Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

മുത്തൂറ്റിൽ പരിശീലനം തുടങ്ങിയത് വെറുതെയായി; സ്‌കോട്‌ലാൻഡിൽ കളിക്കാനുള്ള ആഗ്രഹത്തിനും പാരവച്ചു; തടഞ്ഞു വച്ച അഞ്ചു കോടിയും നൽകില്ല; മലയാളി ബൗളറോട് കലിപ്പ് തീരാതെ ബിസിസിഐ; വിദേശ ലീഗിൽ കളിക്കാനും ഫാസ്റ്റ് ബൗളർക്ക് അനുമതിയില്ല; കോടതി വെറുതെ വിട്ടിട്ടും ശ്രീശാന്തിന്റെ അജീവനാന്ത വിലക്കിന് ഇളവില്ല

മുത്തൂറ്റിൽ പരിശീലനം തുടങ്ങിയത് വെറുതെയായി; സ്‌കോട്‌ലാൻഡിൽ കളിക്കാനുള്ള ആഗ്രഹത്തിനും പാരവച്ചു; തടഞ്ഞു വച്ച അഞ്ചു കോടിയും നൽകില്ല; മലയാളി ബൗളറോട് കലിപ്പ് തീരാതെ ബിസിസിഐ; വിദേശ ലീഗിൽ കളിക്കാനും ഫാസ്റ്റ് ബൗളർക്ക് അനുമതിയില്ല; കോടതി വെറുതെ വിട്ടിട്ടും ശ്രീശാന്തിന്റെ അജീവനാന്ത വിലക്കിന് ഇളവില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒത്തുകളി വിവാദത്തിൽ പെട്ടെങ്കിലും കോടതി വെറുതെ വിട്ട താരമാണ് ശ്രീശാന്ത്. പക്ഷേ കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐ അത് അംഗീകരിച്ചിട്ടില്ല. ബിസിസഐ പ്രിസഡന്റായിരുന്ന അനുരാഗ് താക്കൂറിന്റെ മനസ്സിലിടം നേടാൻ ബിജെപിക്കാരാനായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും ഫലം ഉണ്ടായില്ല. ക്രിക്കറ്റിലെ വിലക്ക് മാറ്റാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടും താക്കൂർ തയ്യാറായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതോടെയാണ് ഇന്ത്യക്ക് പുറത്ത് ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത ശ്രീശാന്ത് തേടിയത്. സ്‌കോട്ട്ലാൻഡ് ക്രിക്കറ്റ് ലീഗിൽ നിന്ന് ക്ഷണവുമെത്തി. ഇതോടെ ശ്രീ കൊച്ചിയിൽ പ്രാക്ടീസും തുടങ്ങി. ഇതിനിടെയിൽ സ്‌കോട്ടീഷ് ലീഗിൽ കളിക്കാൻ അനുമതി തേടി ശ്രീശാന്ത് ബിസിസിഐയ്ക്ക് കത്തെഴുതി. അതിന് ഒറ്റവരിയിൽ അനുമതിയില്ലെന്ന മറുപടിയാണ് ശ്രീയ്ക്ക് ബിസിസിഐ നൽകിയത്. ഇതോടെ ശ്രീയെ ഔദ്യോഗികമായി പന്തെറിയാൻ ബിസിസിഐ അനുവദിക്കില്ലെന്ന് ഉറപ്പായി.

മലയാള സിനിമയായ ടീം5ൽ അഭിനയിക്കുന്നതിനടെയാണ് സ്‌കോട്ടീഷ് ലീഗിൽ നിന്ന് ശ്രീശാന്തിന് വിളിയെത്തിയത്. ഇക്കാര്യം ആഘോഷ പൂർവ്വം ശ്രീ ഫെയ്സ് ബുക്കിൽ കുറിക്കുകയും ചെയ്തു. പിന്നാലെ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് ശ്രീ താമസം മാറ്റി. ക്രിക്കറ്റ് പരിശീലനം സജീവമാക്കാനായിരുന്നു ഇത്. ശ്രീയുടെ ടീമായ മുത്തൂറ്റിൽ പരിശീലനത്തിന് മുടങ്ങാതെ എത്തുകയും ചെയ്തു. പഴയ ഫോമിലാണ് ശ്രീ ഇപ്പോഴുമുള്ളതെന്ന് പ്രാക്ടീസ് കാണുന്നവർ തിരിച്ചറിയുന്നുമുണ്ട്. വേഗതയും സ്വിങുമൊന്നും ശ്രീയ്ക്ക് നഷ്ടപ്പെട്ടിട്ടില്ല. ബാറ്റ്സ്മാന്മാർ വെള്ളം കുടിക്കുന്നുമുണ്ട്. ഈയിടെ മുത്തൂറ്റിനായി ചില പരിശീലന മത്സങ്ങളും കളിച്ചു. അവിടേയും മികച്ച ലൈനും ലെഗ്ത്തും പുറത്തെടുത്തു. ശാരീരിക ക്ഷമത വീണ്ടെടുത്ത ശ്രീയ്ക്ക് ഇനിയും അന്താരാഷ്ട്രക്രിക്കറ്റിൽ തിളങ്ങാനാവുമെന്നും വിലയിരുത്തലെത്തി. ്സ്‌കോട്ടീഷ് ലീഗ് അതിന് വേദിയാകുമെന്നും കരുതി. ഇതിനിടെയാണ് കളിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ കത്ത് കൈമാറിയത്.

ഇപ്പോഴും ശ്രീ നിരാശനല്ല. താൻ എത്രയും വേഗം ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് തന്നെയാണ് ശ്രീ പറയുന്നത്. ബിസിസിഐയുമായി ബന്ധപ്പെട്ട സുപ്രീംകോടതി നടപടികൾ പൂർത്തിയാകുമ്പോൾ എല്ലാം ശുഭകരമാകുമെന്ന പ്രതീക്ഷയിലാണ് ബൗളർ. അതുകൊണ്ട് കൂടിയാണ് കൊച്ചിയിലേക്ക് താമസം മാറിയത്. പ്രാക്ടീസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുക മാത്രമായിരുന്നു ലക്ഷ്യം. നിലവിൽ കൊച്ചിയിലെ ലീഗിൽ പോലും ശ്രിക്ക് കളിക്കാൻ കഴിയില്ല. ബിസിസിഐയുമായി ബന്ധപ്പെ സ്റ്റേഡിയങ്ങളിലും പരിശീലനത്തിന് അനുമതിയില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ സ്വകാര്യ സംവിധാനങ്ങളുപയോഗിച്ച് പരിശീലനം നടത്തുന്നത്. താൻ ഫോം വീണ്ടെടുത്തുവെന്ന പൂർണ്ണ ആത്മവിശ്വാസത്തിൽ ശ്രീ എത്തിയതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഐപിഎൽ മത്സരത്തിനിടെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽപ്പെടുന്നത്. ഡൽഹി പൊലീസ് ഒരുക്കിയ കെണിയായിരുന്നു അതെന്നായിരുന്നു ശ്രീയുടെ നിലപാട്. കോടതിയിൽ ഇത് അംഗീകരിക്കപ്പെട്ടു. കുറ്റവിമുക്തനുമായി. എന്നാൽ ഈ വിധിയെ ബിസിസിഐ അംഗീകരിച്ചില്ല. ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസൻ മാറിയതോടെ ശ്രീ വീണ്ടും കളിക്കളത്തിൽ മടങ്ങിയെത്തുമെന്ന പ്രചരണമെത്തി. കെസിഎയെ പ്രസിഡന്റായി ടിസി മാത്യു ബിസിസിഐയുടെ വൈസ് പ്രസിഡന്റായിട്ടും ശ്രീശാന്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇതിനിടെയാണ് ബിജെപിയിലൂടെ തെരഞ്ഞെടുപ്പ് ഗോദയിൽ ശ്രീ എത്തിയത്. ബിജെപിയുടെ പിന്തുണയോടെ ബിസിസിഐയുടെ വിലക്ക് മാറുമെന്ന പ്രതീക്ഷയുമെത്തി. എന്നാൽ അതും വെറുതെയായി. ബിജെപി എംപി കൂടിയായ അനുരാഗ് താക്കൂറിനെ സുപ്രീംകോടതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

ഒത്തുകളി വിവാദത്തിൽപ്പെട്ട ശ്രീശാന്തിനെ ഐപിഎല്ലിൽ നിന്നും വിലക്കി. എന്നാൽ ബിസിസിഐയിൽ നിന്ന് വിലക്കൊന്നും ശ്രീയെ തേടി എത്തിയിട്ടില്ല. പല തവണ വിലക്ക് മാറ്റണമെന്ന അഭ്യർത്ഥന മുന്നോട്ട് വച്ചെങ്കിലും ബിസിസഐ പ്രതികരിച്ചുമില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം ക്ലബ്ബിന് വേണ്ടി ലീഗ് മത്സരത്തിൽ പോലും കളിക്കാൻ ശ്രീയ്ക്ക് കഴിയാത്തത്. ബിസിസിഐയിൽ അഴിച്ചു പണി നടക്കുമ്പോൾ ടിസി മാത്യു കൂടുതൽ കരുത്തനാകും. ഈ ഘട്ടത്തിൽ ശ്രീശാന്തിന് വേണ്ടി ടിസി മാത്യു സജീവമാകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ കഠിന പരിശീലനത്തിൽ ശ്രീ ഏർപ്പെടുന്നത്. കേരളത്തിന് വേണ്ടി അടുത്ത രഞ്ജി സീസൺ കളിക്കുക. ഐപിഎല്ലിൽ വീണ്ടും സജീവമാവുക എന്നതാണ് ലക്ഷ്യം. ഒത്തുകളി വിവാദത്തിൽപ്പെടുമ്പോൾ മാച്ച് ഫീ ഇനത്തിൽ അഞ്ച് കോടിയോളം രൂപ ശ്രീശാന്തിന് ബിസിസിഐ കൊടുക്കാനുണ്ടായിരുന്നു. വിലക്കോടെ ഇതും കിട്ടാതെയായി.

2002-2003 സീസണിൽ ഗോവക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ഏഴു മത്സരങ്ങളിൽനിന്നായി 22 വിക്കറ്റുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണിൽ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിൽ ഇടം ലഭിച്ചു. 2004 നവംബറിൽ ഹിമാചൽ പ്രദേശിന് എതിരായ മത്സരത്തിൽ രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി സ്വന്തമാക്കി. 2005 ഒക്ടോബറിൽ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ -ബി ടിമിൽ ഇടം നേടി. ചലഞ്ചർ ട്രോഫിയിൽ ഏഴു വിക്കറ്റുകൾ വീഴ്‌ത്തി തിളങ്ങിയതോടെ ഇന്ത്യൻ ടീമിലേക്ക് വഴി തെളിഞ്ഞു. 2006 മാർച്ചിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടന വേളയിൽ സഹീർ ഖാന്റെ പകരക്കാരനായാണ് ശ്രീശാന്ത് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രകടനത്തിലൂടേയും വിവാദത്തിലൂടേയും ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമായി ശ്രീശാന്ത്.

ശ്രീശാന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം 2006 ഡിസംബറിൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു. ഏകദിന പരമ്പരയിൽ ദയനീയമായി തകർന്ന ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ ഉജ്ജ്വല വിജയം നേടാൻ സഹായിച്ചത് രണ്ട് ഇന്നിങ്സുകളിൽനിന്നായി എട്ടു വിക്കറ്റുകൾ നേടിയ ശ്രീശാന്തായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ 50 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗറളെന്ന ഖ്യാതിയും ശ്രീ സ്വന്തമാക്കിയിരുന്നു. പതിനാലു മത്സരങ്ങളിൽനിന്നാണ് ശ്രീശാന്ത് 50 വിക്കറ്റ് നേടിയത്. എന്നാൽ വിവാദങ്ങൾ ശ്രീയെന്ന ബൗളർക്ക് പലപ്പോഴും വിനയായി. ഇതിനിടെയാണ് ഒത്തുകളി വിവാദത്തിലെ വില്ലൻ പരിവേഷം ശ്രീയുടെ ക്രിക്കറ്റ് ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP