Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇൻഫാമിലൂടെയും പീപ്പിളിലൂടേയും കാഞ്ഞിരപ്പള്ളി മെത്രാൻ നടത്തിയ നീക്കം വിജയിച്ചില്ല; ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതീക്ഷിച്ച ഗുണം ഉണ്ടാക്കിയില്ല; കേരളാ കോൺഗ്രസിലെ അതൃപ്തരെ കൂട്ടുപിടിച്ച് കുടുംബ ശ്രീ മോഡലിൽ പുതിയ സംഘടനയുണ്ടാക്കി പാലാ മെത്രാൻ; കുടുംബശ്രീ തുടങ്ങിയ ഐഎഎസുകാരനെ മുമ്പിൽ നിർത്തി സഭ നടത്തുന്ന പുതിയ നീക്കവും ചർച്ചയാകുന്നു

ഇൻഫാമിലൂടെയും പീപ്പിളിലൂടേയും കാഞ്ഞിരപ്പള്ളി മെത്രാൻ നടത്തിയ നീക്കം വിജയിച്ചില്ല; ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതീക്ഷിച്ച ഗുണം ഉണ്ടാക്കിയില്ല; കേരളാ കോൺഗ്രസിലെ അതൃപ്തരെ കൂട്ടുപിടിച്ച് കുടുംബ ശ്രീ മോഡലിൽ പുതിയ സംഘടനയുണ്ടാക്കി പാലാ മെത്രാൻ; കുടുംബശ്രീ തുടങ്ങിയ ഐഎഎസുകാരനെ മുമ്പിൽ നിർത്തി സഭ നടത്തുന്ന പുതിയ നീക്കവും ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിലെ സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര സഭകളിലെ 30 രൂപതകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് രാഷ്ട്രീയ ശക്തിയാകാനായിരുന്നു കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറയ്ക്കൽ ഇൻഫാമും പീപ്പിളുമൊക്കെ തുടങ്ങിയത്. കർഷക കൂട്ടായ്മയിലൂടെ അധികാര കേന്ദ്രങ്ങളായിരുന്നു ഇൻഫാമിന്റെ ലക്ഷ്യം. എന്നാൽ അത് ഒരിടത്തും എത്തിയില്ല. ഇതോടെ പീപ്പിളുമായെത്തി. നിയസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ സ്വാധീനിച്ച് നിയമസഭാ അംഗങ്ങളെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതും നടക്കാതെ പോയി. ഇതെല്ലാം മനസ്സിലാക്കി പാലാ മെത്രാൻ പുതിയ കരുനീക്കത്തിലാണ്. തിങ്ക് ടാങ്കിലൂടെ മധ്യകേരളത്തിലെ രാഷ്ട്രീയ സ്വാധീന ശക്തിയാകാനാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ ശ്രമം. 

ഇൻഫാമിലൂടെയും കാഞ്ഞിരപ്പള്ളി മെത്രാന്റെ പിപ്പിളിലൂടെയും പിപ്പിളിനു പകരമായ കാഞ്ഞിരപ്പള്ളി മെത്രാന്റെ തന്നെ സംവിധാനമായ ജനാധിപത്യ കേരള കോൺഗ്രസ്സിലൂടെയും കേരള രാഷ്ട്രീയത്തിൽ പിടിച്ചു കയറാൻ നടത്തിയ ശ്രമങ്ങൾ ദനീയമായിപ്പോയിയെന്ന് കാത്തോലിക്കാ സഭയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് രാഷ്ട്രീയം നിയന്ത്രിക്കാനുള്ള മെത്രാന്മാരുടെ പുതിയ നീക്കം ഇത്തവണ പാലാ കേന്ദ്രീകരിച്ചാകുന്നതും. ജോസ് കെ മാണിയെ കേരള കോൺഗ്രസ്സ് വൈസ് ചാൻസലറലാക്കിയതിലൂടെ പാർട്ടിക്കുള്ളിൽ കെഎം മാണിക്ക് എതിരഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത് അനുകൂലമാക്കാനാണ് പാലാ മെത്രാൻ രാഷ്ട്രീയ ഇടപടെലുകൾക്ക് കുടുംബശ്രീ-അയൽക്കൂട്ട ശൈലിയിൽ സംഘടനയുമായെത്തുന്നത്. പാലാ മെത്രാനായി പതിറ്റാണ്ടുകളായി അധികാരത്തിൽ തുടരുന്ന ഒരു വൈദിക ഗ്രൂപ്പാണ് ഈ നീക്കത്തിനു പിന്നിൽ.

കർഷക ജനങ്ങളെന്ന പേരിൽ കർഷക കൂട്ടായ്മയുണ്ടാക്കും. അതിലൂടെ ഓരോ പള്ളി വാർഡിലും ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും അതിനെ ഏകോപിപ്പിച്ച് ബദൽ രാഷ്ട്രീയ ശക്തിയായി മാറുകയുമാണ് ലക്ഷ്യം. കർഷക ബാങ്കിന്റെ കീഴിൽ കർഷക കൂട്ടായ്മകൾ രൂപീകരിച്ചു കഴിഞ്ഞു. തിങ്ക് ടാങ്ക് എന്ന പേരിൽ ആലോചന യോഗം ചേർന്ന് ഇതിന് അന്തിമ രൂപം നൽകും. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ടി കെ ജോസ്, എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസലർമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ, ഉന്നത റിട്ടയേർഡ് ഉദ്യോഗസ്ഥന്മാർ, കോളേജ് അദ്ധ്യാപകർ എന്നിവരൊക്കെ പാലാ മെത്രാന് പിന്തുണയുമായി ഒത്തുചേരുന്നുണ്ട്. കുടുംബ ശ്രീയുടെ തുടക്കത്തിലെ അമരക്കാരനായ ടി കെ ജോസിനെ മുന്നിൽ നിർത്തി ആൾക്കൂട്ടത്തെ സംഘടിപ്പിക്കാനാണ് തിങ്ക് ടാങ്കിന്റെ ശ്രമം.

സിപിഎമ്മിനെ അണികളോട് അടുപ്പിച്ചത് ജനകീയാസൂത്രണമായിരുന്നു. സർക്കാരിന്റെ പദ്ധതിയാണെങ്കിലും ഇടതു പക്ഷത്തിനാണ് ഇത് മുതൽക്കൂട്ടായത്. ഇതേ മാതൃകയിൽ കോൺഗ്രസ് ജനശ്രീയും തുടങ്ങി. വെള്ളാപ്പള്ളി നടേശന്റെ എസ് എൻ ഡി പിയെ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് എത്തിച്ചതും ജനകീയാസൂത്രണ മാതൃകയിലുള്ള മൈക്രോ ഫിനാൻസിന്റെ ശക്തിയായിരുന്നു. ബിജെപിയുമായി ചേർന്ന് മത്സരിച്ചിട്ട് പോലും ബിഡിജെഎസിന് സാമാന്യം നല്ല വോട്ട് കിട്ടി. ഇത് മനസ്സിലാക്കി പുതു വഴിയിൽ നീങ്ങുകയാണ് പാലാ മെത്രാൻ. രാഷ്ട്രീയ ഇടപെടലുകൾക്ക് തിങ്ക് ടാങ്ക് അവതരിപ്പിക്കുകയാണ് മെത്രാൻ. കുടുംബശ്രീയ്ക്ക് ചുക്കാൻ പിടിച്ചത് ഇപ്പോൾ തദ്ദേശ വകുപ്പ് സെക്രട്ടറി കൂടിയായ ടിജെ ജോസാണ്. ജോസിനെ തന്നെ രംഗത്തിറക്കി പുതിയ സംവിധാനത്തിന് കരുത്ത് പകരാനാണ് മെത്രാന്റെ നീക്കം.

കേരളാ കോൺഗ്രസുമായിട്ടായിരുന്നു തുടക്കത്തിൽ കാഞ്ഞിരപ്പള്ളി മെത്രാനും അടുപ്പം. എന്നാൽ കെ എം മാണിയോട് നീരസം തുടങ്ങിയതോടെ രാഷ്ട്രീയത്തിൽ ഇടപെടാൻ പുതിയ നീക്കം സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് മുന്നണിയുമായി ബിഷപ്പ് അകന്നിരുന്നു. ഇടതുപക്ഷത്തോട് അടുക്കുകയായിരുന്നു ലക്ഷ്യം. വിശ്വസ്തനായ ഫ്രാൻസിസ് ജോർജിനെ മുന്നിൽ നിർത്തി കരുക്കൾ നീക്കി. മാണി പക്ഷത്ത് തന്നെ ഫ്രാൻസിസ് ജോർജിനെ അടർത്തിയെടുത്തതും ഇടതുപക്ഷത്ത് എത്തിച്ചതും ബിഷപ്പിന്റെ നീക്കങ്ങളുടെ ഫലമാണെന്ന് വിലയിരുത്തലെത്തി. പിണറായി വിജയനുമായി ചർച്ച ചെയ്ത് പൂഞ്ഞാറിലടക്കം ജനാധിപത്യ കേരളാ കോൺഗ്രസുകാരെ സ്ഥാനാർത്ഥികളാക്കി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വിലയ രാഷ്ട്രീയ പരാജയുമായി ഇത് മാറി.

ഇൻഫാമിലൂടെ കർഷകരേയും പീപ്പിളിലൂടെ കുറച്ച് അധികാര മോഹികളായ പൊതു പ്രവർത്തകരും മാത്രമാണ് തന്നോട് അടുത്തതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് തിരിച്ചറിഞ്ഞു. ജനാധിപത്യ കേരളാ കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തത് ഇതു കൊണ്ടാണെന്നും മനസ്സിലാക്കി. ഇത് സഭയിലാകെ ചർച്ചയാവുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് രാഷ്ട്രീയ ഇടപെടലിന് ഇറങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി മെത്രാന് സംഭവച്ചത് പരിഹരിക്കാൻ പാലാ ബിഷപ്പ് ബോധപൂർവ്വം ശ്രമിക്കുന്നത്. മൈക്രോ ഫിനാൻസ് ഇടപെടലുകളിലൂടെ ജനകീയാസൂത്രണ മാതൃക നടപ്പിലാക്കിയാൽ കൂടുതൽ ആളുകൾ അടുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയ ഇടപെടലുകൾ ശക്തമാക്കാൻ ഇതിലൂടെ കഴിയും. കേരള കോൺഗ്രസ്സിനു ബദലായി മധ്യകേരളത്തിൽ സ്വാധീനമുള്ള പ്രസ്ഥാനമാണ് പാലാ മെത്രാന്റെ മനസ്സിലുള്ള ആഗ്രഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ചുമതലയുള്ള അൽമായ കമ്മിഷൻ ചെയർമാനായ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കലിനെയാണ് രാഷ്ട്രീയ ഇടപെടലിന് കത്തോലിക്കാ സഭ നിയോഗിച്ചത്. ഈ പരീക്ഷണം പരാജയമായി. സഭാ വിശ്വാസികൾ മന്ത്രിമാർ പോലും ആകാത്ത സ്ഥിതി വന്നു. ജനാധിപത്യ കേരളാ കോൺഗ്രസിന് കീഴിൽ മത്സരിച്ച എല്ലാവരും തോറ്റു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഇടപെടലിനുള്ള നേതൃത്വം പാലാ മെത്രാന് നൽകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുകയാണ് പ്രധാന ലക്ഷ്യം. അതിന് ശേഷം മധ്യകേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തമായി പോലും ജയിക്കാനാകുന്ന കൂട്ടായ്മയായി വളർത്തുകയാണ് ഉദ്ദേശം. ഇതിലൂടെ നിയസഭയിൽ സഭാ പ്രാതിനിധ്യം കൂട്ടുകയാണ് ആഗ്രഹം.

കാഞ്ഞിരപ്പള്ളി മെത്രാന്റെ വലംകൈയായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വി സി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പീപ്പിൾ എന്ന പേരിൽ കർഷക സംഘടനകളുടെ ഒരു കൂട്ടായ്മ എന്ന നിലയിൽ ഒരു സംഘടന ഉണ്ടാക്കിയത്. മെത്രാന്റെ നേതൃത്വത്തിലുള്ളവർ പലതവണ യോഗം ചേർന്ന് 23 മണ്ഡലങ്ങളിൽ സഭ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് സീറ്റ് ചോദിക്കാനും തീരുമാനിച്ചു. എന്നാൽ ഇടതുപക്ഷം അഞ്ചെണ്ണം മാത്രമാണ് നൽകിയത്. 23 സീറ്റുകൾ ചോദിച്ച ശേഷം എട്ടോ പത്തോ സീറ്റുകളെങ്കിലും ഉറപ്പിക്കുകയായിരുന്നു സഭയുടെ ലക്ഷ്യം. 23 സീറ്റുകളിലും സഭയുടെ സ്വാധീനം ഇടതിന് അനുകൂലമായി ഉപയോഗിക്കും എന്ന് ഇവർ സിപിഐ(എം) നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ രഹസ്യമായി കാഞ്ഞിരപ്പള്ളി അരമനയിൽ എത്തി പലതവണ മെത്രാനുമായി ചർച്ച നടത്തി. എന്നിട്ടും ഒരാൾ പോലും വിജയിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP