടെ മുഖ്യപരിശീലകൻ പീറ്റർ ടെയ്‌ലറും സ്ഥാനമൊഴിഞ്ഞു. ഇപ്പോൾ ടീമിന്റെ കുന്തമുനയാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്‌പെയിൻതാരം കാർലോസ് മർച്ചേനയും ആദ്യ മത്സരശേഷം ടീം വിടുന്നുവെന്ന് പ്രഖ്യാപിച്ചത് സച്ചിനെ ചിന്തിപ്പിച്ചുവെന്നാണ് സൂചന. ടീം മാനേജ്‌മെന്റിന് വിജയത്തേക്കാൾ കച്ചവടം മാത്രമാണ് താൽപര്യമെന്ന് മുൻ താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, ഫിഫയുടെ ട്രാൻസ്ഫർ നിയമപ്രകാരം ഔദ്യോഗികമായി മർച്ചേന കേരളാ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും. അതേസമയം മർച്ചേനയ്ക്ക് പകരം മാർക്വീ താരമായി എവർട്ടൺ മുൻ സൂപ്പർ താരം ജയിംസ് മക്ഫാഡനെ ടീമിലെത്തിക്കുമെന്ന് സഹ പരിശീലകൻ ട്രെവർ മോർഗൺ അറിയിച്ചു. 2002 മുതൽ 2011 വരെ സ്‌പെയിനിനായി കളിച്ച മർച്ചേന 2008 ലെ യൂറോകപ്പും 2010 ലെ ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു. 2009ൽ ഫിഫ കോൺഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ സ്പാനിഷ് ടീമിലും മർച്ചേന അംഗമായിരുന്നു.

എന്തായാലും സച്ചിൻ ഐഎസ്എൽ ബ്രാൻഡ് അംബാസിഡറായി തുടരണമെന്നാണ് സംഘാടകരുടെ നിർബന്ധം. കേരള ടീമിന്റെ മുതലാളിയായി തുടരുന്നതിനോടും ഐഎസ്എല്ലിന്റെ ബ്രാൻഡ് അംബാസിഡറായി തുടരുന്നതിനോടും ആലോചിച്ച് മറുപടി പറയാനാണ് സച്ചിനോട് നിത അംബാനി ഉൾപ്പെടെയുള്ള സംഘാടകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സീസണിൽ കൂടുതൽ ഓഹരി സ്വന്തമാക്കി കൊച്ചി ടീമിന്റെ നിയന്ത്രണാവകാശം പോലും സച്ചിൻ ഏറ്റെടുത്തിരുന്നു. എന്നിട്ടുള്ള പിന്നോട്ട് പോക്കാണ് ഐഎസ്എല്ലുമായി ബന്ധപ്പെട്ടവരെ ആശ്ചര്യപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP