Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലയെ പരിചയപ്പെടുന്നത് വൈ ടു നിക്കാഹിലെ പരസ്യത്തിലൂടെ; വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്; ആടുമേക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം കരുതിക്കൂട്ടി പറയിച്ചതും; തണൽ വാട്ട്സാപ്പ് ഗ്രൂപ്പുമായി ഒരു ബന്ധവുമില്ല; മതം മാറ്റൽ കേസിലെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ മറുനാടനോട്

അഖിലയെ പരിചയപ്പെടുന്നത് വൈ ടു നിക്കാഹിലെ പരസ്യത്തിലൂടെ; വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്; ആടുമേക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം കരുതിക്കൂട്ടി പറയിച്ചതും; തണൽ വാട്ട്സാപ്പ് ഗ്രൂപ്പുമായി ഒരു ബന്ധവുമില്ല; മതം മാറ്റൽ കേസിലെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ മറുനാടനോട്

കൊല്ലം: ഹാദിയയുമായുള്ള വിവാഹം മഹല്ലുകളുടെ പൂർണ്ണ സമ്മതത്തോടെ നടന്നതെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ വിവാഹമല്ല തങ്ങളുടേതെന്നും ഭർത്താവ് ഷെഫിൻ ജഹാൻ മറുനാടൻ മലയാളിയോട്. കൊല്ലം ചാത്തിനാംകുളം മഹല്ലിൽ നിന്നും കോട്ടയ്ക്കൽ പുത്തൂർ മഹല്ലിലേക്ക് കത്തുകൊടുക്കുകയും പുത്തൂരിൽ നിന്നും പള്ളികളുടെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്ന ഖാളി
പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾക്ക് കത്ത് നൽകുകയും ചെയ്തു. കോട്ടയ്ക്കൽ പുത്തൂർ ജുമാ മസ്ജിദ് ഉൾപ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബർ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിൽവച്ച് നിക്കാഹ് നടത്തുകയുമായിരുന്നു. വിവാഹത്തിന് വേണ്ട എല്ലാ ചട്ടങ്ങളും പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. കോടതിയിൽ പറഞ്ഞിരിക്കുന്ന പോല തട്ടിക്കൂട്ടി നടത്തിയ വിവാഹമല്ല ഇത് ഷെഫിൻ പറയുന്നു.

അഖില എന്ന ഹാദിയയെ പരിചയപ്പെടുന്നത് വെ ടു നിക്കാഹ് എന്ന ഓൺലൈൻ വെബ് സൈറ്റിലെ വിവാഹ പരസ്വത്തിലുടെയായിരുന്നു എന്ന് ഷെഫിൻ പറഞ്ഞു. ' ഓഗസ്റ്റ് മാസത്തിലാണ് ഞാൻ ഹാദിയയുടെ വിവാഹ പരസ്യം കാണുന്നത്. അതിൽ കൊടുത്തിരുന്ന നമ്പരിൽ ബന്ധപ്പെട്ടു. പരസ്പരം കാര്യങ്ങൾ സംസാരിച്ചു. പിന്നീട് എന്റെ ഉമ്മയും ഹാദിയയുമായി സംസാരിക്കുകയും വാട്‌സാപ്പ് വഴി പരപ്പരം ഫോട്ടോ കൈമാറുകയും ചെയ്തു. ഇത് 2016 ഓഗസ്റ്റ് 8 നായിരുന്നു. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായതോടെ നേരിൽ കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ നവംബർ 22 ന് നാട്ടിൽ എത്തിയതിന് ശേഷം 30 ന് ഹാദിയയെ കാണാൻ കോട്ടയ്ക്കലിലെ ഹാദിയ താമസിച്ചിരുന്ന വീട്ടിലെത്തി. പിന്നെ കാര്യങ്ങൾ വേഗത്തിലായി. സിസംബർ 19 ന് വിവാഹം നടന്നു '-ഹാദിയയുടെ മാതാപിതാക്കളെ വിവാഹ കാര്യം അറിയിച്ചത് നിക്കാഹിന് ശേഷമായിരുന്നു എന്നും പിതാവ് വളരെദേഷ്യത്തോടെ പെരുമാറിയെന്നും ഷെഫിൻ പറഞ്ഞു.

'വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞത്. വിവാഹം രജിസ്റ്റർ ചെയ്യുവാൻ കോട്ടയ്ക്കൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ നിൽക്കുമ്പോഴാണ് ഹാദിയയുടെ അഡ്വക്കേറ്റ് ഫോണിൽ വിളിക്കുന്നത്. 21 ന് കോടതിയിൽ ഹാജരാവണമെന്ന്. പിറ്റേന്ന് തന്നെ ഞങ്ങൾ രണ്ടു പേരും കോടതിയിൽ ഹാജരായി. ഞങ്ങളുടെ ഒരു വാക്കു പോലും കോടതി മുഖവിലക്കെടുക്കുകയോ സംസാരിക്കാൻ അനുവദിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വിവാഹത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അതുപ്രകാരം ഹാദിയ 156 ദിവസം കോടതിയുടെ തടവിലായിരുന്നു. എറണാകുളം ചിറ്റൂർ റോഡിലുള്ള എസ്.എൻ.വി സദനത്തിലായിരുന്നു താമസം. ഈ കാലയളവിൽ പ്രാർത്ഥിക്കാനുള്ള സൗകര്യം ഹാദിയക്ക് നൽകിയില്ല.

ടോയ്ലെറ്റിൽ പോകുമ്പോൾപോലും നഗ്നയാക്കി പരിശോധന നടത്തി. പല ദിവസങ്ങളിലും ഭക്ഷണംപോലും നൽകിയില്ല. ഹാദിയ ഐ.എസ് തീവ്രവാദിയാണ്. അതിനാൽ ആരും അവളോട് സംസാരിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് തടവിലാക്കിയത്. ഇക്കാലയളവിൽ വക്കീലിനോ എനിക്കോ അവളെ കാണാനോ കേസിന്റെ വിശദാംശങ്ങൾ സംസാരിക്കാനോ അനുവാദം നൽകിയിരുന്നില്ല. ഹാദിയയുടെ പിതാവിനു മാത്രമാണ് കാണാൻ അനുവാദമുണ്ടായിരുന്നത്. മതം മാറിയതിന് ശേഷം മാത്രമേ മാതാപിതാക്കളോട് സംസാരിക്കൂ എന്ന് ഹാദിയ പറഞ്ഞിട്ടില്ലെന്നും നിക്കാഹിന് തലേ ദിവസം വരെ പിതാവ് അശോകനുമായി ഹാദിയ സംസാരിച്ചിരുന്നുവെന്നും ഹാദിയ ആടുമെയ്‌ക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം കൃത്യമായി കുതിക്കൂട്ടി ഹാദിയയെ കൊണ്ട് അങ്ങനെ പറയിപ്പിക്കാനായിരുന്നുവെന്ന് സംഭാഷണം കേൾക്കുമ്പോൾ മനസ്സിലാകുമെന്നും ഷെഫിൻ പറയുന്നു.

ജോലി ഇല്ലാ എന്ന കോടതിയുടെ കണ്ടെത്തൽ തന്നെ ഏറെ ഞെട്ടിച്ചതായി ഷെഫിൻ. 'മസ്‌ക്കറ്റിലെ സ്വകാര്യ കമ്പനിയിൽ ഞാൻ ജോലി നോക്കുകയായിരുന്നു. അതിന്റെ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. കൂടാതെ എന്റെ പത്ത് വർഷമായി ഫാമിലി മസ്‌ക്കറ്റിൽ സെറ്റിൽഡാണ്.' എസ്.ഡി.പി.ഐ പ്രവർത്തകനായ തനിക്കെതിരെ കോളേജിൽ പഠിച്ച കാലത്തുണ്ടായ ഒരു ചെറിയ അടിപിടി കേസ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഉണ്ട് എന്നതൊഴിച്ചാൽ മറ്റൊരു കേസും ഇല്ലായെന്ന് പറയുന്നു. ഐ.എസിന്റെ ഗ്രൂപ്പെന്ന് പറയുന്ന തണലുമായി യാതൊരു ബന്ധവുമില്ല. രാജ്യ ദ്രോഹമായ യാതൊരു കുറ്റവും താൻ ചെയ്തിട്ടില്ലെന്നും ഇതെല്ലാം ആർ.എസ്.എസിന്റെ വ്യാജ പ്രചരണമാണെന്നുമാണ് ഷെഫിൻ പറയുന്നത്. ഹാദിയ ഹോമിയോ ഡോക്ടറായതിനാൽ കേസൊക്കെ തീർന്നതിന് ശേഷം നാട്ടിൽ സെറ്റിൽഡാകണമെന്നും ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുമെന്നും ഷെഫിൻ പറഞ്ഞു.

താനും ഹാദിയയും വിദ്യാഭ്യാസമുള്ളവരാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശം പിടിച്ചുവാങ്ങാൻ നിയമത്തിന്റെ ഏതറ്റംവരെ പോകാനും ഏതന്വേഷണം നേരിടാനും തയാറാണ്. നീതി കിട്ടാനായി സുപ്രിംകോടതിയിൽ പോകാനാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയാലുടൻ അതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഡി.ജി.പി തുടങ്ങിയവർക്കെല്ലാം പരാതി നൽകുമെന്നും ഷെഫിൻ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP