Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം; മുബൈ ആർച്ച് ബിഷപ്പിനെ കണ്ട് പരാതി നൽകണം; പീഡനത്തിന് ഇരയായെങ്കിൽ അഡ്വക്കേറ്റിനോട് ആലോചിച്ച് കേസ് കൊടുക്കണം; അവിടെ തുടരാനാവുന്നില്ലെങ്കിൽ ഇവിടെത്തിയാൽ ഞങ്ങൾ സഹായിക്കാം; സഹായം തേടി വിളിച്ച കന്യാസ്ത്രീയോട് മാർ ആലഞ്ചേരി സംസാരിച്ചത് അനുഭാവപൂർവ്വം തന്നെ; ആലഞ്ചേരിയും പീഡനത്തിന് ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ ചാനലുകൾ മറച്ചു വച്ച പൂർണ്ണ രൂപം മറുനാടൻ പുറത്തു വിടുന്നു

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം; മുബൈ ആർച്ച് ബിഷപ്പിനെ കണ്ട് പരാതി നൽകണം; പീഡനത്തിന് ഇരയായെങ്കിൽ അഡ്വക്കേറ്റിനോട് ആലോചിച്ച് കേസ് കൊടുക്കണം; അവിടെ തുടരാനാവുന്നില്ലെങ്കിൽ ഇവിടെത്തിയാൽ ഞങ്ങൾ സഹായിക്കാം; സഹായം തേടി വിളിച്ച കന്യാസ്ത്രീയോട് മാർ ആലഞ്ചേരി സംസാരിച്ചത് അനുഭാവപൂർവ്വം തന്നെ; ആലഞ്ചേരിയും പീഡനത്തിന് ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ ചാനലുകൾ മറച്ചു വച്ച പൂർണ്ണ രൂപം മറുനാടൻ പുറത്തു വിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് പരാതിപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. പീഡനപരാതിയിൽ പൊലീസ് നടത്തിയ രണ്ടരമണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ ബിഷപ്പിനെതിരായ പരാതി അറിയില്ലെന്നും കന്യാസ്ത്രീ ഇങ്ങനെയൊരു പരാതി തന്നോട് പറഞ്ഞിട്ടില്ല എന്നുമാണ് കർദിനാൾ വ്യക്തമാക്കിയിരുന്നത്. ഈ വാദം പൊളിക്കാനും ആലഞ്ചേരി ജലന്ധർ ബിഷപ്പിനൊപ്പമാണെന്നും പ്രചരിക്കുന്ന തരത്തിലാണ് ഫോൺ സംഭാഷണം ചില മാധ്യമങ്ങൾ ചർച്ചയാക്കിയത്. കന്യാസ്ത്രീയുടെ പീഡന പരാതി ഒളിപ്പിച്ചുവച്ചുവെന്ന തരത്തിലായിരുന്നു ചർച്ച.

കർദിനാളിനെ ക്രൂരനായി ചിത്രീകരിക്കുന്ന ഇത്തരം ചർച്ചകളിൽ എറണാകുളം രൂപതയിലെ വിമതരും സജീവമായി. എന്നാൽ കർദിനാളും കന്യാസ്ത്രീയും തമ്മിലെ ഓഡിയോയുടെ പൂർണ്ണ രൂപം വ്യക്തമാക്കുന്നത് മറ്റൊരു ചിത്രമാണ്. കന്യാസ്ത്രീയുടെ പ്രശ്‌നത്തിൽ സഹാനുഭൂതിയോടെ പിതാവ് സംസാരിക്കുകയാണ് ചെയ്തത്. സ്വന്തം നിലയിൽ കേസ് കൊടുക്കാനും തെറ്റുകാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നുമുള്ള നിലപാടാണ് സംഭാഷണത്തിൽ ഉടനീളം കർദിനാൾ സ്വീകരിച്ചത്. ഈ ഭാഗങ്ങളൊന്നും ചാനലുകൾ പുറത്തു വിട്ടിട്ടില്ലെന്നതാണ് വസ്തുത.

നിങ്ങൾ ലത്തീൻ സഭയിലുള്ളവരാണ്. അതുകൊണ്ട് തന്നെ എനിക്ക് വിഷയത്തിൽ ഇടപെടാൻ പരമിതിയുണ്ടെന്നാണ് കർദിനാൾ വിശദീകരിക്കുന്നത്. ലത്തീൻ സഭയിലെ ബന്ധം ഉപേക്ഷിച്ച് വന്നാൽ സീറോ മലബാർ സഭയിലേക്ക് കന്യാസ്ത്രീകളെ ഉൾക്കൊള്ളാൻ വേണ്ട നടപടികൾ എടുക്കുമെന്നും അതിന് വേണ്ട രീതികളും കർദിനാൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്. അഡ്വക്കേറ്റുമാരോട് ആലോചിച്ച് സഹോദരനെ അറിയിച്ച് നിയമനടപടികൾ എടുക്കണമെന്നും നിർദ്ദേശിക്കുന്നു.

ഈ സംഭാഷണത്തിൽ പീഡനമെന്ന വാക്ക് പറയുന്നുണ്ടെങ്കിലും അത് ജലന്ധർ ബിഷപ്പിന്റെ കൈയിൽ നിന്നുള്ള ലൈംഗിക പീഡനമാണെന്ന് പറയുന്നതുമില്ല. സഭയിൽ നിന്ന് ഏത് തരത്തിലുള്ള പീഡനമാണ് ഉണ്ടായതെന്ന് പറയുന്നുമില്ല. ഈ ഫോൺ സംഭാഷണത്തിൽ നിന്ന് അടർത്തിയെടുത്ത ഭാഗമാണ് കർദിനാളിനെതിരെ പ്രചരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത്. മറ്റൊരു സഭയിലെ ബിഷപ്പിനെതിരെ സീറോ മലബാർ സഭയിലെ കർദിനാൾ എന്ന നിലയിൽ തനിക്ക് എടുക്കാനാവുന്ന നടപടികൾ തന്നെയാണ് ബിഷപ്പ് വിശദീകരിക്കുന്നത്. ഈ ഘട്ടത്തിൽ ഡൽഹി, മുംബൈ കർദിനാൾമാരെ കണ്ട് പരാതി പറയണമെന്ന നിലപാടാണ് ബിഷപ്പ് എടുക്കുന്നത്.

സത്യസന്ധമായാണ് ആലഞ്ചേരി കന്യാസ്ത്രീയുമായി സംസാരിക്കുന്നത്. തീർത്തും വ്യക്തിപരമായ സംഭാഷണമാണെന്നും വ്യക്തമാണ്. കന്യസ്ത്രീയോട് തീർത്തും സഹാനുഭൂതിയോടെയാണ് പിതാവ് ഇടപെടുന്നത്. സീറോ മലബാർ സഭയിലേക്ക് പീഡനം അനുഭവിക്കുന്ന എല്ലാ കന്യാസ്ത്രീകളേയും ഉൾക്കൊള്ളാൻ വേണ്ട നടപടി എടുക്കുമെന്നും പിതാവ് ഉറപ്പ് നൽകുന്നുണ്ട്. പത്ത് മിനിറ്റിലധികം നീളമുള്ള സംഭാഷണമാണ് കന്യാസ്ത്രീയുമായി ബിഷപ്പ് നടത്തിയിട്ടുള്ളത്. കന്യ്‌സ്ത്രീയ്‌ക്കെതിരെ ജലന്ധർ ബിഷപ്പുമായി ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകിയതിന് ശേഷമാണ് ഈ സംഭാഷണമെന്നും വ്യക്തമാണ്.

പഞ്ചാബ് പൊലീസ് തന്നെ വിളിച്ചെന്നും കന്യാസ്ത്രീ വിശദീകരിക്കുന്നുണ്ട്. ഇതിനൊപ്പം വിഷയത്തിൽ സിവിൽ പരാതി നൽകാനാണ് കുടുംബം ഉപദേശിക്കുന്നതെന്നും കന്യാസ്ത്രീ പറയുന്നു. ഇതും ജലന്ധർ ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് കർദിനാളിന് അറിയാമോ എന്ന സംശയം ഉയർത്തുന്നു. ബലാത്സംഗത്തിന് ക്രിമിനൽ കേസാണ് കൊടുക്കേണ്ടത്. എന്നാൽ എന്തുകൊണ്ടാണ് സിവിൽ കേസെന്ന് കന്യാസ്ത്രീ പറയുന്നതെന്നതിനും വ്യക്തയില്ല. ഇതൊന്നും മറ്റ് ചാനലുകൾ പുറത്തുവിട്ടിട്ടില്ല. മറിച്ച് കർദിനാളിനെ കുറ്റക്കാരനാണെന്ന് വരുത്തുന്ന സംഭാഷണമാണ് പുറത്തു വിട്ടത്.

നീതി കിട്ടിയില്ലെങ്കിൽ പത്രസമ്മേളനം വിളിച്ച് എല്ലാം പറയുമെന്ന് കന്യാസ്ത്രീ വ്യക്തമാക്കുന്നുണ്ട്. അതു പോലും കർദിനാൾ വേണ്ടെന്ന് പറയുന്നില്ല. മറിച്ച് പൊലീസിൽ കേസ് കൊടുക്കുമ്പോൾ അത് ഞാൻ പറഞ്ഞിട്ടാണെന്ന് ആരോടും പറയരുതെന്ന് കർദിനാൾ വിശദീകരിക്കുന്നുണ്ട്. ഇതു മൂലം പ്രശ്‌നങ്ങളുണ്ടായാൽ സീറോ മലബാർ സഭ ഏറ്റെടുക്കുമെന്ന ഉറപ്പും കൊടുക്കുന്ന സംഭാഷണമാണ് മറുനാടന് ലഭിക്കുന്നത്. കന്യാസ്ത്രീയും ആലഞ്ചേരിയും തമ്മിലെ പൂർണ്ണ സംഭാഷണം കേൾക്കുമ്പോൾ പിതാവിനെതിരെ കേസെടുപ്പിക്കാൻ ചിലർ ബോധപൂർവ്വം ഇടപെടൽ നടത്തുന്നുവെന്നും വ്യക്തമാണ്. ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ കേസ് എടുക്കാത്തിൽ പ്രതിഷേധിക്കാതെയാണ് ചിലർ കർദിനാളിനെതിരെ വ്യാജ ആരോപണവുമായി രംഗത്ത് വരുന്നത്.

കന്യാസ്ത്രീയും കർദിനാൾ ആലഞ്ചേരിയുമായുള്ള ഫോൺ സംഭാഷണം ചുവടെ

കന്യാസ്ത്രി: പിതാവെ കാര്യങ്ങൾ കൈവിടുകയാണ്. ജലന്ധറിലെ പീറ്റർ എന്ന അച്ചൻ പരാതി കൊടുത്തുവെന്ന് പറഞ്ഞ് പഞ്ചാബ് പൊലീസ് വിളിച്ചിരുന്നു. അഞ്ച് വർഷമായി കേരളത്തിലാണ് താമസമെന്നും പഞ്ചാബിൽ വന്നിട്ടില്ലെന്നും പറഞ്ഞു. അച്ചനെ ബ്ലാക് മെയിൽ ചെയ്യുന്നുവെന്നാണ് പരാതി. ഇതിനിടെ കമ്യൂണിറ്റി മദറിന്റെ റിപ്പോർട്ട് കിട്ടിയെന്നും 18ന് മീറ്റിങ്ങിന് വരണമെന്നും പറഞ്ഞ് ജലന്ധറിൽ നിന്നും കത്ത് കിട്ടി. അങ്ങനെ എല്ലാ അർത്ഥത്തിലും നീതി നിഷേധിക്കുകയാണ്.
ആലഞ്ചേരി: ഞാൻ പറഞ്ഞ പോലെ ചെയ്യണം, ഡൽഹി കർദിനാൾ ഓസ്വാർഡിനെ കാണണം. എല്ലാം പറഞണം.
കന്യാസ്ത്രീ: അപ്പോയിന്റ്‌മെന്റ് കിട്ടുന്നില്ല.
ആലഞ്ചേരി: എന്നാൽ ബോബെ ആർച്ച് ബിഷപ്പിനെ കാണണം.
കന്യാസ്ത്രീ: പിതാവ് അപ്പോയിന്റ്‌മെന്റ് എടുത്ത് തരുമോ?
ആലഞ്ചേരി: അതൊന്നും വേണ്ട, സഹോദരനുമൊത്ത് മംബൈ ആർച്ച് ബിഷപ്പ് ആസ്ഥാനത്ത് പോകണം. അതിന് ശേഷം ആർച്ച ്ബിഷപ്പിനെ കണ്ട് പരാതി കൊടുക്കണം, പോകുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്
കന്യാസ്ത്രി: കുടുംബത്തിലുള്ളവർ പത്രസമ്മേളനം നടത്താനാണ് പറയുന്നത്. സിവിൽ കേസ് കൊടുക്കാനും പറയുന്നു. ഒരിടത്തു നിന്നും നീതി കിട്ടുന്നില്ല.
ആലഞ്ചേരി: എനിക്ക് നിങ്ങളുടേ മേൽ ഒരു നിയന്ത്രണവുമില്ല. നിങ്ങൾ വേറെ സഭയാ
കന്യാസ്ത്രീ: എങ്കിലും ഞങ്ങൾ സീറോ മലബാർ സഭക്കാർ തന്നെയല്ലേ
ആലഞ്ചേരി: എന്നാൽ നിങ്ങൾ തിരിച്ചു വാ.. ഞാൻ തിരിച്ചെടുക്കാം.. തൽകാലം നിങ്ങളുടെ വീടുകളിൽ തിരകെ പോവുക...അതിന് ശേഷം പരാതിയുമായി എന്റെ അടുത്ത് വരിക. അപ്പോൾ ആ പരാതിയിൽ ഞാൻ നടപടിയെടുക്കാം..
കന്യാസ്ത്രീ: അങ്ങനെ വന്നാൽ ഞങ്ങളെ കൈവിടുമോ? പരിഹാരം തരണം
ആലഞ്ചേരി: നിങ്ങൾ തിരിച്ചു വരുമ്പോൾ ഇവിടെ ഒരു സമിതിയുണ്ട്. അവരുടെ മുന്നിൽ ഈ വിഷയം വയ്ക്കും. അവരോട് തിരിച്ചെടുക്കാൻ ആവശ്യപ്പെടാം. അങ്ങനെ സഭയുടെ ഭാഗമാക്കാം. ഇതൊക്കെ ചെയ്യുന്നത് ഞാൻ പറഞ്ഞിട്ടാണെന്ന് ആരോടും പറയരുത്. നിങ്ങൾ സ്വമേധയാ ചെയ്യുന്നത് പോലെയാകണം. തൽകാലം ഉടപ്പ് ഇട്ട് തന്നെ വീടുകളിലേക്ക് മടങ്ങുക. അതിന് ശേഷം എന്റെ അടുത്ത് വരിക. ഡൽഹി കർദിനാൾ അപ്പോയിന്റ്‌മെന്റ് തരാതിരുന്നാൽ ഞാൻ എന്ത് ചെയ്യാനാണ്.
കന്യാസ്ത്രീ: പീഡനത്തിന് ഇരയാകുന്ന നിരവധി കന്യാസ്ത്രീകളുണ്ട്
ആലഞ്ചേരി: എത്രപേരുണ്ട്?
കന്യാസ്ത്രീ: 25 പേർ, പഞ്ചാബികളും ഇതിലുണ്ട്
ആലഞ്ചേരി: പഞ്ചാബികളെ കൊണ്ടു വരരുത്. അത് വേറെ രീതിയിലാകും. മലയാളികൾ എല്ലാവരും കൂടെ സംഘടിക്കുക. അതിന് ശേഷം ഉടപ്പിട്ട് വീട്ടിലേക്ക് മടങ്ങുക. എന്നിട്ട് വന്നാൽ മതി.
കന്യാസ്ത്രീ: വീട്ടുകാർ പറയുന്നത് സിവിൽ കേസ് കൊടുക്കാനാണ്?
ആലഞ്ചേരി: അഡ്വക്കേറ്റുമായി ആലോചിച്ച് കേസ് കൊടുക്കണം. തെളിവുണ്ടെങ്കിൽ അവിടെ പറയണം. തെറ്റ് ചെയതവർ പഠിക്കട്ടേ... എവിടെയാ കേസ് കൊടുക്കുക?
കന്യാസ്ത്രീ: നാട്ടിലെ പൊലീസ് സ്‌റ്റേഷനിൽ
ആലഞ്ചേരി: അഡ്വക്കേറ്റ്‌സുമായി ആലോചിച്ച് ചെയ്യണം. സഹോദരോടും ആലോചിക്കണം.
കന്യാസ്ത്രീ: ഉടപ്പിട്ടിട്ട് തന്നെ കേസ് കൊടുത്തുകൂടേ
ആലഞ്ചേരി: അഡ്വക്കേറ്റ്‌സിനോട് ആലോചിക്കുക. എന്നോട് പൊലീസിനോട് ചോദിച്ചാൽ എനിക്ക് അറിയില്ലെന്ന് പറയും.
കന്യാസ്ത്രീ: ഞാൻ തന്നെ പരാതി അവിടെ ഇല്ലേ
ആലഞ്ചേരി: അത് ഇവിടെ ഉണ്ട്. നിങ്ങൾ എന്ത് ചെയ്താലും നിങ്ങൾ സ്വയം ചെയ്യുന്നതായി വരണം. ഞാൻ പറഞ്ഞിട്ടാണെന്ന് വരരുത്.

കർദിനാളിന്റെ ഫോൺ സംഭാഷണം പ്രചരിപ്പിക്കുന്നതു തെറ്റിദ്ധരിപ്പിക്കാൻ: സീറോ മലബാർ സഭ

ജലന്ധർ ബിഷപ്പുമായി ബന്ധപ്പെട്ടുയർന്ന പീഡന ആരോപണത്തെക്കുറിച്ചു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നേരത്തെ അറിവുണ്ടായിരുന്നെന്ന തരത്തിൽ ഒരു ഫോൺ സംഭാഷണം ചിലർ പ്രചരിപ്പിക്കുന്നതു തെറ്റിദ്ധാരണജനകമെന്നു സഭാ കാര്യാലയം. പ്രചരിപ്പിക്കപ്പെടുന്ന ഫോൺ സംഭാഷണത്തെക്കുറിച്ചു നേരത്തെതന്നെ പൊലീസിനോടു വിശദീകരിച്ചിരുന്നു.

സന്യാസിനി സമൂഹത്തിൽ തനിക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണു കന്യാസ്ത്രീ ഫോൺ സംഭാഷണത്തിലൂടെ കർദിനാളിനെ അറിയിച്ചത്. സന്യാസിനി സമൂഹത്തിന്റെ കാര്യത്തിൽ തനിക്കു അധികാരമില്ലെന്നതിനാൽ വിഷയം അപ്പസ്തോലിക് നുൺഷ്യോയുടെയോ സിസിബിഐ പ്രസിഡന്റിന്റെയോ ശ്രദ്ധയിൽപ്പെടുത്താൻ ഉപദേശിക്കുകയാണു കർദിനാൾ ചെയ്തത്. തനിക്കു ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നു കന്യാസ്ത്രീ സംഭാഷണത്തിലെവിടെയും പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും പത്രക്കുറിപ്പിലൂടെയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലനീയമാണെന്നും സഭാ കാര്യാലയം പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP