Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെള്ളക്കടലാസിൽ തലാഖ്‌ ചൊല്ലി ബന്ധം ഒഴിഞ്ഞു; ഫീലിങ് പോയി തുലയെടാ.. എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഭാര്യയുടെ പ്രതികരണം; കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ സൈബർ ലോകം

ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെള്ളക്കടലാസിൽ തലാഖ്‌ ചൊല്ലി ബന്ധം ഒഴിഞ്ഞു; ഫീലിങ് പോയി തുലയെടാ.. എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഭാര്യയുടെ പ്രതികരണം; കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ സൈബർ ലോകം

കൊച്ചി: കെപിസിസി ജനറൽ സെക്രട്ടറിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ അഡ്വ. ടി സിദ്ദിഖ് ക്യാൻസർ ബാധിതയായ ഭാര്യയെ തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തി. കൊല്ലം സ്വദേശിനിയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമയുമായുള്ള 12 വർഷത്തെ ബന്ധമാണ് യൂത്ത് കോൺഗ്രസ്സിന്റെ മുൻ അധ്യക്ഷൻ വെള്ള കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ
തലാഖിലൂടെ (മൊഴി ചൊല്ലുക)അവസാനിപ്പിച്ചത്. ഈ ബന്ധത്തിൽ സിദ്ദിഖിന് രണ്ട് ആൺകുട്ടികളുണ്ട്. കണ്ണൂർ സ്വദേശിനിയെ വിവാഹം കഴിക്കാനാണ് സിദ്ദിഖ് തന്നെയും മക്കളേയും ഉപേക്ഷിക്കാൺ കാരണമെന്ന കുറ്റപ്പെടുത്തലുമായി നസീമയും രംഗത്തെത്തിയിട്ടുണ്ട്.

ക്യാൻസർ ബാധിതയായ ഭാര്യയെ ഉപയോഗിച്ച് ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തിലൂടെ വോട്ടുകൾ നേടാൻ ഭർത്താവ് ശ്രമിച്ചെന്ന ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്. അതേസമയം ദാമ്പത്യ ജീവിതത്തിന്റെ തുടർക്കാലം മുതൽ തീരെ അനുസരണയില്ലാതെയും തന്റെ വ്യക്തി ജീവിതത്തേയും പൊതുജീവിതത്തേയും അപമാനിക്ക തക്ക വിധം സംസാരങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടു എന്ന ആരോപണമാണ് തലാഖ്‌ ചൊല്ലിയതായി കാണിച്ച് നസീമക്കയച്ച കത്തിൽ ടി സിദ്ദിഖ് ഉന്നയിക്കുന്നത്. ഇതെല്ലാം ശുദ്ധകളവാണെന്ന് നസീമയും സമർത്ഥിക്കുന്നു.

തന്റെ ഫേസ്‌ബുക്കിലൂടെയും വിവാഹ മോചനകാര്യത്തിലുള്ള നിരാശ അവർ പങ്കുവെക്കുന്നുണ്ട്. പോയി തുലയെടാ.. എന്ന് ഫീലിംഗോടെ ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങൾ കാണിച്ചു തരാമെന്നും മക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അവർ ഫേസ്‌ബുക്കിലൂടെ പറയുന്നു. വിവാഹ ബന്ധം ഒഴിയുന്നതിലെ വേദന തന്നെയാണ് ഇവർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. പോസ്റ്റ് കണ്ട് എന്താണ് സിദ്ദിഖിന്റെ ഭാര്യയ്ക്ക് പറ്റിയതെന്ന വിധത്തിൽ ചിലർ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ നസീമയെ ആശ്വസിപ്പിക്കാനും രംഗത്തെത്തി.

സിദ്ദിഖ് തന്നെ വഞ്ചിക്കുകയാണെന്ന ആരോപണമാണ് നസീമ ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ നസീമ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്: ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ വിശദീകരിക്കുന്നു.

ഏതാണ്ട് ഒന്നര വർഷം മുൻപാണ് ബ്രെസ്റ്റ് ക്യാൻസർ തനിക്ക് പിടിപെട്ടെന്ന് തിരിച്ചറിഞ്ഞത്. കൊല്ലത്തുള്ള കുടുംബത്തിലെ അടുത്ത ബന്ധുക്കളായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അർബുദ രോഗം സ്ഥിരീകരിച്ചത്. ഉടൻ തന്നെ ചികിത്സയും തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ റീജിണൽ ക്യാൻസർ സെന്ററിലായിരുന്നു ചികിത്സ. അക്കാലത്തും സിദ്ദിഖ് ആശുപത്രിയിൽ വന്ന് തന്നെ കാണുന്നതും അടുത്തിരുന്ന് പരിചരിക്കുന്നതും വളരെ വിരളമായിരുന്നു. എന്നാൽ അദ്ദേഹം ഏർപ്പാട് ചെയ്ത യൂത്ത് കോൺഗ്രസ്സുകാരും ചില സുഹൃത്തുക്കളും തന്റെ സഹായത്തിനായി ആശുപത്രിയിൽ ഉണ്ടായിരുന്നു. കോഴിക്കോട് നിന്ന് കീമോ തെറാപ്പിക്കും മറ്റുമായി തിരുവനന്തപുരത്തെത്തുമ്പോൾ സഹായത്തിന് സിദ്ദിഖ് ഇവരെ എല്ലാം ഏർപ്പാട് ചെയ്ത് തന്നിരുന്നതായും നസീമ സമ്മതിക്കുന്നു.

പിന്നീടാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. കോഴിക്കോടുണ്ടെകിലും വളരെ കുറച്ച് സമയം മാത്രമേ വീട്ടിൽ ചെലവിടാറുള്ളൂ. താനും മക്കളുമായി പുറത്ത് പോകുന്നത് വരെ ഇല്ലാതായി. കീമോ കഴിഞ്ഞ് മുടിയെല്ലാം പോയ താനുമായി പുറത്ത് പോകുന്നത് ശരിയല്ല എന്ന് അദ്ദേഹം കരുതിയിട്ടുണ്ടകുമെന്ന് താൻ വിശ്വസിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സ്വന്തം വീട്ടിൽ കുറച്ച് ദിവസം പോയി നിൽക്കണമെന്ന് പറഞ്ഞ് കോഴിക്കോട്ടെ തങ്ങളുടെ വീട്ടിൽ നിനും പോയ ടി സിദ്ദിഖ് പിന്നീട് ഫോൺ ചെയ്താൽ പോലും എടുക്കാതെയായി. മക്കളെ പോലും വിളിക്കാതെയായി. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് മാസത്തിൽ ചെറിയ പെരുന്നാൾ ആശംസ അറിയിക്കാൻ മക്കളായ ആദിലും ആഷിക്കും വിളിച്ചപ്പോൾ മാത്രമാണ് ഫോൺ എടുത്തത്. അതും വളരെ കുറച്ച് സമയം മാത്രം സംസാരിച്ച് ഫോൺ കട്ട് ചെയ്യുകയാണ് ഉണ്ടായത്.

അതിന് ശേഷം അസുഖ ബാധിതയായ തന്നെ പരിരക്ഷിക്കാൻ വേണ്ട ഒരു കാര്യവും സിദ്ദിഖ് ചെയ്തിട്ടില്ലെന്നും നസീമ ആരോപിക്കുന്നു. താനിപ്പോൾ ക്യാൻസർ രോഗത്തിൽ നിന്ന് പതിയെ മുക്തയാകുകയാണ്. മറ്റൊരു സ്ത്രീയുമായി സിദ്ദിഖിനുള്ള ബന്ധമാണ് തന്നെയും കുട്ടികളേയും ഒഴിവാകാൻ കാരണമെന്നും നസീമ കുറ്റപ്പെടുത്തുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് അയാൾ രജിസ്‌റ്റ്രേഡ് പോസ്റ്റ് ആയി തലാക്ക് ചൊല്ലിയതായുള്ള രേഖ അയച്ച് തരികയാണ് ഉണ്ടായത്. ഇതിൽ പറഞ്ഞ കാരണങ്ങളും ബാലിശമാണ്. ഒന്നിനും യാതൊരു വ്യക്തതയില്ല. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനമെന്ന് സിദ്ദിഖ് പ്രചരിപ്പിക്കുന്നതായി ചില കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് അറിയാനായി ഇതും ശുദ്ധ കളവാണെന്നും നസീമ മറുനാടൻ മലയാളിയോട് പറഞ്ഞു.

11 ഉം 7 ഉം വയസുള്ള രണ്ട് മക്കളെ ഉപേക്ഷിക്കാൻ സിദ്ദിഖിനെ പ്രേരിപ്പിച്ച ഘടകം ഈ പരസ്ത്രീ ബന്ധം തന്നെയാണെന്നും നസീമ ഉറച്ച് വിശ്വസിക്കുന്നു. രണ്ട് കുട്ടികളുടെ മാതാവും ഈയിടെ വിവാഹമോചനം നേടിയ 26 കാരിയെയാണ് സിദ്ദിഖ് ഇപ്പോൾ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതെന്നാണ് നസീമ വെളിപ്പെടുത്തുന്നു. കോൺഗ്രസ്സിലെ മറ്റു നേതാക്കളുമായും ഇവർക്ക് നല്ല ബന്ധമാണുള്ളത്. മുസ്ലിം മതാചാര പ്രകാരം ജമാഅത്ത് കമ്മറ്റികൾ അറിയാതെയുള്ള തലാക്ക് നിയമവിരുദ്ദമാണെന്നും അവർ വാദിക്കുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ തന്നെ സിദ്ദിഖിന്റെ വിവാഹം നടത്താനുള്ള ശ്രമമാണ് അയാളുടെയും യുവതിയുടെയും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്ന നീക്കമെന്നും നസീമ മറുനാടനോട് പറഞ്ഞു.

സിദ്ദിഖ് തന്നിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമം തുടങ്ങിയതോടെ ഈ വിഷയങ്ങൾ എല്ലാം മുഖ്യമന്ത്രിയേയും എ ഗ്രൂപ്പ് നേതാക്കളേയും അറിയിച്ചിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. എല്ലാം താൻ പറഞ്ഞ് ശരിയാക്കി തരാം എന്നായിരുന്നു ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ എടുത്ത നിലപാട്. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതിന് വേണ്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത്. അവർക്ക് വേണ്ടത് എല്ലാ ആരോപണങ്ങളും പ്രതിരോധിക്കാൻ ഒരാളെയാണ്. അതിന് ടി സിദ്ദിഖിനെ വേണം. ചാണ്ടി ഉമ്മൻ ഉൾപ്പെട്ട പല കേസുകളും ഒത്തുതീപ്പാക്കാൻ നേതൃത്വം കൊടുത്ത സിദ്ദിഖിനെ തള്ളിപ്പറയാൻ ഒരു കാരണവശാലും കോൺഗ്രസ്സുകാർ തയ്യാറാവില്ലെന്ന് പിന്നീടാണ് ബോധ്യമായത്. എന്തായാലും തനിക്കും മക്കൾക്കും നഷ്ടപരിഹാരം തരാതെയുള്ള ഏകപക്ഷീയമായ വിവാഹ മോചനം താൻ അംഗീകരിക്കില്ലെന്നും നസീമ വ്യക്തമാക്കുന്നു. അർഹമായ നഷ്ടപരിഹാരം നൽകാതെയുള്ള വിവാഹ മോചനത്തെ അംഗീകരിക്കാതെ നിയമ നടപടിയിലേക്ക് നീങ്ങാനാണ് നസീമ ഒരുങ്ങുന്നത്.

അതേസമയം തന്റെ സ്വകാര്യ ജീവിതതത്തിലെ ഹൃദയവേദനകൾ പൊതുചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിദ്ദിഖ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. നസീമ പറഞ്ഞ കാര്യങ്ങളിൽ ചിലത് അർദ്ധസത്യങ്ങൾ മാത്രമാണ്. എന്റെ മക്കളുടെ നിസംഗതയും പത്രത്തിൽ എഴുതുന്നതിനു അപ്പുറമാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങൾ പറഞ്ഞാൽ പറയുന്നവർക്ക് മാത്രമല്ല മറ്റുചിലർക്ക് കൂടി ഒരുപാട് പ്രയാസം വരുമെന്നും സിദ്ദിഖ് പറഞ്ഞു.

കാൻസർ ബാധിതയായ ഭാര്യയെ ടി സിദ്ദിഖ് ഉപേക്ഷിക്കുന്നു എന്ന വിധത്തിൽ പ്രചരണം ഉണ്ടായതോടെ സിദ്ദിഖിനെതിരെ സൈബർ ലോകവും രംഗത്തെത്തി. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് ടി സിദ്ദിഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP