Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനനം സാധാരണ വീട്ടിൽ; 26 വയസ്സായപ്പോൾ നിരവധി ആഡംബരക്കാറുകൾക്ക് ഉടമ; ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് പണിതുയർത്തുന്നത് മണിമാളിക; സാന്ദ്രാ തോമസിന്റെ സ്വത്തിൽ പൊലീസ് അന്വേഷണം; മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിക്കാരി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലും

ജനനം സാധാരണ വീട്ടിൽ; 26 വയസ്സായപ്പോൾ നിരവധി ആഡംബരക്കാറുകൾക്ക് ഉടമ; ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് പണിതുയർത്തുന്നത് മണിമാളിക; സാന്ദ്രാ തോമസിന്റെ സ്വത്തിൽ പൊലീസ് അന്വേഷണം; മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിക്കാരി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലും

അർജുൻ സി വനജ്

കൊച്ചി: മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു പണം തട്ടിച്ചെന്നു പരാതിപ്പെട്ട കൊച്ചിയിലെ സംരംഭക സാന്ദ്ര തോമസിന്റെ സ്വത്തിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ചയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.

സാന്ദ്ര പരാതി നൽകിയതിന് പിന്നിൽ മറ്റാരുടേയെങ്കിലും ഇടപെടൽ ഉണ്ടോ, സാധാരണ കുടുംബത്തിൽ ജനിച്ച 26 വയസ്സുകാരി സാന്ദ്ര എങ്ങനെയാണ് ഇത്രയധികം ആഡംബരകാറുകൾ വാങ്ങിയത്, ഇവരുടെ സ്വത്ത് വിവരങ്ങൾ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. സാന്ദ്രയുടെ ഫോൺ വെള്ളിയാഴ്ച മുതൽ സ്വിച്ച് ഓഫാണ്. ശനിയാഴ്ച ഒരിക്കൽ മാത്രം ഫോൺ അറ്റന്റ് ചെയ്ത സാന്ദ്ര എന്നാൽ സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ബുധനാഴ്ച രാവിലെ വരെയും സാന്ദ്രയുടെ ഫോൺ സ്വിച്ച് ഓഫാണ്. സാന്ദ്ര വീട്ടിലില്ലെന്നാണ് വിവരം. എറണാകുളം ബ്രോഡ് വെയിൽ സാന്ദ്ര കമ്പനി എന്ന പേരിൽ ആർട്ടിഫിഷ്യൽ പ്ലാന്റ്സിന്റേയും പൂക്കളുടേയും കച്ചവടമാണ് സാന്ദ്രയ്ക്ക്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാന്ദ്ര സ്ഥാപനത്തിൽ എത്താറില്ലെന്നു സമീപസ്ഥാപനങ്ങളിലെ ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റാഫാണ് ഷോപ്പ് തുറക്കാറ്. വളരെ നേരത്തെതന്നെ ഇപ്പോൾ ഷോപ്പ് അടയ്ക്കാറുമുണ്ട്. രണ്ടു വർഷത്തോളമായി സാന്ദ്രയുടെ സ്ഥാപനം ബ്രോഡ് വെയിൽ ആരംഭിച്ചിട്ട്. ആർട്ടിഫിഷ്യൽ പൂക്കൾ രണ്ടു വർഷം വിറ്റാൽ ഒരാൾക്ക് ഇത്രയും ആഡംബരക്കാറുകളും മറ്റും വാങ്ങാൻ സാധിക്കുമോയെന്ന ബ്രോഡ്‌വെയിൽ സമാനമായ കച്ചവടം, 5 വർഷത്തിലേറെയായി നടത്തുന്ന വ്യവസായി മറുനാടനോട് ചോദിച്ചു. അറുപത് ലക്ഷത്തിലധികം വിലയുള്ള ജാഗ്വാർ, എൺപത് ലക്ഷത്തിലധികമുള്ള പോഷെ, 9 ലക്ഷത്തിലധികമുള്ള ഇക്കോ സ്പോർട്ട്, 5 ലക്ഷത്തിലധികമുള്ള കവാസാക്കി സൂപ്പർ ബൈക്ക് ഇതെല്ലാം സാന്ദ്രയുടെ പേരിലുള്ള വാഹനങ്ങളാണ്. വെണ്ണലയിൽ സാന്ദ്രയുടെ പുതിയ വീടിന്റെ നിർമ്മാണം ഏതാണ്ട പൂർത്തിയായികഴിഞ്ഞു.

അതിനിടെ സാന്ദ്രയുടെ പേരിലുള്ള ജാഗ്വാർ കാറും റാഡോ വാച്ചും പൊലീസ് കണ്ടെടുത്തു. കേസിൽ പിടിയിലായ ജോഷിയുടെ സഹോദരൻ പ്രതാപന്റെ തൃശ്ശൂരിലുള്ള വീട്ടിൽ വച്ചാണ് കാറും 90,000 രൂപ വിലയുള്ള റാഡോ വാച്ചും കണ്ടെടുക്കുന്നത്. കേസിൽ ഉൾപ്പെട്ട രാജേഷ് എന്നയാളെ ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ജോഷിയുടെ പ്രധാന കൂട്ടാളിയായ ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി അന്വേഷണസംഘം മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടിച്ചുവെന്ന കേസിൽ കറുകപ്പള്ളി സിദ്ദിഖിനെ സെൻട്രൽ സ്റ്റേഷൻ സിഐ അനന്ത്‌ലാൽ മുൻവൈരാഗ്യംവച്ച് പെടുത്തിയതാണെന്ന് സിദ്ദിഖിന്റെ ഭാര്യ ഫാത്തിമ ആരോപിച്ചു.

നിലവിൽ കേസിൽ പ്രതിചേർക്കപ്പെട്ട പലർക്കും സംഭവവുമായി യാതൊരു ബന്ധവുമില്ല. സി.ഐ അനന്ത്‌ലാൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ കൂടെപ്പോയ ഡ്രൈവറേയും ബന്ധുവിനെ വരെ അന്വേഷണ സംഘം പ്രതിചേർത്തു. സാന്ദ്ര കൈക്കുഞ്ഞുമായി വീട്ടിൽ വന്നു യാചിച്ചതു കൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കമാലുദ്ദീനിൽനിന്ന് പണം വാങ്ങി നൽകാൻ ഇടപെട്ടത്. സാന്ദ്ര ആറുമാസത്തിലേറെയായി നല്ല കുടുംബസുഹൃത്താണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് സാന്ദ്രയും കുടുംബവും വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തിലാണ് മടങ്ങിയത്. മാദ്ധ്യമങ്ങളിൽ വന്ന ഇപ്പോഴുള്ള കഥകൾ കെട്ടിച്ചമച്ചതാണ്. ഇതിൽ അനന്ത്‌ലാലിന് പങ്കുണ്ടെന്നാണ് എന്റെ വിശ്വസം.

കറുകപ്പള്ളിയെന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഡിവൈഎഫ്ഐയ്ക്ക് മികച്ച സംഘടനാ വളർച്ചയാണ് നേടാനായത്. കറുകപ്പള്ളി മസ്ജിദ് യൂണിറ്റ് സംസ്ഥാന കമ്മിറ്റിയുടെപോലും പ്രശംസ പിടിച്ചുപറ്റിയതാണ്. സിദ്ദിഖ് വളരുന്നതിൽ തങ്ങളുടെ പാർട്ടിയിലുള്ള ചിലർക്കങ്കിലും അസൂയ ഉണ്ട്. തന്റെ അറിവിൽ കഴിഞ്ഞ 12 വർഷത്തോളമായി സിദ്ദിഖിന്റെ പേരിൽ പുതിയ ഒരു കേസുമില്ല. മുമ്പ് 3 കേസുകളുണ്ടായിരുന്നതായി തനിക്ക് അറിയാം. അതിലൊന്ന് പൊലീസും സിദ്ദിഖും തമ്മിലുള്ളതാണ്. ആ കേസ് ഹൈക്കോടതിയിൽ വിചാരണ നടന്നതാണ്. പിന്നീട് കേസ് ഡിസ്ചാർജ് ചെയ്തു. താൻ കോയമ്പത്തൂരിൽ പഠിക്കുന്ന സമയത്ത് സിദ്ദിഖ് അവിടെയുള്ള കോളേജുകളുമായി ബന്ധപ്പെട്ട് നാട്ടിലെ കുട്ടികൾക്ക് അഡ്‌മിഷൻ എടുത്ത് നൽകാറുണ്ടായിരുന്നു. ഇതിന് കമ്മീഷനും ലഭിച്ചിരുന്നു.

ഡി വോയേജ് എന്ന പേരിൽ ബാഗുകളും ട്രോളികളും നിർമ്മിച്ച നൽകുന്ന കമ്പനി നടത്തുകയാണിപ്പോൾ. ഒപ്പം എക്ലന്റ് എന്ന പേരിൽ എർത്ത് മൂവേഴ്സും നടത്തുന്നുണ്ട്. എട്ടു കൊല്ലം മുമ്പ് വാങ്ങിയ ഇന്നോവയും, തന്റെ പിതാവ് നൽകിയ പണം കൊണ്ട് ലോണായി വാങ്ങിയ ബൂള്ളറ്റും മാത്രമാണ് സ്വന്തമായുള്ള വാഹനം. തന്റെ പേരിൽ ഡിയോയും ഉണ്ട്. നേതാക്കളോട് ആരാധന ഉള്ളതിനാലാണ് പലപ്പോഴും അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത്. ഇത് അവരുമായി ഉറ്റബന്ധം എന്ന് പറഞ്ഞു പരത്തുന്നതു ശരിയല്ല. സിദ്ദിഖ് എല്ലാ ദിവസവും വീട്ടിലെത്തുന്ന കുട്ടികളുടെ നല്ല ഉപ്പയാണ്. അതിനാൽ സിദ്ദിഖ് റിമാൻഡിലായ അന്നുമുതൽ കുട്ടികളും താനും നല്ലപോലെ ഉറങ്ങിയിട്ടില്ല. സിദ്ദിഖിന്റെ ഭാര്യ ഫാത്തിമ മറുനാടൻ മലയാളിയോട് പറഞ്ഞു.

സാന്ദ്ര തോമസിന്റെ പരാതിയിലാണ് പ്രതികളെ പിടിച്ചത്. കഴിഞ്ഞ സപ്തംബറിൽ കമാലുദ്ദീന്റെ വീടും അഞ്ച് സെന്റ് സ്ഥലവും ഒരു കോടി രൂപയ്ക്ക് പരാതിക്കാരിക്ക് വില്പന നടത്താൻ കരാറായിരുന്നു. ഇത് പ്രകാരം 50 ലക്ഷം അഡ്വാൻസ് വാങ്ങി. ബാക്കി തുക ഗഡുക്കളായി നൽകിയാൽ മതിയെന്ന ധാരണയിൽ വസ്തു പരാതിക്കാരിക്ക് രജിസ്റ്റർ ചെയ്തു നൽകി. പിന്നീട് മൂന്നാം ദിവസം ജോഷിയും സഹോദരനും ഒഴികെയുള്ള മറ്റ് പ്രതികൾ കമാലുദ്ദീന്റെ നേതൃത്വത്തിൽ സാന്ദ്ര തോമസിന്റെ ബ്രോഡ് വേയിലെ സ്ഥാപനത്തിലും പച്ചാളത്തെ വീട്ടിലും അതിക്രമിച്ച് കയറി സ്ഥലത്തിന് കൂടുതൽ വില നൽകണമെന്നാവശ്യപ്പെട്ടു. 1.25 കോടി രൂപ കൂടി ഉടൻ നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം വകവരുത്തുമെന്നായിരുന്നു ഭീഷണി. പരാതിക്കാരിയുടെ പേരിൽ തൃക്കാക്കരയിലുണ്ടായിരുന്ന നാലായിരം സ്‌ക്വയർ ഫീറ്റിന്റെ വീടും എട്ട് സെന്റ് സ്ഥലവും ബലമായി എഴുതി വാങ്ങി. വീട്ടിൽ നിന്ന് ബ്ലാങ്ക് ചെക്കുകളും ഇൻകം ടാക്‌സ് രേഖകളും പ്രതികൾ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ കാർ രണ്ടാം പ്രതി ജോഷിക്ക് പണയപ്പെടുത്തി 30 ലക്ഷം വാങ്ങിയ ശേഷം അത് പലിശയിനത്തിൽ വകയിരുത്തി കമാലുദ്ദീൻ കൈക്കലാക്കി.

പിന്നീട് ജോഷിയും സഹോദരൻ രാജേഷും പണയത്തുകയുടെ പലിശ ആവശ്യപ്പെട്ട് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിന്റെ വിലയേറിയ വാച്ച് എടുത്തുകൊണ്ടുപോയി. പലിശയിനത്തിൽ ഭീഷണിപ്പെടുത്തി പലപ്പോഴായി ആറ് ലക്ഷത്തോളം രൂപ ജോഷിയും രാജേഷും കൈപ്പറ്റിയെന്നും പരാതിയിലുണ്ട്. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ സാന്ദ്ര തോമസ് ഡി.ജി.പി.ക്ക് പരാതി നൽകി. ഇതോടെയാണ് പൊലീസ് നടപടികളെടുത്തത്. കമാലുദ്ദീനൊപ്പം ഇയാളുടെ ഭാര്യയും ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിലുണ്ട്. ഗുണ്ടകൾ പലിശ വാങ്ങാൻ വരുമ്പോഴൊക്കെ മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം ആൾക്കാർ ആണെന്ന് പറഞ്ഞിരുന്നതായും ഡി.ജി.പി.ക്ക് നൽകിയ പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP