Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉതുപ്പിനായി ശ്രീധരൻ പിള്ള ഹാജരാകില്ല? സമ്മർദ്ദത്തിലൂടെ വക്കാലത്ത് ഏറ്റെടുക്കുന്നതിൽ നിന്ന് പിൻവലിക്കാൻ നീക്കം; അമിത് ഷായുടെ ഇടപടെലിലൂടെ നാണക്കേട് ഒഴിവാക്കാൻ മുരളീധരൻ; രാഷ്ട്രീയ പ്രവർത്തകർക്ക് ജോലിയല്ല ധാർമികതയാവണം പ്രധാനമെന്ന് ബിജെപി സംസ്ഥാന ഘടകം

ഉതുപ്പിനായി ശ്രീധരൻ പിള്ള ഹാജരാകില്ല? സമ്മർദ്ദത്തിലൂടെ വക്കാലത്ത് ഏറ്റെടുക്കുന്നതിൽ നിന്ന് പിൻവലിക്കാൻ നീക്കം; അമിത് ഷായുടെ ഇടപടെലിലൂടെ നാണക്കേട് ഒഴിവാക്കാൻ മുരളീധരൻ; രാഷ്ട്രീയ പ്രവർത്തകർക്ക് ജോലിയല്ല ധാർമികതയാവണം പ്രധാനമെന്ന് ബിജെപി സംസ്ഥാന ഘടകം

കൊച്ചി:നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ പ്രതിയായ വർഗീസ് ഉതുപ്പിനായി ബിജെപി നേതാവ് അഡ്വ. പി ശ്രീധരൻപിള്ള ഹാജരാകുന്നതിലെ വിവാദം കെട്ടടങ്ങുന്നില്ല. ശ്രീധരൻപിള്ളയുടെ നിലപാടിനെതിരെ കോട്ടയത്തേയും പുതുപ്പള്ളിയിലേയും പ്രാദേശിക ബിജെപി നേതൃത്വം സംസ്ഥാന -ദേശീയ നേതാക്കളെ അതൃപ്തി അറിയിച്ചു. ഇതേ തുടർന്ന് പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഡൽഹിയിൽ എത്തി. ദേശീയ അധ്യക്ഷനോട് ശ്രീധരൻ പിള്ളയുടെ നിലപാടിലെ അതൃപ്തി അറിയിക്കുകയും ചെയ്തു. നേരത്തെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു കേസിലും ശ്രീധരൻപിള്ള പ്രതിക്കായി ഹാജരായത് ബിജെപി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. രാഷ്ട്രീയ വിവാദമാകുന്ന ഇത്തരം കേസുകളിൽ ശ്രീധരൻ പിള്ള അഭിഭാഷകനെന്ന നിലയിൽ തീരുമാനം എടുക്കുന്നത് ബിജെപിക്കാണ് തലവേദനയെന്നാണ് മുരളീധരൻ പക്ഷത്തിന്റെ വാദം.

ശ്രീധരൻപിള്ളയുടെ പ്രവൃത്തി പാർട്ടിയിൽ വ്യാപകമായ ആശയക്കുഴപ്പത്തിന് കാരണമായതായും ബിജെപിയിലെ പ്രബലവിഭാഗം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ഉതുപ്പിന്റെ ബന്ധമുയർത്തി യുവമോർച്ച സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ എല്ലാം അറിഞ്ഞു കൊണ്ട് ശ്രീധരൻ പിള്ള ഉതുപ്പിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് വാദം. എന്നാൽ വ്യക്തിപരമായി അഭിഭാഷകൻ എന്ന നിലയിലാണ് പിള്ള പ്രതിക്കു വേണ്ടി ഹാജരാകുന്നതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഔദ്യോഗികമായി വിശദീകരിച്ചത്.എന്നാൽ ഇതിൽ രാഷ്ട്രീയമായി ധാർമികതയുടെ പ്രശ്‌നം ഉണ്ടെന്ന് രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. സംസ്ഥാന നേതൃത്വത്തിൽ മുരളീധരനെ എതിർക്കുന്നവരിൽ പ്രധാനിയാണ് ശ്രീധരൻ പിള്ള. വീണ്ടും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകാൻ കരുനീക്കവും നടത്തുന്നു. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് ശ്രീധരൻ പിള്ളയ്ക്ക് എതിരായ പരാതി കേന്ദ്ര നേതൃത്വത്തിലേക്ക് മുരളീധരൻ എത്തിക്കുന്നത്. ഉതുപ്പ് കുകുവൈത്തിൽ നിന്നാണ് ശ്രീധരൻപിള്ളക്ക് വക്കാലത്ത് നല്കിയിട്ടുള്ളത്.

അതിനിടെ വക്കാലത്ത് ഏറ്റെടുക്കുന്നതിൽ നിന്ന് ശ്രീധരൻപിള്ളയെ പിന്തിരിക്കാനുള്ള നീക്കവും സജീവമാണ്. കേന്ദ്ര നേതൃത്വവും ഇതിനായുള്ള ഇടപെടൽ നടത്തും. കേസ് അന്വേഷണം സിബിഐയാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പ്രതിയുടെ വക്കാലത്ത് ശ്രീധരൻ പിള്ള ഏറ്റെടുക്കുന്നത് അന്വേഷണ ഏജൻസിയെ സ്വാധീനിക്കാൻ ആണെന്ന വിമർശനം ഉയരുക സ്വാഭാവികമാണ്. അഴിമതിക്ക് എതിരെ നിലപാട് എടുത്ത് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന പാർട്ടിക്ക് ഇത് ഗുണകരമാകില്ല. അതുകൊണ്ട് വക്കാലത്ത് ഏറ്റെടുക്കരുത്. അത്തരമൊരു വാർത്ത ബിജെപിക്ക് എതിരായ പ്രചരണമാണെന്ന് വരുത്താനും അതിലൂടെ സാധിക്കും. ഡൽഹിയിൽ ബിജെപി കേന്ദ്രനേതാക്കളെ ഈ ആവശ്യങ്ങളാണ് മുരളീധരൻ അറിയിച്ചത്. നേഴ്‌സിങ് തട്ടിപ്പ് കേസിൽ ഉതുപ്പിനെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ചുള്ള നടപടിയും ഉണ്ടായിട്ടുണ്ട്.

എന്നാൽ വിഷയത്തിൽ ഒരു കാരണവശാലും പരസ്യപ്രതികരണത്തിന് മുതിരരുതെന്ന് പ്രവർത്തകർക്ക് നേതൃത്വം നിർദ്ദേശം നല്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന നിലയിലാണ് ഉതുപ്പ് കോട്ടയത്തും പുതുപ്പള്ളിയിലും അറിയപ്പെടുന്നത്. ഉതുപ്പിനെതിരായ വാർത്ത പുറത്തുവന്നപ്പോൾ തന്നെ പുതുപ്പള്ളിയിലെ പ്രാദേശിക ബിജെപി നേതൃത്വം ഇടപെട്ട് ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ബി ജെപി നേതാവ് കെ സുരേന്ദ്രൻ ഇടപെട്ടായിരുന്നു സമരം നടത്തിയത്. ഉതുപ്പ് വിഷയം ആദ്യമായി മുഖ്യമന്ത്രിക്കെതിരെ തിരിച്ചുവിട്ടതും ബിജെപിയായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് സമരങ്ങൾക്ക് തുടർച്ചയുണ്ടാവാത്തതിനു കാരണം ഉതുപ്പുമായി ബിജെപി നേതാക്കൾക്കുള്ള ബന്ധമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ഉതുപ്പുമായോ അയാളുടെ ഇടപാടുകളുമായോ ഒരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്നാണ് കോട്ടയം ജില്ലാകമ്മറ്റിയുടെ നിലപാട്.

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, അത് എത്രവലിയ ഉന്നതനായാലും -ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.ശ്രീധരൻ പിള്ളയുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ് അതിനു പാർട്ടി നിലപാടുമായി ഒരു ബന്ധവുമില്ല . ധാർമ്മികതയുടെ കാര്യം തീരുമാനിക്കേണ്ടത് അവനവനാണ്. കോടതിയിൽ ഒരു കള്ളം പോലും പറയാത്തയാളാണ് മഹാത്മാഗാന്ധി. അതെല്ലാം വ്യക്തിപരമായ നിലപാടാണ്. അഭിഭാഷകൻ എന്ന നിലയിൽ ശ്രീധരൻ പിള്ള എടുത്ത നിലപാടിനെ കുറ്റപ്പെടുത്താൻ താനില്ലെന്നും ഏറ്റുമാനൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ തങ്ങൾ ഒരുപരസ്യപ്രതികരണത്തിനുമില്ലെന്നും എല്ലാം സംസ്ഥാന പ്രസിഡന്റ് പറയുമെന്നുമാണ് പുതുപ്പള്ളി കമ്മിറ്റിയുടെ നിലപാട്. ഉതുപ്പിനെ സംരക്ഷിക്കാൻ തങ്ങളില്ലെന്നും അവർ വ്യക്തമാക്കി.

എന്തായാലും ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സ് നേതാക്കളും മാത്രം ആരോപണവിധേയരായിരുന്ന ഉതുപ്പ് വിഷയത്തിൽ ശ്രീധരൻ പിള്ള വക്കാലത്ത് ഏറ്റെടുത്തതോടെ ബി ജെപി നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്.ശ്രീധരൻ പിള്ളയുടെ നിലപാടിനെതിരെ സംസ്ഥാന കമ്മറ്റിയിൽ പോലും എതിരഭിപ്രായമുള്ളവരുണ്ട്. എന്നാൽ ഒ രാജഗോപാലിനെ പോലുള്ളവർ വിഷയത്തിൽ നിലപാട് വിശദീകരിക്കുന്നില്ല. അടുത്ത സംഘടനാ തെരഞ്ഞെടുപ്പിൽ മുരളീധരനേയും സുരേന്ദ്രനേയും വെട്ടി പാർട്ടി നേതൃത്വം പിടിക്കാനുള്ള കൂട്ടായ്മയ്ക്ക് കരുത്തു പകരാനാണ് ഈ മൗനമെന്നാണ് ആരോപണം. പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി പോയ പ്രതിക്ക് ശ്രീധരൻ പിള്ളയുടെ നിയമസഹായം ലഭ്യമാക്കിയത് ബിജെപിയിലെ മുതിർന്ന നേതാവാണെന്ന വാദവും അന്ന് ഉയർന്നിരുന്നു.

ഏതായാലും അഴിമതിക്ക് എതിരെ പോരാട്ടം നയിച്ച് കേരളത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉതുപ്പിനെ പോലുള്ളവരെ പ്രമുഖ നേതാക്കൾ തന്നെ പിന്തുണയ്ക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അതിനാൽ തെറ്റ് ചെയ്യുന്നവരെ തിരുത്തിക്കാൻ രാജഗോപാൽ തന്നെ മുന്നിട്ട് ഇറങ്ങണമെന്നാണ് അവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP