Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ നിറയെ വ്യാജപ്രൊഫൈൽ; കണ്ണടച്ച് വിശ്വസിച്ചാൽ ധനനഷ്ടവും മാനഹാനിയും ഉറപ്പ്; രജിസ്റ്റർ ചെയ്തിട്ടുള്ളവർ അഞ്ച് കോടി! ബഹുഭൂരിപക്ഷവും ഇല്ലാത്ത വരനും വല്ലാത്ത വധുവും; വ്യാജന്മാർ ലൈംഗിക ചൂഷണവും പതിവാക്കുന്നു

മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ നിറയെ വ്യാജപ്രൊഫൈൽ; കണ്ണടച്ച് വിശ്വസിച്ചാൽ ധനനഷ്ടവും മാനഹാനിയും ഉറപ്പ്; രജിസ്റ്റർ ചെയ്തിട്ടുള്ളവർ അഞ്ച് കോടി! ബഹുഭൂരിപക്ഷവും ഇല്ലാത്ത വരനും വല്ലാത്ത വധുവും; വ്യാജന്മാർ ലൈംഗിക ചൂഷണവും പതിവാക്കുന്നു

തിരുവനന്തപുരം: മാട്രിമോണിയൽ വെബ്‌സൈറ്റുകളിലെ ' വമ്പൻ വിവരണങ്ങൾ' കണ്ട് വരനെയും വധുവിനെയും കണ്ണടച്ചു വിശ്വസിക്കുന്നവർ ജാഗ്രത. സൈറ്റുകളിലെ വ്യാജപ്രൊഫൈലുകളിൽ വിശ്വസിച്ച് പണവും സ്വർണവും മാനം പോയവരുടേയും എണ്ണം വർധിക്കുകയാണ്. പലരും അപമാനം മൂലം പരാതിപ്പെടാത്ത സാഹചര്യത്തിൽ പൊലീസും നിസഹായാവസ്ഥയിലാണ്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കൈമാറുന്നതിനു മുമ്പും ഒന്നാലോചിക്കുക. നിങ്ങളെ കുടുക്കിൽ ചാടിക്കുന്ന നൂറുകണക്കിന് വ്യാജ പ്രൊഫൈലുകളാണ് ഭ്രമിപ്പിക്കുന്ന വിവരങ്ങളുമായി വിവിധ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിൽ നിറഞ്ഞിരിക്കുന്നത്.

ഒരു ഇ-മെയിൽ ഐഡിയും ഫോൺ നമ്പരും ഉണ്ടെങ്കിൽ ആർക്കും ഇത്തരം സൈറ്റുകളിൽ അംഗത്വമെടുക്കാമെന്നിരിക്കെ, സൈറ്റുകളിൽ വധുവോ/വരനോ നൽകുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ സൈറ്റുകളിൽ ഇല്ലാത്തതിനാൽ തട്ടിപ്പുകാർക്ക് ഇത് ഒരു അനുഗ്രഹമാണ്. പലതരത്തിലുള്ള തട്ടിപ്പുകളാണ് ഓൺലൈൻ വിവാഹസൈറ്റുകളിൽ നടക്കുന്നത്. പത്രമാദ്ധ്യമങ്ങളിൽ ഇത്തരം പരസ്യങ്ങൾക്ക് പണം ഈടാക്കുന്നതിനാൽ തട്ടിപ്പ് വീരന്മാരും വീരത്തികളും ആശ്രയിക്കുന്നത് മാട്രിമോണിയൽ സൈറ്റുകളെയാണ്. മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ അംഗത്വം സൗജന്യമായതു കൊണ്ട് ്കാര്യങ്ങൾ വളരെ എളുപ്പം. ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടെങ്കിൽ അംഗത്വമെടുക്കാം. പണം കൊടുക്കാതെ മാസങ്ങളോളം ഈ പ്രൊഫൈലുകൾ സജീവമായി നിലനിൽക്കുകയും ചെയ്യും.

വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നവർ കുടുംബം, ജോലി, സാമ്പത്തികം എന്നിവയെക്കുറിച്ച് ആരും മോഹിച്ചു പോകുന്ന വിവരണമാണ് നൽകുന്നത്. അതേസമയം വിവാഹം കഴിക്കുന്നവരെക്കുറിച്ച് ഇവർക്ക് പ്രത്യേക ഡിമാന്റുകളൊന്നും തന്നെ കാണില്ല. ഇതുകണ്ട് താൽപര്യം അറിയിക്കണമെന്നു തോന്നിയാൽ ഉടൻ തന്നെ ഓൺലൈൻ മാട്രിമോണിയൽ എക്‌സിക്യൂട്ടിവുകൾ പെൺകുട്ടിയുടെ ഫോൺനമ്പറിലേക്ക് ബന്ധപ്പെട്ട്, പ്രൊഫൈലുകളുടെ താൽപര്യത്തെ കുറിച്ച് അറിയിക്കും. അവരുമായി ബന്ധപ്പെടണമെങ്കിൽ സൗജന്യ അക്കൗണ്ട് മാറ്റി പ്രീമിയം ആക്കണമെന്ന് അതിനായി 3000 മുതലുള്ള ഓഫറുകൾ മുന്നോട്ടുവയ്ക്കും. കുട്ടികൾക്ക് നല്ല വരനോ വധുവോ ലഭിക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം കൊണ്ട് അക്കൗണ്ട് പ്രീമിയമാക്കും. പിന്നെ പ്രീമിയം അക്കൗണ്ടുകളിലേക്ക് യഥാർത്ഥവും വ്യാജവുമായ പ്രൊഫൈലുകളുടെ ഒഴുക്കായിരിക്കും.

തുടക്കത്തിൽ പെൺകുട്ടിയുടെ വീടിന്റെ പരിതസ്ഥിതി അടക്കമുള്ള കാര്യങ്ങൾ മനസിലാക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് രക്ഷിതാക്കളുടെ മുന്നിൽ മാന്യമായ പെരുമാറ്റം കാണിക്കുന്നവർ ഇവർ പെൺകുട്ടിയുടെ ഫോൺ നമ്പർ കിട്ടിയതിനു ശേഷം തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. പെൺകുട്ടിയുമായി ചാറ്റിങ് ആരംഭിക്കുന്ന ' ഭാവിവരൻ ' ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസിലാക്കിയാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. പെൺകുട്ടിയുമായി അടുക്കുന്ന വ്യാജവിവാഹതട്ടിപ്പ് വീരന്മാരുടെ പ്രധാന ലക്ഷ്യം പണവും സ്വർണവും മുതലാക്കുന്നതു കൂടാതെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത് കൂടിയാണ്. ഹൈദരാബാദിലെ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനുപമയ്ക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപയാണ്.

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിലൂടെ വിവാഹത്തിന് താൽപര്യം അറിയിച്ച കോഴിക്കോട് സ്വദേശിയായ നിതിന് വാട്ട്‌സ് ആപ്പിലൂടെ അയച്ചു കൊടുത്ത അനുപമയുടെ ചിത്രങ്ങൾ മോർഫ് ചെയ്താണ് ബ്ലാക്ക് മെയിൽ ചെയ്തത്. നിതിന്റെ ഭീഷണിക്ക് വഴങ്ങി വീട്ടുകാരറിയാതെ ആഭരണങ്ങൾ പണയം വച്ചാണ് ഒന്നരലക്ഷം രൂപ നൽകിയത്. ആഭരണങ്ങളെ കുറിച്ച് വീട്ടുകാർ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് അനുപമ കാര്യങ്ങൾ വ്യക്തമാക്കിയത്. പൊലീസിൽ പരാതി കൊടുക്കാൻ നിർബന്ധിച്ചെങ്കിലും പിന്നീടുള്ള നൂലാമാലകളും അപമാനവും ഓർത്ത് പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഭാവിയിലെ മറ്റു വിവാഹാലോചനകൾക്ക് തടസമാണെന്നു കരുതിയാണ് പലരും പരാതിയിൽ നിന്ന് പിന്മാറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പ്രൊഫൈൽ ഫോട്ടോകളിലും വ്യാജന്മാർ വിലസുകയാണ്. ഫെയ്‌സ്്ബുക്കുകളിലെ നിർജീവ അക്കൗണ്ടുകളിൽനിന്ന് ഫോട്ടോകൾ അടിച്ചുമാറ്റിയാണ് വ്യാജപ്രൊഫൈലുകൾ വിവാഹത്തട്ടിപ്പ് വീരന്മാർ ഇരകളെ തേടി ഇറങ്ങുന്നത്. ഒരാളുടെ ഫോട്ടോ തന്നെ പല പേരുകളിൽ പല മാട്രിമോണിയൽ സൈറ്റുകളിലും കാണുന്നത് തന്നെയാണ് ഇതിന്റെ പ്രധാന തെളിവ്. ഒരു മാട്രിമോണിയൽ സൈറ്റിൽ ഡോക്ടർ ആണെങ്കിൽ അതേ വ്യക്തി മറ്റൊരു പേരോടെ മറ്റൊരു സൈറ്റിൽ ടെക്കിയായി കാണാം. തങ്ങളുടെ സൈറ്റുകളിലേക്ക് എത്തുന്ന പ്രൊഫൈൽ വിവരങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് സൈറ്റ് അധികൃതരും പരിശോധിക്കാറില്ല.

' മാട്രിമോണിയൽ സൈറ്റുകളിലെ പ്രൊഫൈലുകളെ കണ്ണടച്ചു വിശ്വസിക്കുന്നതിനു മുമ്പ് അവരുടെ ബാക്ക് ഗ്രൗണ്ടിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ വിവാഹത്തട്ടിപ്പുകളെ തടയാം. അംഗങ്ങൾക്ക് ചാറ്റ് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റുകൾ നൽകുന്നതിനാൽ വരന്റെയോ വധുവിന്റെയോ രക്ഷിതാക്കൾ എന്ന വ്യാജേന തട്ടിപ്പുകാർ തന്നെ വ്യാജമായി ചാറ്റ് ചെയ്യുന്നതും പതിവാണ്, ഇ-മെയിൽ ഐഡിയും ഫോൺനമ്പരും കൂടാതെ വ്യക്തിയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന രേഖകൾ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സൈറ്റുകൾക്ക് നൽകാനും ആലോചനയുണ്ട്. എന്നാൽ ഈ നിർദ്ദേശത്തോട് വെബ്‌സൈറ്റുകളുടെ മേധാവികൾ നിസഹകരണ മനോഭാവമാണ് കാണിക്കുന്നതെന്നും അസിസ്റ്റന്റ് കമ്മീഷണർ വേണുഗോപാൽ പറയുന്നു.

മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ കൂടി ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത് വിവാഹമോചനം നേടിയവർ ആണ്. ലൈംഗിക, സാമ്പത്തിക ചൂഷണങ്ങൾക്ക് തട്ടിപ്പുകാർ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതും ഈ വിഭാഗത്തിലുള്ളവരെയാണ്. ജാതി, ജോലി, സാമ്പത്തികം എന്നിവ കാര്യമാക്കുന്നില്ലെന്ന പ്രൊഫൈലുകളിലെ വിവരണങ്ങളാണ് തട്ടിപ്പുസംഘങ്ങൾ ഏറെയും ലക്ഷ്യമിടുന്നത്. വിവാഹമോചനം നേടിയവരുടെ കുടുംബപശ്ചാത്തലം വിശദമായി അന്വേഷിക്കണമെന്ന നിർദ്ദേശങ്ങളും പലപ്പോഴും പാലിക്കപ്പെടാറില്ല. മാട്രിമോണിയൽ സൈറ്റുകളിൽ ലക്ഷങ്ങളുടെ വരുമാനവിവരണം കണ്ട് യാഥാർഥ്യമാണെന്ന് കരുതി വിവാഹബന്ധം ഉറപ്പിക്കുന്നവർ, എല്ലാം കഴിയുമ്പോഴാണ് അറിയുന്നത് ഭാവിവരന്റെ അല്ലെങ്കിൽ വധുവിന്റെ തനിനിറം. ഇങ്ങനെ തട്ടിപ്പിന് ഇരയാകുന്നവരും പോയതുപോയി എന്ന മട്ടിൽ കാര്യങ്ങൾ മറക്കാറാണ് പതിവ്. വെബ്‌സൈറ്റുകളിലെ വ്യാജപ്രൊഫൈലുകളെ കുറിച്ചും ഒരു വ്യക്തിക്ക് ഒരേ സൈറ്റിലുള്ള പ്രൊഫൈലുകളെ തിരിച്ചറിയാനുള്ള സംവിധാനത്തെ കുറിച്ച് പ്രമുഖ മാട്രിമോണിയൽ സൈറ്റുകളിൽ മറുനാടൻ മലയാളി അന്വേഷിച്ചെങ്കിലും ' ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു 'ഓൺലൈൻ വിവാഹദല്ലാൾ കമ്പനികളുടെ പ്രതികരണം.

വ്യാജപ്രൊഫൈലുകളും തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

1. മാട്രിമോണിയൽ സൈറ്റുകളിൽ കൂടിയുള്ള ചാറ്റിങിന് മുമ്പ് വരന്റെ അല്ലെങ്കിൽ വധുവിന്റെ പശ്ചാത്തലം പൂർണമായി അറിയണം.
2. വിദ്യാഭ്യാസ യോഗ്യത, ജോലി എന്നിവയെ കുറിച്ച് വിശദമായി അന്വേഷിക്കുക.
3. വിവാഹത്തിനു മുമ്പ് ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.
4. രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക.
5. വിവാഹത്തിന് താൽപര്യം അറിയിക്കുന്നവരുടെ വീടുകൾ കഴിയുമെങ്കിൽ രക്ഷിതാക്കൾ തന്നെ സന്ദർശിക്കുക.

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വിവിധ മാട്രിമോണിയൽ സൈറ്റുകളിലായി 5 കോടിയിലധികം ആൾക്കാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ മാസവും പുതിയതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 20 ലക്ഷത്തിലധികമാണ്. കേരളത്തിൽ മാത്രം പതിനായിരക്കണക്കിന് പുതിയ പ്രൊഫൈലുകളാണ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഇന്ത്യയൊട്ടാകെ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിലൂടെ നടക്കുന്ന വിവാഹങ്ങൾ പത്ത് ശതമാനത്തിൽ താഴെയും. കേരളത്തിൽ ഇതിനെക്കാൾ കുറവാണ് ഇതിന്റെ കണക്ക്. ആയിരത്തിലധികം പേരോട് വിവാഹത്തിന് താൽപര്യം അറിയിക്കുകയും മൂപ്പതിലധികം പേരുമായി ചാറ്റിങ് ബന്ധമുള്ള പ്രൊഫൈലുകളും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജപ്രൊഫൈലുകളുടെ നിജസ്ഥിതിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP