Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ താന്തോന്നി തുരുത്തിൽ തോന്ന്യാസം'; ഓരുവെള്ളം കയറുന്നത് തടയാനുള്ള ഉത്തരവ് മറയാക്കി കള്ളക്കളി; ചില്ലികാശ് ചെലവാക്കാതെ പത്മജയടക്കമുള്ള പ്രമുഖർ വസ്തൂക്കൾ നികത്തുന്നു; മൗനാനുവാദവുമായി ഗോശ്രീ അഥോറിറ്റിയും; സാഹചര്യമൊരുങ്ങുന്നത് കടകംപള്ളി-കളമശ്ശേരി മാതൃകയിലെ ഭൂമിതട്ടിപ്പിന്

കൊച്ചിയിലെ താന്തോന്നി തുരുത്തിൽ തോന്ന്യാസം'; ഓരുവെള്ളം കയറുന്നത് തടയാനുള്ള ഉത്തരവ് മറയാക്കി കള്ളക്കളി; ചില്ലികാശ് ചെലവാക്കാതെ പത്മജയടക്കമുള്ള പ്രമുഖർ വസ്തൂക്കൾ നികത്തുന്നു; മൗനാനുവാദവുമായി ഗോശ്രീ അഥോറിറ്റിയും; സാഹചര്യമൊരുങ്ങുന്നത് കടകംപള്ളി-കളമശ്ശേരി മാതൃകയിലെ ഭൂമിതട്ടിപ്പിന്

കൊച്ചി: കണ്ടൽകാടുകളും ജൈവവൈവിധ്യവും നിറഞ്ഞ കൊച്ചി നഗരത്തിലെ താന്തോന്നി തുരുത്തിൽ സർക്കാരിന്റെ ചെലവിൽ ഏക്കർ കണക്കിന് ചതുപ്പ് നിലം വൻകിട ഭൂവുടമകളും രാഷ്ട്രീയ പ്രമുഖരും നികത്തുന്നതായി ആക്ഷേപം. പ്രകൃതിക്ഷോഭത്തെ വരെ തടയാൻ പ്രാപ്തമായ പച്ചപ്പിനെയാണ് പാവപ്പെട്ട മത്സ്യ തൊഴിലാളി കുടുംബങ്ങളെ കായലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാനെന്ന പേരിൽ ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി (ജിഡ)യുമായി ചേർന്ന് പ്രമുഖ വ്യക്തികൾ തങ്ങളുടെ ഏക്കർ കണക്കിന് ഭൂമി ഒരു ചിലവുമില്ലാതെ നികത്തിയെടുക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് പ്രദേശത്തെ 140 ഓളം കുടുംബങ്ങളുടെ തീരാദുരിതമായ കായൽ വെള്ളം വീടുകളിലേക്ക് കയറുന്നത് തടയാനായി ജിഡ 3.5 കോടി രൂപ അനുവദിച്ച് ഉത്തരവായത്. കായലിൽ നിന്ന് മണ്ണെടുത്ത് ഓരുവെള്ളം കയറുന്ന വീടുകളുടെ ചുറ്റുപാടുള്ള കുറച്ച് സ്ഥലം മാത്രം നിയകത്തി ബണ്ട് കെട്ടി പ്രദേശത്തെ സ്ഥിരമായി വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു പദ്ദതി. ഏതാണ്ട് 9 കോടി രൂപയാണ് മുഖ്യമന്ത്രി ചെയർമാനായുള്ള ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി ഇതിനായി നീക്കി വച്ചിട്ടുള്ളത്.

താന്തോന്നി തുരുത്തിലെ കണ്ടൽ കാടുകൾക്കും അവിടുത്തെ ജൈവസമ്പത്തിനും യാതൊരു വിധത്തിലുമുള്ള നാശനഷ്ടവും ഉണ്ടാക്കില്ലെന്നായിരുന്നു ജിഡ മത്സ്യ തൊഴിലാളികളായ പാവപ്പെട്ട പ്രദേശവാസികളെ അറിയിച്ചിരുന്നത്. എന്നാൽ പദ്ധതിയുടെ മറവിൽ സർക്കാർ സൗജന്യം പറ്റി ഭൂമി നികത്തിയെടുക്കുന്നവരിൽ ഐ എൻ ടി യു സി നേതാവ് കെ പി ഹരിദാസും ,പത്മജവേണുഗോപാലിന്റെ കുടുംബവും വരെ ഉൾപ്പെടും.

പത്മജയുടെ അമ്മായിഅമ്മ ശ്രീദേവി അമ്മയുടേയും ഡോക്ടർ വേണുഗോപാലിന്റെ സഹോദരിയുടേയും പേരിലുള്ള ഏക്കർ കണക്കിന് ഭൂമിയാണ് ജിഡയുടെ ചെലവിൽ യാതൊരു നിയമങ്ങളും പാലിക്കതെ നികത്തുന്നത്. കെ പി ഹരിദാസിന് ഒന്നര ഏക്കർ ഭൂമിയും പത്മജ വേണുഗോപാലിന്റെ കുടുംബത്തിന് ഏതാണ്ട് അത്ര തന്നെ സ്ഥലവും ഉണ്ട്. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനിക്കും ഇവിടെ ഭൂമി ഉള്ളതായി പറയപ്പെടുന്നു. ഇവരെ കൂടാതെ ഡോക്ടർമാർക്കും സമൂഹത്തിലെ ഉന്നത സ്ഥാനീയർക്കും താന്തോന്നി തുരുത്തിൽ ഭൂമിയുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാ നിർമ്മാതവിനും വസ്തുവണ്ട്.

ഇതെല്ലാം നിയമ വിരുദ്ദമായി നികത്തി വൻഭൂമി കച്ചവടത്തിനാണ് ഒരു പറ്റം ഭൂമാഫിയ ഈ പദ്ദതിയെ ഉപയോഗിക്കുന്നതെന്നാണ് സൂചന. ജിഡയുടെ ഉത്തരവ് പ്രകാരം വീടുകളിലേക്ക് വെള്ളം കയറാതിരിക്കാനായി കായൽ ഡ്രഞ്ചിങ്ങ് നടത്തി 5 സെന്റും മൂന്ന് സെന്റും വരുന്ന ഭൂമി നികത്തിയെടുക്കാനെ അനുമതിയുമതിയുള്ളൂ. 2004 ലെ തണ്ണീതട സംരക്ഷണനിയമവും തീരദേശ പരിപാലന നിയമവും നഗ്നമായി ലംഘിക്കപ്പെടുകയാണ് താന്തോന്നി തുരുത്തിൽ .കൊച്ചി കോർപ്പറേഷന്റെ സ്ട്രക്ച്ചറൽ പ്ലാനിൽ പാറ്ക്കും കളിസ്ഥലവും എന്നാണ് താന്തോന്നി തുരുത്തിലെ ഈ ഭൂമിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോൾ തന്നെ വിശദ അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരുന്നു. തുടർന്ന് മാർച്ച് മാസത്തിൽ വിശദപരിശോധനയും റവന്യൂ ഉദ്യോഗസ്ഥർ നടത്തി. കണ്ടൽകാടുകളുടെ നശിപ്പിക്കൽ കണ്ടെത്തുകയും ചെയ്തു. ഈ അന്വേഷണ റിപ്പോർട്ടിനും ഒന്നും സംഭവിച്ചില്ല. ഇതിന് ശേഷവും ഭൂമാഫിയ മണ്ണിട്ട് നികത്തൽ തുടർന്നുവെന്നതാണ് യാഥാർത്ഥ്യം.

കൊച്ചി കോർപ്പറേഷന്റേയും യാതൊരു വിധ അനുമതിയും ഈ മണ്ണടിക്കലിനില്ല. ഫലത്തിൽ സർക്കാർ വകുപ്പുകളുടെ മൗനാനുവാദത്തോടെ കടകംപള്ളി -കളമശ്ശേരി മാതൃകയിൽ ഭൂമി തട്ടിപ്പിന് തനെയാണ് താന്തോന്നി തുരുത്തിലും ഭൂമാഫിയ ശ്രമിക്കുന്നതെന്ന് വ്യക്തം.പ്രശ്‌നം നിരവധി തവണ ജില്ലാ കളക്ടറുടേയും മറ്റും ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും വേണ്ടത്ര സ്വാധീനമുള്ള ഒരു വസ്തുകച്ചവടക്കാരനാണ് താന്തോന്നി തുരുത്തിനെ നശിപ്പിക്കാനായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും പറയപ്പെടുന്നു.

ഒരു വിവാദം ഉണ്ടായാൽ പദ്ദതി നിന്ന് പോയാലോ എന്ന ഭയത്താൽ പ്രദേശവാസികളാരും നേരിട്ട് പരാതിപ്പെടാനും തയ്യാറായിട്ടില്ല.ഒരു നഗരത്തെ തന്നെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കേണ്ട ജൈവ സമ്പത്തിനെ യാതൊരു ധാക്ഷിണ്യവും കൂടാതെ വികസനമെന്ന പേരിൽ നശിപ്പിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്ന് വരേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP