Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐസിസിന്റെ ഇന്ത്യൻ തലവൻ സജീർ അബ്ദുള്ള റൈറ്റ് തിങ്കേഴ്‌സ് വിട്ടത് 2015ൽ; ഗ്രൂപ്പിലുള്ള ചിലരുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തൽ; സമീറലിക്കും മുഹാജിറൂൻ ബ്ലോഗിനും പിന്നിൽ കോഴിക്കോട്ടുകാരൻ സജീർ തന്നെ; ഐസിസ് അനുഭാവമുള്ള മലയാളി ശൃംഖല വലുതെന്ന തിരിച്ചറിവിൽ എൻഐഎ

ഐസിസിന്റെ ഇന്ത്യൻ തലവൻ സജീർ അബ്ദുള്ള റൈറ്റ് തിങ്കേഴ്‌സ് വിട്ടത് 2015ൽ; ഗ്രൂപ്പിലുള്ള ചിലരുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തൽ; സമീറലിക്കും മുഹാജിറൂൻ ബ്ലോഗിനും പിന്നിൽ കോഴിക്കോട്ടുകാരൻ സജീർ തന്നെ; ഐസിസ് അനുഭാവമുള്ള മലയാളി ശൃംഖല വലുതെന്ന തിരിച്ചറിവിൽ എൻഐഎ

എംപി റാഫി

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന്റെ പ്രധാനി കോഴിക്കോട് സ്വദേശി അബ്ദുള്ളയുടെ മകൻ സജീർ മംഗലശേരി റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമായിരുന്നെന്ന് കണ്ടൈത്തൽ. ജിഹാദിലേക്ക് ആളുകളെ ക്ഷണിക്കുകയും ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചും മലയാളത്തിൽ പോസ്റ്റുകളിട്ട സമീർ അലി എന്ന വ്യാജ്യ ഫേസ് ബുക്ക് ഐഡിക്കു പിന്നിലും സജീർ മംഗലശേരിയെന്ന് കണ്ടെത്തി.

കൂടാതെ ഐസിസിന്റെ മലയാളം വെബ്‌സൈറ്റായ അൽ മൂഹാജിറൂന് പിന്നിൽ സജീർ തന്നെയാണാന്നാണ് ദേശീയ അന്വേഷണ ഏജൻസി നൽകുന്ന സൂചന. എന്നാൽ ഇനിയും നിരവധി പേർ ഇതിനു പിന്നിലുണ്ടെന്നാണ് നിഗമനം. സോഷ്യൽ മീഡിയയിൽ വിവിധ ഐഡികളിലെത്തുന്ന സജീർ അതിവിദഗ്ദമായാണ് മലയാളികളെയടക്കമുള്ളവരെ ആകർഷിച്ചതും ഐസിസ് ആശയങ്ങൾ കുത്തിവച്ചിരുന്നതും. കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ മകൻ സജീർ അബ്ദുള്ളയെ കുറിച്ച് രണ്ട് ദിവസം മുമ്പ് വാർത്ത പുറത്തു വന്നിരുന്നു.

പതിനായിരക്കണക്കിനു ആളുകളുള്ള റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ ചിലർ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണിപ്പോൾ. 2015ന് മുമ്പായി സജീർ ഈ ഗ്രൂപ്പ് വിട്ടിരുന്നു. അന്ന് സ്വന്തം പേരിൽ തന്നെയുള്ള ഫേസ്‌ബുക്ക് ഐഡിയായിരുന്നു എത്തിയിരുന്നത്. കഴിഞ്ഞ കുറെ കാലമായി യൂ.എ.ഇയിലായിരുന്നു സജീർ ജോലി ചെയ്തിരുന്നത്. 2014 അവസാനത്തിൽ യു.എ.ഇയിൽ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് സസംഘടിപ്പിച്ച കൂട്ടായ്മയിലും സജീർ പങ്കെടുത്തിട്ടുണ്ട്. റൈറ്റ് തിങ്കേഴ്‌സിൽ നിറഞ്ഞു നിൽക്കുന്ന പലരുമായും സജീർ നിരന്തരമായി ആശയവിനിമയം നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ ഐസിസ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും സംവദിക്കുന്നതിനുമായി ചിലരെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് എൻ.ഐ.ഐ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂ്പ്പ് നിരീക്ഷണ വിധേയമാക്കിയതും ഇതിലെ ചില ഐഡികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നതും. റൈറ്റ് തിങ്കേഴ്‌സ് വഴിയായിരുന്നു മലപ്പുറം സ്വദദേശിയായ ജബ്ബാർ മാഷിനെതിരെ നിരന്തരം പോസ്റ്റുകൾ വന്നിരുന്നത്. യുക്തിവാദി സംഘടനയുടെ നേതാവായ ജബ്ബാൽ മാഷിനെതിരെ ജബ്ര എന്ന് പ്രയോഗിച്ചായിരുന്നു ഈ ഗ്രൂപ്പിൽ ചർച്ചകളും പോസ്റ്റുകളും നടന്നിരുന്നത്. പിന്നീട് ജബ്ബാർ മാഷിനെതിരെ ലേഖനങ്ങൾ ഐസിസിന്റെ മലയാളം ബ്ലോഗിൽ വരികയുണ്ടായി. മുഹാജിറൂൻ ബ്ലോഗും യുക്തിവാദികളെ ജബ്ര എന്ന പ്രയോഗമായിരുന്നു നടത്തിയിരുന്നത്. കനകമലയിൽ നിന്നും പിടിയിലായവർ ജബ്ബാർ മാഷെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിരുന്നു.

സമീർ അലി എന്ന ഫേസ് ബുക്ക് അക്കൗണ്ടിനു പുറമെ നിരവധി വ്യാജ അക്കൗണ്ടുകൾ സജീറിന് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നക്കുന്നു. അൽ മുഹാജിറൂൻ ആദ്യം അടച്ചു പൂട്ടിയതിനു ശേഷം രണ്ടാമതും പുറത്തു വിട്ടത് സമീർ അലി എന്ന ഫേസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു. ജിഹാദിന് ആഹ്വാനം ചെയ്യുന്നതും ഐസിസിലേക്ക് ക്ഷണിക്കുന്നതുമായ നിരവധി പോസ്റ്റുകൾ ഇതിൽ ഇട്ടിരുന്നു. അന്വേഷണ ഏജൻസികളെ വെല്ലുവിളിക്കും വിധം ആഴ്ചകളോളം ഈ അക്കൗണ്ട് നിലനിന്നിരുന്നു. 'സത്യദീനിന്റെ സന്ദേശ വാഹകരുടെ ഒരു ചെറിയ സംരംഭമാണിത്. വായിക്കുക പ്രചരിപ്പിക്കുക' എന്ന പോസ്‌റ്റോടുകൂടിയാണ് ആദ്യം സമീർ അലി മുഹാജിറൂൻ സൈറ്റിന്റെ ലിങ്കിട്ടുകൊണ്ടു വീണ്ടും രംഗത്തു വന്നത്. ഇതിനു പിന്നാലെ ടെലഗ്രാം ഐഡി പ്രസിദ്ധപ്പെടുത്തുകയും ഇന്ത്യയിലിരുന്നുകൊണ്ട് ജിഹാദ് ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നും പോസ്റ്റിട്ടു.

എത്രകാലം ഈ അക്കൗണ്ട് ഉണ്ടാകുമെന്ന് അറിയില്ലെന്നും എല്ലാം ഷെയർ ചെയ്യുന്നതിനു പകരം കോപ്പി പേസ്റ്റ് ചെയ്യണമെന്ന നിർദ്ദേശവും ഈ അക്കൗണ്ട് വഴി നൽകിയിരുന്നു. കണ്ണൂർ കനകമലയിൽ നിന്നും എൻ.ഐ.എ ഒക്ടോബർ രണ്ടിനു നടത്തിയ അറസ്റ്റിനു പിന്നാലെ കൂടുതൽ വെല്ലു വിളികളുമായി പോസ്റ്റുകൾ വന്നിരുന്നു. ജിഹാദിലുള്ള വ്യക്തികൾ കൊലചെയ്യപ്പെട്ടാക്കാം ജയിലിലടച്ചേക്കാം അതുകൊണ്ടൊന്നും ജിഹാദിനെ ഇല്ലാതാക്കാൻ പറ്റില്ല. ഒരാൾ പിൻവാങ്ങുമ്പോൾ മറ്റാളുകൾ രംഗത്തു വരും എന്ന കുറിപ്പോടുകൂടിയാണ് ഈ പോസ്റ്റ് ആരംഭിച്ചത്. ഇതിനു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ ഈ അക്കൗണ്ട് സുരക്ഷാ ഏജൻസികൾ പൂട്ടിക്കുകയുണ്ടായി. ഇതോടൊപ്പം രണ്ടാമതു പുറത്തുവിട്ട അൽമുഹാജിറൂൻ ബ്ലോഗും പൂട്ടിയിരുന്നു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമീർ അലി ആരെന്ന് കണ്ടുപിടിക്കുന്നത് തലവേദനയുണ്ടാക്കി. അറസ്റ്റിലായ ആറു പേരെ പലതവണ ചോദ്യം ചെയ്‌തെങ്കിലും ഈ വ്യക്തിയെ നേരിൽ കണ്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ നിരന്തരം ആശയ വിനിമയം നടത്തിയതായും എന്തെല്ലാം ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നുവെന്നും എൻ.ഐ.എക്കു ലഭിച്ചു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു സുബ്ഹാനി മൊയ്തീൻ ഹാജയെ എൻ.ഐ.എ അറസ്റ്റു ചെയ്തത്. ഐസിസ് പരിശീലനം ലഭിച്ച സുബ്ഹാനിയുടെ അറസ്റ്റോടെ സജീർ അബ്ദുള്ളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. കനകമലയിൽ നിന്നും അറസ്റ്റ് ചെയ്തവരുമായി ആശയ വിനിമയം നടത്തിയിരുന്നു. പ്രമുഖരെയടക്കം വധിക്കാൻ പദ്ധതിയിട്ടതിലും സജീർ പങ്കാളിയാണ്. കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും സ്ത്രീകളുമടക്കമുള്ള 21 പേരടങ്ങുന്ന മലയാളി സംഘവുമായി സജീറിന് ബന്ധമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി അതിസമർത്ഥമായി ഐസിസിന്റെ ആശയങ്ങൾ സജീർ കുത്തിവച്ചിരുന്നതായും റിക്രൂട്ടിംങ്് നടത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.

ഐസിസ് അതീനതയിലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ സജീർ സ്വന്തം ഫേസ്‌ബുക്ക് ഐഡി ഡിലീറ്റ് ചെയ്ത് വ്യാജ ഐഡിയിലൂടെ രംഗ പ്രവേശനം ചെയ്യുകയായിരുന്നു. ഇന്ന് ഇന്ത്യയുടെ ചുമതലയുള്ള പ്രധാന വ്യക്തികളിലൊരാളാണ് സജീർ അബ്ദുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ് സജീർ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഐസിസ് സ്വാധീന മേഖലയായ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസി അവിടത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ശൃംഖലയുടെ സഹായത്തോടെയാണ് എൻ.ഐ.എയുടെ അന്വേഷണം പുരോഗമിക്കുന്നത്.

ഇതിനായി ഇന്ത്യയിൽ നിന്നുള്ള അന്വേഷണ സംഘം ഈ രാജ്യങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. ഇവിടെ നിന്നെല്ലാം സജീർ അബ്ദുള്ള ഇന്ത്യയുടെ ചുമതലയുള്ള ഐസിസ് പ്രചാരകനാനും പ്രധാനിയുമാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാൽ അന്വേഷണം പകുതി വരെ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഐസിസുമായി ബന്ധപ്പെട്ട മലയാളി ശൃംഖല വലുതാണെന്നും ഇന്ത്യയിൽ നിന്നുള്ള പ്രധാനികളായ ചിലരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ ഏറെ ഗൗരവകരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP