Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ നയം ക്ഷേത്രങ്ങളുടെ ഭരണം പരിവാറിന് നഷ്ടമാക്കുമോ? എല്ലാ അമ്പലങ്ങളുടേയും ഭരണം ദേവസം ബോർഡിലൂടെ പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിൽ നീക്കം; എതിർപ്പുകളും സജീവം

മോദിയുടെ നയം ക്ഷേത്രങ്ങളുടെ ഭരണം പരിവാറിന് നഷ്ടമാക്കുമോ? എല്ലാ അമ്പലങ്ങളുടേയും ഭരണം ദേവസം ബോർഡിലൂടെ പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിൽ നീക്കം; എതിർപ്പുകളും സജീവം

കൊച്ചി: കുടുംബക്ഷേത്രങ്ങളൊഴികെ കേരളത്തിലെ പ്രധാനക്ഷേത്രങ്ങളെല്ലാം ഏറ്റെടുക്കാൻ കോപ്പുകൂട്ടുകയാണ് സംസ്ഥാന സർക്കാറിനു കീഴിലുള്ള ദേവസ്വം ബോർഡുകൾ. ക്ഷേത്രസ്വത്ത് പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന മോദിയുടെ കേന്ദ്രസർക്കാർ തീരുമാനത്തെ പിൻപറ്റി കേരളത്തിൽ വരുമാനമുള്ള ക്ഷേത്രങ്ങൾ മുഴുവൻ ഏറ്റെടുത്ത് ദേവസ്വം ബോർഡുകൾ വിപുലീകരിക്കണമെന്ന ആവശ്യവുമായി അംഗങ്ങൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.

എന്നാൽ മോദി സർക്കാരിന്റെ നയമനുസരിച്ച് തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെ പൈതൃകസ്വത്ത് ഒരു കാരണവശാലും പൊതുആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടും ബോർഡ് അംഗങ്ങൾക്കുണ്ട്. നിലവിൽ മൂന്നു ദേവസ്വം ബോർഡുകൾക്കു കീഴിലായി രണ്ടായിരത്തിൽ പരം ക്ഷേത്രങ്ങളാണുള്ളത്. സിപിഐ(എം) ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ചാകും കൂടുതൽ ക്ഷേത്രം ഏറ്റെടുക്കുന്നതിൽ സർക്കാർ അന്തിമ നയരൂപീകരണം നടത്തുക. മോദി സർക്കാരിന്റെ തീരുമാനത്തിന്റെ ചുവട് പറ്റിയായതിനാൽ ബിജെപിയും എതിർക്കില്ലെന്നാണ് കണക്ക് കൂട്ടൽ.

ദേവസം ബോർഡുകൾ ഭരണം നടത്തുന്ന ക്ഷേത്രങ്ങളിൽ നിന്ന് മാസം 50000 രൂപ മുതൽ കോടികൾ വരെ വരുമാനം ലഭിക്കുന്നവയുമുണ്ട്. കാണിക്കയായി ലഭിക്കുന്ന പണം വേറെയും. ഇവ കൂടാതെ ചെറുതും വലുതുമായ 1500 ഓളം അമ്പലങ്ങളെ കൂടി ദേവസ്വം ബോർഡുകൾക്കു കീഴിൽ ലയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. പൊതു ഭണ്ഡാരങ്ങളുള്ള ക്ഷേത്രങ്ങൾ വരുമാനത്തിന്റേതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം ബോർഡിന്റെ തീരുമാനപ്രകാരം ഏറ്റെടുക്കാമെന്നതാണ് നിയമം. ഈ നിയമപ്രകാരം ഏറ്റെടുക്കേണ്ട ക്ഷേത്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ദേവസ്വം ബോർഡുകൾ. ഇതിൽ കൃത്യമായ രാഷ്ട്രീയം നടപ്പാക്കാനും അവർ ശ്രമിക്കുന്നുണ്ട്.

എന്നാൽ ഏറ്റെടുക്കലുകൾക്കെതിരെ പ്രതിഷേധമുയർത്തുന്നവരും ദേവസം ബോർഡിന്റെ ഭാഗമായി ഉണ്ട്. 200 കോടിയോളം രൂപയാണ് ശമ്പളത്തിനായി തിരുവിതാംകൂർ ദേവസം ബോർഡ് ചെലവാക്കുന്നത്. കൂടുതൽ ക്ഷേത്രങ്ങളെത്തിയാൽ ബാധ്യത ഇതിലും കൂടും. അങ്ങനെ വരുമ്പോൾ ബോർഡ് പ്രതിസന്ധിയിലുമാകും. അല്ലാത്ത പക്ഷം അറ്റുകാൽ, കരിക്കകം പോലുള്ള വലിയ ക്ഷേത്രങ്ങളും ഏറ്റെടുക്കാൻ അനുവദിക്കണം. കോടികളുടെ വരുമാനവും ശതകോടികളുടെ ആസ്തിയുമുള്ള ഇത്തരം ക്ഷേത്രങ്ങളെ ഏറ്റെടുക്കാൻ കഴിയുകയുമില്ല. വരുമാനമില്ലാത്ത അമ്പലങ്ങൾ മാത്രം ദേവസം ബോർഡിലേക്ക് എത്തുന്നത് ഒട്ടും ഗുണകരമാകില്ലെന്ന് തിരുവിതാംകൂർ ദേവസം ബോർഡിലെ ഒരു ഉന്നതൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഏറ്റെടുക്കാനിക്കുന്ന ക്ഷേത്രങ്ങൾ ബഹുഭൂരിപക്ഷവും ഹൈന്ദവസംഘടനകൾ ഭരണം കയ്യാളുന്നവയാണ്. മലബാർ ദേവസ്വം ബോർഡിന്റെ മാത്രം കീഴിൽ ചുരുങ്ങിയത് 250 അമ്പലങ്ങൾ ഈ കണക്കിലുണ്ട്. ഇവയുടെയൊക്കെ ഓഡിറ്റിങ്ങും മറ്റിനത്തിൽപ്പെടുന്ന കണക്കുകളും കൃത്യമല്ലെന്ന വാദമാണ് ദേവസ്വം ബോഡുകൾ ഉയർത്തുന്നത്. ക്ഷേത്രങ്ങളുടെയെല്ലാം നടത്തിപ്പ്്് സംബന്ധിച്ച് നിരവധി പരാതികളും ദേവസ്വം ബോർഡുകളിൽ ലഭിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുകയെന്നാണ് ദേവസ്വം ബോർഡ് വൃത്തങ്ങൾ നല്കുന്ന സൂചന. എന്നാൽ കടുത്ത എതിർ്പ്പ് മറികടന്നു വേണം തീരുമാനം നടപ്പാക്കാനെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഹൈന്ദവ സംഘടനകൾ കടുത്ത പ്രതിരോധം തീർത്താൽ ഏറ്റെടുക്കൽ ദൂഷ്‌കരമാകുമെന്നാണ് പറയപ്പെടുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ ഏറ്റെടുത്താൽ നിലവിൽ അവിടങ്ങളിലെ കമ്മറ്റികൾ അസാധുവാകും.പിന്നെ കണക്കുകളെല്ലാം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും. ഉൽസവങ്ങൾ നടത്താൻ വേണ്ടി മാത്രമായിരിക്കും പിന്നീട് കമ്മറ്റികൾ. അതും കൃത്യമായി ഒരു വർഷത്തേക്ക് രജിസ്റ്റർ ചെയ്തവയായിരിക്കും. കമ്മറ്റിയുടെ കണക്കുകൾ ഉൾപ്പെടെ ദേവസ്വത്തിന്റെ അനുമതിയോടെ മാത്രമേ അവതരിപ്പിക്കാനാകൂ എന്ന പ്രത്യേകതയുമുണ്ട്. അതോടെ, ഹൈന്ദവ സംഘടനകൾക്ക് പൂർണ്ണമായി ആ ക്ഷേത്രങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടാകും. കോൺഗ്രസ്സ്, ഇടത് അനുകൂലികളായ ദേവസ്വം ബോർഡ് ഭാരവാഹികളാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

പ്രത്യേക സർക്കാർ ഉത്തരവ് ഇതിനായി മാത്രം ഇറക്കാനാണ് ബോർഡുകളുടെ തീരുമാനം. കേന്ദ്രസർക്കാരും തീരുമാനത്തെ എതിർക്കില്ലെന്നാണ് അവർ കണക്കുകൂട്ടുന്നത്. ക്ഷേത്രസ്വത്ത് പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്ന നിലപാടിൽ വരെ എത്തിയ ബി ജെപി സർക്കാർ പുരോഗമനപരമായ ഈ നീക്കത്തേയും പരസ്യമായി എതിർക്കാനിടയില്ലെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കേന്ദ്രം അനുകൂല നിലപാടെടുത്തില്ലെങ്കിൽ കേരളത്തിലെ മിക്ക ഹൈന്ദവ സംഘടനകളും നരേന്ദ്ര മോദി സർക്കാരിന് എതിരായിത്തീരും. ഇതും രാഷ്ട്രീയപരമായ പുതിയ നീക്കത്തിന് കളമൊരുക്കുമെന്നു തന്നെയാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP