Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി യുദ്ധകാല അടിസ്ഥാനമെത്തും; കരാറുകാർക്ക് കൂടുതൽ കാശും; ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതി വീരന്മാരുടെ തന്ത്രം ഫലിച്ചു; കൂട്ടയോട്ടത്തിന് മുമ്പ് എല്ലാം ശുഭമാകുമെന്ന വിശ്വാസം മാത്രമേ മനോരമയ്ക്ക് പോലുമുള്ളൂ

ഇനി യുദ്ധകാല അടിസ്ഥാനമെത്തും; കരാറുകാർക്ക് കൂടുതൽ കാശും; ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതി വീരന്മാരുടെ തന്ത്രം ഫലിച്ചു; കൂട്ടയോട്ടത്തിന് മുമ്പ് എല്ലാം ശുഭമാകുമെന്ന വിശ്വാസം മാത്രമേ മനോരമയ്ക്ക് പോലുമുള്ളൂ

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിൽ സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത് മലയാള മനോരമയാണ്. ഇവരോട് സ്‌റ്റേഡിയത്തിന്റെ പണികൾ പൂർത്തിയായോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാകും ലഭിക്കുക? ആത്മവിശ്വാസമുള്ള ഉറച്ച മറുപടി പറയുമെന്നാകും ഏവരും മനസ്സിൽ ഉറപ്പിക്കുക. എന്നാൽ മനോരമയിൽ അടിച്ചുവരുന്നത് വായിച്ചാൽ സ്‌റ്റേഡിയത്തിന്റെ കാര്യത്തിൽ അവർക്കു പോലും ഒരു ഉറപ്പുമില്ല. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള റൺ കേരളാ റണിന്റെ സംഘാടകരാണ് മനോരമ. അവരുടെ വാർത്തകളിൽ പോലും എല്ലാ സ്‌റ്റേഡിയങ്ങളും കൂട്ടയോട്ടതിന് മുമ്പ് പൂർത്തിയാകുമെന്നാണ് അധികൃതരുടെ വിശ്വാസമെന്നാണ് സൂചിപ്പിക്കുന്നത്. ചുരക്കത്തിൽ പറഞ്ഞാൽ എല്ലാം കുളമാണെന്ന് മനോരമയും സമ്മതിക്കുന്നു. പക്ഷേ പത്ത് കോടി വാങ്ങിയവർക്ക് ഇങ്ങനെ മാത്രമേ അത് പറയാനാകൂ.

ദേശീയ ഗെയിംസിലെ അഴിമതി ആരോപണങ്ങളിൽ വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട്. എങ്കിലും സ്റ്റേഡിയങ്ങളുടെ അന്തിമ ഘട്ട പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത് മുഖ്യമന്ത്രിക്ക് കാണാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കാര്യവട്ടത്തെ ഉദ്ഘാടന-സമാപന ചടങ്ങുകൾക്കുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയം. കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവും വട്ടിയൂർക്കാവിലെ ഷൂട്ടിങ്ങ് റേഞ്ചുമെല്ലാം മുഖം മിനുക്കണമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഗെയിംസ് ഒരുക്കങ്ങൾ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ മുഖ്യമന്ത്രി ഇടപെടും. ഇതു തന്നെയാണ് ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ലക്ഷ്യമിടുന്നതും.

മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ച് സ്ഥിതി ഗതികൾ ചർച്ച ചെയ്യും. എല്ലാ സ്‌റ്റേഡിയങ്ങളും യുദ്ധകാല ആടിസ്ഥാനത്തിൽ തീർക്കാൻ നിർദ്ദേശിക്കും. അപ്പോൾ കരാറുകാർ അവരുടെ ബുദ്ധിമുട്ടുകൾ ഉയർത്തും. സാമ്പത്തിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടും. അപ്പോൾ അതിവേഗത്തിൽ സ്‌റ്റേഡിയങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി എന്തുവേണമെങ്കിലും ചെയ്യാൻ നിർദ്ദേശിക്കും. കരാറുകൾ പുതിക്ക് നിശ്ചയിക്കും. അതിവേഗത്തിൽ പണിതീർക്കാൻ കൂടുതൽ തുക ഫണ്ടായി കരാറുകാർക്ക് ലഭിക്കും. ഇത്ര ദിവസത്തിനുള്ളിൽ സ്റ്റേഡിയം പൂർത്തിയാകുമെന്ന ഉറപ്പിലാണ് സ്റ്റേഡിയം നിർമ്മാണം കരാറുകാർ ഏറ്റെടുത്തത്. അതിന് കഴിയാത്തവർക്ക് അധിക തുക ലഭിക്കുന്ന അവസ്ഥയെത്തും. അതിന്റെ കമ്മീഷനും അഴിമതിക്കാർക്ക് പങ്കുവയ്ക്കാം. മുപ്പത്തിയഞ്ച് മത്സര വേദികളിൽ 16 എണ്ണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ബാക്കിയുള്ളവയിൽ പണി ഇഴഞ്ഞു നീങ്ങുന്നു. എല്ലാം പൂർത്തിയായി എന്ന് പറയുന്ന സ്റ്റേഡിയങ്ങളും മത്സരത്തിന് മാത്രമേ യോഗ്യമായിട്ടുള്ളൂ. സ്‌റ്റേഡിയത്തിലെത്താനുള്ള വഴികളും മൂത്രപ്പുരകളും ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾ ഇനിയും ബാക്കി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ഇടപെടുത്തിയുള്ള യുദ്ധകാല അടിസ്ഥാനത്തിലേക്കുള്ള നിർമ്മാണ നീക്കം സജീവമാക്കുന്നത്.

എന്നാൽ അഴിമതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെടുമോ എന്ന സംശയവും സജീവമാണ്. പക്ഷേ ജനവരി 31ന് ഗെയിംസ് തുടങ്ങണമെങ്കിൽ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വരുമെന്ന മറുപടിയാണ് ഗെയിംസ് സെക്രട്ടറിയേറ്റ് നൽകുന്നത്. ഇതൊക്കെ തന്നെയാണ് ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിലും നടന്നത്. സംഘാടക സമിതിയിലെ ഉദ്യോഗസ്ഥർ എല്ലാം വൈകിപ്പിച്ചു. ഒടുവിൽ കോമൺവെൽത്ത് ഗെയിംസ് നടക്കണമെങ്കിൽ അടിയന്തര ഇടപെൽ വേണ്ടി വന്നു. ഈ ഘട്ടത്തിൽ ടെൻഡറും വ്യവസ്ഥകളും എല്ലാം മറികടന്ന് ഉപകരണങ്ങളും മറ്റും യുദ്ധകാല അടിസ്ഥാനത്തിൽ എത്തിച്ചു. സ്റ്റേഡിയങ്ങളും ആവുന്ന തരത്തിൽ പണിത് തീർത്തു. ചോർന്നൊലിക്കുന്ന സ്‌റ്റേഡിയവും അടിസ്ഥാന സൗകര്യ പോരായ്മയും കോമൺവെൽത്ത് ഗെയിംസിന്റെ നിറം കെടുത്തിയെങ്കിലും പലരുടേയും കീഴയിൽ അഴിമതിപ്പണം നിറഞ്ഞു. ഈ മാതൃക തന്നെയാണ് കേരളത്തിലും ദേശീയ ഗെയിംസിൽ നടപ്പാക്കുന്നതെന്നാണ് വിമർശനം.

ദേശീയ ഗെയിംസ് മത്സരങ്ങൾക്കായി നവീകരിക്കുന്ന കോർപറേഷൻ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ജനുവരി അഞ്ചിനകം പൂർത്തിയാക്കുമെന്ന് അധികൃതരുടെ അന്തിമ ഉറപ്പ്. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറംഗ കമ്മിറ്റിയും രൂപവത്കരിച്ചു. ഫുട്ബോൾ പരിശീലനത്തിന് കല്ലായി ഗവ. ഗണപത് സ്‌കൂൾ മൈതാനിയിൽ 25 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുമെന്ന് അധികൃതർ അറിയിച്ചു. 10 ലക്ഷം നഗരസഭയും 15 ലക്ഷം ദേശീയ ഗെയിംസ് അഥോറിറ്റിയുമാണ് വഹിക്കുക. കോഴിക്കോട് സ്‌റ്റേഡിയത്തിൽ മൈതാനത്ത് പുല്ലുവച്ച് പിടിപ്പിക്കാൻ 15 ലക്ഷം വേറെയും ചെലവഴിക്കും. ഇക്കാര്യം അടുത്ത ദിവസം ചേരുന്ന ദേശീയ ഗെയിംസ് അഥോറിറ്റി നിർവാഹക സമിതി യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. ഇത്തരം പ്രാഥമിക തീരുമാനം പോലെ വൈകിപ്പിച്ചതിന് പിന്നിൽ അഴിമതി ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്.

കണ്ണൂർ മുണ്ടയാട്ട് ഇൻഡോർ സ്റ്റേഡിയം അവസാന മിനുക്കുപണിയിൽ മാത്രമാണ്. ദേശീയ ഗെയിംസിൽ ഗുസ്തിക്കും ബാസ്‌ക്കറ്റ് ബോളിനും വേദിയാവുന്നത് മുണ്ടയാട്ടെ സ്റ്റേഡിയമാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്കുപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ശീതീകരിച്ച ഇൻഡോർ സ്റ്റേഡിയമടങ്ങുന്ന സ്പോർട്സ് കോംപ്ലക്‌സായി ഇതിനെ അടുത്ത ഘട്ടത്തിൽ വികസിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വാദം. ഈ ലക്ഷ്യം ദേശീയ ഗെയിംസിന് മുമ്പ് മുന്നിൽ വച്ചായിരുന്നു പ്രവർത്തനം തുടങ്ങിയത്. അതുകൊണ്ട് തന്നെ പാതി പണിത സ്റ്റേഡിയത്തിലാണ് ഗുസ്തിയും ബാസ്‌ക്കറ്റ് ബോളും നടക്കുക. മുണ്ടയാട്ടെ പഴയ പൗൾട്രി ഫാമിനു സമീപത്തെ ഭൂമിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇൻഡോർ സ്റ്റേഡിയത്തിനു തറക്കല്ലിട്ടത്. എന്നാൽ ഡിസൈനിലെ വ്യത്യാസവും കരാറുകാരന്റെ പിന്മാറ്റവും മൂലം നിർമ്മാണം പാതിവഴിയിൽ നിലച്ചു.

പിന്നീട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിർമ്മാണം പുനരാരംഭിച്ചത്.ബിഎസ്എൻഎൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ഫ്‌ളോറിന്റെ ജോലികൾ 99 ശതമാനവും പൂർത്തിയായി. പ്ലംബിങ്, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയും പൂർണം. സ്റ്റേഡിയത്തിനകത്തെ സീലിങ് ജോലികൾ അവസാനഘട്ടത്തിലാണ്. സ്റ്റേഡിയത്തിനു പുറത്തുള്ള ജോലികളും തുടരുന്നു. സ്റ്റേഡിയത്തിനു ചുറ്റുമായി ഏഴര മീറ്റർ വീതിയിൽ റോഡും നടപ്പാതകളും നിർമ്മിക്കുന്നുണ്ട്. ടാറിങ് ജോലികൾ ഉടൻ ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. അതായത് മഴപെയ്താൽ ചെളിയിൽ ചവിട്ടിയാകും കണ്ണൂരിലെ ദേശീയ ഗെയിംസ് വേദിയിൽ കായികതാരങ്ങളും കാണികളും എത്തേണ്ടി വരിക. ഇതു തന്നെയാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മിക്ക സ്‌റ്റേഡിയങ്ങളുടേയും അവസ്ഥ.

ദേശീയ ഗെയിംസിൽ ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്ന കൊല്ലത്ത് വിപുല സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മാണം ഇനിയും പ്രതീക്ഷ മാത്രമാണ്. സിന്തറ്റിക് ടർഫിങ്ങിന് മുന്നോടിയായുള്ള ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. റബറൈസ്ഡ് ഷോക് പാഡ് പതിപ്പിക്കൽ 40 ശതമാനത്തോളം പൂർത്തിയായി. പേവർ മെഷീനടക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളുപയോഗിച്ചാണ് അവസാനഘട്ട ജോലികൾ നടക്കുന്നത്. എട്ടു ദിവസത്തിനുള്ളിൽ മെയിൻ ഫീൽഡിലും സമീപത്തെ പ്രാക്ടീസിങ് ഫീൽഡിലും ഷോക് പാഡ് പതിക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് സിന്തറ്റിക് ടർഫിങ് തുടങ്ങും. 750 പേർക്ക് ഇരിക്കാവുന്ന പവലിയനോട് കൂടിയ സ്റ്റേഡിയത്തിലെ പ്രധാന ബ്‌ളോക്കിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ടൈൽസ് പതിക്കൽ 75 ശതമാനത്തോളം മാത്രമേ പൂർത്തിയായിട്ടുള്ളൂ. റഗ്‌ബി സെവൻസ് മത്സരങ്ങൾ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടക്കുക. ഇവിടേയും ഒരുക്കങ്ങൾ പൂർത്തിയാക്കാൻ യുദ്ധകാല ഇടപെടൽ വേണ്ടി വരും.

തിരുവനന്തപുരത്ത് ഒരിക്കൽ നന്നാക്കിയ സ്റ്റേഡിയങ്ങൾ വീണ്ടും അറ്റകുറ്റപ്പണി നടത്തി ദേശീയ ഗെയിംസ് സംഘാടക സമിതി ലക്ഷങ്ങൾ തുലക്കുന്നു. ദേശീയ ഗെയിംസിന്റെ പേരിൽ മാസങ്ങൾക്കുമുമ്പ് അറ്റകുറ്റപ്പണി നടത്തിയ യൂനിവേഴ്‌സിറ്റി സ്റ്റേഡിയം വീണ്ടും അറ്റകുറ്റപ്പണി നടത്തിപോലും പണം പാഴാക്കി. സ്റ്റേഡിയത്തിലെ ടോയ്‌ലറ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ടൈലുകൾ പൊളിഞ്ഞുവീഴുന്നതാണ് നിലവിലെ പ്രശ്‌നം. പല മുറികളുടെയും വാതിലുകൾ ചിതലെടുത്ത് നശിച്ചുകഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ നിർമ്മാണ കരാറുകാരാണ് ഇവ സ്ഥാപിച്ചത്. സ്റ്റേഡിയം പല മത്സരങ്ങൾക്കും തുറന്നുകൊടുത്തതിനാലാണ് ഇവ തകർന്നതെന്നാണ് സംഘാടകർ പറയുന്നത്. നിലവാരമില്ലാത്ത നിർമ്മാണമാണ് തകർച്ചക്ക് കാരണമെന്ന് എൻജിനീയർമാർ ചൂണ്ടിക്കാട്ടിയിട്ടും ഈ കരാറുകാർക്ക് വീണ്ടും ചുമതല നൽകാനും മടിച്ചിട്ടില്ല.

പിരപ്പൻകോട് സ്വിമ്മിങ്പൂളിനോട് അനുബന്ധിച്ച കെട്ടിടങ്ങളിലെ പൈപ്പ് ഫിറ്റിങ്ങുകൾ പൊളിച്ചുപണിയേണ്ട ഗതികേടുമുണ്ടായി. ചോർച്ചമൂലം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ തറയിൽ വെള്ളംകെട്ടിനിൽക്കുന്നുണ്ട്. അതിനിടെ ഉദ്ഘാടനസമാപന ചടങ്ങുകൾ നടത്തേണ്ട പ്രധാന സ്റ്റേഡിയത്തിന്റെ നിർമ്മാണം എന്ന് തീരുമെന്ന് ആർക്കും അറിയില്ല. കാര്യവട്ടം കേരള യൂനിവേഴ്‌സിറ്റി കാമ്പസിലെ 34 ഏക്കറിൽ 160 കോടി ചെലവിൽ തയാറായിക്കൊണ്ടിരിക്കുന്ന സ്റ്റേഡിയം ഉദ്ഘാടനസമാപന ചടങ്ങുകൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എങ്ങനേയും പണി തീർത്തി ഉദ്ഘാടന-സമാപന ചടങ്ങ് നടത്താനാണ് നീക്കം. ദേശീയ ഗെയിംസും കഴിഞ്ഞ് വർഷങ്ങളെടുത്താലേ ഈ സ്റ്റേഡിയം കളിക്കാൻ യോഗ്യമാകൂ എന്നതാണ് അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP