Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റ് ചോർച്ചയിൽ തോമസ് ഐസക് കടുത്ത ദേഷ്യത്തിൽ; മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ; കടുത്ത നടപടികൾ വേണ്ടെന്ന നിലപാടിൽ പിണറായി; ഇനി നിർണ്ണായകം സിപിഐ(എം) സെക്രട്ടറിയേറ്റ്; ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തീരും മുമ്പേ പ്രതിപക്ഷ നേതാവ് ബജറ്റ് അവതരിപ്പിച്ചത് സർക്കാരിന് നാണക്കേടായി

ബജറ്റ് ചോർച്ചയിൽ തോമസ് ഐസക് കടുത്ത ദേഷ്യത്തിൽ; മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ; കടുത്ത നടപടികൾ വേണ്ടെന്ന നിലപാടിൽ പിണറായി; ഇനി നിർണ്ണായകം സിപിഐ(എം) സെക്രട്ടറിയേറ്റ്; ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തീരും മുമ്പേ പ്രതിപക്ഷ നേതാവ് ബജറ്റ് അവതരിപ്പിച്ചത് സർക്കാരിന് നാണക്കേടായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖകളൊന്നും ചോർന്നില്ല. എന്നാലും കുറിപ്പ് നേരത്തെ സോഷ്യൽ മീഡിയയിൽ എത്തിയത് ധനമന്ത്രിയുടെ വീഴ്ചയാണ്. തന്നെ ബോധംപൂർവ്വം അപമാനിക്കാൻ ശ്രമം നടത്തിയതായി തോമസ് ഐസക് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ധനമന്ത്രിസ്ഥാനം രാജിവയ്ക്കാനും തോമസ് ഐസക് തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ധനമന്ത്രി അറിയിച്ചതായാണ് സൂചന. എന്നാൽ രാജി വേണ്ടെന്നാണ് പിണറായി വിജയൻ ഉപദേശിച്ചത്. അത്ര ഗുരുതരമായ സ്ഥിതി വിശേഷമൊന്നും ഉണ്ടായിട്ടില്ല. തെറ്റ് ചെയ്തവർക്ക് എതിരെ നടപടി എടുത്താൽ മതിയെന്നാണ് പിണറായിയുടെ നിലപാട്. ഇത് ധനമന്ത്രി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇനി നടക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റാകും നിർണ്ണായകമാവുക.

രാജി സന്നദ്ധത സിപിഐ(എം) സെക്രട്ടറിയേറ്റിനേയും ധനമന്ത്രി അറിയിക്കുമെന്നാണ് സൂചന. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ ബജറ്റ് ചോർച്ചയിൽ ചർച്ചയുണ്ടാവുകയും കുറ്റമെല്ലാം ധനവകുപ്പിന്റെ തലയിലേക്ക് വരികയും ചെയ്താൽ ധനമന്ത്രി സ്ഥാനം തോമസ് ഐസക് രാജിവയ്ക്കുമെന്നാണ് സൂചന. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ബജറ്റ് വിവരങ്ങൾ ചോർന്നതിന് ഉത്തരവാദിത്തം ധനമന്ത്രിക്കാണ്. ഇതിൽ നിന്ന് താൻ ഒളിച്ചോടില്ല. ഈ പിഴവ് ആരു വരുത്തിയാലും തന്റെ ഭാഗത്ത് നിന്ന് ഒഴിഞ്ഞു മാറൽ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പാർട്ടിക്ക് വേണ്ടി രാജിക്ക് തയ്യാറാണെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. ഈ വിഷയത്തിൽ സിപിഐ(എം) യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാകും നിർണ്ണായകം. സഭയ്ക്കുള്ളിലെ ചർച്ചയിൽ തോമസ് ഐസക്കിനെ സാന്ത്വനിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതു തുടർന്നാൽ രാജിയുണ്ടാകില്ല.

ബജറ്റ് ചോർച്ച സർക്കാരിന് തിരിച്ചടിയായെന്ന വാദം ധനമന്ത്രി അംഗീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിക്ക് തയ്യാറായത്. കുറച്ചുകാലമായി മുഖ്യമന്ത്രിയുമായി അകലം പാലിച്ചാണ് തോമസ് ഐസക് പ്രവർത്തിച്ചിരുന്നത് സിപിഎമ്മിലെ വിഭാഗീയതയായിരുന്നു ഇതിന് കാരണം. കോടിയേരി-പിണറായി ഗ്രൂപ്പുകൾക്കിടയിൽ സമാന്തര ഗ്രൂപ്പിന് തോമസ് ഐസക് ശ്രമിക്കുന്നതായും വിമർശനങ്ങൾ ഉയർന്നു. ആലപ്പുഴയിൽ പ്രതിഭാ ഹരി എംഎൽഎയ്‌ക്കെതിരായ ജി സൂധാകരന്റെ നീക്കങ്ങളെ തോമസ് ഐസക് പ്രതിരോധിച്ചതും പാർട്ടിലെ സമവാക്യങ്ങളെ സ്വാധീനിച്ചിരുന്നു. ഇതോടെ പാർട്ടിയിൽ തോമസ് ഐസക്കിന്റെ സ്വാധീനത്തിൽ കുറവു വന്നു. ഇതിനിടെയാണ് ബജറ്റ് ചോർച്ച പോലൊരു വിവാദത്തിൽ ധനമന്ത്രി പെടുന്നത്.

പാർട്ടിക്കുള്ളിൽ ഈ വിഷയത്തിൽ താൻ ഒറ്റപ്പെടുമോ എന്ന ഭയം തോമസ് ഐസക്കിനുണ്ട്. അതുകൊണ്ട് കൂടിയാണ് രാജിക്ക് മുൻകൂട്ടി സന്നദ്ധത അറിയിക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ നല്ല വശങ്ങൾ പോലും ഇതു മൂലം ചർച്ചയാകാതെ പോയി. ബജറ്റ് അവതരണം ചോർന്നുവെന്ന് ആരോപിച്ച് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭയിലെ മീഡിയാ റൂമിൽ ബദൽ ബജറ്റ് അവതരിപ്പിച്ചത് സമാനതകൾ ഇല്ലാത്ത സംഭവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മറ്റ് എംഎ‍ൽഎമാരോടൊപ്പം എത്തി ബജറ്റ് അവതരണം സഭയിൽ നടന്നുകൊണ്ടിരിക്കെ തന്നെ സമാന്തര ബജറ്റ് അവതരിപ്പിച്ചത്. ഇതെല്ലാം സാമ്പത്തക വിദഗ്ധനെന്ന് അറിയപ്പെടുന്ന ധനമന്ത്രിക്ക് തീരാ കളങ്കമായി. ഇതിന് ഗൗരവത്തോടെയാണ് തോമസ് ഐസക്ക് കാണുന്നതും.

രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി ഒന്നരമണിക്കൂർ ആയപ്പോഴാണ് ബജറ്റിന്റെ വിവരങ്ങൾ ചോർന്നതെന്ന് പ്രതിപക്ഷനേതാവ് നിയമസഭയെ അറിയിച്ചത്. ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് ചോർന്നതെന്നും സഭയിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു. തുടർന്ന് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ എംഎ‍ൽഎമാർ മീഡിയാ റൂമിലെത്തി ബദൽ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. ബജറ്റിന്റെ വിവരങ്ങൾ ചോർന്ന സാഹചര്യത്തിൽ ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ആരോപണും ലക്ഷ്യമിടുന്നത് തോമസ് ഐസക്കിനെ മാത്രമാണ്.

സാധാരണ ധനമന്ത്രി ബജറ്റ് അവതരണം പൂർത്തിയാക്കി സ്പീക്കറുടെ നിർദ്ദേശം വന്ന ശേഷം മാത്രമാണ് വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ഔദ്യോഗികമായി കൈമാറിയിരുന്നത്. എന്നാൽ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പരിശോധിക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ബജറ്റ് അവതരണത്തിന് ശേഷം വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയും ചെയ്യും. ഈ സമയം രാജിവയ്ക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സിപിഎമ്മിലെ ചിലർക്കും കടുത്ത നാണക്കേടാണ് ധനവകുപ്പിൽ നിന്ന് ഉണ്ടായതെന്ന അഭിപ്രായമുണ്ട്. ഇതു കൂടി തിരിച്ചറിഞ്ഞാണ് തോമസ് ഐസക് രാജിക്ക് സന്നദ്ധത അറിയിച്ചത്.

അധികാരത്തിൽ കടിച്ചു തൂങ്ങുന്ന നേതാവല്ല താനെന്നും പാർട്ടിയിലെ ചിലരോട് തോമസ് ഐസക് സൂചന നൽകിയതാണ് മറുനാടന് വിവരം ലഭിച്ചു. ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. റവന്യൂ വരുമാനം, ധനചെലവ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുറത്തുപോയി എന്നും പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങൾ ചുരുക്കി പ്രചരിക്കുന്നത് മുൻപും നടന്നിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന സമയത്താണ് ഇതും നടക്കുന്നത്. അതിനപ്പുറമുള്ളത് പിന്നീട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും അറിയിച്ചു.

ബജറ്റ് ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണം ബജറ്റ് പ്രസംഗത്തിനു ശേഷം പരിശോധിച്ച് സ്പീക്കറെയും സഭയേയും അറിയിക്കാമെന്ന് ധനമന്ത്രിയും അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP