Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോട്ടോയിലുള്ളത് മൂന്ന് സ്ത്രീകൾ; തിരിച്ചറിയൽ രേഖ പുറത്ത് വിട്ടത് രണ്ട് പേരുടെ മാത്രം; യൗവനയുക്തകൾ ദർശനം നടത്തിയെന്ന നിലപാടിലുറച്ച് ദേവസ്വം വിജിലൻസ്: സോപാനത്തിന്റെ ചിത്രം കണ്ടിട്ടും ദേവസ്വം പ്രസിഡന്റ് തിരിച്ചറിയാത്തതും വിവാദത്തിൽ; സുനിൽ സ്വാമിയുടെ പെണ്ണുങ്ങൾക്ക് ദർശനം നടത്താൻ വേണ്ടി നട നേരത്തേ തുറന്നുവെന്നും ആരോപണം; പ്രയാർ നുണ പറയുന്നത് സുനിൽ സ്വാമിക്കു വേണ്ടിയോ?

ഫോട്ടോയിലുള്ളത് മൂന്ന് സ്ത്രീകൾ; തിരിച്ചറിയൽ രേഖ പുറത്ത് വിട്ടത് രണ്ട് പേരുടെ മാത്രം; യൗവനയുക്തകൾ ദർശനം നടത്തിയെന്ന നിലപാടിലുറച്ച് ദേവസ്വം വിജിലൻസ്: സോപാനത്തിന്റെ ചിത്രം കണ്ടിട്ടും ദേവസ്വം പ്രസിഡന്റ് തിരിച്ചറിയാത്തതും വിവാദത്തിൽ; സുനിൽ സ്വാമിയുടെ പെണ്ണുങ്ങൾക്ക് ദർശനം നടത്താൻ വേണ്ടി നട നേരത്തേ തുറന്നുവെന്നും ആരോപണം; പ്രയാർ നുണ പറയുന്നത് സുനിൽ സ്വാമിക്കു വേണ്ടിയോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ചുള്ള കേസിൽ വിവിധ ക്ഷേത്രങ്ങളിൽ പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചയാളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. അതേ ഗോപാലകൃഷ്ണൻ തന്നെയാണ് ഇപ്പോൾ ശബരിമലയിലുണ്ടായ വിവാദങ്ങളിൽ ദർശന ദല്ലാൾ സുനിൽ സ്വാമിക്ക് വേണ്ടി വാദിക്കുന്നതെന്നതും വിരോധാഭാസം.

സുനിൽ സ്വാമി ദർശനത്തിനായി എത്തിച്ച ഒരു സംഘം വനിതകളിൽ യുവതികൾ ഉണ്ടായിരുന്നുവെന്ന് സന്നിധാനത്തുള്ള സകലരും ദേവസ്വം ബോർഡ് അംഗവും അടക്കം പറയുമ്പോൾ പ്രയാറിന് മാത്രം അതങ്ങോട്ടു വിശ്വസിക്കാനാവുന്നില്ല. മാത്രവുമല്ല, ശബരിമലയിൽ സ്ത്രീകൾ നടത്തുന്ന ദർശനത്തിന്റെ ചിത്രം കണ്ട് ഇത് ശബരിമലയല്ലെന്നും വേറേതോ ക്ഷേത്രത്തിന്റെ ചിത്രം വ്യാജമായി സൃഷ്ടിച്ചതാണെന്നും വരെ വച്ചു കാച്ചിക്കളഞ്ഞു ദേവസ്വം പ്രസിഡന്റ്. കഴിഞ്ഞ രണ്ടരവർഷമായി നിരന്തരം താൻ വന്നു നിന്ന് തൊഴുന്ന സോപാനത്തിന്റെ ചിത്രം കണ്ടിട്ട് അത് വ്യാജമാണെന്ന് പ്രയാർ തെറ്റി പറഞ്ഞതല്ല.

സുനിൽ സ്വാമിയുടെ ആചാരലംഘനത്തിന് കുടപിടിക്കാൻ വേണ്ടി മനഃപൂർവം പറഞ്ഞതു തന്നെ. കഴിഞ്ഞ 10 നാണ് പാലക്കാട് നിന്ന് വനിതകൾ അടക്കമുള്ള സംഘത്തെ സുനിൽ സ്വാമി ദർശനത്തിന് കൊണ്ടുവന്നത്. ഇവർക്ക് ദർശന സൗകര്യമൊരുക്കാൻ വേണ്ടി നട നേരത്തേ തുറന്നുവെന്ന ആരോപണവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. ദേവസ്വം വിജിലൻസും ഇക്കാര്യം ശരിവയ്ക്കുന്നു. ദർശന സംഘത്തിലെ 50 വയസു കഴിഞ്ഞ രണ്ടു സ്ത്രീകളുടെ മാത്രമാണ് തിരിച്ചറിയൽ രേഖ പൊലീസ് പരിശോധിച്ചതും പിന്നീട് പുറത്തു വിട്ടതും. ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതികളെ കുറിച്ച് മിണ്ടുന്നില്ല. ഈ സംഘം ദർശനം നടത്തുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ മറുനാടന്റെ കമന്റ് ബോക്സിൽ ഇതേപ്പറ്റി പരാമർശിച്ചിട്ടുണ്ട്. യുവതികൾ തന്നെയാണ് അവിടെയുണ്ടായിരുന്നത് എന്നും അവർക്ക് വിവിഐപികളേക്കാൾ പരിഗണന ദർശനത്തിന് ലഭിച്ചിരുന്നുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

സന്നിധാനം പൊലീസിനും ഇക്കാര്യം അറിയാം. എന്നാൽ, സുനിൽ സ്വാമിയെ ഭയന്നാണ് തങ്ങൾ ഇക്കാര്യം പുറത്തു വിടാത്തത് എന്ന് ഒരു ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. സുനിൽ സ്വാമിക്കെതിരേ റിപ്പോർട്ട് വേണ്ട എന്നാണ് ഉന്നതതല നിർദ്ദേശം. ഇക്കാര്യം ശിരസാ വഹിച്ചുള്ള റിപ്പോർട്ടാണ് രഹസ്യാന്വേഷണ വിഭാഗവും നൽകിയിട്ടുള്ളത്. ശബരിമലയ്ക്ക് കുഴപ്പം വന്നാലും വേണ്ടില്ല സുനിൽ സ്വാമിക്ക് ഒന്നും വരുത്തല്ലേ എന്നാണ് പൊലീസിലെ ഉന്നതരുടെ നിർദ്ദേശം.
ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് പ്രയാറിന്റെ നിലപാടിൽ പെട്ടെന്ന് മാറ്റം വന്നത് സുനിൽ സ്വാമിക്ക് വേണ്ടിയാണ്. ജഡ്ജിയമ്മാവൻ കോവിലിലും ശബരിമല സന്നിധാനത്തും ഉൾപ്പെടെ, സുപ്രീംകോടതിയിൽ നടക്കുന്ന ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച കേസിൽ അനുകൂല വിധിയുണ്ടാകാൻ വേണ്ടി ഉപവാസ പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചയാളാണ് പ്രയാർ.

സർക്കാരിന് എതിരേ പരസ്യമായി ഇക്കാര്യത്തിൽ പ്രതികരിക്കുകയും പമ്പയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് കൊമ്പു കോർക്കുകയും ചെയ്ത പ്രയാറിന് ഇപ്പോൾ എന്തുപറ്റിയെന്നാണ് മറ്റു അംഗങ്ങളുടെയും ജീവനക്കാരുടെയും ചോദ്യം. യുവതികൾ ദർശനം നടത്തിയെന്ന വിവരം പ്രയാറും അറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇക്കാര്യം നിഷേധിക്കുകയും ശബരിമല സോപാന ഫോട്ടോ വ്യാജമാണെന്ന് പറഞ്ഞ് സ്വയം മണ്ടനാവുകയും ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, ദേവസ്വം ബോർഡിലെ സി.പി.എം അംഗം കെ. രാഘവൻ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

വിവാദത്തിൽ കഴമ്പുണ്ടെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പക്ഷം. ദേവസ്വം ജീവനക്കാരുടെ വാക്കുകൾ മുഖവിലയ്ക്ക് എടുത്താണ് അദ്ദേഹത്തിന്റെ പ്രതികരണം. സന്നിധാനത്തുണ്ടായിരുന്ന ജന്മഭൂമി ഫോട്ടോഗ്രാഫർ കാർത്തിക് ആണ് ചിത്രങ്ങൾ പകർത്തിയത്. ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ് ഇത് ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് മറുനാടൻ മലയാളി ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. ഇതോടെ നിഷേധിച്ച് രംഗത്തുവന്ന ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അതിന് നിരത്തിയ ന്യായവാദങ്ങൾ ഏറെ വിചിത്രവുമായിരുന്നു.

ഫോട്ടോ ശബരിമലയിലേത് തന്നെയാണെന്നും ദർശനം നടത്തിയവർ 50 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും വാദിച്ചു കൊണ്ട് രാഹുൽ ഈശ്വറും രംഗത്തു വന്നിട്ടുണ്ട്. ഹൈക്കോടതിയുടെ 1991 ലെ സുപ്രധാന വിധിയോ, നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന ആചാരമര്യാദകളിൽ നിന്നോ, നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠാ സങ്കല്പത്തിന് ഭംഗം വരുത്തുന്ന എന്തെങ്കിലും കാര്യത്തിൽനിന്നോ ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്നാണ് അയ്യപ്പ ധർമസേനയ്ക്ക് വേണ്ടി പ്രസ്താവന ഇറക്കിയ രാഹുൽ പറയുന്നത്.

സുപ്രീം കോടതിയിൽ അഞ്ചംഗ ബെഞ്ചിലേക്ക് ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച കേസ് പോകുന്ന സുപ്രധാന വേളയിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും, ചിത്രങ്ങളും വന്നതിൽ ദുഃഖം രേഖപ്പെടുത്തുന്നു. അയ്യപ്പധർമ്മസേന ഈ വിഷയം ദേവസ്വം അധികാരികളുമായി, പൊലീസ് അടക്കമുള്ള സുരക്ഷാ ചുമതല ഉള്ളവരുമായി ബന്ധപ്പെട്ടു. അയ്യപ്പധർമ്മ സേനയുടെ പ്രവർത്തകർ നേരിട്ടുപോയി അന്വേഷിച്ചു. ഫോട്ടോയിൽ കാണുന്നവരുമായി സംസാരിച്ചു. വളരെ വർഷങ്ങളായി സ്വാമി അയ്യപ്പനെ ആത്മാർഥമായി പ്രാർത്ഥിക്കുന്ന ഒരു കുടുംബമാണ്. അതിൽ 50 വയസിൽ താഴെ ആരും ദർശനത്തിനു എത്തിയിട്ടില്ല. തെറ്റിദ്ധാരണ കാരണം ദുഃഖം ഉണ്ടായ അയ്യപ്പ ഭക്തർ ഈ വസ്തുത തിരിച്ചറിയണമെന്നും, സുപ്രീം കോടതി കേസിൽ ശബരിമലയ്ക്കുവേണ്ടിയും, അയ്യപ്പധർമ്മ സേനയുടെയും പോരാട്ടങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണം എന്നുമാണ് രാഹുലിന്റെ അഭ്യർത്ഥന.

ഇവിടെയും സുനിൽ സ്വാമി രക്ഷപ്പെട്ടിരിക്കുകയാണ്. ഇവരെ ദർശനത്തിന് എത്തിക്കുകയും സോപാനത്ത് ഏറ്റവും മുന്നിലായി നിർത്തി ദർശനം നടത്തിച്ചു കൊടുക്കുകയും ചെയ്ത സുനിൽ സ്വാമി പരിശുദ്ധനായി മാറി. രണ്ടു വർഷം മുൻപ് ഇതു പോലൊരു വിഷുനാളിലാണ് ശബരിമല മേൽശാന്തിയുടെ മകൾ ആചാരം ലംഘിച്ച് ദർശനം നടത്തിയത്. സംഭവം വിവാദമായതോടെ പുണ്യാഹവും പരിഹാരക്രിയകളും നടത്തി ദേവസ്വം ബോർഡ് തല വലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP