Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

33 വർഷം സർവ്വീസുള്ള ജീവനക്കാർക്ക് ലഭിക്കുന്നത് 8992 രൂപ മാത്രം; 24 വർഷം സർവ്വീസുള്ള സീനിയർ ക്ലർക്കിന് 16,480 രൂപയും; ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ട് കോടികൾ ലാഭം ഉണ്ടാക്കുന്ന മുത്തൂറ്റ് മുതലാളി സമരം പൊളിക്കാൻ പത്രപരസ്യം നൽകിയത് ശുദ്ധ നുണയെന്ന് വ്യക്തമായി; കമ്പനി പൊളിഞ്ഞാലും തൊഴിലാളിക്ക് ഒന്നും കൊടുക്കില്ലെന്ന് വാശി പിടിച്ച് മാനേജ്‌മെന്റ്

33 വർഷം സർവ്വീസുള്ള ജീവനക്കാർക്ക് ലഭിക്കുന്നത് 8992 രൂപ മാത്രം; 24 വർഷം സർവ്വീസുള്ള സീനിയർ ക്ലർക്കിന് 16,480 രൂപയും; ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ട് കോടികൾ ലാഭം ഉണ്ടാക്കുന്ന മുത്തൂറ്റ് മുതലാളി സമരം പൊളിക്കാൻ പത്രപരസ്യം നൽകിയത് ശുദ്ധ നുണയെന്ന് വ്യക്തമായി; കമ്പനി പൊളിഞ്ഞാലും തൊഴിലാളിക്ക് ഒന്നും കൊടുക്കില്ലെന്ന് വാശി പിടിച്ച് മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ളതും രാജ്യമാകെ സാന്നധ്യമുള്ളതും തൊണ്ണൂറ്റി അഞ്ച് ലക്ഷത്തോളെ ഇടപാടുകാരുമുള്ള ധനസേവന രംഗത്തെ മുൻനിര സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്. കാൽലക്ഷത്തോളെ ജീവനക്കാരമുണ്ട്.-ഇതെല്ലാം കഴിഞ്ഞ ദിവസം മുത്തൂറ്റ് തന്നെ നൽകിയ പരസ്യത്തിലെ വാചകങ്ങളാണ്. മുത്തൂറ്റിലെ തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു പരസ്യം മൂത്തൂറ്റ് ഫിൻനാൻസ് നൽകിയത്. ശമ്പളം കുറവാണെന്ന തൊഴിലാളി യൂണിയനുകളുടെ വാദം കളവാണെന്ന് നിരത്തി തൊഴിലാളികൾക്ക് നൽകുന്ന ശമ്പളവും പ്രസിദ്ധീകരിച്ചു. എന്നാൽ ഈ തൊഴിലാളി സ്‌നേഹമൊക്കെ പൊള്ളയാണെന്ന് തെളിയുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. പത്രപരസ്യത്തിലെ ശമ്പളക്കണക്കുകളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്ന സാലറി സ്ലിപ്പുകളാണ് അവ.

ജിവനക്കാർക്കെല്ലാം മറ്റു സ്ഥാപനങ്ങളിലേക്കാൾ ഉയർന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നാണ് പരസ്യത്തിൽ കമ്പനി വ്യക്തമാക്കുന്നത്. പ്യൂണിന് 16,300 രൂപയും കളർക്കിന് 19,300 രൂപയും ശരാശരി ശമ്പളം നൽകുന്നുണ്ടെന്നാണ് പരസ്യത്തിൽ. അസിറ്റന്റ് മാനേജർക്ക് 26,200രൂപയും ബ്രാഞ്ച് മാനേജർക്ക് 35000 രൂപയും ശമ്പളമുണ്ടെന്നായിരുന്നു അവകാശവാദം. ഇതാണ് മറുനാടന് ലഭിച്ച രേഖകളിലൂടെ പൊളിയുന്നത്. വിവിധ ജീവനക്കാരുടെ സാലറി സ്ലിപ്പുകളാണ് സത്യം വെളിച്ചത്തു കൊണ്ടു വരുന്നത്. ഇന്നലെ പത്രങ്ങളിൽ നൽകിയ പരസ്യത്തിലെ ശമ്പളം മുത്തൂറ്റിൽ ആർക്കും കിട്ടുന്നില്ല. ഇടപാടുകാരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള മാനേജ്‌മെന്റ് തന്ത്രം മാത്രമായിരുന്നു അത്. അതിനിടെ മുത്തൂറ്റിൽ സമരം തൊഴിലാളി സംഘടനകൾ ശക്തമാക്കുകയാണ്.

വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നതെന്നും അകാരണമായി സ്ഥലംമാറ്റുന്നുവെന്നും യൂണിയൻ അംഗത്വമെടുത്തതിന്റെ പേരിൽ പിരിച്ചുവിടുന്നുവെന്നുമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട് ശരിവയ്ക്കുന്നതാണ് മറുനാടന് ലഭിച്ച സാലറി സ്ലിപ്പിലെ വിവരങ്ങൾ. അനിശ്ചിത കാല പണിമുടക്ക് കാരണം മുത്തൂറ്റ് ഫിനാൻസിന്റെ എല്ലാ ശാഖകളും അടഞ്ഞു കിടക്കുകയാണ്. സ്ഥാപനത്തിന് കോടിക്കണക്കിന് രൂപ നഷ്ടമവുമാണ്. അപ്പോഴും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. ഇത് വ്യക്തമാക്കുന്നതാണ് കള്ളത്തരങ്ങൾ പൊലിപ്പിച്ചെഴുതിയ പത്രപരസ്യം. ജീവനക്കാരുടെ ശമ്പളത്തിൽ മാനേജ്‌മെന്റ് മുന്നോട്ട് വയ്ക്കുന്ന വാദമെല്ലാം പച്ചക്കളവാണെന്ന് മറുനാടൻ പുറത്തുവിടുന്ന സാലറി സ്ലിപ്പുകൾ വ്യക്തമാക്കും.

വാഴക്കുളം ബ്രാഞ്ചിലെ സർവ്വീസ് അസിസ്റ്റന്റിന് 33 വർഷത്തെ സർവ്വീസിലാണ് മുത്തൂറ്റിലുള്ളത്. 1983ൽ ജോലിയിൽ പ്രവേശിച്ച ഇയാൾക്ക് 2016 ജൂലൈയിലെ ശമ്പള സ്ലിപ്പ് പ്രകാരം കൈയിൽ കിട്ടിയത് 8992 രൂപ മാത്രമാണ്. മൊത്തം ശമ്പളം 11,925 രൂപയും പിഎഫ് അടക്കമുള്ള പിടിത്തം 2933 രൂപയും. അതായത് ദിവസ വേതനം 400 രൂപയിൽ കുറവ്. തൊഴിലാളി യൂണിയൻ സജീവമായതോടെ ഇയാൾക്ക് 2000 രൂപ കൂടി. അതായത് കഴിഞ്ഞ മാസം പതിനായിരത്തിലധികം രൂപ ഇയാൾക്ക് ശമ്പളമായി കിട്ടി. അപ്പോഴും പരസ്യത്തിലെ മൂത്തൂറ്റ് മാനേജ്‌മെന്റിന്റെ അവകാശ വാദം തെറ്റാണെന്ന് വ്യക്തം. 24 വർഷം സർവ്വീസുള്ള റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവിന് 2016 ജൂലൈയിൽ കിട്ടിയത് 14,480 രൂപയാണ്.

24 വർഷം സർവ്വീസുള്ള സീനിയർ ക്ലർക്കിന് 2016 ഓഗസ്റ്റിലെ സ്ലിപ്പ് അനുസരിച്ച് 16,480 രൂപയാണ് ശമ്പളമായി കിട്ടിയിരുന്നത്. ഇത് യൂണിയൻ പ്രവർത്തനം ശക്തമായതിന് ശേഷം കൂട്ടി നൽകിയ ശമ്പളമാണ്. ജൂലൈവരെ ഇത് 14,480 രൂപയാണ്. പടിത്തവുമെല്ലാം പോയി പുതുക്കിയ ശമ്പളം വന്നതിന് ശേഷം പാലാരിവട്ടത്തെ ജീവനക്കാരന് കൈയിൽ കിട്ടുന്നത് 11,074 രൂപയാണ്. ജീവിത പ്രാരാബ്ദങ്ങൾ കാരണം ഇവർക്കെല്ലാം പലപ്പോഴും മൂത്തൂറ്റിൽ നിന്ന് തന്നെ ലോണും എടുക്കേണ്ടി വരുന്നു. ഈ തുകയും പിടിച്ച ശേഷമാണ് ശമ്പളം നൽകുന്നത്. പരസ്യത്തിലെ വാചകമനുസരിച്ച് ക്ലാർക്കിന് 19,300 രൂപയാണ് മൂത്തൂറ്റിലെ ശമ്പളം. ഇവിടെ 24 വർഷം സർവ്വീസുള്ള സീനിയർ ക്ലർക്കിന് പോലും 17,000ൽ കുറവ് ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

ജൂലൈ 2016ൽ മുത്തൂറ്റിലെ ഒരു അസിസ്റ്റന്റ് മാനേജരുടെ മൊത്ത ശമ്പളം 19,000 രൂപ മാത്രമായിരുന്നു. 33 വർഷം സർവ്വീസുള്ള പ്യൂണിന് ജൂലൈയിൽ കിട്ടയത് 11925 രൂപയായാണ്. യൂണിയൻ രൂപീകരിച്ചതോടെ ഇയാൾക്കും 2000 രൂപ കൂടുതലായി കിട്ടി. പത്രപരസ്യം അനുസരിച്ച് മുത്തൂറ്റിലെ എല്ലാ പ്യൂണുമാർക്കും 16,300 രൂപ കിട്ടണം. 33 വർഷം സർവ്വീസുള്ള പ്യൂണിന് ആറുമാസം മുമ്പ് കിട്ടിയത് 12,000 രൂപയിൽ താഴെ മാത്രം. ഇപ്പോൾ അത് 14,000 രൂപയുമായി. ഇതിൽ നിന്ന് തന്നെ ശമ്പളവുമായി ബന്ധപ്പെട്ട മുത്തൂറ്റിന്റെ പരസ്യത്തിലെ വിശദീകരണമെല്ലാം തെറ്റാണെന്ന് വ്യക്തമാവുകയാണ്. ഈ സാഹചര്യത്തിൽ ജീവനക്കാർക്കെതിരെ കൈക്കൊണ്ട നടപടികൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും മുമ്പ് മിന്നൽ പണിമുടക്ക് നൽകിയപ്പോഴും അതിനുശേഷവും ചർച്ചയിൽ മാനേജ്‌മെന്റ് കടുംപിടിത്തം നടത്തിയതുകൊണ്ടാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നതെന്നും യൂണിയൻ വ്യക്തമാക്കുന്നു.

ഭൂരിഭാഗം ജീവനക്കാരും സമരരംഗത്താണെന്ന് യൂണിയൻ വ്യക്തമാക്കുന്നുണ്ട്. അതേസമയം മാനേജ്‌മെന്റ് പരസ്യത്തിൽ പറയുന്നത് അവർ ജീവനക്കാർക്കിടയിൽ ഹിതപരിശോധന നടത്തിയതായും നാലായിരത്തോളം വരുന്ന കേരളത്തിലെ ജീവനക്കാരിൽ 165 പേർ മാത്രമാണ് സമരത്തെ അനുകൂലിച്ചതെന്നുമാണ് പറയുന്നത്. എന്നാൽ മുത്തൂറ്റ് ഫിനാൻസ് ശാഖകളിൽ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന്റേതായി ഞായറാഴ്ചത്തെ പത്രങ്ങളിൽ വന്ന പരസ്യത്തിലെ അവകാശവാദങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. കേരള ശാഖകളിൽ നടക്കുന്ന തൊഴിൽസമരത്തോട് മൂന്നുമാസത്തിന് ശേഷമാണ് പ്രമുഖ പത്രങ്ങളിൽ നൽകിയ അരപേജ് പരസ്യത്തിലൂടെ പ്രതികരിച്ചത്. ഇരുന്നൂറിൽ താഴെ വരുന്ന സമരാനുകൂലികളാണ് അതിക്രമം നടത്തുന്നതെന്നാണ് മാനേജ്‌മെന്റിന്റെ അവകാശവാദം. എന്നാൽ പരസ്യത്തിൽ തന്നെ കമ്പനിയിൽ ഓഗസ്ത് എട്ട്, സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടന്ന പണിമുടക്കിൽ പ്രവർത്തനം തടസപ്പെട്ടുവെന്ന് സമ്മതിക്കുന്നു.

രണ്ടായിരത്തിലധികം ജീവനക്കാർ ഒമ്പതു മാസത്തിനിടെ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്. എറണാകുളത്ത് സംസ്ഥാന കൺവൻഷൻ നടത്തുമെന്ന് പ്രഖ്യാപനം വന്ന ദിവസമാണ് സംഘടനയിലെ നേതൃനിരയിലുള്ള 25പേരെ സംസ്ഥാനത്തിന് പുറത്തേക്ക് ഉൾപ്പെടെ മാറ്റിയത്. അന്നുതന്നെ വിടുതൽ വാങ്ങി പുതിയ സ്ഥലത്ത് അടുത്ത ദിവസം ജോലി ചെയ്യാനായിരുന്നു ഉത്തരവ്. മുത്തൂറ്റിന്റെ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രത്തിൽ ഇത്തരമൊരു സ്ഥലംമാറ്റമുണ്ടായിട്ടില്ല. വിഷയത്തിൽ ചർച്ചക്കുപോലും തയ്യാറാവാത്ത മാനേജ്‌മെന്റാണ് പണിമുടക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. കൂടുതൽപേരെ സ്ഥലം മാറ്റിയും കൂട്ടസസ്‌പെൻഷന് ഉത്തരവിട്ടും ഒരു ദിവസത്തെ പണിമുടക്കിന് എട്ട് ദിവസത്തെ ശമ്പളം തടഞ്ഞുവച്ചും പ്രാകൃതനടപടികളിലൂടെയാണ് മാനേജ്‌മെന്റ് പ്രതികരിച്ചതെന്നും യൂണിയൻ വിശദീകരിക്കുന്നു.

ഒരു ഘട്ടത്തിൽ സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ജീവനക്കാർക്കെതിരെ അതിക്രമം പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ കമ്പനി മാനേജിങ് ഡയറക്ടർ വിട്ടുനിന്നു. ഈ സാഹചര്യത്തിലും ഒക്ടോബർ അഞ്ചുമുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇത്. പണിമുടക്ക് പരാജയപ്പെടുത്താൻ ഇആർടി എന്ന പേരിൽ ഗുണ്ടാസംഘത്തെ രംഗത്തിറക്കുകയാണ് മാനേജ്്‌മെന്റ്. പ്രതികാര മനോഭാവം വെടിഞ്ഞ് പ്രശ്‌നങ്ങളിൽ ജനാധിപത്യപരമായി ഇടപെടാൻ മാനേജ്‌മെന്റ് തയ്യാറാകുന്നതുവരെ സമരം ശക്തമായി തുടരും. മാനേജ്‌മെന്റ് നടത്തുന്ന വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും തൊഴിലാളികളോടും പൊതുസമൂഹത്തോടൂം യൂണിയൻ ജനറൽ സെക്രട്ടറി സി സി രതീഷ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP