Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ(എം) എംഎൽഎയുടെ ശുപാർശകത്തിൽ നിയമങ്ങൾ തെറ്റി; കരാർ ഉറപ്പിച്ച കൺസ്ട്രക്ഷൻ കോർപ്പറേഷൻ പണി മറ്റൊരാൾക്ക് മറിച്ചു നൽകി; ഇരുപത്തിരണ്ടര കോടി മുടക്കിയിട്ടും ഒറ്റപ്പാലം മണ്ണാർക്കാട് റോഡിന് ശാപമോക്ഷമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സിപി എം എം എൽ എ യുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖല സ്ഥാപനമായ കൺസ്ട്രക്ഷൻ കോർപ്പറേഷന് കരാർ നൽകിയ റോഡ് നവീകരണത്തിന്റെ കരാറിൽ വൻക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ.ഒറ്റപ്പാലം എം എൽ എ യും സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.ഹംസയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണ പ്രവർത്തി ടെണ്ടറില്ലാതെ തന്നെ കൺസ്ട്രക്ഷൻ കോർപ്പറേഷന് നൽകാനായി വകുപ്പു തലത്തിലേക്ക് ശുപാർശ ചെയ്തത്.

എന്നാൽ ഉദ്ഘാടനത്തിന് മുൻപ് തന്നെ ഒറ്റപ്പാലം -മണ്ണാർക്കാട് റോഡ് ചിലയിടങ്ങളിൽ പൊട്ടി പൊളിഞ്ഞതോടെയാണ് അഴിമതി ആരോപണം ശക്തമായത്.31 കിലോമീറ്റർ റോഡ് ചില വളവുകൾ നികത്തി നവീകരിക്കാനായി 22.5 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത് .വകുപ്പ് ടെണ്ടർ ക്ഷണിച്ചാൽ എസ്റ്റിമേറ്റ് നിരക്കിൽ നിന്നും 20ഉം 30ഉം ശതമാനം വരെ കിഴിവിൽ ജോലികൾ പൂർത്തീകരിച്ച് കൊടുക്കാൻ കരാറുകാർ ഉണ്ടാകുമെന്നിരിക്കെയാണ് യാതൊരു ടെണ്ടറും കൂടാതെ കൺസ്ട്രക്ഷൻ കോർപ്പറേഷന് വകുപ്പ് പണികളുടെ കരാർ നേരിട്ട് നൽകിയത്.ഇതിന് പ്രത്യേക ഉത്തരവും മുസ്ലിം ലീഗ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഇറക്കി.

എസ്റ്റിമേറ്റ് നിരക്കിൽ നിന്ന് പത്ത് ശതമാനം മാത്രം കുറവ് വരുത്തി ഉപകരാർ ഇല്ലാതെ ജോലികൾ പൂർത്തീകരിക്കണമെന്നാണ് ചട്ടം.എന്നാൽ സ്വന്തമായി പണികൾ ചെയ്യാൻ കഴിവില്ലെന്ന കാരണം പറഞ്ഞ് കോർപ്പറേഷൻ ഉപകരാർ നൽകിയാണ് റോഡിന്റെ 85 ശതമാനം ജോലികളും പൂർത്തീകരിച്ചത്.എത്രയും പെട്ടന്ന് ജോലികൾ പൂർത്തീകരിച്ച് ജനത്തിന് തുറന്ന് കൊടുക്കാനായാണ് കോർപ്പറേഷന് കരാർ നൽകിയതെന്ന് എം എൽ എ വിശദീകരിക്കുമ്പോഴും കോടികളുടെ ചെലവ് വരുന്ന റോഡ് നവീകരണത്തിൽ നിയമം എന്തുകൊണ്ട് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പാലിച്ചില്ല എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല.

ടെണ്ടർ നടത്തിയാൽ മത്സരത്തിലൂടെ സർക്കാരിന് ലാഭമുണ്ടാക്കാവുന്ന പദ്ദതിയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.ഇത് അടുത്ത ദിവസം സർക്കാരിലേക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിലും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നു.അതേസമയം റോഡിന്റെ ഗുണനിലവാരം സംബന്ധിച്ച് പ്രാദേശിക യുഡി എഫ് നേതൃത്വം നൽകിയ പരാതിയിൽ കഴമ്പില്ലെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 31 കിലോമീറ്റർ വരുന്ന റോഡ് വിജിലൻസ് സംഘം പരിശോധിച്ചിരുന്നു.പ്രത്യേക ഉത്തരവ് ഇറക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നിരിക്കെയാണ് പ്രതിപക്ഷ എം എൽ എയുടെ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ലീഗിന്റെ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നതെന്നും ആശ്ചര്യമുളവാക്കുന്നതാണ്.ഏതാണ്ട് പണികൾ എല്ലാം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തിയ്യതിയും നിശ്ചയിച്ചിരിക്കെയാണ് റോഡിൽ ചിലയിടങ്ങളിലായി കുഴികളും വിള്ളലുകളും രൂപപ്പെട്ടത്.

അതോടെ കഴിഞ്ഞ മാസം 30 ന് നടക്കേണ്ട മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് അധികൃതർ മാറ്റി വയ്കുകയായിരുന്നു.റോഡിനടിയിലുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് റോഡിന് വിള്ളൽ വരാൻ കാരണമെന്നാണ് ഇക്കാര്യത്തിലുള്ള വകുപ്പിന്റെ വിശദീകരണം.ഇത് പരാതിയായി വന്നതോടെയാണ് സ്ഥലത്ത് പരിശോധന നടന്നത്.റോഡ് നിർമ്മാണത്തിൽ ക്രമക്കെട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിലും വലിയ അഴിമതി ആരോപണത്തിലേക്ക് വഴി വച്ചേക്കാവുന്ന ക്രമക്കേടാണ് വിജിലൻസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ജോലികൾ പെട്ടന്ന് പൂർത്തിയാകാൻ വേണ്ടിയാണ് കോർപ്പറേഷന് കരാർ നൽകാൻ ശുപാർശ ചെയ്തതെന്നും മറ്റു കാര്യങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെകിൽ അത് പരിശോധിക്കപ്പെടണമെന്നും എം .ഹംസ എം എൽ എ ആവശ്യപ്പെട്ടിട്ടുണ്ട്.ആക്ഷേപം ഗൗരവകരമാണെന്നിരിക്കെ പ്രശനത്തിൽ ഇത് വരെ സി പി എം നേതൃത്വം പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP