Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവാവും യുവതിയും കായലിന്റെ ഭാഗത്ത് പോകുന്നത് കണ്ടപ്പോൾ ആത്മഹത്യയ്ക്കാണോ എന്നു നോക്കാൻ ആണ് ഞങ്ങൾ ചെന്നത്; സ്വന്തം സഹോദരിയെ അരുതാത്ത നിലയിൽ കണ്ടാൽ പ്രതികരിക്കുന്നതു പോലെയെ ഞങ്ങൾ ചെയ്തുള്ളൂ; ദൃശ്യങ്ങൾ പകർത്തിയത് സമൂഹത്തോട് മാപ്പ് പറയുന്നു; സദാചാര പൊലീസ് വിഷയത്തിലെ പ്രതികൾക്ക് പറയാനുള്ളത്

യുവാവും യുവതിയും കായലിന്റെ ഭാഗത്ത് പോകുന്നത് കണ്ടപ്പോൾ ആത്മഹത്യയ്ക്കാണോ എന്നു നോക്കാൻ ആണ് ഞങ്ങൾ ചെന്നത്; സ്വന്തം സഹോദരിയെ അരുതാത്ത നിലയിൽ കണ്ടാൽ പ്രതികരിക്കുന്നതു പോലെയെ ഞങ്ങൾ ചെയ്തുള്ളൂ; ദൃശ്യങ്ങൾ പകർത്തിയത് സമൂഹത്തോട് മാപ്പ് പറയുന്നു; സദാചാര പൊലീസ് വിഷയത്തിലെ പ്രതികൾക്ക് പറയാനുള്ളത്

ആർ പീയൂഷ്

കരുനാഗപ്പള്ളി: സ്വന്തം സഹോദരിയെ അരുതാത്ത നിലയിൽ കണ്ടാൽ ചെയ്യുന്നതു പോലെയേ ചെയ്തുള്ളൂ-വാലന്റൈൻസ് ദിനത്തിൽ യുവാവിനേയും യുവതിയെയും സദാചാര പൊലീസുകാർ ചമഞ്ഞ് ഒരു സംഘം യുവാക്കൾ മർദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികൾക്ക് പറയാനുള്ളത് ഇതാണ്. ദൃശ്യങ്ങൾ പകർത്തിയത് തെറ്റെന്നും അതിന് സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നും ഇവർ പറയുന്നു.

അഴീക്കൽ ബീച്ചിലെ സദാചാര ഗുണ്ടായിസത്തിലെ പ്രതികളെ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടികൂടിയിരുന്നു. അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് എന്ന സുഭാഷ് (33) കായംകുളം എരുവ മണലൂർ തറയിൽ ധനീഷ് (30), അഴീക്കൽ മീനത്ത് പുതുവൽ വീട്ടിൽ ബിജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്. ഓച്ചിറ എസ്.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റിന് ശേഷമാണ് പ്രതികളുടെ വിശദീകരണം മറുനാടന് ലഭിച്ചത്.

സംഭവത്തെ കുറിച്ച് പ്രതികൾ നൽകുന്ന വിശദീകരണം ഇങ്ങനെവാലന്റൈൻസ് ദിനത്തിൽ ഉച്ചക്ക് രണ്ടരയോടെ ഒരു യുവാവും യുവതിയും കായലിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടാണ് ബിജു സമീപത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന സുഭാഷിനോട് വിവരം പറഞ്ഞത്. സുഭാഷ് സുഹൃത്തായ ധനീഷിനെ വിവരം ധരിപ്പിച്ചു. മൂവരും ഇവർ പോയ ദിക്കിലേക്ക് പോയി. 'മുൻപ് പല തവണ ഈ ഭാഗത്ത് പലരും ആത്മഹത്യ ചെയ്തിട്ടുള്ളതാണ്. ഇതു ഭയന്നാണ് ഞങ്ങൾ അവിടേക്ക് പോയത്; ബിജു പറയുന്നു.

അവിടെ എത്തിയപ്പോൾ കുറ്റിക്കാടിന് സമീപം കാണാൻ പാടില്ലാത്ത നിലയിൽ യുവതിയേയും യുവാവിനേയും കണ്ടു. ഞങ്ങളെ കണ്ടയുടൻ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പ്രതികൾ മറുനാടനോട് പറഞ്ഞു. സ്വന്തം പെങ്ങളെ ഈ നിലയിൽ കണ്ടാൽ പ്രതികരിക്കുന്നതെങ്ങനെയാണോ അതു പോലെയേ ചെയ്തുള്ളൂ. പിന്നീട് ഇരുവരെയും ഇനി ഇതു പോലെ ആവർത്തിക്കരുതെന്ന് താക്കീത് നൽകി പറഞ്ഞു വിടുകയായിരുന്നു.

ഇതിനിടയിൽ ഇവർ പറഞ്ഞത് സത്യമാണോ എന്നും ആരാണെന്നറിയാനുമാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതെന്ന് ധനീഷ് പറഞ്ഞു. ധനീഷ് വിദേശത്തുള്ള ഒരു സുഹൃത്തിന് ഈ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. ഈ സുഹൃത്താണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ചെയ്ത തെറ്റിന് സമൂഹത്തോടും യുവാവിനോടും യുവതിയോടും നിരുപാധികം മാപ്പു ചോദിക്കുന്നതായും പ്രതികൾ മറുനാടനോട് പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയയിൽ പ്രതികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച ധനീഷിന്റെ ഫെയ്സ് ബുക്കിൽ പൊങ്കാലയിട്ട് പ്രതിഷേധിക്കുകയാണ് സോഷ്യൽ മീഡിയ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ആ വിഷയം മറുനാടൻ വാർത്തയാക്കിയതോടെയാണ് വിവാദത്തിന് പുതിയ മാനം ലഭിച്ചത്. മറുനാടൻ പുറത്തുവിട്ട വാർത്തയെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കാരായ രണ്ട് പേരെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നായാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു മറുനാടൻ പുറത്തുവിട്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് നിർദ്ദേശിച്ചത്. ഇത് കൂടാതെ ആക്രമണത്തിന് ഇരയായ രണ്ട് പേരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.

വാലന്റയിൻ ദിനം ആഘോഷിക്കാൻ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കായ കമിതാക്കളെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് വീഡിയോ ദൃശ്യങ്ങളായിരുന്നു നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നതു കാണാമായിരുന്നു. പാലക്കാട് സ്വദേശി അനീഷും കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമാണ് സദാചാര ഗുണ്ടകൾക്ക് ഇരയായത്. കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് അനീഷിനൊപ്പം സദാചാര പൊലീസിന്റെ പീഡനത്തിനിരയായത്. വാലന്റയിൻസ് ദിനത്തിൽ ബീച്ച് കാണാൻ പോയതാണ്. എന്നാൽ ഇവർ പ്രണയത്തിലല്ലെന്നും സഹോദരീ സഹോദരന്മാരെ പോലെയാണ് എന്നും അനീഷ് മറുനാടനോട് പറഞ്ഞിരുന്നു.

ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടു. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോവുകയായിരുന്നു. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറി. ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറയുന്നു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്.

അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് വിശദീകരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP