Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഹസ്യ സംഭാഷണം ചോർന്ന് കിട്ടിയത് നിർണായകമായി; കനകമലയിൽ നടന്നത് പൊലീസ് ഉദ്യോഗസ്ഥനേയും രണ്ട് ജഡ്ജിമാരേയും യുവ രാഷ്ട്രീയ നേതാവിനേയും അക്രമിക്കാനുള്ള ചർച്ച: അൽ മുഹാജിറൂൻ ബ്ലോഗിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കള്ളി പുറത്താക്കി; കേരളത്തിലെ ഐസിസ് വേരുകൾ സ്ഥിരീകരിക്കപ്പെട്ടത് ഇങ്ങനെ

രഹസ്യ സംഭാഷണം ചോർന്ന് കിട്ടിയത് നിർണായകമായി; കനകമലയിൽ നടന്നത് പൊലീസ് ഉദ്യോഗസ്ഥനേയും രണ്ട് ജഡ്ജിമാരേയും യുവ രാഷ്ട്രീയ നേതാവിനേയും അക്രമിക്കാനുള്ള ചർച്ച: അൽ മുഹാജിറൂൻ ബ്ലോഗിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കള്ളി പുറത്താക്കി; കേരളത്തിലെ ഐസിസ് വേരുകൾ സ്ഥിരീകരിക്കപ്പെട്ടത് ഇങ്ങനെ

എം പി റാഫി

കോഴിക്കോട്: എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐസിസ് പ്രചാരകരും ഇസ്ലാമാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബർ സാന്നിധ്യങ്ങളുമായിരുന്നു. എൻ.ഐ.എ നിരീക്ഷിച്ചു കൊണ്ടിരുന്ന സോഷ്യൽ മീഡിയയിലെ 'ജിഹാദി'കളെ കുറിച്ച് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഐസിസിന്റെ മലയാളം വെബ് സൈറ്റായ അൽ മുഹാജിറൂൻ വീണ്ടും പ്രത്യക്ഷപ്പെട്ടതും ഇതിനു പിന്നിൽ പ്രചാരകരായ ചില മലയാളി ഫേസ്‌ബുക്ക് ഐഡികളുടെ മേൽ നടപടിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. മലയാളത്തിലെ ഐസിസ് സ്വാധീനം ചൂണ്ടിക്കാട്ടി ടൈംസ് ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. വ്യാജ ഐഡികൾ നിരവധിയുണ്ടാക്കി നടത്തിയ തീവ്രവാദ പ്രചാരണം വാർത്തയിലിടം പിടിച്ചതിനു തൊട്ടു പിന്നാലെ എൻ.ഐ.എ ഉദ്യോഗസ്ഥർ ശക്തമായ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

പെരിങ്ങത്തൂർ കനകമലയിൽ നടത്തിയ എൻ.ഐ.എ ഓപ്പറേഷനിൽ കുടുങ്ങിയത് ഐഎസ് പ്രചാരണ രംഗത്തെ പ്രധാനികളായിരുന്നു. കണ്ണൂർ അണിയാരം സ്വദേശി മദീന മഹൽ മൻസീദ്(30), തമിഴ്‌നാട് കോയമ്പത്തൂർ ജിഎം നഗർ സ്വദേശി അബൂ ബഷീർ (29), തൃശൂർ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ് വാൻ പി (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലൻ കണ്ടി ജാസിം എൻ.കെ (25), നങ്ങീലൻ കണ്ടി റംഷാദ്( 24) എന്നിവരെയാണ് ഇന്നലെ എൻ.ഐ.എ ഐജി അനുരാഗ് തംഗ്, എൻ.ഐ.എ ഡിവൈഎസ്‌പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കനകമലയിൽ കൂടിക്കാഴ്ച നടത്തുമെന്ന രഹസ്യ സംഭാഷണം എൻ.ഐ.എക്കു ചോർന്ന് കിട്ടിയത് നിർണായകമായി

ഐസിസ് ബന്ധം വ്യക്തമായതിനെ തുടർന്ന് ഒക്ടോബർ ഒന്നിനു തന്നെ ഈ സംഘത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇവരെ എൻ.ഐ.എ ഉദ്യോഗസ്ഥർ വലയിലാക്കിയത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിൽ നിർണായകമായ
തെളിവുകളും വിവരങ്ങളും ലഭിച്ചതോടെയാണ് പിടികൂടാനായി എൻ.ഐ.എ ആസൂത്രിത നീക്കം നടത്തിയത്.

ഇവരുടെ വാട്‌സ്ആപ്പ്, ടെലഗ്രാം തുങ്ങിയ സോഷ്യൽമീഡിയകളിലെ ചലനങ്ങൾ എൻ.ഐ.എ നിരീക്ഷിച്ചു വരുന്നിരുന്നു. ആശയ വിനിമയമെല്ലാം എൻ.ഐ.എ ഉദ്യോഗസ്ഥർ ചോർത്തുകുയും ചെയ്തിരുന്നു. ഇതോടെ ചില നിർണായക തെളിവുകളും വിവരങ്ങളും എൻ.ഐ.എക്കു ലഭിച്ചു. കനകമലയിൽ ഒക്ടോബർ രണ്ടിന് കൂടിച്ചേർന്ന് സുപ്രധാനമായ നീക്കം നടത്താൻ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഇവർ പദ്ധതിയിട്ടിരുന്നു.

ഇതുപ്രകാരമായിരുന്നു എൻ.ഐ.എ സംഘം കേരളാ പൊലീസ്, ഡൽഹി പൊലീസ്, തെലങ്കാന പൊലീസ്, തമിഴിനാട് പൊലീസ് എന്നിവരുടെ സഹായത്തോടെ സംഘത്തെ പിടിച്ചത്. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് കനകമലയിൽ പ്രതികൾ എത്തുന്നതിനു മുമ്പ് തന്നെ പരിസരം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശേഷം മണിക്കൂറികൾ കാത്തു നിന്ന എൻ.ഐ.എ ഉദ്യോഗസ്ഥർ കനകമലയിലെത്തിയ അഞ്ചു പേരെയും കയ്യോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് പിടിയിലായവരുടെ മൊഴിപ്രകാരം കുറ്റ്യാടിയിലെ റംഷാദിനെയും കസ്റ്റഡിയിലെടുത്തു. ആദ്യം റംഷാദിന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് റംഷാദ് പിടിയിലായപ്പോൾ സുഹൃത്തിനെ വിട്ടയക്കുകയുമായിരുന്നു. റംഷാദിന്റെ വീട്ടിൽ എൻ.ഐ.എ സംഘം പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ലാപ്‌ടോപ്പ്, ഡയറി, പുസ്തകങ്ങൾ തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളെല്ലാം പരിശോധിച്ചു വരികയാണ്.

മുഹാജിർ മുതൽ വധ ഗൂഢാലോചനയിൽ വരെ എത്തിയ പ്രവർത്തനങ്ങൾ

ഐസിസിന്റെ കേരളത്തിലെ അടിവേര് കണ്ടെത്താനുതകുന്ന വളരെ പ്രധാനപ്പെട്ടതും നിർണായകവുമായ വിവരങ്ങളായിരുന്നു അറസ്റ്റിലായ സംഘത്തിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചത്. കൊലപാതം വരെ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മലയാളത്തിൽ ഐസിസിന്റെ പ്രചാരണം നടത്തിയിരുന്ന ഔദ്യോഗിക പേജ് മുഹാജിറിനു പിന്നിൽ സംഘത്തിന്റെ കൈകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ, രണ്ട് ജഡ്ജിമാർ, ഒരു യുവ രാഷ്ട്രീയ നേതാവ് എന്നിവരെ വധിക്കാൻ ഉന്നമിട്ട് കൊണ്ടുള്ള ചർച്ചകൾ ഗ്രൂപ്പുകളിലൂടെ സംഘം നടത്തിയിരുന്നു. വധിക്കാനുള്ള നാലുപേരുടെയും ഫോട്ടോകൾ ഗ്രൂപ്പിലിട്ടും ചർച്ചകൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ സംഭാഷണങ്ങളും പോസ്റ്റിയ ഫോട്ടോകളും തെളിവായി എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഈ നാലുപേർ ആരാണെന്ന് എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല.

ഇത്തരത്തിലുള്ള ചർച്ച നയിക്കാനുണ്ടായ കാരണവും സാഹചര്യവും വ്യക്തമല്ല. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇത് കണ്ടെത്തുകയും അൽ മുഹാജിർ വെബ്‌സൈറ്റിനു പിന്നിലുള്ളവരെ തിരിച്ചറിയാനും ആകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

അറസ്റ്റിലായവർ അറിയപ്പെട്ടത് വിവിധ പേരുകളിൽ

ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രചാരകരായി ആശയ പ്രചരണം നടത്തി കഴിഞ്ഞ ദിവസം വരെ ഫേസ്‌ബുക്കിൽ സജീവ സാന്നിധ്യമായിരുന്ന ചില വ്യാജ ഐഡികൾക്കു പിന്നിൽ ഈ സംഘത്തിൽപ്പെട്ടവരാണെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ കുറെ നാളുകളായി ഐഎസുമായി ബന്ധപ്പെട്ട ആശയങ്ങളും ദേശവിരുദ്ധമായ സന്ദേശങ്ങളും സോഷ്യൽ മീഡിയകൾ വഴി കൈമാറുകയാണ് സംഘം ചെയ്തു വന്നിരുന്നത്. ആശയ പ്രചാരണത്തിന്റെ പ്രവർത്തന മേഖലകളെല്ലാം വാട്‌സ് ആപ്പ്, ഫെയ്ബുക്ക്, ടെലഗ്രാം വഴി വ്യാജ ഐഡികൾ മുഖേനയായതിനാൽ ഇവരെ ഏറെ നാളായി സുരക്ഷാ ഏജൻസികൾക്കും പിടികൂടാനായിരുന്നില്ല. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ചു കൊണ്ടുള്ള മലയാളം പോസ്്റ്റുകൽ ഇട്ടിരുന്നത് സമീർ അലി, ഒമർ അൽ ഹിന്ദി, അബു ഉമൈർ, അബ്ദുള്ള ഇബ്‌നു അബ്ദുള്ള, അസ്ഹാബുൽ ഹഖ്, അഹമദ് ജലാൽ, അബൂ ബഷീർ തുടങ്ങിയ ഐഡികളിൽ നിന്നായിരുന്നു.

എന്നാൽ എൻ.ഐ.എ കണ്ടെത്തിയിട്ടുള്ള ഐഡികളും പേരുകളും ഇതുമായി സാമ്യതയും ബന്ധമുള്ളതായും കാണാൻ സാധിക്കും. അറസ്റ്റിലായ ആറു പേരുടെയും മറ്റു ഐഡി/ പേരുകൾ ഇങ്ങിനെയാണ്: മൻസീദ് (ഒമർ അൽ ഹിന്ദി, മുത്തുക്ക), അബൂ ബഷീർ ( റാഷിദ്, ബൂച്ചാ, ദളപതി, അമീർ), സ്വാലിഹ് മുഹമ്മദ് ടി(യൂസുഫ്, അബൂ ഹസ്‌ന), റംഷാദ് (ആമു) എന്നിവരുടെ ഐഡികളാണ് കണ്ടെത്തിയിട്ടുള്ളത്. മലയാളത്തിൽ ആദ്യമായി ജിഹാദി സന്ദേശങ്ങളുമായി പ്രത്യക്ഷപ്പെട്ട പല ഐഡികളും ഇവരുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ ആറു പേരും വിദ്യാ സമ്പന്നരും നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നുള്ളവരുമാണ്. തീവ്ര ആശയങ്ങൾ വച്ചു പുലർത്തുന്നവരായിരുന്നില്ല ഇവരുടെ കുടുംബങ്ങൾ. ജാസിം, റംഷാദ് ഇരുവരും ബന്ധുക്കളാണ്. എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട്, തീവ്രസലഫിസം, തബ്ലീഗ് തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരോ ഈ സംഘടനകളിൽ പ്രവർത്തിച്ചവരോ ആണ് പിടിയിലായവർ. 05/ 2016 നമ്പറിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 120 ബി, 121, 121 എ, 122 എന്നിവയും യുഎപിഎ പ്രകാരമുള്ള 18, 18 ബി, 20, 38, 39 എന്നീ ഒമ്പത് വകുപ്പുകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ആറു പേരെയും രഹസ്യ കേന്ദ്രത്തിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടു പോയിട്ടുണ്ട്. ഇന്ന് എറണാകുളം എൻ.ഐ.എ കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എൻ.ഐ.എ അറിയിച്ചു. രാജ്യത്ത് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആഴ്ന്നിറങ്ങിയ വേരുകൾ ഇവരിലൂടെ കണ്ടെത്താൻ സാധിക്കുമെന്നു തന്നെയാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP