Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ... എന്തു പരിഭവം മെല്ലെയോതി വന്നുവോ....; കൊച്ചു സിവയെ കൊണ്ട് ഉണ്ണിക്കണ്ണനെ കുറിച്ച് പാടിച്ചത് ശ്രീശാന്ത് അല്ല; കൃഷ്ണ സ്തുതി ഈണത്തിൽ പാടി പഠിപ്പിച്ചത് മലയാളിയായ ആയ; മുൻ ഇന്ത്യൻ ക്യാപ്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കേരളത്തിന്റെ പഴയ രഞ്ജി ട്രോഫി താരവും; ധോണിയുടെ മലയാളി ബന്ധങ്ങൾ ഇങ്ങനെ

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ... എന്തു പരിഭവം മെല്ലെയോതി വന്നുവോ....; കൊച്ചു സിവയെ കൊണ്ട് ഉണ്ണിക്കണ്ണനെ കുറിച്ച് പാടിച്ചത് ശ്രീശാന്ത് അല്ല; കൃഷ്ണ സ്തുതി ഈണത്തിൽ പാടി പഠിപ്പിച്ചത് മലയാളിയായ ആയ; മുൻ ഇന്ത്യൻ ക്യാപ്ടന്റെ മനസാക്ഷി  സൂക്ഷിപ്പുകാരൻ കേരളത്തിന്റെ പഴയ രഞ്ജി ട്രോഫി താരവും; ധോണിയുടെ മലയാളി ബന്ധങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകളുടെ മലയാളം പാട്ടാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ഉത്തരേന്ത്യക്കാരായ ധോണി സാക്ഷി ദമ്പതികളുടെ മകൾക്ക് നല്ല ശുദ്ധ മലയാളത്തിൽ ഈ പാട്ട് പഠിപ്പിച്ചത് ആരാണെന്നാണ് ഇപ്പോൾ ലോകം അന്വേഷിക്കുന്നത്. ഇതിനിടെയിൽ ശ്രീശാന്താണ് സിവ ധോണിയെ പാട്ടു പഠിപ്പിച്ചതെന്നും റിപ്പോർട്ടുകളെത്തി.

ശ്രീശാന്തിന് ഈ പാട്ട് പാടിക്കലുമായി യാതൊരു ബന്ധവുമില്ലെന്നാണ് പുറത്തു വരുന്ന സൂചന. ധോണിക്ക് മലയാളിയായ മറ്റൊരു മനസാക്ഷി സൂക്ഷിപ്പുകാരനുണ്ട്. എംഎ സതീഷ്. ഈ മലയാളിയുമല്ല കുട്ടിയെ പാട്ടു പഠിപ്പിച്ചത്. ധോണിയുടെ വീട്ടിലൊരു ആയ ഉണ്ട്. മലയാളിയായ ഈ ആയയാണ് ധോണിയുടെ മകളെ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' എന്ന മലയാളം പാട്ട് പഠിപ്പിച്ചത്.

വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി. തുടക്കകാലത്ത് ധോണിയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീശാന്ത്. ഈ സാഹചര്യത്തിലാണ് ധോണിയെ പാട്ടുമായി ബന്ധപ്പെടുത്തി ചർച്ചകളെത്തിയത്. എന്നാൽ ശ്രീശാന്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന സൂചന മറുനാടന് ലഭിച്ചു. ശ്രീശാന്തും ധോണിയും സുഹൃത്തുക്കളാണെങ്കിലും അതിന് അപ്പുറത്തേക്ക് മലയാളി ബന്ധം ഇന്ത്യൻ ടീമിന്റെ മുൻ നായകനുണ്ട്.

കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി താരമായ എംഎ സതീഷാണ് ധോണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ. ഇന്ത്യൻ സിമന്റസിലെ വൈസ് പ്രസിഡന്റായ സതീഷ് ബിസിസിഐ മുൻ പ്രസിഡന്റ് ശ്രീനിവാസന്റെ അടുപ്പക്കാരനുമാണ്. ഇന്ത്യൻ ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായും സതീഷ് പ്രവർത്തിച്ചിണ്ട്. ഈ ബന്ധമാണ് ആയയെ ധോണിയുടെ വീട്ടിലെത്തിച്ചതെന്നാണ് സൂചന.

ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്ടനായിരുന്നു ധോണി. ഇതോടെയാണ് ധോണിയും ഇന്ത്യാ സിമന്റ്‌സും തമ്മിലെ ബന്ധം തുടങ്ങുന്നത്. സതീഷും ധോണിയുമായി അടുത്തതും ചെന്നൈ ടീമിൽ വച്ചാണ്. പതിയെ ഇന്ത്യൻ ക്യാപ്ടന്റെ അടുത്ത സുഹൃത്തായി സതീഷ് മാറി. ബിസിനസ് ബന്ധങ്ങൾ പോലും ധോണിയും സതീഷും തമ്മിലുണ്ട്. ഇവരുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്.

ഈ ബന്ധമാണ് ധോണിയുടെ മകളെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനുമായി അടുപ്പിച്ചത്. മലയാളത്തിലെ ഈ ഹിറ്റ് സോങ് ധോണിയുടെ വീട്ടിലെ പ്രിയ പാട്ടാക്കിയതും സതീഷാണ്. തൃശൂർ ജില്ലയിലൂടെ ക്രിക്കറ്റിലെത്തിയ സതീഷ് നിലവിൽ ചെന്നൈയിലാണ് സ്ഥിര താമസം. ചെന്നൈ സൂപ്പർ കിങ്‌സ് അപ്രസക്തമായപ്പോഴും ധോണിയും സതീഷും തമ്മിലെ സൗഹൃദം മങ്ങലേൽക്കാതെ തുടർന്നു.

ശ്രീനിവാസൻ ബിസിസിഐയെ നയിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായിരുന്നു ഈ മലയാളി. ഇന്ത്യാ സിമന്റുമായി ബന്ധമുള്ളവരെ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചതോടെ ഈ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ശ്രീനിവാസന്റെ ഭരണകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാനികളിൽ ഒരാളായിരുന്നു സതീഷ്.

2011മുതൽ നാല് കൊല്ലം ഇന്ത്യൻ ടീമിനൊപ്പം ഈ മലയാളിയും സ്ഥിരമായി യാത്ര ചെയ്തു. ഇതിനിടെയിലാണ് ധോണിയും സതീഷും സുഹൃത്തുക്കളാകുന്നത്. ശ്രീനിവാസൻ മാറിയെങ്കിലും ഈ ബന്ധം ഉലഞ്ഞില്ല. കേരളത്തിൽ ധോണിക്ക് ചില നിക്ഷേപങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇപ്പോൾ ആലുവയിലാണ് സതീഷിന്റെ കുടുംബമുള്ളത്. ധോണിയുടെ കുട്ടിക്ക് ആയയെ ഏർപ്പാടാക്കിയതും സതീഷാണെന്നാണ് സൂചന.

1992ലാണ് സതീഷ് കേരളാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട ്‌കൊല്ലം മാത്രമാണ് കളിച്ചത്. 14 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച സതീഷിന് രഞ്ജി ട്രോഫിയിൽ കാര്യമായി തിളങ്ങാനായില്ല. കേരളത്തിനായി ഏകദിനത്തിൽ നേടിയ 62 റൺസാണ് ടോപ് സ്‌കോർ. വലതു കൈയൻ ബാറ്റ്‌സ്മാനായ സതീഷ് ഇപ്പോൾ ഇന്ത്യാ സിമന്റ്‌സിന് കീഴിലുള്ള ക്രിക്കറ്റ് ടീമുകളുടെ പ്രധാന ചുമതലക്കാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP