Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യം വീഴ്‌ത്തിയത് കുഞ്ഞാലിക്കുട്ടിയെ; പിന്നെ തകർത്തത് മാണിയെ; ബാബുവിലൂടെ മാന്തിയത് ഉമ്മൻ ചാണ്ടിയുടെ അടിത്തറ; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ജോർജ്ജും അടൂർ പ്രകാശും ചേർന്നെഴുതിയ തിരക്കഥ പൊളിയുമോ?

ആദ്യം വീഴ്‌ത്തിയത് കുഞ്ഞാലിക്കുട്ടിയെ; പിന്നെ തകർത്തത് മാണിയെ; ബാബുവിലൂടെ മാന്തിയത് ഉമ്മൻ ചാണ്ടിയുടെ അടിത്തറ; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ജോർജ്ജും അടൂർ പ്രകാശും ചേർന്നെഴുതിയ തിരക്കഥ പൊളിയുമോ?

ബി രഘുരാജ്‌

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെപ്പോലെ തന്ത്രശാലിയായ ഒരു നേതാവ് ഈ ലോകത്ത് മെറ്റാരിടത്തും കണ്ടെന്നുവരില്ല. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ടും അനുദിനം ആരേയും അത്ഭുതപ്പെടുത്തുന്ന വിവാദങ്ങൾ പൊട്ടിമുളച്ചിട്ടും ഉമ്മൻ ചാണ്ടി പിടിച്ചു നിൽക്കുന്നത് അസാധാരണമായ ഈ കൗശലത്തിന്റെ വിജയം മൂലമാണ്. ഒരേ സമയം ഗുരുതരമായ മൂന്ന് പ്രതിസന്ധികൾ നേരിടേണ്ടി വരുക എന്ന കൗശലമാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി നേരിടുന്നത്. എന്നിട്ടും ഗൾഫ് സന്ദർശനം നടത്തി അനായാസമായി കാര്യങ്ങളെ സമീപിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോഴും.

രണ്ടു ദിവസമായി പുറത്തു വരുന്ന സംഭവങ്ങൾ മറുനാടൻ മലയാളി ആദ്യം മുതൽ പറയുന്ന കാര്യങ്ങൾ ശരി വയ്ക്കുകയാണ്. ബാർ കോഴ വിവാദം തന്നെ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനായി പിസി ജോർജ്ജും അടൂർ പ്രകാശും ചേർന്നൊരുക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഞങ്ങൾ ആദ്യം മുതൽ പറയുന്ന കാര്യങ്ങൾ അടിവരയിടുകയാണ് ഇപ്പോൾ ബാബുവിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ. ബാറുടമകൾക്കിടയിലെ ഭിന്നതയുടെ ഭാഗമായി ചെന്നിത്തലയും ശിവകുമാറും ആരോപണ വിധേയരായതൊഴിച്ചാൽ ഇരുവരും ചേർന്നൊരുക്കിയ തിരക്കഥ അങ്ങനെ തന്നെയാണ് അരങ്ങേറുന്നതെന്നു വ്യക്തമാക്കുന്നു.

ബാറുടമകൾക്ക് ലൈസൻസ് നൽകാനായി വലിയ തോതിൽ പിരിവെടുക്കുകയും അവ നേതാക്കൾ വീതം വയ്ക്കുകയും ചെയ്തു എന്നത് സത്യമാണ്. ആരോപണ വിധേയരായ മന്ത്രിമാർ എല്ലാവരും അതിന്റെ വീതം കൈപ്പറ്റിയതുമാണ്. സുധീരന്റെ ഇടപെടൽ മൂലം ബാറുടമകൾക്ക് ആവശ്യം സാധിച്ചുകൊടുക്കാൻ കഴിയാതെ വന്നപ്പോൾ മാണിയെ മാത്രം ബലിയാടാക്കാൻ നടത്തിയ ശ്രമമാണ് സർക്കാരിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയത്.

ഉമ്മൻ ചാണ്ടിയുടെ അതിശക്തമായ തന്ത്രത്തിന് മുൻപിൽ മുഖ്യമന്ത്രിയാകാനുള്ള ഏക വഴി ഇരുവശത്തും പാറപോലെ ഉറച്ചു നിൽക്കുന്ന രണ്ടു പ്രമുഖരെ അരിഞ്ഞു വീഴ്‌ത്തുകയാണ് എന്ന് ചെന്നിത്തലയോട് ഉപദേശിച്ചത് അടൂർ പ്രകാശാണ് എന്നാണ് റിപ്പോർട്ട്. മുന്നണി രാഷ്ട്രീയത്തിൽ ഘടക കക്ഷികളുടെ പിന്തുണ ആവശ്യമാണെന്നും എന്നാൽ മാണിയോ കുഞ്ഞാലിക്കുട്ടിയോ ഉമ്മൻ ചാണ്ടിയെ വിട്ടൊരു കളിക്കുകൂട്ടു നിൽക്കുകയില്ലെന്നുള്ള തിരിച്ചറിവായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന പ്രേരണ.

ആഭ്യന്തര വകുപ്പ് കൈയിലിരിക്കുന്ന ചെന്നിത്തല ആദ്യം ചെയ്തതോ സൂരജിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകവഴി കിഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുത്തുന്ന അനേകം രേഖകൾ വിജിലൻസ് ആഭ്യന്തരമന്ത്രിക്ക് കൊടുത്തതോടെ ആദ്യഘട്ടം വിജയകരമായി. കുഞ്ഞാലിക്കുട്ടി അനങ്ങിയാൽ സൂരജിന്റെ ഓഫീസിലെ അഴിമതി ഫയലുകൾ കുഞ്ഞാലിക്കുട്ടിയിലേക്ക് നീളുമെന്ന സ്ഥിതി സംജാതമായപ്പോൾ അടുത്ത ലക്ഷ്യം മാണിയായി മാറി.

അങ്ങനെയാണ് ബാർ കോഴ വിവാദത്തിനു തുടക്കം. അടുത്ത സുഹൃത്തുക്കളും മക്കളെ പരസ്പരം കല്യാണം കഴിച്ചുകൊടുക്കാൻ ഉറച്ചവരുമായ ഐ ഗ്രൂപ്പിന്റെ ഉന്നത നേതാവുകൂടിയായ മന്ത്രി അടൂർപ്രകാശിന്റെ അനുമതിയോടെയല്ലാതെ ബിജു രമേഷ് മാണിക്കെതിരെ ആരോപണം ഉന്നയിക്കുമെന്ന് ആരും കരുതുന്നില്ല. മാണിക്കെതിരെയുള്ള ആരോപണം ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി ആദ്യം മൗനം പാലിച്ചത് മറ്റൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇടതു മുന്നണിയിലേക്ക് പോകാൻ തയ്യാറായിട്ടു നിൽക്കുന്ന മാണിക്ക് തടയിടുക എന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. എഫ്‌ഐആർ ഇട്ട് മാണിയെ കുഴപ്പത്തിലാക്കാൻ മുഖ്യമന്ത്രിക്ക് യാതൊരു ലക്ഷ്യവുമില്ലായിരുന്നു.

എന്നാൽ തന്റെ തിരക്കഥയുടെ ഭാഗമായി ചെന്നിത്തല എഫ്‌ഐആർ അടക്കമുള്ള നടപടികളുമായി മുമ്പോട്ടുപോകുകയായിരുന്നു. വിരണ്ടുപോയ മാണിയുടെ പ്രതിരോധ നിലപാടുകൾ പാളിയതോടെ ആഭ്യന്തരമന്ത്രിയുടെ നീക്കം കൂടുതൽ ശക്തമായി. പ്രകാശിന് ഒപ്പം നിന്ന പിസി ജോർജ്ജ് മാണിയുടെ ദൗർബല്യം മുതലെടുത്ത് പാർട്ടി പിടിക്കാനുള്ള ശ്രമവും നടത്തിയത് തിരക്കഥയുടെ ഭാഗമായിത്തന്നെയായിരുന്നു. ദുർബലനാക്കി രാജി വെയ്പിച്ച് പകരം മന്ത്രിയാക്കാനുള്ള ശ്രമം ആയിരുന്നു ജോർജ്ജിന്റേത്. മാണിയേയും കുഞ്ഞാലിക്കുട്ടിയേയും ദുർബ്ബലരാക്കി എ ഗ്രൂപ്പ് മന്ത്രിമാരെ ആരോപണവിധേയരാക്കി ഉമ്മൻ ചാണ്ടിയെ രാജി വെയ്പിച്ച് അവസാനത്തെ ആറുമാസം മുഖ്യമന്ത്രിയാക്കി തരാമെന്ന് വാക്ക് നൽകിയിരുന്നത് പിസി ജോർജ്ജ് തന്നെയായിരുന്നു.

ബാർകോഴ വിവാദം തീരാതെ നീണ്ടുപോയത് അങ്ങനെതന്നെയായിരുന്നു. അടുത്ത ഘട്ടമായി ബാബുവിന്റെ അഴിമതിക്കഥകൾ കൊണ്ടുവരാമെന്നും അങ്ങനെ ഉമ്മൻ ചാണ്ടി ദുർബലൻ ആകുമെന്നുമായിരുന്നു തിരക്കഥ. ബാർ വിഷയത്തിൽ അവസാന നിമിഷംവരെ മാണിയെ വിരട്ടി നിർത്താനും ഇതിനു പദ്ധതിയുണ്ടായിരുന്നു. ഇതിനിടയിൽ ബാറുടമകൾക്കിടയിലെ ഭിന്നതയുടെ ഭാഗമായി ചെന്നിത്തലയും ശിവകുമാറും വിവാദത്തിലേക്ക് യാദൃശ്ചികമായി കടന്നു വരികയായിരുന്നു. ഇതോടെ തിരക്കഥ പൊളിഞ്ഞു. ഇനി മാണിയെ രക്ഷിച്ചെടുക്കലാണ് ചെന്നിത്തലയുടെ പ്രധാന ഉത്തരവാദിത്തം. ഒപ്പം എല്ലാ കളികൾക്കും ഒപ്പം നിന്ന ജോർജ്ജ് വഴിയാധാരമാകാനും പാടില്ല.

ഇതിനുള്ള നെട്ടോട്ടത്തിലാണ് ചെന്നിത്തല. ജോർജ്ജ് മുന്നണി വിട്ടാൽ കാര്യങ്ങൾ കുഴഞ്ഞു മറിയുമെന്നാണ് ഭയം. ജോർജ് എല്ലാം വിളിച്ചു പറയും. ഇതോടെ ഐ ഗ്രൂപ്പിലെ നേതൃസ്ഥാനം പോലും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് മാണി നിലപാട് കടുപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ ജോർജിനെ രക്ഷിക്കാൻ ചെന്നിത്തല എത്തിയാൽ എല്ലാം വ്യക്തമാകുമെന്ന് മാണിക്കുമറിയാം. തന്നെ ചതിച്ച ജോർജ് ഇനി യുഡിഎഫിന്റെ നേതാവാകണ്ടെന്ന് മാണി നിർബന്ധം പിടിക്കുന്നത് അതുകൊണ്ടാണ്. കാര്യങ്ങൾ മുഖ്യമന്ത്രി നീട്ടികൊണ്ട് പോകുന്നതിന് പിന്നിലും തന്ത്രമുണ്ട്. ഈ ഓപ്പറേഷനിൽ ചെന്നിത്തലയുടെ ഇടപെടൽ വ്യക്തമായാൽ പിന്നെ സമാധാനത്തോടെ ഭരിക്കാം.

ജോർജ്ജും ചെന്നിത്തലയും പിണങ്ങുകയും ചെയ്യും. രക്ഷകന്റെ റോളിൽ ജോർജിനെ ഒപ്പം നിർത്താനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാൽ മാണിയേയും ജോർജിനേയും ഒരേ സമയം ഒരുമിപ്പിക്കുക എന്നത് നടക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP